Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ശ്രീധന്യക്ക് നൂറ് ചുവപ്പൻ അഭിനന്ദനങ്ങൾ; ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു': പണ്ട് കോഴിക്കോട് ദേവഗിരി കോളേജിൽ അച്ചടി ഭാഷ ഉപയോഗിച്ചതിന് ശ്രീധന്യയെ കൂകി അപമാനിച്ച എസ്എഫ്‌ഐക്കാർ അഭിവാദ്യവുമായി രംഗത്ത്; അബദ്ധം തിരിച്ചറിഞ്ഞ സഖാക്കളുടെ പ്രതീക്ഷ ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ വരുമെന്നും; സോഷ്യൽ മീഡിയയിലെ എസ്എഫ്‌ഐ -കെഎസ് യു തർക്കം ഇങ്ങനെ

'കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ശ്രീധന്യക്ക് നൂറ് ചുവപ്പൻ അഭിനന്ദനങ്ങൾ; ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു': പണ്ട് കോഴിക്കോട് ദേവഗിരി കോളേജിൽ അച്ചടി ഭാഷ ഉപയോഗിച്ചതിന് ശ്രീധന്യയെ കൂകി അപമാനിച്ച എസ്എഫ്‌ഐക്കാർ അഭിവാദ്യവുമായി രംഗത്ത്; അബദ്ധം തിരിച്ചറിഞ്ഞ സഖാക്കളുടെ പ്രതീക്ഷ ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ വരുമെന്നും; സോഷ്യൽ മീഡിയയിലെ എസ്എഫ്‌ഐ -കെഎസ് യു തർക്കം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് പഠനവും കഠിനാദ്ധ്വാനവും കൈമുതലാക്കിയാണ് തന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയത്. ജാതിയുടെ ബാക്ക് ഗ്രൗണ്ടിലൂടെ ശ്രീധന്യ നേടിയ നേട്ടത്തെ കാണാനായിരുന്നു ഭൂരിപക്ഷത്തിനും ഇഷ്ടം. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കുക. ആദിവാസി വിഭാഗത്തിൽ പെട്ട ആദ്യത്തെ ഐഎഎസുകാരിയാണ് ശ്രീധന്യ എന്നത് ശരിതന്നെ. ഏതായാലും ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റപ്പോഴും വിവാദങ്ങളും വ്യാജവാർത്തകളും കൊണ്ട് അഭിഷേകം ചെയ്യാനിം ശ്രമം നടന്നു. ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസ് നേടിയതെന്ന് ശ്രീധന്യ പറഞ്ഞതായുള്ള വ്യാജ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായി. സാമൂഹിക പിന്നോക്കാവസ്ഥ മറികടന്ന് ശ്രീധന്യ ഈ സ്ഥാനത്ത് എത്തിയെന്നതാണ് സുപ്രധാനം.

ഇതിന് പിന്നാലെ ശ്രീധന്യ ഇടതുപക്ഷക്കാരിയാണെന്ന് പ്രചരിപ്പിക്കാനായി ശ്രമം. ചില ഇടതുഅനുഭാവികൾ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയുംചെയ്തു. ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ ഒരു പോസ്റ്റ് ഇങ്ങനെ: ട്രൈബൽ വിഭാഗത്തിൽ നിന്ന് ആദ്യമായി ഐഎഎസ് നേടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ചുമതല ഏൽക്കുന്ന ശ്രീധന്യക്ക് നൂറ് ചുവപ്പിൻ അഭിനന്ദനങ്ങൾ. ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു.

ശ്രീധന്യ സഖാവായിരുന്നോ?

ചുവപ്പൻ അഭിവാദ്യങ്ങൾ നേർന്ന സഖാക്കന്മാർ പലരും ശ്രീധന്യ എസ്എഫ്‌ഐക്കാരിയായിരുന്നു എന്നാണ് ധരിച്ചുവശായത്. സോഷ്യൽമീഡിയിൽ ഇപ്പോൾ ഇക്കാര്യം സജീവ ചർച്ചയുനമാണ്. ഏതായാലും ശ്രീധന്യ എസ്എഫ്‌ഐക്കാരി ആയിരുന്നില്ലെന്ന് മാത്രമല്ല കെഎസ് യുവിന്റെ സജീവ പ്രവർത്തകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുന്നതിനിടെ എസ്എഫ്‌ഐക്കാർ ശ്രീധന്യയെ കൂക്കി വിളിച്ച്ഇഅപമാനിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട് ദേവഗിരി കോളേജിലെ പഠനകാലത്താണ് ശ്രീധന്യ സുരേഷ് കെ എസ് യുവിൽ സജീവമാകുന്നത്. 2013 ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസ് തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ട അവരെ എസ്എഫ്‌ഐക്കാർ കൂകി അപമാനിക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പിൽ മീറ്റ് ദ കാൻഡിഡേറ്റിലെ ശ്രീധന്യയുടെ പ്രസംഗത്തിലെ ഭാഷയേയും എസ്എഫ്‌ഐക്കാർ പരിഹസിച്ചിരുന്നു. വയനാട്ടിലെ ദളിതരുടെ വാമൊഴിക്ക് പകരം അച്ചടി ഭാഷ ഉപയോഗിച്ചുവെന്നായിരുന്നു അവരുടെ പരിഹാസം. അതേ എസ്എഫ്‌ഐ പ്രവർത്തകർ തന്നെ അഭിനന്ദനവും അഭിവാദ്യങ്ങളുമായി വന്നതിനെയാണ് സോഷ്യൽ മീഡിയ ചോദ്യംചെയ്യുന്നത്.

അതേസമയം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളേയും ജീവിത പ്രാരാബ്ധങ്ങളേയും മറികടന്നാണ് ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രവിജയം കൈവരിച്ചത്. ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ കൂലിപ്പണിക്കാരായ സുരേഷിന്റേയും കമലയുടേയും മകളായ ശ്രീധന്യ തരിയോട് നിർമല ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവീസ് എന്ന എന്ന സ്വപ്നം ശ്രീധന്യ യാഥാർത്ഥ്യമാക്കിയത്.

ശ്രീധന്യ ദേവഗിരിയിൽ പഠിക്കുമ്പോൾ ചെയർമാനായി കെഎസ് യു പാനലിൽ മത്സരിച്ച പി.റംഷാദ് എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

ശ്രീധന്യ നീ ഓർക്കുന്നുണ്ടോ കെ.എസ്.യു പാനലിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാംപസിൽ നീ ജോയിന്റ് സെക്രട്ടറിയായും ഞാൻ ചെയർമാനുമായി മത്സരിച്ചത്...എന്റെ ഊഴം കഴിഞ്ഞ് നീ meet the Candidate ൽ സ്വയം പരിചയപ്പെടുത്തിയപ്പോൾ ഉപയോഗിച്ച ഭാഷ കേട്ട് പുരോഗമനത്തിന്റെ മണവാളന്മാരായ sfi ക്കാർ പരിഹസിച്ചത് നീ മറന്നിട്ടുണ്ടാകില്ല.

നിന്റെ ഭാഷ വയനാട്ടിലെ ദളിതരുടെ വാമൊഴിക്ക് പകരം അച്ചടി ഭാഷയുപയോഗിച്ചുവെന്നായിരുന്നു അവരുടെ പരിഹാസം. സാഹിത്യവും പ്രാസമൊപ്പിച്ചുള്ള വാമൊഴിയെല്ലാം മേത്തരം sfi ക്കാർക്കുള്ളതാണല്ലോ? നിന്നെപ്പോലെയുള്ള ഒരു ദളിതിനോ, കെ.എസ്.യു ക്കാർക്കോ ഉപയോഗിക്കാൻ പാടില്ലല്ലോ?

നീയന്ന് ഒരുപാട് വിഷമിച്ചു, ഇലക്ഷൻ കഴിഞ്ഞു, നമ്മൾ പൊരുതി പരാജയപ്പെട്ടു, എതിരാളികൾ അന്ന് സ്വാഭാവികമായി നമുക്കെതിരെ മുദ്രാവാക്യം മുഴക്കി വിജയാരവം നടത്തി. ഇലക്ഷൻ സ്പിരിറ്റിന്റെ ഭാഗമായി അത് കേട്ടു ഞാൻ ബോയ്‌സ് ഹോസ്റ്റലിലേക്കും, നീ ലേഡീസ് ഹോസ്റ്റലിലേക്കും പോയി.

അന്ന് രാത്രി 11 മണി കഴിഞ്ഞു കാണും കെ.എസ്.യു ക്കാരിയായ മറ്റൊരു സുഹൃത്ത് എന്നെ വിളിച്ചു. ശ്രീധന്യ ഹോസ്റ്റൽ റൂമിന് പുറത്തിറങ്ങിയില്ല, sfi ക്കാർ റൂമിന് പുറത്ത് തമ്പടിച്ച് പരിഹസിച്ചു കൂവുകയാണ്, ഭക്ഷണം പോലും കഴിച്ചില്ല.

ദാരിദ്ര്യത്തിന്റെ കയ്പ് നീർ അനേകം കുടിച്ച നിനക്ക് അവരുടെ പരിഹാസത്തെ നേരിടാൻ പറ്റിയെങ്കിലും അന്ന് നിനക്ക് പൊള്ളിയത് സവർണ്ണ സഖാക്കളുടെ ഭാഷ ഉപയോഗിച്ച് നീ വോട്ടർമാരെ പരിചയപ്പെടുത്തിയതിനെ പരിഹസിച്ച് ആ പാതിരാത്രിയിലും നിന്നെയവർ കണക്കറ്റ് കളിയാക്കിയതായിരുന്നു.

അനേകം ജീവിത ദുഃഖങ്ങളിലൊന്നായ് നീയതിനെയും കണ്ടു, ക്യാംപസ് വിട്ടു കുറച്ച് കാലം വയനാട്ടിൽ ജോലിയെടുത്തു, പിന്നീട് നിന്റെ ലക്ഷ്യവുമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഇടയ്ക്കുള്ള വിളിയിൽ സൗഹൃദം മുറിയാതെ നാം സൂക്ഷിച്ചു.

അകലെയെങ്കിലും നമ്മളെയെല്ലാം ചേർത്ത് നിർത്തിയത് നീലക്കൊടിയുടെ തണലായിരുന്നു. ഇന്ന് നീ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടറാവുമ്പോൾ അഭിമാനപൂർവ്വം ഓർക്കുന്നു ആ കാലം, പിന്നെ നമ്മുടെ സൗഹൃദവും.. ജീവിത വഴിയിൽ ഇനിയുമേറെ മുന്നേറാനാവട്ടെ എന്നാശംസിക്കുന്നു...

ഏതായാലും ഫ്രീതിങ്കേഴ്‌സിൽ പോസ്റ്റിട്ട നവനീത് കൃഷ്ണ തനിക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചു. ശ്രീധന്യ SFI അല്ലായെങ്കിലും പേരിൽ സഖാവ് ഇല്ലായെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്ന എഫിഷ്യന്റെ ആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ അഭിവാദ്യങ്ങളും. ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ തന്നെ വരുമെന്നു തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ:

ഇന്നലെ എഴുതിയ ഒരു പോസ്റ്റിൽ ജാഗ്രത കുറവ് കൊണ്ട് തെറ്റു വന്നതിനാൽ ഡീലീറ്റ് ചെയ്യുന്നു. തെറ്റു ചൂണ്ടിക്കാട്ടി തിരുത്തിയ സഖാന്മാർക്കു നന്ദി.

ശ്രീധന്യ സുരേഷ് ഇന്നലെ അസിസ്റ്റന്റ് കളക്ടർ ആയി ചാർജ്ജ് എടുത്തപ്പോൾ അഭിമാനത്തോടെ തന്നെയാണ് ആ പോസ്റ്റ് ഇട്ടത്. വാട്‌സപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടിയ വിവരമായിരുന്നു അവർ മുൻ SFI പ്രവർത്തക ആണെന്നത്, അത് വിശ്വസിച്ച് ആണ് ആ പോസ്റ്റ് ഇട്ടത്. ഇപ്പോൾ തെറ്റ് ആണെന്ന് മനസ്സിലായി ഒഴിവാക്കുന്നു.

ശ്രീധന്യ SFI അല്ലായെങ്കിലും പേരിൽ സഖാവ് ഇല്ലായെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്ന എഫിഷ്യന്റെ ആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ അഭിവാദ്യങ്ങളും ?? ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ തന്നെ വരുമെന്നു പ്രതീക്ഷിക്കുന്നു.

തെറ്റ് ചൂണ്ടിക്കാട്ടി ഒപ്പം നിന്ന് സഖാന്മാർക്കെല്ലാം നന്ദി

ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസ് നേടിയതെന്ന് ശ്രീധന്യ പറഞ്ഞതായുള്ള വ്യാജ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് കള്ളി വെളിച്ചത്തായി. സംവരണം സംബന്ധിച്ച് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ശ്രീധന്യ ഐ.എ.എസ്. പറഞ്ഞു. സംവരണ വിഭാഗത്തിലൂടെയല്ല ഐ.എ.എസ് നേടിയതെന്നും എല്ലാ ആനുകൂല്യങ്ങളും വേണ്ടെന്നു വെച്ച് ജനറൽ വിഭാഗത്തിലാണ് പരീക്ഷ എഴുതി 410-ആം റാങ്ക് നേടിയതെന്നും ശ്രീധന്യ പറഞ്ഞതായുള്ള സന്ദേശം സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും പ്രചരിച്ചിരുന്നു. ഇതിനെതിരെ ഫേസ്‌ബുക്കിന് പരാതി നൽകിയതായും പോസ്റ്റ് നീക്കം ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതായും ശ്രീധന്യ പറഞ്ഞു.

കെ.എ.ഷാജി എഴുതിയ കുറിപ്പ് കൂടി വായിക്കാം:

ആദിവാസികൾ, ദളിതർ, സാമൂഹികവും സാമ്പത്തീകവുമായി പിന്നോക്കം നില്ക്കുന്ന ഇതര വിഭാഗങ്ങൾ എന്നിവർക്ക് നീണ്ടകാലങ്ങളിലെ അവകാശപ്പോരാട്ടങ്ങളുടെ അനന്തരഫലമായി ഭരണഘടനാപരമായി ലഭിച്ച അവകാശമാണ് സംവരണം. നായർ, നമ്പൂതിരി, ക്ഷത്രിയ, ബ്രാഹ്മണ കാപ്പി ശാപ്പാട് കട സവർണ്ണ നിക്ഷിപ്ത താത്പര്യ ലോബികൾ ആരോപിക്കും പോലെ ഇത് അനർഹർക്കുള്ള ആരുടേയും ഔദാര്യമല്ല.സംവരണം ഒരിക്കലും ഒരു ദാരിദ്ര നിർമ്മാർജന പദ്ധതി ആയിരുന്നില്ല. ആകാനും പാടില്ല.

അങ്ങേയറ്റം അനീതി നിറഞ്ഞ ഇന്ത്യൻ സമൂഹത്തിൽ സാമൂഹിക നീതിയുറപ്പാക്കുന്നതിൽ ആനുപാതിക പ്രാധിനിത്യത്തിനുള്ള പ്രാധാന്യം കണ്ടറിഞ്ഞ് രാഷ്ട്രശില്പികൾ രൂപപ്പെടുത്തിയതാണ് സംവരണം.ആദിവാസി എന്ന വാക്കിനെയും അതുൾക്കൊള്ളുന്ന ശരികളേയും പേടിച്ച് അവരെ വനവാസികളാക്കുന്ന ഉള്ളി സുരാദികളും സാമ്പത്തീക സംവരണം എന്ന ആഭാസമാണ് വിപ്‌ളവ വഴി എന്ന് ചിന്തിക്കുന്ന സെക്യുലർ കെട്ടിലമ്മമാരും കെട്ടിലച്ചൻന്മാരും പ്രചരിപ്പിക്കുന്ന ഒരു വ്യാജ നിർമ്മിതിയാണ് താഴെ.
ഇങ്ങനെയൊന്ന് ശ്രീധന്യ പറയാൻ ഒരു വഴിയുമില്ല. അവരുടെ തലയിൽ ഇത് വച്ച് കെട്ടുന്നവരുടെ ഉള്ളിലെ സവർണ്ണതയാണ് വെളിയിൽ ചാടുന്നത്. ആ സവർണ്ണത പങ്ക് വയ്ക്കുന്നവർ ഈ വ്യാജ നിർമ്മിതി ഫേസ് ബുക്കിലിട്ട് മാതൃകയാക്കൂ എന്ന് പറയുമ്പോൾ അതത്ര നിഷ്‌കളങ്കമല്ല. ഇത് ഷെയർ ചെയ്യുന്നവരും ലൈക്കടിക്കുന്നവരും സംവരണ വിരുദ്ധ സവർണ്ണ മാടമ്പി കാപട്യങ്ങളാണ്.

2018 ലെ IAS, IPS, IFS, IRS റാങ്ക് ലിസ്റ്റ് ഒന്ന് നോക്കാം. നിങ്ങൾ പറയുന്ന ജനറൽ കാറ്റഗറി മെറിറ്റ്.

IAS - The last rank of a general category candidate allocated to IAS was 92.
IFS - The last rank of a general category candidate allocated to IFS was 134.
IPS - The last rank of a general category candidate allocated to IPS was 236.
IRS (IT) - The last rank of a general category candidate allocated to IRS (IT) was 239.
IRS (C&CE) - The last rank of a general category candidate allocated to IRS (C &CE) was 265.
ശ്രീധന്യയുടേത് നാനൂറ്റിപ്പത്താം റാങ്കാണ് എങ്കിൽ IRS (C & CE) കാറ്റഗറിയിൽ പോലും ഓപ്പൺ മെറിറ്റിൽ വരാനാകില്ല. വയനാട്ടിലെ പരിമിതികൾക്കുള്ളിലെ ഒരാദിവാസി കുടുംബത്തിൽ നിന്നങ്ങനെ വരേണ്ടതുമില്ല. സാമൂഹിക പിന്നോക്കാവസ്ഥ മാറ്റലാണ് സംവരണമെങ്കിൽ ശ്രീധന്യയ്ക്കും നമുക്കെല്ലാവർക്കും അതിൽ അഭിമാനം തോന്നേണ്ടതേയുള്ളു. സംവരണം അഭിമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP