Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാളികാവ് ഗ്രാമപഞ്ചായത്തിലെ ആർക്കും ഈ കടയിൽ നിന്നും വീട്ടു സാധനങ്ങൾ സൗജന്യമായി വാങ്ങാം; പണം സക്കരിയയുടെ പറ്റിൽ ചേർക്കാൻ പറഞ്ഞാൽ മതി

കാളികാവ് ഗ്രാമപഞ്ചായത്തിലെ ആർക്കും ഈ കടയിൽ നിന്നും വീട്ടു സാധനങ്ങൾ സൗജന്യമായി വാങ്ങാം; പണം സക്കരിയയുടെ പറ്റിൽ ചേർക്കാൻ പറഞ്ഞാൽ മതി

സ്വന്തം ലേഖകൻ

മലപ്പുറം: ലോക്ക്ഡൗൺ വന്നതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. കടുത്ത ദാരിദ്രം അനുഭവിക്കുന്നുണ്ടെങ്കിലും ഇടത്തരം കുടുംബങ്ങളിലുള്ളവർ തങ്ങളുടെ ദുരവസ്ഥ ആരോടും പറയാറുമില്ല. ജനം പട്ടിണിയിലായതോടെ തന്റെ വാർഡിൽ ആരും പട്ടിണി കിടക്കരുതെന്നാണ് കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡ് അംഗം സി.ടി. സക്കരിയയുടെ ആഗ്രഹം. അതിനാൽ അദ്ദേഹം ഒന്നു തീരുമാനിച്ചു. സൗജന്യമായി ഭക്ഷണ സാധനം എല്ലാവർക്കും നൽകണം.

അഅതിനായി വീട്ടിലേക്ക് ഭക്ഷണത്തിനാവശ്യമുള്ള സാധനങ്ങൾ വാർഡിലെ ഒരു കടയിൽനിന്ന് വാങ്ങാനും ഏർപ്പാട് ചെയ്തു. കടക്കാരനോട് പേരോ വിലാസമോ ഒന്നും വെളിപ്പെടുത്തേണ്ടതില്ല. സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പണം സക്കരിയയുടെ പറ്റിൽ ചേർക്കാൻ പറഞ്ഞാൽ മാത്രം മതി. ആരാണ് സാധനം വാങ്ങിയത് എന്ന് തനിക്കും അറിയേണ്ടെന്ന് സക്കറിയ കടക്കാരനോടും പറഞ്ഞിട്ടുണ്ട്.

സക്കരിയ സമ്പന്നനൊന്നുമല്ല. ലോറി ഡ്രൈവറായി ജോലിചെയ്ത് കുടുംബംപോറ്റുന്ന സാധാരണക്കാരനായ ഒരു പഞ്ചായത്തംഗം. 'രണ്ടുമാസം ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. വായ്പയിലേക്ക് അടയ്ക്കാനുള്ള പണം കടയിൽ കൊടുക്കും. എന്റെ മക്കൾ പട്ടിണികിടക്കാത്ത കാലത്തോളം നിങ്ങളുടെ മക്കളും പട്ടിണിയിലാവില്ല'-സക്കരിയ പറയുന്നു.

കറുത്തേനിയിലെ ചോലയിൽ ഇബ്‌റാഹീമിന്റെ കടയാണ് ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാനായി ഏർപ്പാട് ചെയ്തത്. സാധനം വാങ്ങിക്കുന്നവരുടെ പേരുവിവരം തന്നോടും വെളിപ്പെടുത്തരുതെന്ന് കടയുടമയോടും സക്കരിയ നിർദേശിച്ചിട്ടുണ്ട്. 'തീരെ ദരിദ്രരായവർക്ക് പല ഭാഗങ്ങളിൽനിന്നും സഹായമെത്തുന്നുണ്ട്. ഇടത്തരക്കാരിലും പ്രവാസി കുടുംബങ്ങളിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. അതാരുമറിയാറില്ല, ഇവർ ആരുടെമുന്നിലും കൈനീട്ടാറുമില്ല'-സക്കരിയ പറയുന്നു.

മൂന്നുദിവസത്തിനുള്ളിൽ 15 കുടുംബങ്ങൾ സക്കരിയയുടെ പറ്റിൽ സാധനങ്ങൾ വാങ്ങി. ശരാശരി 500 രൂപവരെ വിലവരുന്ന സാധനങ്ങൾ ഓരോരുത്തരും വാങ്ങിക്കുന്നുണ്ട്. പ്രതിസന്ധി തീരുംവരെ ഈരീതി തുടരുമെന്നും സക്കരിയ പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി വാർഡിലെ ഭൂരിഭാഗം വീടുകളിലും സക്കരിയ ഭക്ഷണക്കിറ്റുകൾ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയേണ്ടെന്ന മട്ടിലുള്ള ഈ സഹായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP