Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്നലെ നാട്ടിലെത്തിയ പ്രവാസികളിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ല; വിശദമായ പരിശോധന നടത്തിയ പകുതിയോളം പേരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റി; അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കും; റിയാദിൽ നിന്നെത്തിയ വിമാനത്തിൽ 84 ഗർഭിണികൾ ഉണ്ടായിരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഒരുക്കിയത് ഗൈനക്കോളജിസ്റ്റുകളെയും പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്‌സുമാരെയും; ബഹ്‌റൈൻ വിമാനത്തിൽ ഉണ്ടായിരുന്നത് 30 ഗർഭിണികൾ; മാലിദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽപുറപ്പെട്ടു

ഇന്നലെ നാട്ടിലെത്തിയ പ്രവാസികളിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ല; വിശദമായ പരിശോധന നടത്തിയ പകുതിയോളം പേരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റി; അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കും; റിയാദിൽ നിന്നെത്തിയ വിമാനത്തിൽ 84 ഗർഭിണികൾ ഉണ്ടായിരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഒരുക്കിയത് ഗൈനക്കോളജിസ്റ്റുകളെയും പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്‌സുമാരെയും; ബഹ്‌റൈൻ വിമാനത്തിൽ ഉണ്ടായിരുന്നത് 30 ഗർഭിണികൾ; മാലിദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽപുറപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം/കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങളാണ് ഇന്നലെ കേരളത്തിൽ എത്തിയത്.  മനാമയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് ഒരു വിമാനവും സൗദി അറേബ്യയിലെ റിയാദിൽ നിന്നും ഒരു വിമാനവുമാണ് നാട്ടിൽ എത്തിയത്. ഇന്നലെ നാട്ടിൽ എത്തിയ പ്രവാസികളിൽ ആർക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ ഉറപ്പുവരുത്തി. ഇതിനായി റാപ്പിഡ് പരിശോധനയാണ് നടത്തിയത്. ഈ രണ്ട് വിമാനങ്ങളിലുമായി 325 പ്രവാസികളാണ് ഇന്നലെ നാട്ടിൽ എത്തിയത്. ഇവരിൽ പകുതിയിൽ ഏറെ പേരെ ഇൻസ്റ്റിറ്റിയൂഷണൻ ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറ്റി.

ഇന്നലെ എത്തിയ വിമാനത്തിൽ 114 ഗർഭിണികളും അടിയന്തര ചികിത്സയ്ക്കുള്ള 9 പേരുമായിരുന്നു ഉണ്ടായിരുന്നത്. പുറപ്പെടും മുൻപ് റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്താതിരുന്നതിനാൽ ഇവിടെ ഓരോരുത്തരെയും വിശദ പരിശോധനയ്ക്കു വിധേയരാക്കി. 84 ഗർഭിണികളടക്കം 148 പ്രവാസി യാത്രക്കാരുമായി റിയാദിൽനിന്നുള്ള വിമാനം കോഴിക്കോട്ടിറങ്ങിയത് രാത്രി 8.03ന് എത്തിയത്. കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ള 138 പേരും തമിഴ്‌നാട്, കർണാടക സ്വദേശികളായ 10 പേരുമായിരുന്നു യാത്രക്കാർ. 4 കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

പത്തു മിനിറ്റിനുള്ളിൽ യാത്രക്കാരെ പുറത്തിറക്കിത്തുടങ്ങി.. 20 അംഗങ്ങൾ ഉൾപ്പെട്ട ചെറുസംഘങ്ങളായി ഇറങ്ങിയവർക്ക് എയ്‌റോബ്രിജിൽ തെർമൽ സ്‌കാനിങ്. കൂടുതൽ ഗർഭിണികളുള്ളതു കണക്കിലെടുത്ത് ആരോഗ്യ സംഘത്തിൽ ഗൈനക്കോളജിസ്റ്റുകളെയും പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്‌സുമാരെയും നിയോഗിച്ചിരുന്നു. ഇത്രയും കൂടുതൽ ഗർഭിണികൾ ഒരുമിച്ചു കരിപ്പൂർ എയർപോർട്ടിൽ വരുന്ന സംഭവം തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് കരുതുന്നത്.

യാത്രക്കാരിൽ 103 പേരും സ്ത്രീകളായിരുന്നു. 70 വയസ്സിനു മുകളിലുള്ള 3 പേരും അടിയന്തര ചികിത്സയ്‌ക്കെത്തിയ 5 പേരുംമുണ്ടായിരുന്നു. പരിശോധനാ കടമ്പകൾ കടന്ന് ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരും പുറത്തിറങ്ങി. മലപ്പുറം ജില്ലയിൽ നിന്നുള്ള 48 പേർക്കു പുറമേ കോഴിക്കോട് (23), കണ്ണൂർ (17), പാലക്കാട് (10) ജില്ലകളിലുള്ളവരെയും കെഎസ്ആർടിസി ബസുകളിൽ നാട്ടിലേക്ക് അയച്ചു. മറ്റു ജില്ലകളിലുള്ളവർ ടാക്‌സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി മടങ്ങി.

ബഹ്‌റൈനിൽ നിന്നു കൊച്ചിയിലെത്തിയ വിമാനത്തിലെ 177 യാത്രക്കാരിൽ 30 ഗർഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ള 4 പേരുമുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കു മാറ്റി. വിമാനത്തിൽ കയറും മുൻപ് മനാമ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്താത്തതിനാൽ ക്വാറന്റീൻ കാലാവധി 14 ദിവസമാക്കണമെന്നാണു നിർദ്ദേശം. 177 മുതിർന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലെ യാത്രക്കാർ. ഗൾഫിൽനിന്നും കേരളത്തിലേക്ക് വെള്ളിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനമാണ് ഇത്.

ബഹ്‌റൈൻ സമയം വൈകീട്ട് 4.52നാണ് വിമാനം പുറപ്പെട്ടത്. രാത്രി 11.34 നാണ് കൊച്ചിയിലെത്തിയത്. ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരും സന്ദർശക വിസയിൽ എത്തിയവരുമൊക്കെ യാത്രക്കാരിലുണ്ട്. ബഹ്‌റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാർ വിമാനത്തിൽ ബഹ് റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയത്. തെർമൽ സ്‌ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. നെടുമ്പാശേരിയിലെ പരിശോധനകൾക്ക് ശേഷം യാത്രക്കാരെ മുൻകൂട്ടി നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിലാണ് ക്വാറന്റീൻ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാനായി 30 ആംബുലൻസുകളും ഏഴ് കെ.എസ്.ആർ.ടി.സി ബസുകളും സജ്ജമാക്കിയിരുന്നു.

മാലദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽ പുറപ്പെട്ടു

വിമാന മാർഗ്ഗത്തിലുള്ള ഒഴിപ്പിക്കൽ നടപടി തുടരുമ്പോൾ തന്നെ മാലിദ്വീപിൽ നിന്നും പ്രവാസികളുമായി നാവികസേനയുടെ ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ കൊച്ചിയിലേക്ക് പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാർ, 103 സ്ത്രീകൾ, പത്ത് വയസിൽ താഴെയുള്ള 14 കുട്ടികൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ. 19 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ കടൽമാർഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്‌കരിച്ച ഓപ്പറേഷൻ സമുദ്രസേതുവി?െന്റ ഭാഗമായ ആദ്യ കപ്പലാണ് മാല ദ്വീപിൽ നിന്ന് പുറപ്പെടുന്നത്. മണിക്കൂറിൽ 21 നോട്ടിക്കൽ മൈൽ വേഗത്തിൽ യാത്ര ചെയ്യുന്ന ഐ.എൻ.എസ് ജലാശ്വ ഞായറാഴ്ച ഉച്ചയോടെ കൊച്ചി പോർട് ട്രസ്റ്റിന്റെ സാമുദ്രിക െടർമിനിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഐ.എൻ.എസ് ജലാശ്വക്ക് പുറമേ ഐ.എൻ.എസ് മഗർ കപ്പലും പ്രവാസികളെ കൊണ്ടുവരാൻ മാലദ്വീപിൽ എത്തിയിട്ടുണ്ട്.

പ്രവാസികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമെന്ന് കേന്ദ്രം

മാർഗ നിർദ്ദേശത്തിൽ ഭേദഗതിയുണ്ടാകാത്ത പക്ഷം പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റീൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്തയച്ചതായി സംസ്ഥാന സർക്കാർ. പൊതുതാൽപര്യം മുൻനിർത്തിയുള്ള സർക്കാറുകളുടെ പ്രവർത്തനം തുടരട്ടേയെന്ന് കോടതി. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജികളിലാണ് സർക്കാറുകളും കോടതിയും നിലപാടറിയിച്ചത്.

എല്ലാ യാത്രക്കാരും 14 ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീന് നിർബന്ധമായും വിധേയരാകണമെന്നാണ് ദുരന്തനിവാരണ നിയമപ്രകാരം ദേശീയ എക്‌സിക്യൂട്ടിവ് ചെയർമാൻ പുറപ്പെടുവിച്ച മാർഗ നിർദ്ദേശം സംബന്ധിച്ച ഉത്തരവിലുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നീട്, പരിശോധനയിൽ നെഗറ്റിവ് ആയവരെ മാത്രമാണ് വീട്ടിൽ പോകാൻ അനുവദിക്കുക. വീണ്ടും 14 ദിവസം കൂടി ഇവർ ക്വാറന്റീനിൽ കഴിയണം. ഇതിനിടെ പോസിറ്റീവാകുന്നവരെ സംസ്ഥാന സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിയ വിശദീകരണ പത്രികയും കേന്ദ്രം കോടതിയിൽ സമർപ്പിച്ചു.

എന്നാൽ, സുരക്ഷ ഉറപ്പാക്കിയുള്ള ഭേദഗതിക്കാണ് കേന്ദ്രത്തോട് അനുമതി തേടിയതെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കേന്ദ്ര നടപടിക്രമം അനുസരിച്ച് തെർമൽ പരിശോധന നിർദ്ദേശിക്കുമ്പോൾ യു.എ.ഇയിൽനിന്ന് വരുന്നവർക്കെല്ലാം സംസ്ഥാനം റാപിഡ് പരിശോധന നടത്തിയ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നുണ്ട്. വീണ്ടും ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീന് ശേഷം കോവിഡ് പരിശോധന നടത്തിയാണ് ഹോം ക്വാറന്റീൻ അനുവദിക്കുന്നത്. ഭേദഗതി ആവശ്യപ്പെട്ട് നൽകിയ കത്തിൽ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

പ്രവാസികളുടെ ക്വാറന്റീൻ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന മാർഗരേഖകളിൽ വൈരുധ്യമുള്ളതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യം ചില ഹരജിക്കാർ ആവർത്തിച്ചു. ഇതിനിടെയാണ് ഒരു മിഷൻ നടപ്പാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എടുക്കുന്ന ഓരോ തീരുമാനത്തിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും അവരുടെ പ്രവർത്തനം തുടരട്ടേയെന്നും കോടതി വാക്കാൽ നിരീക്ഷിച്ചത്. കേസ് മെയ്‌ 12ന് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP