Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോർദ്ദാനിലേക്ക് പുറപ്പെട്ടത് മുഖ്യമന്ത്രി ഇകെ നായനാരുടെ നിർദ്ദേശപ്രകാരം; ആദ്യം ബോബെയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും മുഴുവൻ മലയാളികളെയും തിരികെ എത്തിക്കുന്നത് വരെ ഒപ്പം നിന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്; ലക്ഷക്കണക്കിന് മലയാളികൾ തമ്പുകളിലാണ് അഭയാർത്ഥികളായി കഴിഞ്ഞിരുന്നത്; ഒരു മലയാളി മന്ത്രിയെ കണ്ടപ്പോൾ അവർ മനസ്സമാധാനം കൊണ്ടു; ഗൾഫ് യുദ്ധസമയത്ത് മലയാളികളെ നാട്ടിലെത്തിച്ച അനുഭവം മറുനാടനോട് പങ്കുവെച്ചു മുന്മന്ത്രി ടി കെ ഹംസ

ജോർദ്ദാനിലേക്ക് പുറപ്പെട്ടത് മുഖ്യമന്ത്രി ഇകെ നായനാരുടെ നിർദ്ദേശപ്രകാരം; ആദ്യം ബോബെയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും മുഴുവൻ മലയാളികളെയും തിരികെ എത്തിക്കുന്നത് വരെ ഒപ്പം നിന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്; ലക്ഷക്കണക്കിന് മലയാളികൾ തമ്പുകളിലാണ് അഭയാർത്ഥികളായി കഴിഞ്ഞിരുന്നത്; ഒരു മലയാളി മന്ത്രിയെ കണ്ടപ്പോൾ അവർ മനസ്സമാധാനം കൊണ്ടു; ഗൾഫ് യുദ്ധസമയത്ത് മലയാളികളെ നാട്ടിലെത്തിച്ച അനുഭവം മറുനാടനോട് പങ്കുവെച്ചു മുന്മന്ത്രി ടി കെ ഹംസ

ജാസിം മൊയ്തീൻ

കോഴിക്കോട്: ഈ പ്രതിസന്ധികാലത്ത് ഇന്നലെ മുതൽ രാജ്യത്ത് പ്രവാസികളുടെ മടങ്ങിവരവിന് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യ രണ്ട് വിമാനങ്ങൾ കൊച്ചിയിലും കരിപ്പൂരിലും ഇന്നലെ രാത്രി യാത്രക്കാരുമായി എത്തി. അടുത്ത് വിമാനങ്ങൾ ഇന്നുമെത്തും. പ്രവാസികൾ സ്വന്തം പണംമുടക്കി ടിക്കറ്റെടുത്താണ് നാട്ടിലേക്ക് വരുന്നതെങ്കിലും വലിയ അവകാശവാദങ്ങളാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്. വന്ദേഭാരത് മിഷൻ എന്ന പേരിൽ ഇത്തരം അവകാശവാദ പ്രചരണം നടത്തുന്നവർ ഓർത്തിരിക്കേണ്ട ചരിത്രമാണ് ഗൾഫ് യുദ്ധ സമയത്ത് മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിച്ചതിന്റെ അനുഭവങ്ങൾ. ഇതിനായി നേരിട്ട് ജോർദാനിലെത്തി മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽ നിന്ന രണ്ടു പേരുണ്ടായിരുന്നു. അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ടികെ ഹംസയും, അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കെപി ഉണ്ണിക്കൃഷ്ണനും.

കുവൈത്ത് യുദ്ധകാലത്ത് കുടുങ്ങിയ മലയാളികളെ തിരിച്ചുകാണ്ടുവരാൻ അന്നത്തെ പ്രധാനമന്ത്രി വി.പിസിംഗിന്റെ അനുമതിയോട്കൂടി നായനാർ മന്ത്രിസഭയിലെ പ്രവാസകാര്യ ചുമതലയുണ്ടായിരുന്ന ടികെ ഹംസ പ്രവാസികൾ അഭയാർത്ഥികളെ പോലെ നടന്നെത്തിയ ജോർദ്ദാനിലേക്ക് പോയി. പ്രതീക്ഷനഷ്ടപെട്ട് മരണം കാത്തിരുന്ന മലയാളികളെ ആ മന്ത്രി സന്ദർശിച്ചു. അവരുടെ യാത്രാരേഖകൾ ശരിയാക്കി. എല്ലാവരേയും നാട്ടിലെക്ക് എത്തിച്ചതിന് ശേഷമാണ് മന്ത്രി നാട്ടിലേക്ക് തിരിച്ചുപോന്നത്. അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരുടെ നിർദ്ദേശപ്രകാരം നേരിട്ട് ജോർദ്ദാനിൽ പോയി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുത്ത ടികെ ഹംസ മറുനടാൻ മലയാളിയുമായി സംസാരിക്കുന്നു.

ടികെ ഹംസയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ മന്ത്രി ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ദിനങ്ങളായിരുന്നു അത്. അക്കാലത്ത് ഏറ്റവുമധികം മലയാളികൾ പ്രവാസികളായുണ്ടായിരുന്ന രാജ്യമാണ് കുവൈത്ത്. ഈ കുവൈത്തിനെയാണ് ഇറാഖ് ആക്രമിക്കുന്നത്. അത് അവർ തമ്മിലുള്ള പ്രശ്നം. എന്നാൽ നമ്മെള ബാധിക്കുന്നത് അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ജീവനെ കുറിച്ചുള്ള ആശങ്കകളായിരുന്നു. കെട്ടിടങ്ങളെല്ലാം തകർന്നതോടെ നിൽക്കാനിടമില്ലാതെ ഇന്ത്യക്കാരായ നിരവധിപേർ കാൽനടയായും ഒട്ടകപ്പുറത്തുമായി ജോർദ്ദാനിലെത്തിച്ചേർന്നു. മഹാഭൂരിഭാഗവും മലയാളികളായിരുന്നു.

ഈ ഘട്ടത്തിലാണ് കേരളത്തിലെ മന്ത്രിസഭ ഇക്കാര്യം ചർച്ചചെയ്യുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരാകട്ടെ പ്രവാസികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തിയിരുന്ന ആളുമായിരുന്നു. മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഞാൻ കാസർകോഡായിരുന്നു. എന്നെ അടിയന്തിരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് നായനാർ കാര്യങ്ങൾ വിശദീകരിച്ചു. മന്ത്രിസഭ ചേർന്ന് ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ നിന്നൊരാൾ അടിയന്തിരമായി ജോർദ്ദാനിൽ അഭയാർത്ഥികളെ പോലെ കഴിയുന്ന പ്രവാസികളുടെ അടുത്ത് പോകണം.

ഞങ്ങൾ ചർച്ച ചെയ്തപ്പോൾ അതിന് അനുയോജ്യൻ താങ്കളാണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അക്കാര്യം സമ്മതിച്ചു. അങ്ങനെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജോർദ്ദാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെടുത്തു. പ്രധാനമന്ത്രി വിപി സിങ്ങുമായും വിദേശകാര്യമന്ത്രാലയവുമായുമെല്ലാം ബന്ധപ്പെട്ട് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് വിമാനം കയറി. മുംബൈയിലെത്തി അവിടെ നിന്നും ജോർദ്ദാനിന്റെയും, മറ്റു രാജ്യങ്ങളിലെയും എംബസികളിൽ പോയി കടലാസുകൾ ശരിയാക്കി. അടുത്ത ദിവസം വൈകിട്ടാണ് പിന്നീട് മുംബൈയിൽ നിന്നും ജോർദ്ദാനിലേക്ക് വിമാനം കയറുന്നത്.

അതിനിടക്ക് റിയാദിൽ ഇറങ്ങി വിശ്രമിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. പിന്നീട് ഇറാനിന്റെ ഭാഗമായ ടെഹ്റാനിലും ഒരു മണിക്കൂർ നേരം വിമാനം നിർത്തി ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. പിന്നീട് നേരെ ജോർദ്ദാനിലേക്കാണ് വിമാനം പോയത്. പുലർച്ചെ 6 മണിക്കാണ് ജോർദ്ദാനിലെ അമ്മാൻ വിമാനത്താവളത്തിലെത്തുന്നത്. ഇന്ത്യൻ സ്ഥാനപതിയും മറ്റ് ഉദ്യോഗസ്ഥരും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം പിറ്റേ ദിവസമാണ് മലയാളികളടക്കമുള്ള പ്രവാസികൾ തമ്പടിച്ച കുവൈത്തിന്റെയും ജോർദ്ദാന്റെയും അതിർത്തിയായ അൽ റുവൈഷിയിലേക്ക് ഞാൻ പോകുന്നത്. അമ്മാനിൽ നിന്ന് 650 കിലോമീറ്ററിലധികം യാത്രചെയ്താണ് അവിടെയെത്തിയത്.

ലക്ഷങ്ങളായിരുന്നു അഭയാർത്ഥികളെ പോലെ അവിടെ തമ്പടിച്ചത്. ഹജ്ജിന് പോകുന്നവർ അറഫാ സംഗമത്തിന് കഴിയുന്നതുപോലെ തമ്പുകളുണ്ടാക്കിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. ഭൂരിഭാഗവും മലയാളികളായിരുന്നു. ചുരുക്കം ചിലർ ഹൈദരാബാദിൽ നിന്നും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ഞാനവിടെത്തിയതോടെ മലയാളികളുടെ മുഖത്ത് എന്തെന്നില്ലാത്ത മനസ്സമാധാനം ഞാൻ കണ്ടു. പുറപ്പെടുമ്പോൾ മുഖ്യമന്ത്രി പറഞ്ഞതും നമ്മളിലൊരാളുടെ സന്ദർശനം കൊണ്ട് അവർക്കൽപ്പം മനസ്സമാധാനമെങ്കിലും ഉണ്ടാകണമെന്നാണ്. ജോർദ്ദാൻ സർക്കാറും വളരെ നല്ല രീതിയിൽ അവരെ സഹായിച്ചിട്ടുണ്ട്.

അഭയാർത്ഥികളെ പോലെ കഴിഞ്ഞിരുന്ന പ്രവാസികൾക്കാവശ്യമായ താമസവും ഭക്ഷണവുമെല്ലാം അവർ ഏർപ്പെടുത്തി നൽകിയിരുന്നു. ജോർദ്ദാൻ ഭരണാധികാരിയുടെ ഭാര്യ നേരത്തെ തന്നെ അവിടെയെത്തി ഇക്കാര്യങ്ങൾക്കൊക്കെ നേതൃത്വം നൽകുകയും ചെയ്തിരുന്നു. അവരൊരു സാമൂഹിക പ്രവർത്തക കൂടിയായിരുന്നു. ഇന്ത്യൻ സ്ഥാനപതിയും ഞാനും മറ്റ് ഉദ്യോഗസ്ഥരും അവിടെയെത്തിയതിന് ശേഷം ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ പ്രവാസികളെ മുഴുവൻ മുബൈയിലേക്കെത്തിക്കാനുള്ള നടപടികളെടുത്ത്ു. പത്ത് ദിവസത്തിലധികം അവിടെ താമസിച്ചുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്. വിമാനങ്ങൾ പുറപ്പെട്ട് തുടങ്ങി പരമാവധി ആളുകളെ കയറ്റി അയച്ചതിന് ശേഷം ഞാനും അവിടെ നിന്ന് പോന്നു.

നേരെ മുംബൈയിലേക്കാണ് വന്നത്. അവിടെ ഗസ്റ്റ് ഹൗസിൽ തമസിച്ചു. വിമാനത്താവളത്തിലെത്തുന്ന മലയാളികളെ റെയിൽവെ വഴി കേരളത്തിലേക്കെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന സർക്കാറുമായ ബന്ധപ്പെട്ട് മുഴുവൻ ആളുകളുടെയും റെയിൽവെ ടിക്കറ്റും മറ്റു ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുന്നതിനുള്ള തീരുമാനമെടുത്തു. അങ്ങനെ ജോർദ്ദാനിൽ വിമാനത്താവളത്തിലെത്തുന്ന മലയാളികളെല്ലാം റെയിൽവെ വഴി കേരളത്തിലേക്കയച്ചതിന് ശേഷമാണ് ഞാൻ അവസാനം മുംബൈയിൽ നിന്ന് നാട്ടിലേക്ക് പോരുന്നത്.

മന്ത്രിയെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്മരണീയമായ ദിനങ്ങളാണത്. അതിലുപരി അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ പറഞ്ഞ ആ കാര്യങ്ങൾ ഞാനിന്നുമോർക്കുന്നു. നമ്മുടെ ഒരു സാമീപ്യം ആവർക്കൽപം മനസ്സമാധാനമെങ്കിലും വരുത്തട്ടെ എന്നത്. ആ വാക്കുകളുടെ അർത്ഥം ഞാൻ ജോർദ്ദാനിലെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP