Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിലേക്ക് വിമാനത്തിന് പുറമേ ഓപ്പറേഷൻ സമുദ്ര സേതുവും; യുഎഇയിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടു വരുന്നതിന് രണ്ടു കപ്പലുകളും; 2000 പേരെ ആദ്യ ഘട്ട ഓപ്പറേഷനിൽ നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ നേവി; മഡഗസ്സ്‌കർ, കൊമോറോസ്, മാലദ്വീപ്, സെയ്ഷൽസ് എന്നിവിടങ്ങളിൽ കോവിഡ് സഹായവുമായി പോയ കപ്പലുകളും പ്രവാസികളെ മടക്കി കൊണ്ടു വരാൻ ഉപയോഗിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് ആകാശ മാർഗ്ഗത്തോടൊപ്പം കടൽ വഴിയുള്ള സാധ്യതയും തേടി വന്ദേ ഭാരത് മിഷൻ

ഗൾഫിലേക്ക് വിമാനത്തിന് പുറമേ ഓപ്പറേഷൻ സമുദ്ര സേതുവും; യുഎഇയിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടു വരുന്നതിന് രണ്ടു കപ്പലുകളും; 2000 പേരെ ആദ്യ ഘട്ട ഓപ്പറേഷനിൽ നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ നേവി; മഡഗസ്സ്‌കർ, കൊമോറോസ്, മാലദ്വീപ്, സെയ്ഷൽസ് എന്നിവിടങ്ങളിൽ കോവിഡ് സഹായവുമായി പോയ കപ്പലുകളും പ്രവാസികളെ മടക്കി കൊണ്ടു വരാൻ ഉപയോഗിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് ആകാശ മാർഗ്ഗത്തോടൊപ്പം കടൽ വഴിയുള്ള സാധ്യതയും തേടി വന്ദേ ഭാരത് മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി ഗൾഫിൽ നിന്നും കപ്പൽ വഴിയും ഒഴിപ്പിക്കൽ. ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകൾ അവിടേക്കു തിരിച്ചു. ഐഎൻഎസ് ഐരാവത്, ഐഎൻഎസ് ഷാർദുൽ എന്നിവയാണ് പോകുക. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. എന്നാൽ വരാനുള്ളവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിനാൽ ആണ് സമുദ്ര സേതുവും ഗൾഫിലേക്ക് നീങ്ങുന്നത്.

ഇന്ത്യ സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പൽ പോകുന്നുണ്ട്. ഈ കപ്പലുകൾ തിരിച്ചുവരുമ്പോൾ ഇന്ത്യക്കാരെയും കൊണ്ടുവരും. ഐഎൻഎസ് കേസരി ഇതിനകം ദക്ഷിണ ഇന്ത്യൻസമുദ്ര മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ജൂൺ വരെ അവിടെ ഉണ്ടാകും. മഡഗസ്സ്‌കർ, കൊമോറോസ്, മാലദ്വീപ്, സെയ്ഷൽസ് എന്നിവിടങ്ങളിൽ സന്ദർശിച്ച് 10-12 ടൺ മരുന്നുകൾ വീതം ഈ രാജ്യങ്ങളിലെല്ലാം എത്തിക്കുന്നുണ്ട്. കൂടാതെ 660 ടൺ ഭക്ഷ്യധാന്യങ്ങൾ മാലദ്വീപിലേക്കും എത്തിക്കും. ഈ കപ്പലുകളെല്ലാം ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമാകും.

മാലദ്വീപിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐഎഎൻഎസ് ജലാശ്വ, െഎഎൻഎസ് മഗർ എന്നീ കപ്പലുകൾ വീണ്ടും പോകും. മാലദ്വീപിൽ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. 19 ഗർഭിണികളും 14 കുട്ടികളും കപ്പലിലുണ്ട്. നാനൂറോളം പേർ മലയാളികളാണ്. യാത്രാനിരക്ക് 3024 രൂപ. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരിൽ 4,500 ഓളം ആളുകൾ മടങ്ങിവരുന്നതിനായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും കപ്പൽ മാലദ്വീപിലേക്ക് പോകുന്നത്.

കൊച്ചിയിൽ ഇന്ന് എത്തുന്ന കപ്പലിൽ മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുള്ളവരും ഉണ്ട്. മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കപ്പൽ എത്തുന്നതിന് മുന്നോടിയായി സാമുദ്രിക പോർട്ടിൽ മോക് ഡ്രിൽ നടത്തി. മന്ത്രി സുനിൽ കുമാർ, ഐജി വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ വിലയിരുത്തിയത്. 440 മലയാളികളും 156 തമിഴ്‌നാട് സ്വദേശികളുമാണ് 698 അംഗ സംഘത്തിള്ളത്. ഇവരിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരെ സംസ്ഥാനത്ത് തന്നെ ക്വാറന്റൈൻ ചെയ്യാനാണ് അധികൃതരുടെ ശ്രമം. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറിൽ വീടുകളിലേക്ക് അയക്കും.

മാലി ദ്വീപിലെ ഇന്ത്യൻ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ ആദ്യ പട്ടിക തയാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. വീടുകളിൽ അടുത്ത ബന്ധുക്കളുടെ മരണം നടന്നവർക്കും പട്ടികയിൽ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. തുറമുഖം വഴിയെത്തുന്ന പ്രവാസികളുടെ പരിശോധനക്കും തുടർന്ന് നിരീക്ഷണത്തിൽ കഴിയാനും മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈത്തിനെതിരായ ഇറാഖ് ആക്രമണകാലത്താണ് ഇതിനുമുൻപ് ഇന്ത്യ വലിയ ഒഴിപ്പിക്കൽ നടത്തിയത്. 1990ൽ കുവൈത്തിൽനിന്ന് 1,70,000 പേരെയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾ ഉപയോഗിച്ച് ഒഴിപ്പിച്ചത്. ഇതുവഴി ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിച്ച യാത്രാവിമാന കമ്പനി എന്ന നേട്ടവും എയർ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP