Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു; രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന ലോറി ഡ്രൈവറുടെ കുടംബാംഗങ്ങൾക്കും ക്ലീനറുടെ മകനും; ടെസ്റ്റ് നെഗറ്റീവായ ക്ലീനർക്ക് വീണ്ടും പരിശോധന നടത്തും; വയനാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം

ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു; രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന ലോറി ഡ്രൈവറുടെ കുടംബാംഗങ്ങൾക്കും ക്ലീനറുടെ മകനും; ടെസ്റ്റ് നെഗറ്റീവായ ക്ലീനർക്ക് വീണ്ടും പരിശോധന നടത്തും; വയനാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം

ജാസിം മൊയ്ദീൻ

കൽപറ്റ: ചെന്നൈ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു. കേരളത്തിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് രോഗം സ്ഥിരീകരിച്ചത് കോയമ്പേട് മാർക്കറ്റിൽ നിന്നും വന്ന ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ ക്ലീനറുടെ മകൻ എന്നിവർക്ക്. മൂവരും വയനാട് സ്വദേശികളാണ്. വയനാട് സ്വദേശി തന്നെയായ ലോറി ഡ്രൈവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തമിഴ്‌നാടിനെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയ കോയമ്പേട് മാർക്കറ്റ് കേരളത്തിനും ഭീഷണിയാകുന്നു എന്ന സൂചന തന്നെയാണ് നൽകുന്നത്. ഒരു ഘട്ടത്തിൽ വയനാട് പൂർണ്ണമായും രോഗികളെ സുഖപ്പെടുത്തി ഗ്രീൻസോണിൽ ഉൾപ്പെട്ട ജില്ലയായിരുന്നു. പിന്നീട് കോയമ്പേട്ടിൽ നിന്നും ചരക്കിറക്കി വന്ന ലോറി ഡ്രൈവറിലൂടെയാണ് വീണ്ടും വയനാട്ടിൽ വൈറസെത്തിയത്. ഇതോടെ ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരെ ഇന്നലെ തന്നെ മാന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം ലോറിയിലെ സഹായിയിട്ടുണ്ടായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ ഇയാളിൽ നിന്ന് ഇയാളുടെ മകന് രോഗം പകരുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ വീണ്ടും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ രോഗാണുവാഹകനായിട്ടാണ് ആരോഗ്യവകുപ്പ് ഇപ്പോൾ കാണുന്നത്. നേരത്തെ ചരക്കുവാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ മുതലെടുത്ത് ഇവർ പലരയെും സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ നാലിടത്ത് കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. ഈ മാസം 2നാണ് വയനാട്ടിൽ വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ഇയാളുമായി ബന്ധപ്പെട്ട മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം

ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 295 ഏക്കറിൽ പരന്നുകിടക്കുന്ന വ്യാപാരകേന്ദ്രമാണ് കോയമ്പേട് മാർക്കറ്റ്. 1996ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈ കോയമ്പേട് മാർക്കറ്റ് ഇന്ന് തമിഴ്‌നാട്ടിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസ് പകർന്നത് 385 പേർക്കാണ്. കേരളത്തിൽ വയനാട്ടിൽ അവസാനം രോഗം സ്ഥിരീകരിച്ച വ്യക്തിയും കോയമ്പേട് മാർക്കറ്റിൽ പോയി വന്നയാളാണ്. ഇത്തരത്തിൽ കോയമ്പേട് മാർക്കറ്റ് രാജ്യത്ത് വൈറസിന്റെ മറ്റൊരു എപ്പിസെന്ററായി മാറുമെന്ന ഭീതിയിലാണുള്ളത്. 3194 കടകളാണ് കോയമ്പേട് മാർക്കറ്റിലുള്ളത്. പതിനായിരത്തിലധികം തൊഴിലാളികളും. ദിനേന അമ്പതിനായിരത്തിലധികം ആളുകൾ വന്നു പോകുന്ന കേന്ദ്രം. ഒരു കോടിയിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ചെന്നൈ നഗരം സമീപത്തെ കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറികളും പൂവുമെല്ലാം വന്നുചേരുന്നത് കോയമ്പേട് മാർക്കറ്റിലാണ്.

തമിഴ്‌നാട് സംസ്ഥാന സർക്കാറിന്റെ അനാസ്ഥയും തൊഴിലാളികളുടെ ആദ്യഘട്ടത്തിലെ നിസ്സഹകരണവുമാണ് കോയമ്പേടിനെ ഇന്ന് രാജ്യത്തെ എപ്പിസെന്ററായി മാറ്റിയതിന്റെ പ്രധാന കാരണം. മാർച്ച് അവസാനത്തോടെ രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയപ്പോളും കോയമ്പേട് മാർക്കറ്റ് പതിവു പോലെ സജീവമായിരുന്നു. രാജ്യത്ത് വൈറസ് പകരുന്നതിന്റെ യാതൊരു മുൻകരുതലുകളും ഈ ഘട്ടത്തിൽ കോയമ്പേട് മാർക്കറ്റിൽ അധികാരികളോ വ്യാപാരികളോ ഏർപ്പെടുത്തിയിരുന്നില്ല. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകൾ ശുചീകരിക്കലുമുണ്ടായില്ല. മാധ്യമങ്ങളും ചില സാമൂഹിക പ്രവർത്തകരും മുൻകരുതലുകൾ നൽകിയെങ്കിലും അവഗണിക്കപ്പെട്ടു. ലോക്ഡൗൺ കാലത്തും നിയന്ത്രണങ്ങളേതുമില്ലാതെ തുടർന്ന വ്യപാരം നിയന്ത്രിക്കാൻ പൊലീസോ അധികാരികളോ തയ്യാറായില്ല.

ഏപ്രിൽ 27നാണ് കോയമ്പേട് മാർക്കറ്റിൽ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് പച്ചക്കറി തൊഴിലാളികൾക്കാണ് മാർക്കറ്റിനകത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അപ്പോഴാണ് പൊലീസ് പോലും മാർക്കറ്റിനകത്തേക്ക് ആദ്യമായെത്തുന്നത്. അധികാരികളും പൊലീസുമെത്തി കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും വ്യാപാരികൾ തയ്യാറായില്ല. തങ്ങൾ ഇവിടെ തന്നെ വ്യാപാരം നടത്തുമെന്ന് വാശിപിടിച്ചു. അടുത്ത ദിവസം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന വാർത്ത വന്നു. കോയമ്പേട്ടിൽ നിന്നും പച്ചക്കറികൾ വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തുന്നയാളിൽ നിന്ന് അമ്പത്തൂർ തെരുവിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം തന്നെ മാർക്കറ്റിനകത്ത് ബാർബർഷോപ്പ് നടത്തുന്നയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ ഘട്ടത്തിൽ മാത്രമാണ് വ്യാപാരികളും അധികാരികളും വൈറസ് വ്യപനത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. നിരവധിയായ സമ്മർദ്ദങ്ങൾക്കൊടുവിൽ വ്യാപാരം മാതാപുരത്തേക്ക് മാറ്റാൻ ചെറുകിട വ്യാപാരികൾ സമ്മതിച്ചു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കോയമ്പേട്ടിൽ വന്ന് പോയ നിരവധിയാളുകൾക്ക് വൈറസ് ബാധയേറ്റു. മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തിയവർ വഴി സമീപ പ്രദേശങ്ങളിലെ നിരവധി പേർക്ക് വൈറസ് ബാധയേറ്റു.

കോയമ്പേട് നിന്നും വൈറസ് ബാധയേറ്റ ചെന്നൈക്ക് പുറത്തെ ആദ്യ കേസ് പച്ചക്കറിവണ്ടിയിലെ തൊഴിലാളിയായ കടലൂരുകാരന്റേതായിരുന്നു. മാർക്കറ്റിനകത്ത് ഡ്യൂട്ടിചെയ്ത മൂന്ന് പൊലീസുകാർ, അതിലൊരാൾ ഡെപ്യൂട്ടികമ്മീഷണർ, അഗ്‌നിശമനസേനവിഭാഗത്തിലുള്ളവർ, ശുചീകരണത്തൊഴിലാളികൾ, മാർക്കറ്റിൽ പച്ചക്കറിയിറക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയ 7500ൽ അധികം ആളുകൾ. ഇവരെല്ലാം ഇന്ന് നിരീക്ഷണത്തിലാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 385 പേർക്കാണ് കോയമ്പേട് നിന്ന് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

ചെന്നൈ മുതൽ തെങ്കാശി വരെയുള്ള തിമിഴ്‌നാട്ടിലെ 12 ജില്ലകളിൽ ഇതിനോടകം കോയമ്പേട് മാർക്കറ്റിൽ നിന്നും വൈറസെത്തി. ഇത് ഇനിയും തുടരുമെന്ന് തന്നെയാണ് സൂചനകൾ. ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും കോയമ്പേട് മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാറിനായിട്ടില്ല. ഏതാനും ചെറുകിട വ്യപാരികളെ മാതപുരത്തേക്ക് മാറ്റിയതൊഴിച്ചാൽ കോയമ്പേട് മാർക്കറ്റിൽ പ്രവർത്തനങ്ങൾ സാധാരണപോലെ തന്നെ നടക്കുന്നു. സാമൂഹിക അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഒന്നും തന്നെയില്ല. കോയമ്പേടിനെ നിയന്ത്രിക്കാൻ അധികാരികൾക്ക് ഇനിയും സാധിച്ചിട്ടില്ല എങ്കിൽ തമിഴ്‌നാടിനെ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കും. അത് ഒരു പക്ഷെ തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങുന്നതുമായിരിക്കില്ല. കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് ചെന്നൈയിൽ വിവിധ വ്യാപാരങ്ങൾ നടത്തുന്നത്. ഇവരും ദിനേന ഇടപെടുന്ന ഇടം കൂടിയാണ് കോയമ്പേട് മാർക്കറ്റ്. തമിഴ്‌നാട്ടിൽ നിന്നടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ കോടമ്പേട് മാർക്കറ്റിന്റെ അലയൊലികൾ കേരളത്തിലും പ്രകടമായിത്തുടങ്ങും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP