Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത് അനവധി മലയാളികൾ; പാസ് ലഭിച്ച് നിയമാനുസൃതമായ മാർഗങ്ങളിലൂടെ യാത്ര ചെയ്യാനെത്തുന്നവർക്കും രക്ഷയില്ല; കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ പോലും ലഭിക്കാത്ത സ്ഥിതിവിശേഷം; കേരളത്തിന്റെ അതിർത്തികളിൽ ഗുരുതരമായ സാഹചര്യമെന്ന് പ്രതിപക്ഷനേതാവും; മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കാൻ ക്രിയാത്മക ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു

സംസ്ഥാന അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത് അനവധി മലയാളികൾ; പാസ് ലഭിച്ച് നിയമാനുസൃതമായ മാർഗങ്ങളിലൂടെ യാത്ര ചെയ്യാനെത്തുന്നവർക്കും രക്ഷയില്ല; കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ പോലും ലഭിക്കാത്ത സ്ഥിതിവിശേഷം; കേരളത്തിന്റെ അതിർത്തികളിൽ ഗുരുതരമായ സാഹചര്യമെന്ന് പ്രതിപക്ഷനേതാവും; മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കാൻ ക്രിയാത്മക ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്താനായി അതിർത്തിയിലെത്തി കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് 19 ജാഗ്രതാ വെബ്‌സൈറ്റിൽ രജിസ്ട്രേഷനും അം​ഗീകൃത പാസും നിർബന്ധമാക്കിയതോടെയാണ് നിരവധി ആളുകൾക്കാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാത്ത സ്ഥിതി സംജാതമായത്. കേരളത്തിന്റെ അതിർത്തികളിൽ ഗുരുതരമായ സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഒരു ക്രമീകരണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. പാസുകൾ എത്രയും വേഗം നൽകണം. ട്രെയിനും ബസ്സും ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു

സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ പുറപ്പെടുന്ന സംസ്ഥാനത്തിന്റേയും എത്തിച്ചേരണ്ട സംസ്ഥാനത്തിന്റേയും പാസ് ഉണ്ടായിരിക്കണമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇത് പാലിക്കാതെ പലരും അതിർത്തിയിൽ എത്തിയതിനാൽ ഇവരെ കൃത്യമായി പരിശോധിക്കാനോ മറ്റ് നടപടിക്രമങ്ങൾ സ്വീകരിക്കാനോ കഴിയാനാവാത്തത് ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. ആളുകൾ വലിയ രീതിയിൽ എത്തി തുടങ്ങിയതോടെ ആരോഗ്യ പ്രവർത്തകർക്കും ഇത് വെല്ലുവിളി. തുടർന്നാണ് പാസ് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.

പാസില്ലാതെ ആളുകൾ കൂട്ടമായി എത്തുമ്പോൾ കൃത്യമായി പാസ് ലഭിച്ച് നിയമാനുസൃതമായ മാർഗങ്ങളിലൂടെ യാത്ര ചെയ്യാനെത്തുന്നവർക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇവർക്ക് പെട്ടെന്ന് ആരോഗ്യ പരിശോധനയും മറ്റും നടത്തി യാത്രാ അനുമതി നൽകാൻ പോലും ഏറെ സമയമെടുക്കുന്നു. തുടർന്നാണ് നടപടി കർശനമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. സ്ഥലത്തെത്തി കുടുങ്ങുന്നവർക്ക് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കോവിഡ് 19 ജാഗ്രതാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. മൂലഹള്ള ചെക്‌പോസ്റ്റിൽ തന്നെ മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്തി അർഹരല്ലാത്തവരെ കർണാടകയിലേക്ക് തിരിച്ചയക്കും. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ യാത്രക്കാർ എത്താൻ പാടുള്ളൂവെന്നും കളക്ടർ പറഞ്ഞു. കോവിഡ്-19 ജാഗ്രത പാസ് ഉപയോഗിച്ചാണ് അയൽ സംസ്ഥാനത്ത് നിന്നും പ്രവേശനം അനുവദിക്കുന്നത്.

ഗർഭിണികൾ, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, അടിയന്തര ചികിത്സാവശ്യങ്ങൾക്കായി വരുന്നവർ, അതിഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാൻ വരുന്നവർ എന്നിവർക്ക് മാത്രമേ എമർജൻസി പാസ് അനുവദിക്കൂ. മറ്റുള്ളവരെല്ലാം കോവിഡ്19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കാൻ പാടുള്ളൂവെന്നും കളക്ടർ അറിയിച്ചു. കാസർകോടിന്റെ ജില്ലാ അതിർത്തിയായ മഞ്ചേശ്വരത്തും പാലക്കാട് ജില്ലാ അതിർത്തിയായ വാളയാറിലും പാസില്ലാതെയെത്തുന്നവരുടെ എണ്ണം വലിയ രീതിയിൽ കൂടിയിട്ടുണ്ട്.

അതിനിടെ, ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് നാട്ടിലെത്താൻ പാസ് വിതരണം വീണ്ടും തുടങ്ങി. പാസ് ലഭിക്കാതെ അതിർത്തികളിൽ നൂറുകണക്കിന് മലയാളികൾ കഷ്ടപ്പെടുന്നതിന്റെ വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. റെഡ് സോണുകളിൽ നിന്നുവരുന്നവർക്ക് ഒഴികെ പാസ് അനുവദിക്കാനാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസം പാസ് വിതരണം പുനരാരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് പാലക്കാട് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. അതുമൂലം നിരവധി മലയാളികളാണ് വാളയാർ ചെക്‌പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ ഒരാൾ കുഴഞ്ഞുവീണതും പ്രശ്‌നങ്ങൾ ഗുരുതരമാക്കി. ഇവരെ നാട്ടിലേക്ക് കടത്തിവിടാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ വി കെ ശ്രീകണ്ഠൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.അതിനിടെ, കുടുങ്ങിക്കിടക്കുന്നവർക്ക് ചില സന്നദ്ധപ്രവർത്തകർ ഭക്ഷണവും വെള്ളവും നൽകിയത് ആശ്വാസമായി.

അതിർത്തിയിൽ പ്രവേശനം ഇങ്ങനെ
1. അനുമതി ലഭിച്ച വാഹനത്തിൽ പാസുള്ള ആളുകൾ എത്തിയാൽ അവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടും. മെയ്‌ എട്ട് വരെയുള്ള പാസുകളിൽ എത്തുന്നവരെയും കടത്തിവിടും.

2. രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾ, രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ എത്തുകയാണെങ്കിൽ അവരുടെ വാഹനം അതിർത്തിയിൽ യാത്ര അവസാനിപ്പിക്കണം. ഇവർക്ക് അതിർത്തിയിൽ നിന്ന് പരിശോധനകൾക്കുശേഷം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ടാക്‌സിയിൽ യാത്ര തുടരാം.

3. രജിസ്റ്റർ ചെയ്യാത്ത ആളുകൾ, രജിസ്റ്റർ ചെയ്ത വാഹനത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല.

4. രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാത്തവരും ഒരുമിച്ച് എത്തുകയാണെങ്കിൽ രജിസ്റ്റർ ചെയ്തവർക്ക് അതിർത്തിയിൽനിന്ന് ടാക്‌സിയിൽ യാത്ര തുടരാം. രജിസ്റ്റർ ചെയ്യാത്തവർ വന്ന വാഹനത്തിൽതന്നെ തിരിച്ചു പോകണം.

5. രജിസ്റ്റർ ചെയ്ത വാഹനത്തിൽ രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാത്തവരും എത്തുകയാണെങ്കിൽ മുഴുവൻപേരെയും തിരിച്ചയക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP