Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖദീജയെ പാമ്പു കടിച്ചത് വയലിൽ ആടിനെ മെയ്‌ക്കുന്നതിനിടെ; ആദ്യം ചികിത്സ തേടിയത് അരിക്കണ്ടംപാക്കിലുള്ള വിഷവൈദ്യന്റെ അടുത്ത്; മരുന്ന് നൽകി പറഞ്ഞയച്ച വൈദ്യൻ ഛർദ്ദിയുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു; രാത്രിയിൽ ഛർദ്ദി തുടങ്ങിയതോടെ വൈദ്യരെ വിളിച്ചപ്പോൾ പേടിക്കാനില്ലെന്ന് മറുപടി; രാവിലെ അവശനിലയിൽ ആയതോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു; ഗുരുതരമെന്ന് കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ മരണം; കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ

ഖദീജയെ പാമ്പു കടിച്ചത് വയലിൽ ആടിനെ മെയ്‌ക്കുന്നതിനിടെ; ആദ്യം ചികിത്സ തേടിയത് അരിക്കണ്ടംപാക്കിലുള്ള വിഷവൈദ്യന്റെ അടുത്ത്; മരുന്ന് നൽകി പറഞ്ഞയച്ച വൈദ്യൻ ഛർദ്ദിയുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു; രാത്രിയിൽ ഛർദ്ദി തുടങ്ങിയതോടെ വൈദ്യരെ വിളിച്ചപ്പോൾ പേടിക്കാനില്ലെന്ന് മറുപടി; രാവിലെ അവശനിലയിൽ ആയതോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു; ഗുരുതരമെന്ന് കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ മരണം; കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ

ജാസിം മൊയ്തീൻ

മലപ്പുറം: പാമ്പു കടിയേൽക്കുമ്പോൾ ആദ്യം വേണ്ടത് ആശുപത്രികളെ സമീപിക്കുകയാണെന്നത് നിരന്തരമായി കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റ് വിഷവൈദ്യന്മാരുടെ അടുക്കൽ പോയി ചികിത്സ ഫലിക്കാതെ മരിച്ചു പോയി നിരവധി പേരുടെ വാർത്തകൾ അടുത്തകാലത്തു പുറത്തുവന്നിരുന്നു. കൃത്യസമയത്ത് ആന്റിവെനം നൽകാൻ സാധിച്ചിരുന്നെങ്കിൽ മാത്രമേ പാമ്പു കടിയേറ്റ ആളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും ആളുകൾ കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് ജീവൻ പൊലിയാൻ ഇടയാക്കുന്നത്.

വണ്ടൂരിൽ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് വീട്ടമ്മ മരിക്കാൻ ഇടയാക്കിയ സംഭവത്തിലും വില്ലനായത് കൃത്യസമയത്ത് ചികിത്സ തേടാത്ത സംഭവമായിരുന്നു. പാമ്പു കടിയേറ്റ ഉടനെ ചികിത്സക്കായി ആദ്യം സമീപിച്ചത് വണ്ടൂർ പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടംപാക്ക് ബാങ്ക് പടിക്ക് സമീപമുള്ള ചെമ്മന്തട്ട ജബ്ബാർ ഹാജി എന്ന വിഷവൈദ്യ ചികിത്സകനെയായിരുന്നു. വണ്ടൂർ പോരൂർ നായപ്പല്ലി കാരക്കാടൻ ഹംസയുടെ ഭാര്യ ഖദീജയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഖദീജയെ പാമ്പുകടിക്കുന്നത്. വീടിനടുത്തുള്ള വയലിൽ ആടിനെ മെയ്‌ക്കുന്നതിനിടെയിലാണ് ഖദീജയെ പാമ്പുകടിക്കുന്നത്. ഉടനെ തന്നെ വിഷവൈദ്യ ചികിത്സകന്റെ അടുത്ത് ചികിത്സക്കെത്തുകയായിരുന്നു.

മരുന്ന് നൽകി പറഞ്ഞയച്ച വൈദ്യൻ ഛർദ്ദിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ ഛർദ്ദിയും വേദനയുമുണ്ടായപ്പോൾ വൈദ്യനെ അറിയിച്ചപ്പോൾ മരുന്ന് തുടരാനാണ് ഇയാൾ നിർദ്ദേശിച്ചത്. പിന്നീട് രാവിലെ രോഗി തീരെ അവശയായപ്പോൾ വൈദ്യരെ വീണ്ടും ബന്ധപ്പെട്ടിരുന്നു എങ്കിലും നേരത്തെ പറഞ്ഞ മറുപടിയാണ് ലഭിച്ചത്. എന്നാൽ രോഗി ബോധരഹിതയായപ്പോൾ വെള്ളിയാഴ്ച പുലർച്ചെ വീട്ടുകാർ ആംബുലൻസ് വിളിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അത്യാസന്ന നിലയിലായിരുന്ന രോഗിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മഞ്ചേരി പ്രശാന്തി ആശുപത്രിയിലേക്കും അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മരണപ്പെട്ട ഖദീജയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം വർഷങ്ങളായി അരിക്കണ്ടംപാക്ക് ബാങ്ക്പടിക്ക് സമീപം വിഷവൈദ്യ ചികിത്സ നടത്തുന്നയാളാണ് ഖദീജയെ ആദ്യം ചികിത്സിച്ച ജബ്ബാർ ഹാജി. ഇയാളുടെ സഹോദരനും സമീപ പ്രദേശത്ത് വിഷവൈദ്യനായി ചികിത്സ നടത്തുന്നുണ്ട്. ദിനംപ്രതി നിരവധി പേരാണ് ഇവിടെയെത്തുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ചികിത്സയിൽ പിഴവുകൾ സംഭവിച്ചതായി ആർക്കും അറിയില്ല. വണ്ടൂർ, പാണ്ടിക്കാട്, കാളികാവ് തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം നിരവധി പേരാണ് ഇദ്ദേഹത്തിന്റെ അടുക്കൽ ചികിത്സക്ക് വരുന്നത്. ഈ വിശ്വാസ്യത കൊണ്ട് തന്നെയാണ് ഖദീജയെയും ആദ്യം ഇയാളുടെ അടുത്ത് ചികിത്സക്കെത്തിച്ചത്. ആയിഷയാണ് മരിച്ച ഖദീജയുടെ മാതാവ്. നുസ്റത്ത്, റജീന എന്നിവർ മക്കളും അബ്ബാസ് മരുമകനും.

കേരളത്തിലെ വിഷപാമ്പുകൾ പത്ത് തരം മാത്രം

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നതെന്നാണ് അലോപ്പതി ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

ഒരു കാര്യം കൂടി, എല്ലാവരും ഭീതിയോടെ വർണ്ണിക്കുന്ന രാജവെമ്പാല കടിച്ച് കേരളത്തിൽ മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനു കാരണങ്ങൾ പലതാവാം. പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്‌കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്‌സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്‌സ് എന്നിവിടങ്ങളിൽ ആന്റി സ്‌നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP