Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം തുടങ്ങിയത് കണ്ണെരിച്ചിലും ശ്വാസതടസ്സവും; പിന്നാലെ ബോധരഹിതരായി ആളുകൾ കുഴഞ്ഞുവീണു; റോഡരികിലും ഓവുചാലിലും അടക്കം കുഴഞ്ഞുവീണ ആളുകളുടെ ദൃശ്യങ്ങൾ നെഞ്ചുലയ്ക്കുന്നത്; വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാഴ്‌ച്ച ഹൃദയഭേദകം; ആയിരങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രിയിലുള്ളത് വിരലിൽ എണ്ണാവുന്ന വെന്റിലേറ്ററുകൾ; വിശാഖപട്ടണത്തിൽ നിന്നും പുറത്തുവരുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ; എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി

ആദ്യം തുടങ്ങിയത് കണ്ണെരിച്ചിലും ശ്വാസതടസ്സവും; പിന്നാലെ ബോധരഹിതരായി ആളുകൾ കുഴഞ്ഞുവീണു; റോഡരികിലും ഓവുചാലിലും അടക്കം കുഴഞ്ഞുവീണ ആളുകളുടെ ദൃശ്യങ്ങൾ നെഞ്ചുലയ്ക്കുന്നത്; വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാഴ്‌ച്ച ഹൃദയഭേദകം; ആയിരങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രിയിലുള്ളത് വിരലിൽ എണ്ണാവുന്ന വെന്റിലേറ്ററുകൾ; വിശാഖപട്ടണത്തിൽ നിന്നും പുറത്തുവരുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ; എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: വിശാഖപട്ടണത്ത് ആർ.ആർ വെങ്കടപുരം വില്ലേജിൽ ഗോപാലപട്ടണത്തിനരികെ വേപഗുണ്ടയിലെ എൽ.ജി പോളിമേഴ്‌സിൽ ഉണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ സംഖ്യ ഉയർന്നേക്കും. ആയിരത്തോളം പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായാണ് പുറത്തുവരുന്ന വിവരം. നിലവിൽ എട്ടു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം എങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്നതാണ് പുറത്തുവരുന്ന വിവരം. മിനി ഭോപ്പാൽ ദുരന്തമെന്ന വിധത്തിൽ വിശേഷിപ്പിച്ചു കൊണ്ടുള്ള മാധ്യമ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്ന് പുലർച്ചെ വിഷവാതക ചോർച്ച ഉണ്ടായയതു മുതൽ നെഞ്ചുലയ്ക്കുന്ന നടുക്കുന്ന രംഗങ്ങളായിരുന്നു പോളിമർ പ്ലാന്റിനും ചുറ്റും താമസിച്ചവരിൽ നിന്നും കേൾക്കുന്നത്. പോളിവിനൈൽ ക്ലോറൈഡ് ഗ്യാസ് ആണ് ചേർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പുലർച്ചെ 3.30നും നലിനും ഇടക്കുള്ള സമയത്താണ് വാതകചോർച്ച ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്യിത്. ആദ്യം ആളുകൾക്ക് കണ്ണെരിച്ചിലും ശ്വാസതടസ്സവുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് ആളുകൾ ബോധരഹിതരാകാൻ തുടങ്ങി. കൂട്ടത്തോടെ കുട്ടികളും പ്രായം ചെന്നവരും അസ്വസ്ഥത കാണിച്ചതോടെ ആകെ അങ്കലാപ്പിലേക്ക് കാര്യങ്ങൾ മാറി.

ഫാക്ടറിക്ക് ഏറെ അകലത്തുവരെ ആളുകൾ ബോധരഹിതരായി വീഴാൻ തുടങ്ങി. റോഡരികിലും മറ്റുമായി പലയിടത്തും ആളുകൾ കുഴഞ്ഞുവീണുകിടക്കുന്ന കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഓവുചാലിലടക്കം ആളുകൾ ബോധരഹിതരായി വീണു. വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. പലരെയും ആംബുലൻസിലേക്ക് മാറ്റി ഉടൻ ആശുപത്രിയിലെത്തിച്ചു. സഹായത്തിനായി കേഴുന്നവരുടെ ദൃശ്യങ്ങൾ നെഞ്ചുലക്കുന്നതായിരുന്നു. റോഡിലെ ഡിവൈഡറിൽ ബോധരഹിതയായി വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യം അതിലൊന്നായിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടിയിലടക്കം ബോധരഹിതരായി വീണ് ഗുരുതരമായി പരിക്കേറ്റവരും ഏറെയാണ്.

പൊലീസും ഫയർഫോഴ്‌സുമടക്കമുള്ള സംവിധാനങ്ങൾ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഉടനടി സജ്ജമായി. ഒമ്പതു മണിയോടെ ആയിരത്തോളം പേരാണ് ആശുപത്രികളിൽ അഭയം തേടിയെത്തിയത്. പിന്നീട് എണ്ണം ക്രമാതീതമായി ഉയർന്നു. കിങ് ജോർജ് ആശുപത്രിയിലാണ് കൂടുതൽ പേരെത്തിയത്. ഈ സമയത്ത് മൂന്നു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീട് എട്ടുപേർ മരിച്ചതായുള്ള റിപ്പോർട്ടുകളെത്തി. സമയം പിന്നിടുന്നതോടെ കൂടുതൽ ആളുകൾ പേർ ആശുപത്രികളിലേക്കെത്തി. മൂന്നു പേർ വന്റെിലേറ്ററിലാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. വെന്റിലേറ്ററുകളുടെ അഭാവം അടക്കം മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയ്ക്ക ്ഇടയാക്കുന്നുണ്ട്.

വെങ്കടപുരത്താണ് കൂടുതൽ പേർ വാതകം ശ്വസിച്ച് ആശുപത്രിയിലായത്. മുൻകരുതലിന്റെ ഭാഗമായി സമീപ വില്ലേജുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒമ്പതു വില്ലേജുകളിലാണ് വാതക ചോർച്ച ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 9.20ഓടെ അഞ്ചു ഗ്രാമങ്ങൾ പൂർണമായും ഒഴിപ്പിച്ചു. ഇവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാൻ പൊലീസ് അടക്കമുള്ളവർ തിരക്കിട്ട നീക്കങ്ങളിലായി. ശ്വാസതടസ്സമുണ്ടാകുന്നത് പ്രതിരോധിക്കാൻ നനഞ്ഞ തുണി കൊണ്ട് മൂക്കും വായും മൂടണമെന്ന നിർദ്ദേശം ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഇതിനിടയിൽ നൽകിക്കൊണ്ടിരുന്നു.

ലോക്ഡൗണിനുശേഷം തുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഫാക്ടറിയിൽ വാതകചോർച്ചയുണ്ടായത്. ഈ പ്രദേശത്ത് മറ്റു ഫാക്ടറികളും ഏറെ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ അധികവും ഇതിന് അടുത്തായാണ് താമസിക്കുന്നതും. ഇവരിൽ മിക്കവരും വിഷവാതകം ശ്വസിച്ച് ആശുപത്രികളിലേക്കെത്തി. വാതക ചോർച്ച ഒമ്പതുമണിയോടെ അടക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, പല ഗ്രാമങ്ങളിലെയും ആളുകൾ കണ്ണെരിച്ചിലും ശ്വാസതടസ്സവുമടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്.

മുഖ്യമന്ത്രി വൈ.എസ് ജഗന്മോൻ റെഡ്ഡി വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്റർ വരെ ചുറ്റളവിലുള്ളവരെയാണ് വാതക ചോർച്ച കാര്യമായി ബാധിച്ചത്. എന്നാൽ, രണ്ടര കിലോമീറ്ററോളം അകലത്തിൽവരെ വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമീഷണർ ആർ.കെ. മീണ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ആന്ധ്ര ഡി.ജി.പിയുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സുരക്ഷക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ചേർത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോർന്ന് ആറു പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നായിരുന്നു യോഗം വിളിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. ദുരന്തബാധിതരുടെ സുരക്ഷക്കായി പ്രാർത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.' വിശാഖപട്ടണത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ അഥോറിറ്റിയുമായി സംസാരിച്ചിട്ടുണ്ട്.

സൂക്ഷ്മമായി നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു.' മോദി യോഗത്തിന് മുമ്പായി ട്വീറ്റിൽ കുറിച്ചു. ആന്ധ പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ആവശ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അമിത് ഷായും അനുശോചനവും പിന്തുണയും അറിയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. 'വിശാഖപട്ടണം വാതകച്ചോർച്ച അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ദുരിതബാധിതർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകണമെന്ന് ഞാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.' രാഹുൽ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP