Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവല്ലയിൽ സന്യാസിനി വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം; മികച്ച കുറ്റന്വേഷകനായി പേരെടുത്ത എസ് പി കെ ജി സൈമൺ അന്വേഷണത്തിന് നേതൃത്വം നൽകും; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലും ശരിവെക്കുന്നത് പൊലീസിന്റെ നിഗമനം തന്നെ; കൂടത്തായി കേസ് അന്വേഷണത്തിലെ നായകന്റെ എൻട്രിയിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുമെന്ന് നാട്ടുകാരും

തിരുവല്ലയിൽ സന്യാസിനി വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം; മികച്ച കുറ്റന്വേഷകനായി പേരെടുത്ത എസ് പി കെ ജി സൈമൺ അന്വേഷണത്തിന് നേതൃത്വം നൽകും; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലും ശരിവെക്കുന്നത് പൊലീസിന്റെ നിഗമനം തന്നെ; കൂടത്തായി കേസ് അന്വേഷണത്തിലെ നായകന്റെ എൻട്രിയിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുമെന്ന് നാട്ടുകാരും

ആർ പീയൂഷ്

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിൽ സന്യാസിനി വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തുന്നത് പത്തനംതിട്ട എസ്‌പി കെ.ജി സൈമണിന്റെ മേൽ നോട്ടത്തിലാണ്. മികച്ച കുറ്റന്വേഷകനായി പേരെടുത്ത സൈമൺ മരണത്തിൽ പുറത്ത് വരുന്ന അഭ്യൂഹങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം മഠം സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. അന്വേഷണം നടത്തുന്ന തിരുവല്ല സിഐയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്. കൂടത്തായി കൊലപാതകം ഉൾപ്പെടെ നിരവധി നിരവധി കേസുകൾ അന്വേഷിച്ച് കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥനായതിനാൽ നിജ സ്ഥിതി ഉടനെ തന്നെ അറിയുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനിയും പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ ഇളയ മകൾ ദിവ്യ പി. ജോണി (21) നെയാണ് മഠത്തിലെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11.30 നാണ് മൃതദേഹം കണ്ടത്. രാവിലെ ഭക്ഷണശേഷം മഠത്തിലെ പഠനം കഴിഞ്ഞ് എല്ലാവരും വിശ്രമത്തിനു പിരിഞ്ഞപ്പോഴാണ് സംഭവം നടന്നതെന്ന് മഠം അധികൃതർ പറയുന്നു. മഠത്തിനോട് ചേർന്ന് പിറകുവശത്താണ് ആൾ മറയുള്ള കിണർ. പത്തടിയോളം വെള്ളമുണ്ട്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് മഠത്തിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോൾ ദിവ്യ മുങ്ങിത്താഴുകയായിരുന്നു.

രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെരുപ്പ് വെള്ളത്തിൽ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തി കിണറ്റിലിറങ്ങിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. പിന്നീട് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടു. ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു. എസ്‌പി കെഡി സൈമണിന്റെ അന്വേഷണത്തിൽ ഈ ദുരൂഹതകൾക്കെല്ലാം വ്യക്തമായ ഉത്തരം വരും ദിവസങ്ങളിൽ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങൾ വെട്ടിത്തെളിച്ച് വെടിപ്പാക്കിയായിരുന്നു കെ.ജി സൈമൺ എന്ന ഐ.പി.എസ് ഓഫീസറുടെ ഔദ്യോഗിക ജീവിതം. ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാൻ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊലീസുകാരൻ. തന്റെ ഈയൊരു വിശ്വാസം തന്ത്രപ്രധാനമായ നിരവധി കേസുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചു. ഫെബ്രുവരിയിലാണ് പത്തനംതിട്ടയിൽ എസ്‌പിയായി കെ.ജി. സൈമൺ ചുമതലയേൽക്കുന്നത്. അതിനുമുമ്പ് കോഴിക്കോട് എസ്‌പി.യായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി.യായിരിക്കെ 19 കേസുകൾ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇതിന്റെ പരിചയസമ്പത്തുമായി കോഴിക്കോട് എത്തിയ ഉടനെയാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസ് കെ.ജി സൈമണിന്റെ ശ്രദ്ധയിലെത്തുന്നത്.

ലോക്കൽ പൊലീസ് ആത്മഹത്യയായി അവസാനിപ്പിച്ച പൊന്നാമറ്റത്തെ റോയ് തോമസിന്റെ കേസ് സ്വത്ത്തർക്കത്തിന്റെ രൂപത്തിൽ റൂറൽ എസ്‌പിക്ക് മുന്നിലെത്തുമ്പോൾ അത് വെറും ആത്മഹത്യമാത്രല്ലെന്ന നിഗമനത്തിലേക്കെത്താൻ കെ.ജി സൈമണ് വലിയ സമയമൊന്നും വേണ്ടി വന്നില്ല. കുറ്റാന്വേഷണരംഗത്തെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ എസ്‌പി, ഈ കേസിന്റെ സാധ്യതകൾ അന്നു തന്നെ മനസ്സിലാക്കിയിരുന്നു. എസ്‌ഐ. ജീവൻ ജോർജിനെ രഹസ്യാന്വേഷണത്തിന് പ്രത്യേകമായി ചുമതലപ്പെടുത്തി. ഒരു മാസത്തോളം സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. മാധ്യമങ്ങൾക്ക് ഒരു വരിപോലും ചോർന്ന് കൊടുക്കാതെയുള്ള അന്വേഷണം. ഇത് വെളിച്ചം വീശിയത് ആറ് കൊലപാതക പരമ്പരയിലേക്കായിരുന്നു.

താൻ മുന്നോട്ട് വെച്ച സംശയത്തിന് ബലമേകി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ വിവരവും സമാനമായി വന്നതോടെയാണ് പ്രത്യേക സ്‌ക്വാഡുകളെ അടക്കം ഇറക്കി കൂടത്തായി കേസിന്റെ അന്വേഷണം ആരംഭിച്ചത്. അങ്ങനെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ടോംതോമസ്, ടോംതോമസിന്റെ ഭാര്യ അന്നമ്മ , മകൻ റോയ്തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോംതോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ആദ്യ ഭാര്യ സിസിലി, സിസിലിയുടെ ഒന്നരവയസ്സകാരി ആൽഫൈൻ എന്നിവരടങ്ങുന്ന ആറ് പേരുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചാണ് കോഴിക്കോട് നിന്നും കെ.ജി സൈമൺ പത്തനംതിട്ടയിലേക്ക് എത്തിയത്.

വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ബാലാവകാശ നിയമം മൂലം പ്രതികളാക്കരുത് എന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തത് ഇദ്ദേഹമായിരുന്നു. വിവാദമായ ജസ്നയുടെ തീരോധാനത്തിൽ പ്രതീക്ഷ നൽകുന്ന തെളിവുകളും കണ്ടെത്തി. അടുത്തത് കന്യാ സ്ത്രീ മഠത്തിലെ സന്യാസ വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹതകളും നീക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ, സ്തുത്യർഹ സേവാ മെഡൽ, ബാഡ്ജ് ഓഫ് ഓണർ, മെറിട്ടോറിയൽ സർവീസ് എൻട്രി, ഇൻവെസ്റ്റിഗേഷൻ എക്സലൻസ് പുരസ്‌കാരം, ഗുഡ് സർവീസ് എൻട്രി തുടങ്ങി 200-ഓളം പുരസ്‌കാരങ്ങൾ ഇതിനകം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP