Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരുണ്യയുടെ ഒരു കോടി അടിച്ചത് നാല് വർഷം മുൻപ്; ടിക്കറ്റ് നേരിട്ട് ഏൽപ്പിക്കുമ്പോൾ ഫോട്ടോസ്റ്റാറ്റ് ഒന്നും എടുക്കേണ്ട എന്നായിരുന്നു ലോട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടി; ടിക്കറ്റ് കളഞ്ഞുപോയി എന്നുള്ള റിപ്പോർട്ടുണ്ട് പിന്നെങ്ങിനെ പണം നൽകും എന്ന ചങ്ക് കലങ്ങുന്ന മറുപടി വന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നും; നാല് വർഷമായി തെരുവോരത്ത് ഉറങ്ങി തലസ്ഥാനത്ത് അലഞ്ഞ് നടന്നു കോഴിക്കോട്ടുകാരൻ; കോയ അവസാന തുരുത്തായി കാണുന്നത് മുഖ്യമന്ത്രി പിണറായിയുടെ കനിവ് തന്നെ

കാരുണ്യയുടെ ഒരു കോടി അടിച്ചത് നാല് വർഷം മുൻപ്; ടിക്കറ്റ് നേരിട്ട് ഏൽപ്പിക്കുമ്പോൾ ഫോട്ടോസ്റ്റാറ്റ് ഒന്നും എടുക്കേണ്ട എന്നായിരുന്നു ലോട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടി; ടിക്കറ്റ് കളഞ്ഞുപോയി എന്നുള്ള റിപ്പോർട്ടുണ്ട് പിന്നെങ്ങിനെ പണം നൽകും എന്ന ചങ്ക് കലങ്ങുന്ന മറുപടി വന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നും; നാല് വർഷമായി തെരുവോരത്ത് ഉറങ്ങി തലസ്ഥാനത്ത് അലഞ്ഞ് നടന്നു കോഴിക്കോട്ടുകാരൻ; കോയ അവസാന തുരുത്തായി കാണുന്നത് മുഖ്യമന്ത്രി പിണറായിയുടെ കനിവ് തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി നേടി നാലു വർഷം കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാതെ സമ്മാനാർഹൻ തലസ്ഥാന നഗരിയിൽ അലഞ്ഞു നടക്കുന്നു. കോഴിക്കോട്ടുകാരനായ കോയയാണ് ഈ ഹതഭാഗ്യൻ. ഒന്നാം സമ്മാനമായ കാരുണ്യയുടെ ഒരു കോടിക്ക് അർഹനായിട്ടും തുക കോയക്ക് ലഭിച്ചില്ല. തുക ലഭിക്കാത്തത് കോയയുടെ കുഴപ്പം കൊണ്ടല്ല. ഭാഗ്യക്കുറി ആസ്ഥാനത്ത് മുൻപ് വാണരുളിയവരുടെ കുഴപ്പംകൊണ്ടാണ്. ടിക്കറ്റ് ലോട്ടറി വകുപ്പിൽ നിന്നും കളഞ്ഞു പോയതുകൊണ്ടാണ് ടിക്കറ്റിനു സമ്മാനം അനുവദിക്കാതിരുന്നത്.

കാരുണ്യ ഭാഗ്യക്കുറിയുടെ 249-ാമത് നറുക്കെടുപ്പിലെ ഒന്നാംസമ്മാനം ലഭിച്ച കെ.ഇ.454045 എന്ന നമ്പർ കോയയെ നോക്കി ഇപ്പോഴും പല്ലിളിക്കുകയാണ്. ഈ സമ്മാനം ആർക്കും ലഭിച്ചില്ല. ഇതിനു കോയയല്ലാതെ വേറെ അവകാശികളില്ല. അതിനാൽ ഈ സ്വപ്നം സ്വന്തമായി വെച്ച് തനിക്ക് അർഹമായ തുകയ്ക്കായി കോയ ഇപ്പോഴും അലഞ്ഞു നടക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ തനിക്ക് ഈ തുക ലഭിക്കും എന്നാണ് കോയയുടെ സ്വപ്നം. തന്റെ കടബാധ്യതകളും പ്രാരാബ്ദങ്ങളും ഈ തുക ലഭിക്കുമ്പോൾ തീർക്കാൻ കഴിയും എന്നും കോയ സ്വപനം കാണുന്നു. അന്ന് ടിക്കറ്റ് കളഞ്ഞു പോയി എന്ന റിപ്പോർട്ട് ധനവകുപ്പിലെക്കും പോയപ്പോൾ പൊല്ലാപ്പ് ഒഴിവാക്കാൻ ധനമന്ത്രാലയം തുക കോയക്ക് നൽകിയുമില്ല. അതുകൊണ്ട് തന്നെ കോടിപതികളെ സൃഷ്ടിക്കാറുള്ള കേരള ലോട്ടറി അതിനു നേർ വിപരീതമായി ഒന്നാം സമ്മാനാർഹനെ ഒരു ദുരന്തകഥാപാത്രമാക്കി മാറ്റി.

കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തി ലോട്ടറി ടിക്കറ്റ് കോയ ഭാഗ്യക്കുറി വകുപ്പിൽ നേരിട്ടാണ് നൽകിയത്. ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ സുധ ഈ ലോട്ടറി ടിക്കറ്റ് കോയയിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു. അവർ ടിക്കറ്റ് കൈപ്പറ്റിയെങ്കിലും രശീത് നൽകിയില്ല. താമസം വിനാ ടിക്കറ്റ് ലോട്ടറി വകുപ്പിൽ നിന്നും കളഞ്ഞുംപോയി. കോയയാണെങ്കിൽ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നില്ല. സുധയാണെങ്കിൽ ഇങ്ങനെ ഒരു ടിക്കറ്റ് കൈപ്പറ്റിയതായി രശീതും നൽകിയില്ല. ലോട്ടറി ടിക്കറ്റ് അല്പം കീറിയിരുന്നു. ടിക്കറ്റ് കീറിയതിനാൽ കോയ ആദ്യം ടിക്കറ്റ് നൽകിയ കോഴിക്കോട്ടെ ബാങ്ക് ടിക്കറ്റ് സ്വീകരിച്ചില്ല. നേരിട്ട് വകുപ്പിൽ നൽകാൻ പറഞ്ഞു. നാല് വർഷം മുൻപ് അങ്ങനെ ടിക്കറ്റ് ലോട്ടറി വകുപ്പിൽ നേരിട്ട് ഹാജരാക്കാനാണ് കോയ തിരുവനന്തപുരത്തേക്ക് വണ്ടി കയറി വന്നത്.

രശീതി നൽകാത്തതിനാൽ ഒരു കോടിയുടെ ടിക്കറ്റ് ടിക്കറ്റ് കളഞ്ഞുപോയപ്പോൾ ലോട്ടറി വകുപ്പ് കൈമലർത്തി. കോയയുടെ കയ്യിൽ തെളിവുമില്ല. ടിക്കറ്റ് ഇല്ലാതെ എങ്ങിനെ കാശ് നൽകാൻ കഴിയും എന്ന് ചോദിച്ചപ്പോൾ ഹൃദയം കലങ്ങിപ്പോയ കോയ തിരികെ പോയില്ല. സുധയാണെങ്കിൽ ലോട്ടറി വകുപ്പിൽ നിന്നും സ്ഥലം മാറി പോവുകയും ചെയ്തു. നാല് വർഷമായി കോയ മുട്ടാത്ത വാതിലുകളില്ല. പതിനെട്ടാമത് വാതിലും അടയുമ്പോൾ പത്തൊമ്പതാമത് വാതിൽ തുറന്നുവരും എന്നുള്ള ആപ്തവാക്യം കോയയുടെ കാര്യത്തിൽ ഫലിച്ചതുമില്ല. ഇപ്പോൾ നേരെ ചൊവ്വെ ഒന്നുറങ്ങാൻ കഴിയാതെ, പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ പണം ഇല്ലാതെ കോയ വിഷമിക്കുകയാണ്.

അസാധാരണമായ കഥയാണ് കോയയുടേത്. കോയ എടുത്ത ടിക്കറ്റിനു ലഭിച്ച ഒന്നാം സമ്മാനമായ ഒരു കോടി കോയയുടെ കയ്യിൽ വന്നില്ല. കോയയ്ക്ക് പിന്നെ പിറന്നു വീണ കോഴിക്കോട് പോകാൻ കഴിഞ്ഞില്ല. ഒരു മകളുടെ വിവാഹം നാട്ടുകാർ പിരിവിട്ട് നടത്തിയപ്പോൾ എല്ലാം അറിഞ്ഞു കോയ തിരുവനന്തപുരത്ത് തന്നെ തുടർന്നു. ഒന്നാം സമ്മാനം നേടൽ കോയ്ക്ക് ലഭിച്ചിരുന്ന സർക്കാർ ജോലിയും നഷ്ടമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി അറ്റൻഡർ പോസ്റ്റ് ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നു നഷ്ടമായി. നാല് വർഷമായി കോയ കോഴിക്കോട് കണ്ടിട്ടില്ല. തെരുവോരത്ത് ഉറക്കം. എന്തെങ്കിലും ജോലി ചെയ്ത് മുന്നോട്ട് പോകൽ. പണം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കും. ഇല്ലാത്ത ദിവസങ്ങളിൽ പട്ടിണി. ഊണില്ല. ഉറക്കമില്ല. തലചായ്ക്കാൻ ഇടവുമില്ല. ഇതാണ് നിലവിലെ കോയയുടെ അവസ്ഥ.

തലസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനും സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥ മേധാവികളിൽ പലർക്കും കോയയുടെ കഥയറിയാം. പക്ഷെ മനസ് തുറന്നു കോയയെ സഹായിക്കാൻ നിലവിലെ നിയമസംവിധാനത്തിനു കഴിയില്ല എന്ന് അവർക്കറിയാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി എം വിജയരാജൻ തുടർന്നിരുന്ന സമയം കോയ പരാതിയുമായി ജയരാജന്റെയും മുന്നിൽ വന്നിരുന്നു. ജയരാജനുമായി കോയ അടുപ്പമാവുകയും ചെയ്തിരുന്നു. ജയരാജനും കോയ്ക്ക് തുക ലഭിക്കുമോ എന്നറിയാൻ സാധ്യമായ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു. പക്ഷെ ടിക്കറ്റ് ഒറിജിനൽ കോയ ഹാജരാക്കിയാലും ഇല്ലെങ്കിലും നഷട്മായ അവസ്ഥയിൽ കോയ്ക്ക് പണം ലഭിക്കാൻ പ്രയാസമാകും എന്ന മറുപടി തന്നെയാണ് ജയരാജനും ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന അവസരത്തിൽ കിണഞ്ഞു പരിശ്രമിച്ചിട്ടു പോലും ജയരാജനു കോയയെ സഹായിക്കാൻ കഴിഞ്ഞില്ല.

'ഞാൻ പരിശ്രമിച്ചിരുന്നു. എനിക്ക് കോയയെ അറിയാം. പക്ഷെ യഥാർത്ഥ ടിക്കറ്റ് ഹാജരാക്കാതെ എങ്ങനെ പണം നൽകാൻ കഴിയും എന്ന ചോദ്യം തന്നെയാണ് ഭാഗ്യക്കുറി വകുപ്പിൽ നിന്നും ധനവകുപ്പിൽ നിന്നും എനിക്ക് മറുപടി വന്നത്-ഇപ്പോൾ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായ എം വിജയരാജൻ മറുനാടനോട് പറഞ്ഞു. കോയ പറഞ്ഞത് ഭാഗ്യക്കുറി വകുപ്പിൽ നൽകി എന്ന്. വകുപ്പ് പറയുന്നത് ടിക്കറ്റ് കിട്ടിയിട്ടില്ലെന്ന്. കോയയുടെ കയ്യിൽ തെളിവുമില്ല. ഇതാണ് പ്രശ്‌നമായത്. വേറെ ഒരു നിർവാഹവും കോയയുടെ കാര്യത്തിൽ എല്ലാ എന്ന് തന്നെയാണ് എനിക്ക് മനസിലായത്. ടിക്കറ്റ് ലഭിച്ചതായി കരുതി സർക്കാർ കോയക്ക് സമ്മാനം നൽകണം. ലോട്ടറിയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. പക്ഷെ ഈ ലോട്ടറി തുകയ്ക്ക് വേറെ അവകാശികൾ വന്നില്ല. ഇത് കോയക്ക് അനുകൂലമായ കാര്യമാണ്. ഞങ്ങൾ കോയയെ രക്ഷിക്കാൻ വഴിയുണ്ടോ എന്ന് നോക്കിയതാണ്. കടബാധ്യതകൾ കോയക്ക് ഉണ്ട്. അതിനാലാണ് കോയ കോഴിക്കോട് പോകാത്തത്. ഇത് സർക്കാർ തലത്തിൽ അന്വേഷിച്ചിരുന്നു. പക്ഷെ തെളിവില്ല.ഇതാണ് കോയക്ക് തിരിച്ചടിയായത്-ജയരാജൻ പറയുന്നു.

എല്ലാം അറിഞ്ഞിട്ടും കോയയാണെങ്കിൽ ഈ കാശില്ലാതെ തലസ്ഥാനത്ത് നിന്നും തിരികെ പോകില്ല എന്ന വാശിയിലാണ്. ഒന്നുകിൽ കോയക്ക് അർഹമായ ഒന്നാം സമ്മാനം ലഭിക്കണം. അല്ലെങ്കിൽ ഈ കാശിനു പിന്നാലെ അലഞ്ഞു നടന്നു ഈ തലസ്ഥാന നഗരിയിൽ തന്നെ സ്വന്തം ജീവിതം കോയ ഹോമിക്കും. ഇതറിയാവുന്നവർ ഇപ്പോൾ കോയയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയുമോ എന്നാണ് ഉറ്റുനോക്കുന്നത്. കോയയും പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ തന്നെ. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ നിലവിൽ കോയയെ സഹായിക്കാൻ കഴിയൂ. അങ്ങിനെ മുഖ്യമന്ത്രി കോയയെ സഹായിക്കുകയാണെങ്കിൽ അത് കേരളത്തിലെ ലോട്ടറിയുടെ ചരിത്രം തിരുത്തിയെഴുതിയുള്ള സഹായമാകും. ലോട്ടറി ടിക്കറ്റ് നേരിട്ട് ഹാജരാക്കാതെ ലോട്ടറിക്ക് സമ്മാനം നൽകി എന്ന പുതു ചരിത്രമാകും രചിക്കപ്പെടുക. കാബിനെറ്റിൽ വെച്ച് പാസാക്കി വേണം ഇത് നൽകാൻ. ഇടത് ഭരണനേതൃത്വം ഇതിനു തയ്യാറാകുമോ എന്നാണ് ചോദ്യം ഉയരുന്നത്.

മുഖ്യമന്ത്രി അങ്ങിനെ തയ്യാറാകുമെങ്കിൽ അതിനു ആധാരമായ ഒരു ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇതിനു ബലമാകും. കോയ അവകാശവാദം ഉന്നയിച്ച, ലോട്ടറി വകുപ്പിൽ ഹാജരാക്കി എന്ന് പറയുന്ന ടിക്കറ്റിനു വേറെ ആരും അവകാശം ഉന്നയിച്ചിട്ടില്ല. നാല് വർഷമായി കോയ ലോട്ടറി ടിക്കറ്റ് വകുപ്പിൽ ഏൽപ്പിച്ചത്. അതിനു ശേഷം ഒരാൾ പോലും കോയയുടെ അവകാശവാദം ചോദ്യം ചെയ്യാൻ വന്നിട്ടില്ല. കോയയെ മരണത്തിനു വിട്ടുകൊടുക്കാതെ കഴിയുമെങ്കിൽ കോയക്ക് സമ്മാനം നൽകുകയാണ് നല്ലത്. ഇതാണ് കോയയുടെ നിരന്തര പരാതിയെ തുടർന്നു വന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ രത്‌ന ചുരുക്കം. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അല്ലാതെ കോയ ലോട്ടറി എടുത്ത കോഴിക്കോട്ടെ ഭാഗ്യതാര ലോട്ടറി ഏജൻസിയുടെ ഉടമ സർക്കാരിനു നൽകിയ ഒരു കത്തിന്റെ കോപ്പിയും കോയയുടെ കൈവശമുണ്ട്. ടിക്കറ്റ് എടുത്തത് കോയ തന്നെയാണ്. . 09-07-2016-ൽ നടന്ന കാരുണ്യ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം കോയ്ക്ക് ആണ് ലഭിച്ചത്. തങ്ങളുടെ ഏജൻസി വഴി വിറ്റ ടിക്കറ്റ് ആണിത്. ഭാഗ്യതാര ലോട്ടറിയുടെ ദേവരാജൻ ലോട്ടറി ഡയറക്ടർക്ക് നൽകിയ കത്തിന്റെ കോപ്പി കോയയുടെ കയ്യിലുണ്ട്. ഇത് വകുപ്പിലും കാണും. ലോട്ടറി ടിക്കറ്റ് പോയ രീതിയിൽ ഈ കത്തും പോയോ എന്ന് കോയ്ക്ക് അറിയില്ല. എന്തായാലും ലോട്ടറി ടിക്കറ്റിന്റെ കോപ്പി എടുത്തില്ലെങ്കിലും ദേവരാജൻ എഴുതി നൽകിയ കത്തിന്റെ കോപ്പി കോയയുടെ കയ്യിലുണ്ട്. സ്വന്തം കഥ മറുനാടനോട് കോയ പറയുന്നത് ഇങ്ങനെ:

കുറ്റം എന്റേതല്ല; പണം ലഭിക്കാതെ തലസ്ഥാനം വിടില്ല: കോയ

ആളുകളെ ലോട്ടറി കോടീശ്വരനാക്കിയ കഥയാണ് മലയാളികൾ കേട്ടത്. എന്റെത് ദുരന്തകഥയാണ്. ഈ ലോട്ടറി കാരണം എന്റെ സർക്കാർ ജോലി പോയി. കുടുംബം പോയി. ഞാൻ അനാഥനായി. കോഴിക്കോട് പിന്നെ എനിക്ക് പോകാനും കഴിഞ്ഞില്ല. എന്റെ മകളുടെ വിവാഹം കഴിയുമ്പോൾ ഞാൻ തിരുവനന്തപുരത്താണ്. നാട്ടുകാർ പിരിവിട്ടിട്ടാണ് വിവാഹം നടത്തിയത്. ഒരു ദിനം ഇരുട്ടി വെളുത്തപ്പോൾ കടവും ലോണുകളുമായി നടന്ന ഞാൻ കോടീശ്വരനായി. പക്ഷെ തുക എന്റെ കയ്യിൽ വന്നില്ല. കടവും ചെക്ക് കേസുകളുമായിരുന്നു എന്ന് മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഈ തുക എനിക്ക് പരമപ്രധാനമായിരുന്നു. 2016 ജൂലൈ ഒമ്പതിനാണ് എനിക്ക് കാരുണ്യയുടെ ഒന്നാം സമ്മാനം ലഭിക്കുന്നത്. നാല് വർഷം മുൻപാണ് ലോട്ടറി അടിച്ചത്.

കോഴിക്കോട് അരീക്കോടുള്ള ഭാഗ്യതാര ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ലോട്ടറി അടിച്ചത്. നാല് ലോട്ടറി ടിക്കറ്റുകളാണ് എടുത്തത്. ഇതിൽ ഒരു ലോട്ടറി കീറിയിരുന്നു. കീറിയ ടിക്കറ്റിലാണ് ലോട്ടറി അടിച്ചത്. ബാങ്കിൽ കൊടുത്തപ്പോൾ മാനേജർ പറഞ്ഞു. ഇന്നു തന്നെ തിരുവനന്തപുരത്തേക്ക് പോയി നേരിട്ട് ഭാഗ്യക്കുറി വകുപ്പിൽ നൽകൂ. അങ്ങിനെ തിരുവനന്തപുരത്ത് വന്നു വികാസ് ഭവൻ ലോട്ടറി ഓഫീസിൽ ഏൽപ്പിച്ചു. ജൂലായ് 13നാണ് ലോട്ടറി ഏൽപ്പിക്കുന്നത്. വികാസ് ഭവനിലെ ലോട്ടറി ആസ്ഥാനത്താണ് ഏൽപ്പിച്ചത്. ഡെപ്യൂട്ടി ഡയരക്ടർ ആയ സുധയുടെ കയ്യിലാണ് ഏൽപ്പിച്ചത്. അന്ന് കാർത്തികേയനാണ് ലോട്ടറി വകുപ്പ് ഡയറക്ടർ. ലോട്ടറി കീറിയതിനാൽ സമയം പിടിക്കും. ലോട്ടറി ഡയരക്ടർ വന്നാലേ കാര്യം നടക്കൂ. അദ്ദേഹം കൊച്ചിയിലാണ്. ഇരുപത് ദിവസം കഴിഞ്ഞാലേ എത്തുകയുള്ളൂ എന്നാണ് സുധ പറഞ്ഞത്.

ടിക്കറ്റ് കീറിയതിനാൽ ഡയറക്ടർക്കാണ് തീരുമാനം എടുക്കാൻ കഴിയുന്നത്. അതിനാൽ ഇരുപത് ദിവസം കഴിഞ്ഞു വരൂ എന്നാണ് പറഞ്ഞത്. ഇരുപത് ദിവസം കഴിഞ്ഞപ്പോൾ ഒന്നും ആയിട്ടില്ലെന്നാണ് പറഞ്ഞത്. പിന്നീട് ഒരു നമ്പർ തന്നു. ധനകാര്യ മന്ത്രിയുടെ ഓഫീസിലേ ഗോപാലകൃഷ്ണൻ എന്ന ആളുടെ നമ്പർ ആയിരുന്നു അത്. ഇദ്ദേഹത്തിന്റെ അടുത്ത് പോകാൻ പറഞ്ഞു. നമ്പർ നൽകിയിരുന്നതിനാൽ വിളിച്ചപ്പോൾ പറഞ്ഞത്. സമയം എടുക്കും. രണ്ടു മാസം കഴിയും എന്നാണ്. നിങ്ങൾ തിരക്ക് ഒന്നും കൂട്ടേണ്ട. അത് എത്തിയിട്ടില്ല എന്നാണ്. ആദ്യം പറഞ്ഞത് . പിന്നെ വരാൻ പറഞ്ഞു. കുറെ ദിവസം കഴിഞ്ഞു പോയപ്പോൾ പറഞ്ഞത് രണ്ടു മാസം കഴിഞ്ഞു വരാൻ. നിങ്ങൾ വിളിക്കേണ്ടതില്ല. ആയിക്കഴിഞ്ഞാൽ ഞങ്ങൾ അറിയിക്കും. അപ്പോൾ വന്നാൽ മതി എന്നാണ് പറഞ്ഞത്.

പിന്നെ മന്ത്രിയുടെ ഓഫീസിൽ ചെന്നപ്പോൾ കേട്ടത് ഹൃദയം തകർന്നുപോയ മറുപടി. ടിക്കറ്റ് വകുപ്പിൽ കാണാനില്ല. അതിനാൽ പണം തരാൻ കഴിയില്ല എന്ന മറുപടിയാണ് നൽകിയത്. ഞാൻ നോക്കെണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് വന്ന റിപ്പോർട്ട് ഇങ്ങിനെയാണ് എന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞു. ഞാൻ തൂങ്ങിമരിക്കില്ല. ഇത് കിട്ടാതെ ഞാൻ പോകില്ല എന്ന് അന്ന് പറഞ്ഞു. ടിക്കറ്റിനു അവകാശവാദം ഉന്നയിച്ച് ആരും വന്നില്ല. നാല് വർഷമായി. അന്ന് ടിക്കറ്റിന്റെ ഫോട്ടോ കോപ്പി എടുത്തില്ല. ഇത് കീറിയതല്ലേ.. ഫോട്ടോസ്റ്റാറ്റ് ഒന്നും എടുക്കേണ്ട എന്നാണ് പറഞ്ഞത്. ഒരു മാസത്തിനുള്ളിൽ അവർ ട്രാൻസ്ഫർ ആയി പോവുകയും ചെയ്തു. ആ ടിക്കറ്റിനു ഇതുവരെ അവകാശികൾ ആരും വന്നില്ല. എന്റെ ടിക്കറ്റ് ആണിത്. പക്ഷെ കളഞ്ഞത് പോയത് എന്നിൽ നിന്നല്ല, ലോട്ടറി ആസ്ഥാനത്ത് നിന്ന് ഡെപ്യൂട്ടി ഡയരക്ടറുടെ കയ്യിൽ നിന്നുമാണ്. അത്ര വിശ്വാസത്തിലാണ് കെ.ഇ.454045 കാരുണ്യയുടെ 249ആം നമ്പർ ടിക്കറ്റ് വകുപ്പിൽ ഏൽപ്പിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എനിക്ക് സർക്കാർ ജോലിയുണ്ടായിരുന്നു അതും പോയി. ഞാൻ എല്ലാം നഷ്ടപ്പെട്ടുപോയ ആളാണ്. ക്രൈംബ്രാഞ്ച് അന്വേഷണം വന്നിരുന്നു. നാല് കൊല്ലം കൊണ്ട് ആരും വരാതിരുന്നതിനാൽ ഈ ടിക്കറ്റിന്റെ പണത്തിനു കോയക്ക് അർഹതയുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. പത്തുകൊല്ലം കോഴിക്കോട് ഓട്ടോ ഓടിച്ചു നടന്നു. പിന്നെയാണ് കാഷ്വാലിറ്റിയിൽ അറ്റൻഡർ ആയി ജോലി കിട്ടുന്നത്. ഏഴു വർഷം ജോലി നോക്കി. അഞ്ച് പൈസ ശമ്പളം ലഭിച്ചില്ല. ലോട്ടറി എല്ലാം നശിപ്പിച്ചു. ഭാര്യയും മൂന്നു മക്കളും. മകളുടെ വിവാഹം നാട്ടുകാർ പിരിവെടുത്ത് നടത്തി. ഇനി രണ്ടു ആൺകുട്ടികളാണ് ഉള്ളത്. വീട്ടിൽ പോയിട്ട് നാല് വർഷം കഴിഞ്ഞു. പലിശയും ചെക്ക് കേസുമൊക്കെയുണ്ട്. അവസ്ഥ അറിയാവുന്നതിനാൽ ആരും എന്നെ തിരഞ്ഞോന്നും വന്നില്ല. ഇപ്പോഴും ഞാൻ പ്രതീക്ഷയോട് കാക്കുകയാണ്. മുഖ്യമന്ത്രി കനിഞ്ഞാൽ എനിക്ക് തുക കിട്ടിയേക്കും. തുക കിട്ടാതെ തലസ്ഥാനം വിടില്ല- കോയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP