Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് മഹാമാരി കാലത്തെ രക്ഷാദൗത്യമായി 'വന്ദേ ഭാരത് മിഷൻ' മാറുമ്പോൾ ഓർമ്മയിൽ തെളിയുന്നത് കുവൈത്ത് യുദ്ധകാലത്തെ മഹാദൗത്യം; സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷം ഇന്ത്യക്കാരുടെ രക്ഷകനായി മാറിയത് ടൊയോട്ട സണ്ണിയെന്ന മലയാളി ബിസിനസുകാരൻ; ഇന്ന് ദുരതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ പണം വാങ്ങുമ്പോൾ നയാപൈസ വാങ്ങാതെ ഇന്ത്യക്കാരെ അന്ന് നാട്ടിലെത്തിച്ചത് വി പി സിങ് സർക്കാർ; ടൊയോട്ട സണ്ണിയുടെ കാരുണ്യം നിറഞ്ഞ മഹാദൗത്യത്തിന്റ കഥ

കോവിഡ് മഹാമാരി കാലത്തെ രക്ഷാദൗത്യമായി 'വന്ദേ ഭാരത് മിഷൻ' മാറുമ്പോൾ ഓർമ്മയിൽ തെളിയുന്നത് കുവൈത്ത് യുദ്ധകാലത്തെ മഹാദൗത്യം; സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷം ഇന്ത്യക്കാരുടെ രക്ഷകനായി മാറിയത് ടൊയോട്ട സണ്ണിയെന്ന മലയാളി ബിസിനസുകാരൻ; ഇന്ന് ദുരതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ പണം വാങ്ങുമ്പോൾ നയാപൈസ വാങ്ങാതെ ഇന്ത്യക്കാരെ അന്ന് നാട്ടിലെത്തിച്ചത് വി പി സിങ് സർക്കാർ; ടൊയോട്ട സണ്ണിയുടെ കാരുണ്യം നിറഞ്ഞ മഹാദൗത്യത്തിന്റ കഥ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ വൻ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. യുഎഇയിൽ അടക്കം കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ മലയാളികൾ അടക്കമുള്ളവർ ഏതുവിധേനെയും നാട്ടിൽ എത്തിയാൽ മതിയെന്ന അവസ്ഥയിലാണ്. പാക്കിസ്ഥാൻ സർക്കാർ പോലും അവരുടെ പൗരന്മാരെ യുഎഇയിൽ നിന്നും തിരികെ നാട്ടിലേക്ക് കൊണ്ടുപോയി കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഇന്ന് മുതൽ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി ഇന്ത്യൻ സർക്കാർ കളത്തിലിറങ്ങുന്നത്. ഓപ്പറേഷൻ സമുദ്ര സേതു എന്നു പേരിട്ട് വന്ദേ ഭാരത് മിഷനിൽ സഹായിക്കാൻ നാവികസേനയുടെ രണ്ട് കപ്പലുകളും മാലദ്വീപിലേക്കു പുറപ്പെട്ടിട്ടുണ്ട്. വിമാനം വഴിയും കപ്പലുകൾ വഴിയും ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുക എന്നതാണ് വന്ദേഭാരത് വിഷന്റെ ഭാഗം. എയർ ഇന്ത്യയുടെ 64 വിമാന സർവീസുകളാണ് വിദേശത്തുനിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി പ്രവർത്തിക്കുക.

എന്നാൽ, ഒരു രക്ഷാദൗത്യം എന്നതിൽ ഉപരിയായി നാട്ടിലേക്കുള്ള യാത്രക്ക് പ്രവാസികൾ പണം മുടക്കേണ്ട അവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ വിമർശനം ഉയരുമ്പോൾ മുമ്പ് ഇത്തരം രക്ഷാദൗത്യം നടത്തിയപ്പോൾ പൗരന്മാരിൽ നിന്നും പണം ഈടാക്കാത്ത ഒരു സർക്കാറും ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും. കുവൈത്ത് യുദ്ധത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാൻ മുന്നിൽ നിന്ന മലയാളി ടൊയോട്ട സണ്ണി എന്ന ബിസിനസുകാരനും അന്നത്തെ വി പി സിങ് സർക്കാറിനെയുമാണ് പലരും ഓർത്തെടുത്തത്. അന്നത്തെ വിദേശകാര്യമന്ത്രി ആയിരുന്നു
ഗുജറാൾ. അന്നത്തെ സർക്കാറിന്റെ പാതയിൽ പ്രവാസി ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന വാദമാണ് പലരും ഉയർത്തുന്നത്.

കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ കോണുകളിലായി 1.4 കോടി ഇന്ത്യക്കാരാണുള്ളത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് ഗൾഫ് നാടുകളിലാണ്. ഇവിടങ്ങളിൽ ലേബർ ക്യാമ്പുകളിൽ അടക്കം രോഗം പടരുന്ന സഹാചര്യത്തിലാണ് ഇന്ത്യക്കാർ താമസിക്കുന്നത്. ഇതിനോടകം 80ലേറെ മലയാളികളാണ് പ്രവാസ ലോകത്ത് മരിച്ചത്. പതിനായിരക്കണക്കിന് മലയാളികളെ കോവിഡ് ബാധിക്കുകയും ചെയ്തു. ഈസാഹചര്യത്തിൽ എങ്ങനെയെങ്കിലും നാടഞ്ഞാൽ മതിയെന്ന ചിന്തയിലാണ് പ്രവാസികൾ. കപ്പലുകൾ അടക്കം അയച്ചുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ അത് ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. എന്നാൽ പണം നൽകേണ്ടി വരുമോ എന്ന ആശങ്കയും മലയാളികൾ അടക്കമുള്ളവരെ അലട്ടുന്നുണ്ട്. എന്നാൽ, കുവൈത്ത് ദൗത്യകാലത്തെ ദൗത്യം ഇപ്പോഴത്തെ മോദി സർക്കാറിന് മുന്നിൽ പാഠമായുണ്ട്.

1.76 ലക്ഷം പോരെ ഒഴിപ്പിച്ച കുവൈത്ത് യുദ്ധകാലത്തെ മഹാദൗത്യം

1990 ഓഗസ്റ്റ് 2 സദ്ദാം ഹുസൈന്റെ ഉത്തരവ് അനുസരിച്ച് ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവനാണ് അപകടത്തിലായത്. അന്ന് ഇറാഖി സേന കുവൈത്ത് കീഴടക്കിയപ്പോൾ അതുവരെ സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ചു നാടുവിടേണ്ടി വന്നത് നിരവധി ഇന്ത്യക്കാരാണ്. അറ്റ്‌ലസ് രാമചന്ദ്രനെ പോലുള്ളവർക്ക് ഇപ്പോഴും ഇതിന്റെ നഷ്ടം അലട്ടുന്നുണ്ട്. നഗരം കൊള്ളയടിക്കപ്പെട്ടപ്പോൾ രാജാവും ഭരണാധികാരികളും രാജ്യം ഉപേക്ഷിച്ചുപോയി. ജീവൻ മാത്രം കൈയിൽ പിടിച്ചാണ് ഇന്ത്യക്കാർ അവിടെ ജീവിച്ചത്. മലയാളിയായ ടൊയോട്ട സണ്ണിയെന്ന മലയാളി ബിസിനസുകാരൻ നെഞ്ചുവിരിച്ചു നിന്നപ്പോൾ പിന്നിൽ കുവൈത്ത് മലയാളികൾ ഒപ്പം നിന്നു. ഇതിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ത്യൻ ഭരണകൂടം ഉണർന്നു പ്രവർത്തിച്ചത്. വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ അന്നത്തെ സർക്കാർ തയ്യാറായി.

സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കുവൈത്ത് വിടാൻ തയാറായ എല്ലാവരെയും ഇന്ത്യയിലെത്തിച്ചു. വിമാനമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ എന്നു ഗിന്നസ് ബുക്കിൽ പരാമർശം വന്ന ദൗത്യമായിരുന്നു 199091ലേത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് ഇരുരാജ്യങ്ങളിൽ നിന്നുമായി സൗജന്യമായി ഒഴിപ്പിച്ച 1.76 ലക്ഷം ഇന്ത്യക്കാരിൽ പകുതിയും കേരളത്തിൽനിന്നുള്ളവരായിരുന്നു. കുവൈത്ത് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്നു സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസി ഫലത്തിൽ ഇല്ലാതായി. സ്ഥാനപതി ബുദ്ധ് രാജിനെ ഇറാഖിലെ ബസ്രയിലുള്ള കോൺസുലേറ്റിലേക്കു മാറ്റി. അതോടെ കുവൈത്തിലുള്ള മലയാളികളടക്കം 1.71 ലക്ഷം ഇന്ത്യക്കാർ അനാഥരാവുകയായിരുന്നു. പ്രശ്‌നം വളരെ ഗുരുതരമായ ശേഷമാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. പിന്നീട് അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാൾ ഇറാഖിലെ ബഗ്ദാദിൽ എത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സദ്ദാമിൽനിന്ന് അനുമതി നേടിയെടുക്കുകയും ചെയ്തു.

പ്രവാസി ഇന്ത്യക്കാരുടെ മിശിഹയായി ടൊയോട്ട സണ്ണി

അക്കാലത്ത് ഇന്ത്യക്കാരുടെ രക്ഷകനായി മാറിയത് ടൊയോട്ട സണ്ണിയായിരുന്നു. 1990ൽ എണ്ണയുടെ അക്ഷയഖനിയും അയൽക്കാരമായ കുവൈറ്റിലേക്ക് ഇറാഖി സേന അധിനിവേശം നടത്തുന്നു. ഈ എണ്ണയിൽ കണ്ണുവെച്ച് തന്നെയായിരുന്നു കുവൈറ്റിന്റെ മണ്ണിലേക്ക് ഇറാഖി സേന ടാങ്കറുകളുമായി കടന്നു കയറിയത്. ലോകത്തെ മൊത്തം എണ്ണയുടെ 20 ശതമാനം നിയന്ത്രണവും ഇറാഖിന്റെ കൈവശമായതോടെ യുണൈറ്റഡ് നേഷൻ കുവൈറ്റ് അധിനിവേശത്തിനെതിരേ രംഗത്ത് വരികയും അവിടെ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനൊന്നും കൂട്ടാക്കാതിരുന്ന ഇറാഖുമായി കച്ചവടം നടത്തുന്നതിന് എല്ലാ രാജ്യങ്ങൾക്കും യുഎൻ സുരക്ഷാ സമിതി വിലക്കേർപ്പെടുത്തി.

ഇറാഖ് അധിനിവേശത്തിന് മുമ്പ് തന്നെ എണ്ണ സമ്പത്തുകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരുന്ന കുവൈറ്റിലേക്ക് നിരവധി ഇന്ത്യക്കാർ എത്തിയിട്ടുണ്ട്. ഗൾഫിലേക്കുള്ള കുടിയേറ്റസമയത്തു തന്നെ കുവൈറ്റിലും ഇന്ത്യക്കാർ കാലുകുത്തി. 1990ൽ ഗൾഫ് യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അവിടെയുള്ള രണ്ട് ലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാരും പ്രതിസന്ധിയിലായി. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നനിലയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു. വിപി സിങ് പ്രധാനമന്ത്രിയായ അന്നത്തെ സർക്കാർ ഈ വിഷയത്തിൽ ഗൗരവ ഇടപെടലുകൾക്ക് മുതിരാതിരുന്നതോടെ കുവൈറ്റ് ഇന്ത്യക്കാരുടെ പ്രതീക്ഷയറ്റു.

എന്നാൽ അവിടെയാണ് മിശിഹ അവതരിച്ചത്. അതെ, മിശിഹ മാത്യു എന്ന വിശേഷണമുള്ള ടൊയോട്ട സണ്ണി എന്ന് വിളിപ്പേരുള്ള മാതുണ്ണി മാത്യൂസ് എന്ന പത്തനംതിട്ടക്കാരൻ. 1956ലാണ് എല്ലാ പ്രവാസികളെയും പോലെ പത്തനംതിട്ട കുമ്പനാട് പരേതരായ എസി മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് തൊഴിലിനായി കുവൈറ്റിലെത്തിയത്. അതൊരു ചരിത്ര നിയോഗത്തിനുള്ള പ്രവാസമായിരുന്നുവെന്ന് പിന്നീട് കാലം പറഞ്ഞു. 1957ൽ ടൊയോട്ട കാറുകളുടെ വിൽപ്പന ഏജൻസിയായ നാസർ മുഹമ്മദ് അൽ സായർ ഗ്രൂപ്പിൽ സർവീസ് വിഭാഗത്തിൽ ജോലിക്കു കയറി മാത്യൂസ് 1989ൽ ഈ കമ്പനിയുടെ ജനറൽ മാനേജരായി വിരമിച്ചു. ടൊയോട്ട കാറുകളുടെ വിൽപ്പനയിൽ കമ്പനി പുതിയ നേട്ടത്തിലെത്തിയപ്പോൾ മാത്യൂ ടൊയോട്ട സണ്ണിയായി പരിണാമപ്പെട്ടു.

ഈ സമയത്താണ് കുവൈറ്റിലേക്ക് ഇറാഖ് സൈന്യം അധിനിവേശം നടത്തുന്നത്. സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള മലയാളി ബിസിനസുകാരനായ ടൊയോട്ട സണ്ണി അവിടെ സ്വന്തം കാര്യം നോക്കിയില്ല. 1,70,000 വരുന്ന ഇന്ത്യക്കാരെ യുദ്ധഭീതിയിൽ നിന്നും നാട്ടിലെത്തിക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ചു. സുഹൃത്തുക്കളും ബന്ധങ്ങളും ഉപയോഗിച്ച് കുവൈറ്റ് സർക്കാരുമായി ധാരണയുണ്ടാക്കി. അന്നത്തെ വിദേശ കാര്യമന്ത്രി ഐകെ ഗുജറാളിനെ കുവൈറ്റ് സന്ദർശിപ്പിച്ചു. ഇതിനിടയിൽ യുദ്ധഭീതി ഉയർന്നുകൊണ്ടേയിരുന്നു. സണ്ണി അപ്പോഴേക്കും ഇന്ത്യക്കാരുടെ രക്ഷകനായിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഉണർന്നു പ്രവർത്തിച്ച ടൊയോട്ട സണ്ണി ഇന്ത്യക്കാർക്കായി മാത്രം 20 സ്‌കൂളുകളിൽ ക്യാംപൊരുക്കി 125 ബസുകളിലായി 1,70,000 ആളുകളെ അമ്മാനിൽ എത്തിച്ചു. പിന്നീട് എയർ ഇന്ത്യയുടെ വിമാനം 59 ദിവസങ്ങളിലായി 488 സർവീസ് നടത്തിയാണ് ഈ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് എയർ ഇന്ത്യുയുടെ ചരിത്രത്തിൽ പുതിയ ഒരു ഏടായിരുന്നു ഇത്. ലോക ചരിത്രത്തിൽ ഇത്രയും വലിയ സംഖ്യ ആളുകളെ ഒഴിപ്പിക്കലും ചരിത്രത്തിൽ രേഖപ്പെടുത്തി. ഒപ്പം ടൊയോട്ട സണ്ണിയുടെ പേരും.

1990 ഒക്ടോബർ 31ന് ദുബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രമായ ഖലീജ് ടൈംസ് ലേഖകൻ അബ്ദുറബ്ബാണ് സണ്ണിയുടെ ധീരകൃത്യം ലോകത്തിന് മുന്നിലെത്തിച്ചത്. സല്യൂട്ട് ടു സണ്ണി എന്നായിരുന്ന വാർത്തയുടെ തലക്കെട്ട്. പിന്നീട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സണ്ണിയെ ശ്ലാഘിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ വന്നു. രക്ഷകനായ സണ്ണിയെ പത്രങ്ങൾ മിശിഹാ സണ്ണി എന്നുവരെ വിളിച്ചു. അതു സത്യമായിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളെ സ്വന്തം ജീവനേക്കാൾ വില കൽപ്പിച്ച അയാൾ മിശിഹ തന്നെയായിരുന്നു.

എയർലിഫ്റ്റ് എന്ന സിനിമ സണ്ണിയുടെ ജീവിതം

ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറഞ്ഞ എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ഇന്ത്യയിൽ അംഗീകാരം നേടുമ്പോൾ അത് കുവൈത്തിൽ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്ന മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണിക്കാണ് ഏറെ അഭിമാനം പകർന്നത്. അദ്ദേഹത്തിന്റെ ജീവിതകഥയാണ് സിനിമയായത്. ഹിന്ദിയിലെ സൂപ്പർ സ്റ്റാറുകളിലൊരാളായ അക്ഷയ്കുമാറാണ് രഞ്ജിത് കത്യാൽ എന്ന പേരിൽ ടൊയോട്ട സണ്ണിയെ അവതരിപ്പിച്ചത്.

1990 ഒക്ടോബർ 31നാണ് ടൊയോട്ട സണ്ണിയുടെ ധീരകൃത്യത്തെക്കുറിച്ച് അബ്ദുർറബ് എന്ന പത്രപ്രവർത്തകൻ ഖലീജ് ടൈംസിൽ റിപ്പോർട്ടെഴുതിയത്. സല്യൂട്ട് ടു സണ്ണി, ദി സേവ്യർ (സണ്ണി, എന്ന രക്ഷകന് അഭിവാദ്യം) എന്ന റിപ്പോർട്ടിന്റെ ഭാഗം സിനിമയിൽ കാണിച്ചിരുന്നു. കുവൈത്തിൽ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത്. ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്.

ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസിൽ അമ്മാനിൽ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ ഇടതടവില്ലാതെ ഇന്ത്യക്കാരെ കയറ്റിക്കൊണ്ടുപോയി. ഇതിനെ ആധാരമാക്കി കുവൈത്തിലും റാസൽ ഖൈമയിലുമായാണ് എയർലിഫ്റ്റ് ചിത്രീകരിച്ചത്.

സദ്ദാമിന്റെ അധിനിവേശക്കാലത്ത് ഒരുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈറ്റിൽ ഉണ്ടായിരുന്നത്. രാജ്യം മുഴുവൻ മുൾമുനയിലായ നാളുകൾ. 59 ദിവസം കൊണ്ട് 488 ഫ്ളൈറ്റുകളിലായാണ് ഇന്ത്യ അന്ന് ഇന്ത്യക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചത്. ഇതിന് മുൻനിരയിൽ നിന്നയാളായ സണ്ണിയെ ശ്ളാഘിച്ച് നിരവധി റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു. ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രാ ക്രമീകരണങ്ങളുടെ മാത്രമല്ല, അവർ കുവൈത്തിൽ തങ്ങുന്ന ഓരോ ദിവസത്തെയും അതിജീവനം ഉറപ്പാക്കാനുള്ള ചുമതലയും സണ്ണി ഉൾപ്പെടെ ഏതാനും പേരടങ്ങുന്ന സംഘം സ്വയം ഏറ്റെടുത്തിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവരിലൊരാളാണ് പിന്നീട് കേരളത്തിലെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി. മറ്റൊരാൾ കെ.കെ.നായരാണ്.

ബാഗ്ദാദിലെത്തി ഗുജറാളിനെ കണ്ട സണ്ണി

യുദ്ധത്തോടെ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിൽ ആയപ്പോഴാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. ഇതിന് വഴിയൊരുക്കിത് സണ്ണിയുടെ ഇടപെടൽ ആയിരുന്നു.
അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്‌റാൾ ഇറാഖിലെ ബഗ്ദാദിൽ എത്തുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ അവിടെ പോയി കാണാൻ സണ്ണി തീരുമാനിച്ചു. കാറിൽ പോകണം. ഡ്രൈവർ അവസാന നിമിഷം പേടിച്ചു പിന്മാറി. സണ്ണിയും അന്നു കുവൈത്തിലുണ്ടായിരുന്ന മകൻ ജയിംസ് മാത്യുവും തോമസ് ചാണ്ടിയും ഉൾപ്പെടെയുള്ളവർ മാറിമാറി ഡ്രൈവ് ചെയ്താണു ബഗ്ദാദ് വരെ പോയത്.

സ്ഥിതിഗതികൾ എത്ര ഗുരുതരമാണെന്നു സണ്ണി വിശദീകരിച്ചുകൊടുത്തശേഷമാണ് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം നൽകാൻ കുവൈത്ത് വരെ കൂടെച്ചെല്ലാൻ ഗുജ്‌റാൾ സമ്മതിച്ചത്. ഒരു ഇന്ത്യൻ വിമാനത്തിനു കുവൈത്തിലിറങ്ങാൻ സദ്ദാം ഹുസൈനെ കണ്ട് ഗുജ്‌റാൾ അനുമതി വാങ്ങി. ആ വിമാനത്തിൽ രക്ഷപ്പെടുത്തേണ്ട ചില സമ്പന്ന പഞ്ചാബികളുടെ പട്ടിക കൈമാറിയിട്ടേ ഗുജ്‌റാൾ മടങ്ങിയുള്ളൂ. എന്നാൽ രോഗികളും മറ്റുമായ കുറച്ചുപേരെക്കൂടി അതേ വിമാനത്തിൽ നിർബന്ധപൂർവം കയറ്റിവിട്ടാണ് സണ്ണിയും സംഘവും മടക്കയാത്രാ നടപടികൾക്കു തുടക്കം കുറിക്കുന്നത്.

സെപ്റ്റംബർ ആദ്യവാരത്തോടെ ശരിക്കുള്ള ഒഴിപ്പിക്കൽ തുടങ്ങി. ബഗ്ദാദിൽനിന്നു ജോർദാനിൽ പോയി വിമാനം കയറണം. ജോർദാൻ അതിർത്തിവരെ ആളുകളെ എത്തിക്കാൻ ഇറാഖ് സർക്കാരിന്റെ അനുവാദത്തോടെ യാത്രാസൗകര്യം ഏർപ്പെടുത്തി. ഓരോ ദിവസവും ആറായിരം പേരെയാണ് ജോർദാനിലെത്തിച്ചത്. ഇന്ത്യക്കാരെന്ന വ്യാജേന കുവൈത്തികളായ ചിലരും ജോർദാനിൽ എത്തിയിരുന്നു. ബസിൽ എസി ഇല്ലാത്തതിന്റെ പേരിലും ഇടയ്ക്കു വിമാന സർവീസ് നിർത്തിവച്ചതിന്റെ പേരിലുമൊക്കെ പലരും രോഷാകുലരായി ടൊയോട്ട സണ്ണിയെ തിരക്കിയിരുന്ന ദിവസങ്ങൾ.

ജോർദാനിൽനിന്നുള്ള വിമാന സർവീസ് മൂന്നു ദിവസത്തേക്കു സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ ആക്രമണം വരെയുണ്ടായി. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടി എറിഞ്ഞാണ് അന്നു സഹായികൾ അക്രമികളെ തുരത്തിയത്. നാലു ഹൃദയ ശസ്ത്രക്രിയകൾ കഴിഞ്ഞ് ഒരു അധ്വാനവും പാടില്ലെന്ന ഡോക്ടർമാരുടെ വിലക്കു ലംഘിച്ചാണ് സണ്ണി തങ്ങളുടെ രക്ഷകനായെത്തിയതെന്ന് അവർക്കറിയില്ലായിരുന്നല്ലോ. അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടിയിട്ടും സണ്ണി കുവൈത്തിൽ തുടർന്നതുകൊണ്ടാണ് തങ്ങളൊക്കെ രക്ഷപ്പെട്ടതെന്നും അവർക്കറിയില്ലായിരുന്നു.

അടുത്ത പ്രശ്‌നം ജോർദാൻ അതിർത്തിയിലായിരുന്നു. ഇത്രയും പേർ അഭയാർഥികളായി ചെന്നാലുള്ള പ്രശ്‌നമോർത്ത് അതിർത്തികൾ ജോർദാൻ അടച്ചുകളഞ്ഞു. ഒന്നു ഫോൺ ചെയ്യാനുള്ള പണം പോലുമില്ലാതെ യാത്രചെയ്ത ഇന്ത്യക്കാർ ദുരിതക്കടലിലാവുംമുൻപ് അപ്പുറത്തു മറ്റൊരു മലയാളി സഹായിച്ചു. ജോർദാൻ ടൈംസിന്റെ പത്രാധിപരായ ഒറ്റപ്പാലത്തുകാരൻ ആനന്ദ്, ജോർദാനിലെ ഹുസൈൻ രാജാവിന്റെ സുഹൃത്തായിരുന്നു. ആനന്ദിന്റെ സ്വാധീനത്താൽ ഇന്ത്യക്കാരെ മാത്രം കടത്തിവിടാൻ രാജാവ്, ഗാരിസൺ കമാൻഡർക്ക് ഉത്തരവു നൽകി. രജിസ്റ്റർ ചെയ്തവരിൽ വൊളന്റിയർമാർ ഒഴികെ എല്ലാവരും നാട്ടിലെത്തിക്കഴിഞ്ഞാണു രാജ്യാന്തര കുടിയേറ്റ സംഘടന ചാർട്ടർ ചെയ്ത വിമാനത്തിൽ സണ്ണി മടങ്ങിയത്. നാട്ടിലേക്കു പോകുന്നില്ലെന്നു തീരുമാനിച്ച 10,000 പേർ മാത്രമാണ് അപ്പോൾ കുവൈത്തിൽ ശേഷിച്ചത്.

ഇറാഖ് കുവൈത്ത് പിടിച്ചെടുത്തതിന്റെ ഒന്നാംനാൾ മുതൽ ഇന്ത്യക്കാർക്കായി എല്ലാം ചെയ്തത് സണ്ണിയാണ്. ഭക്ഷണമാകും വലിയ പ്രശ്‌നമെന്ന് അദ്ദേഹത്തിന്റെ മനസ്സു പറഞ്ഞു. ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിൽനിന്നും കുബ്ബൂസ് ഫാക്ടറികളിൽനിന്നും ബേക്കറികളിൽനിന്നും ഒന്നര മാസത്തേക്കുള്ള ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും കരുതി. അഭയം ആവശ്യമുള്ളവരോട് ഇന്ത്യൻ സ്‌കൂളിലേക്കു പോരാൻ പറഞ്ഞു. അവധിക്കാലമാകയാൽ ഒഴിഞ്ഞുകിടന്ന സ്‌കൂളിൽ അഭയാർഥി ക്യാംപ് തുറന്നു. 9500 പേരെയാണ് അവിടെ സംരക്ഷിച്ചത്.

എംബസിയിലെ അവസാനത്തെയാൾ പോകുന്നതിനു മുൻപ് പാസ്‌പോർട്ടുകളുടെ കാലാവധി നീട്ടി വാങ്ങി, നഷ്ടപ്പെട്ട പാസ്‌പോർട്ടുകൾക്കു പകരം സംഘടിപ്പിച്ചു. ഇന്ത്യക്കാർക്കു സുരക്ഷിതമായ ഒഴിഞ്ഞുപോക്കിനു വേണ്ടി ഹാം റേഡിയോയിലൂടെ രഹസ്യമായി ഡൽഹിയുമായും ചില ലോക തലസ്ഥാനങ്ങളുമായും യുഎന്നുമായും നിരന്തരം ബന്ധപ്പെട്ടു. ജോർദാൻ തലസ്ഥാനമായ അമ്മാൻവരെ പോകാൻ ബസുകൾ സംഘടിപ്പിച്ചു. അവിടെനിന്നു വിമാനങ്ങൾ ഒരുക്കി. എയർ ഇന്ത്യയുടെ 14 വിമാനങ്ങൾവരെ ഒരു ദിവസം അമ്മാനിൽനിന്നു പറന്നുയർന്നു. ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനങ്ങൾ എയർ ഇന്ത്യയെക്കൊണ്ടു ചാർട്ടർ ചെയ്യിച്ചു. ഒന്നേകാൽ ലക്ഷത്തോളം പേരെയാണ് അങ്ങനെ അമ്മാനിൽനിന്നു വിമാനത്തിൽ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഈ 'എയർ ലിഫ്റ്റ്' ഗിന്നസ് ബുക്കിൽ വന്നു.

രക്ഷകൻ വിടവാങ്ങിയപ്പോൾ കണ്ണീരിൽ കുതിർന്ന് അന്ത്യാജ്ഞലി നൽകി ഗൾഫും

2017 മെയ് 21നാണ് കുവൈത്ത് ഇന്ത്യക്കാരുടെ രക്ഷകനായി മാറിയ മാത്തുണ്ണി മാത്യൂസ് എന്ന(ടൊയോട്ട സണ്ണി) വിടവാങ്ങിയത്. നാട്ടിലെത്തിച്ചു കുമ്പനാട് എലിം ചർച്ചിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ സംസ്‌ക്കരിച്ചത്. മൃതദേഹം കുവൈത്ത് നാഷനൽ ഇവാൻജലിക്കൽ ചർച്ചിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരക്കക്കിന് പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ്ത. ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കുവൈത്ത് ഖാദിസിയയിലെ വീട്ടിൽവച്ചായിരുന്നു.

കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്. അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്. പിന്നീട് സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. ജാബിരിയ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

യുദ്ധഭൂമിയിൽ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അന്ന് ടൊയോട്ട സണ്ണിയും സംഘവും രക്ഷാപ്രവർത്തനം നടത്തിയതോടെ സിനിമയിൽ അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത്ത് കട്യാൽ എന്ന കഥാപാത്രത്തിന്റെ പൂർണ്ണ പ്രചോദനം സണ്ണിച്ചായന്റെ ധീരോദാത്തമായ അന്നത്തെ ആ രക്ഷാപ്രവർത്തനം തന്നെയായിരുന്നു. 2017 മെയ് 20 -ന് ടൊയോട്ട സണ്ണി അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും, അക്ഷയ് കുമാറും, നിഖിൽ അദ്വാനിയും ഒക്കെ അനുശോചനക്കുറിപ്പുകൾ അയക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP