Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത് അടുപ്പിക്കുന്നതിൽ ആശയക്കുഴപ്പം; പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ കപ്പലുകൾ പുറംകടലിൽ തുടരുന്നു; സജ്ജീകരണങ്ങൾ ഒരുക്കാൻ കൂടുതൽ സമയം തേടി യുഎഇ; 'വന്ദേഭാരത്' മിഷനിൽ പങ്കാളികളാകുന്നത് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ; പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കുമെന്നും റിപ്പോർട്ട്; കേരളത്തിലേയ്ക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു എയർ ഇന്ത്യ എക്സ്‌പ്രസ്

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത് അടുപ്പിക്കുന്നതിൽ ആശയക്കുഴപ്പം; പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ കപ്പലുകൾ പുറംകടലിൽ തുടരുന്നു; സജ്ജീകരണങ്ങൾ ഒരുക്കാൻ കൂടുതൽ സമയം തേടി യുഎഇ; 'വന്ദേഭാരത്' മിഷനിൽ പങ്കാളികളാകുന്നത് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ; പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കുമെന്നും റിപ്പോർട്ട്; കേരളത്തിലേയ്ക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു എയർ ഇന്ത്യ എക്സ്‌പ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങി പോയ പ്രവാസികളെ മടക്കി കൊണ്ടു വരാനായി പുറപ്പിട്ട ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത് അടുപ്പിച്ചില്ല. ഇക്കാര്യത്തിൽ ആശക്കുഴപ്പം നിലനിൽക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. കപ്പലുകൾ വ്യാഴാഴ്ച ദുബായിൽ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

കപ്പലുകൾ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കരയ്ക്ക് അടുപ്പിക്കാൻ യുഎഇ സർക്കാരിന്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം. കപ്പലുകൾ ഇറാൻ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കുമെന്ന് റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇന്ന് ചേരുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൃത്യമായ നിരക്ക് നിശ്ചയിച്ചിട്ടില്ലെന്നും മിതമായ നിരക്കാവും യാത്രക്കാരിൽനിന്ന് ഈടാക്കുകയെന്നും പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

രക്ഷാപ്രവർത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. യെമൻ, ലിബിയ, ലെബനൻ എന്നീ രാജ്യങ്ങളിലെ യുദ്ധമുഖത്ത് നിന്നും ഗൾഫ് യുദ്ധ കാലത്തും പൗരന്മാരെ തിരികെ കൊണ്ടു വരുന്നതിന് കേന്ദ്ര സർക്കാർ പണം ഈടാക്കിയിരുന്നില്ല. നാവികസേനയുടെ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ, ഐ.എൻ.എസ് ഷാർദുൽ എന്നീ കപ്പലുകളാണ് പൗരന്മാരെ തിരികെ എത്തിക്കാൻ പുറപ്പെട്ടിരിക്കുന്നത്. 13 രാജ്യങ്ങളിൽ നിന്നുള്ള 14,800 പൗരന്മാരെ ഈയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

വിമാനങ്ങളുടെ സമയക്രമമായി, എത്തുന്നത് രാത്രിയിൽ

അതേസമയം വിദേശത്തുനിന്നു പ്രവാസികളുമായി കേരളത്തിലേയ്ക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എയർഇന്ത്യ എക്സ്‌പ്രസ് മൂന്ന് സർവീസ് നടത്തും. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദോഹ-കൊച്ചി വിമാനം രാത്രി 10.45നും ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരും. വെള്ളിയാഴ്ച ബഹ്‌റിൻ-കൊച്ചി വിമാനം രാത്രി 10.50നാണ് എത്തുക. ശനിയാഴ്ച കുവൈത്ത്-കൊച്ചി വിമാനം രാത്രി 9.15നും മസ്‌ക്കറ്റ്-കൊച്ചി വിമാനം രാത്രി 8.50നും എത്തിച്ചേരും.

ഞായറാഴ്ച ദോഹ-തിരുവനന്തപുരം വിമാനം രാത്രി 10.45നും ക്വലാലംപൂർ-കൊച്ചി വിമാനം രാത്രി 10.15നും വന്നിറങ്ങും.

11-ന് ബഹ്‌റൈൻ-കോഴിക്കോട് വിമാനം രാത്രി 11.20നും ദുബായ-കൊച്ചി വിമാനം രാത്രി 10.10നും എത്തിച്ചേരും.

12-ന് ക്വലാലംപൂർ-കൊച്ചി വിമാനം രാത്രി 10.15നും സിങ്കപ്പൂർ-ബെംഗളുരു-കൊച്ചി വിമാനം രാത്രി 10.50നും എത്തും.

13-ന് കുവൈത്ത്-കോഴിക്കോട് വിമാനം രാത്രി 9.15ന് എത്തിച്ചേരും.

എയർഇന്ത്യ എക്സ്‌പ്രസ് കൂടാതെ എയർഇന്ത്യയും സർവീസ് നടത്തുന്നുണ്ട്. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികൾ യാത്രക്കാരുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കി വിമാനകമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്. പ്രവാസികൾക്ക് ഏഴ് കിലോ തൂക്കം വരുന്ന ഹാൻഡ്ബാഗേജും 25 കിലോ തൂക്കം വരുന്ന ചെക്ക്ഇൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP