Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ചില നേരങ്ങളിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ചില നേരങ്ങളിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽമഴയോടനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ) ഇടിമിന്നലുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇടിമിന്നൽ സാധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ദാമിനി എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

കാറ്റിന്റെയും ഇടിമിന്നലിന്റെയും അകന്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും വേനൽമഴ ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

മറ്റു മുന്നറിയിപ്പുകൾ

മത്സ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം. ചെറു വള്ളങ്ങളിലും മറ്റും മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് വള്ളത്തിൽ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയുണ്ട്. ബോട്ടുകളിൽ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് ഡെക്കിൽ ഇറങ്ങി നിൽക്കുന്നത് ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് മത്സ്യത്തൊഴിലാളികളുടെ വാർത്താവിനിമയ ഉപകരണങ്ങൾ സുരക്ഷിതമാക്കി വയ്ക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുന്‌പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. കാറ്റ് വീശി തുടങ്ങുന്‌പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കണം.

കാറ്റും മഴയും ശക്തമാകുന്‌പോൾ വൈദ്യുതി കന്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കഐസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നന്പറിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുക. കഐസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യരുത്.

പത്രംപാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പാക്കണം. നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുന്‌പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP