Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആടിനെ പ്ലാവില കാട്ടുന്ന രീതിയിൽ ഉദ്യോഗാർത്ഥികളെ കൊതിപ്പിക്കുന്നു; നെട്ടോട്ടമോടിക്കുന്നത് പിഎസ് സി എന്ന ബൊമ്മയുടെ പിറകെ; റാങ്ക് ലിസ്റ്റുകളിൽ നിന്നും 10 ശതമാനം പോലും നിയമനം നടത്താതെ വീണ്ടും പരീക്ഷ; ജൂണിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഫെറ സംഘടന രൂപീകരിച്ച് എംഎൽഎമാർക്ക് പരാതി; കൊറോണ പ്രതിസന്ധിയിൽ പ്രതീക്ഷ തകർന്ന ഉദ്യോഗാർത്ഥികൾ ജോലിക്കായി നെട്ടോട്ടത്തിൽ

ആടിനെ പ്ലാവില കാട്ടുന്ന രീതിയിൽ ഉദ്യോഗാർത്ഥികളെ കൊതിപ്പിക്കുന്നു; നെട്ടോട്ടമോടിക്കുന്നത് പിഎസ് സി എന്ന ബൊമ്മയുടെ പിറകെ; റാങ്ക് ലിസ്റ്റുകളിൽ നിന്നും 10 ശതമാനം പോലും നിയമനം നടത്താതെ വീണ്ടും പരീക്ഷ; ജൂണിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഫെറ സംഘടന രൂപീകരിച്ച്  എംഎൽഎമാർക്ക് പരാതി; കൊറോണ പ്രതിസന്ധിയിൽ പ്രതീക്ഷ തകർന്ന ഉദ്യോഗാർത്ഥികൾ ജോലിക്കായി നെട്ടോട്ടത്തിൽ

എം മനോജ് കുമാർ

 തിരുവനന്തപുരം: വരുന്ന ജൂൺ മാസം മിക്ക പിഎസ് സി റാങ്ക് ലിസ്റ്റുകൾക്കും മരണമണി മുഴങ്ങും. കൊറോണ കാരണം പിഎസ്‌സി മൂന്നു മാസം കൂടി കാലാവധി നീട്ടി നൽകിയെങ്കിലും കൊറോണയും തീർന്നില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധിയാണെങ്കിൽ അവസാനിക്കുകയും ചെയ്യും എന്ന അവസ്ഥയാണ്. സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ, എച്ച്എസ്എ കൊല്ലം നിയമനം ഒട്ടുവളരെ റാങ്ക് ലിസ്റ്റുകൾ ജൂണിൽ വിവിധ തീയതികളിൽ കാലാവധി അവസാനിക്കുന്നതാണ്. സിവിൽ എക്‌സൈസ് ഓാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് രണ്ടര മാസം കാലാവധി നീട്ടി ലഭിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ലിസ്റ്റുകൾക്ക് ഒരു മാസം പോലും കാലാവധി നീട്ടി ലഭിക്കില്ല. കൊറോണ കാരണം വന്ന പ്രശ്‌നങ്ങളെ തുടർന്ന് നിലവിലുള്ള എല്ലാ റാങ്കു ലിസ്റ്റുകളുടെയും കാലാവധി ആറുമാസം വെച്ച് കൂട്ടണമെന്നാണ് വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം.

2020 മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് അടുത്ത മാസം 19 വരെ നീട്ടിയിരിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ലിസ്റ്റ് കാൻസൽ ആയാൽ ആ ലിസ്റ്റിൽ നിന്ന് വീണ്ടും നിയമനം നടത്തില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. പിഎസ് സിയുടെ ഈ നിലപാടിനാണ് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചാൽ പുതിയ നോട്ടിഫിക്കേഷനും പരീക്ഷയും റാങ്ക് ലിസ്റ്റും വരും.

ഇതൊഴിവാക്കി ആറുമാസം എങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണം എന്നാണ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതിനാൽ വിവിധ റാങ്ക് ഹോൾഡഴ്‌സ് അസോസിയേഷനുകൾ ഒന്നായി ഫെറ എന്ന സംഘടന രൂപീകരിച്ച് ഇവർ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മുഴുവൻ എംഎൽഎമാർക്കും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. എംഎൽഎമാരിൽ നിന്നും അനുകൂല സമീപനവും റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സ്റ്റേറ്റ്‌മെന്റും പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് എംപി ശ്രീകണ്ഠനും അബ്ദുറബ് എംഎൽഎയുമൊക്കെ ലിസ്റ്റ് കാലാവധി ആറുമാസമെങ്കിലും ദീർഘിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാണ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന് പ്രതീക്ഷ നൽകുന്ന കാര്യം.

നീട്ടിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത മാസം 19 നു അവസാനിക്കാനിക്കാനിരിക്കെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും അവസാനിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ മുക്കാൽ പങ്കും പുറത്താകുന്ന അവസ്ഥയാണ്. വൻ തുക മുടക്കി വിവിധ വകുപ്പുകളിലേക്ക് പരീക്ഷ നടത്തിയിട്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടും മിക്കതിലും വെറും പത്ത് ശതമാനത്തിൽ താഴെയാണ് നിയമനം നടക്കുന്നത്. കൊറോണ കാലത്ത് നിയമന പ്രക്രിയകൾ എല്ലാം നിലച്ചിരിക്കെ ഉദ്യോഗാർത്ഥികളെ കളിയാക്കുന്ന രീതിയാണ് പിഎസ് സിയിൽ നിന്നും വന്നതും. ഈ വർഷം മാർച്ച് 20 മുതൽ 18 ജൂൺ വരെ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂൺ 19 വരെ നീട്ടിയതായാണ് പിഎസ് സി വാർത്താക്കുറിപ്പിറക്കിയത്. ജൂൺ 18 വരെ കാലാവധിയുള്ള റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ ഒരു ദിവസം കൂടി കൂട്ടിയിട്ട് എന്ത് കാര്യം എന്നാണു റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകൾ ചോദിക്കുന്നത്. കൊറോണ കാലത്ത് മാസങ്ങൾ തന്നെ വെറുതെ പോയി. കൊറോണ അല്ലാത്ത മാസങ്ങളിലും നിയമനങ്ങൾ നടത്തിയത് കടിച്ചു പിടിച്ച്. പല റാങ്ക് ലിസ്റ്റും അവസാനിക്കുമ്പോൾ പത്ത് ശതമാനം പോലും നിയമനം പോലും നടക്കാത്ത അവസ്ഥയാണ്. ഇപ്പോൾ കൊറോണ കാലത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി സർക്കാർ മൂന്നു മാസം കൂടി അതായത് ജൂൺ വരെ നീട്ടി. അതുകൊണ്ടും റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രയോജനം ലഭിക്കില്ല. ഉദ്യോഗാർത്ഥികളെ നിയമിക്കുന്നെങ്കിൽ തന്നെ വളരെ തുച്ഛമായ നിയമനമാണ് നടക്കാൻ പോകുന്നത്. ലിസ്റ്റിലെ മുക്കാൽ പങ്ക് പേരും പുറത്താകുകയും ചെയ്യും. കൊറോണ പരിഗണിച്ച് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം ഇപ്പോൾ പ്രസക്തമായി മാറിയിരിക്കുകയാണ്.

റാങ്ക് ലിസ്റ്റുകളുടെ അവസ്ഥ:

സിവിൽ പൊലീസ് ഓഫീസർ: നാല് മാസത്തോളം നിയമനം നടന്നില്ല. വിവാദപരമായ റാങ്ക് ലിസ്റ്റിനെചൊല്ലി കേസ് നടന്നതിനാൽ, അതുപോലെ ബൈ ഇലക്ഷൻ വന്നപ്പോഴും നിയമനം നടന്നില്ല ഇപ്പോൾ കൊറോണ വന്നതിനു ശേഷം നിയമനം ഇല്ല . റാങ്ക് ലിസ്റ്റുകൾ കാലാവധി ജൂൺ 19 വരെ വർദ്ധിപ്പിച്ചപ്പോൾ ഈ ലിസ്റ്റ് ജൂൺ 30 നു അവസാനിക്കുന്ന നമ്മുടെ കാര്യം പരിഗണിച്ചില്ല. സിവിൽ എക്‌സൈസ് ഓഫീസർ ലിസ്റ്റിൽ നിന്ന് പത്ത് ശതമാനത്തിൽ താഴെ മാത്രമേ നിയമനം നടന്നിട്ടുള്ളൂ. വെറററിനറി സർജൻ റാങ്ക് ലിസ്റ്റ് 2017 ഡിസംബർ ഇറങ്ങിയതാണ്. മൊത്തം 441 പേരുകൾ ഉള്ള ലിസ്റ്റിൽ നിന്ന് ഇതേവരെ നടന്നത് 105 നിയമനങ്ങൾ മാത്രം. എച്ച് എസ് എ മലയാളം വയനാട് ലിസ്റ്റ് 2017ഏപ്രിൽ 11ന് നിലവിൽ വന്നു

2020ഏപ്രിലിൽ 11ൽ നിന്ന് ജൂൺ 19 വരെ നീട്ടി. 24 നിയമനങ്ങൾ നടന്നു. മുൻ ലിസ്റ്റ് നാലര വർഷം നീട്ടി,കാലാവധിക്ക് ശേഷവും ലിസ്റ്റിൽ നിന്ന് ഒൻപത് നിയമനങ്ങൾ മാത്രം നടന്നു. ഇത് സംബന്ധിച്ച് സുപ്രിം കോടതിയിൽ കേസ് നടക്കുന്നുണ്ട്. പിഡബ്ല്യുഡി ഓവർസിയർ ലിസ്റ്റ് 2017 നു നിലവിൽ വന്നതാണ്. ഈ ലിസ്റ്റ് ജൂൺ 19 വരെ നീട്ടി... ഓപ്പൺ കാറ്റഗറി യിൽ കേവലം മുപ്പത്തിയഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്... കഴിഞ്ഞ രണ്ടു വര്ഷങ്ങങ്ങളിൽ ഉണ്ടായ പ്രളയവും, നിപ്പയും, കൊറോണയും ലിസ്റ്റിനെ ബാധിച്ചു. 2014 -ൽ വന്ന അഗ്രിക്കൾച്ചർ ഓഫീസർ ലിസ്റ്റിൽ നിന്ന് ഇതുവരെ 579 നിയമനങ്ങൾ നടന്നു. ജൂലൈ 23 നു ഈ ലിസ്റ്റ് അവസാനിക്കുകയാണ്.

ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2017 ൽ നിലവിൽ വന്നതാണ്. ഈ ലിസ്റ്റിൽ 114 പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ നാളിതുവരെ 12 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2012 ൽ വിജ്ഞാപനം വന്ന തസ്തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം 2017 ലാണ്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 മെയ് 30 ന് മൂന്ന് വർഷം തികയുമായിരുന്നു. കൊറോണ കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചതു മൂലം ഈ ലിസ്റ്റിന് 20 ദിവസം മാത്രമാണ് കൂടുതൽ ലഭിച്ചത്. ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനമൊന്നും പുറപ്പെടുവിച്ചിട്ടില്ല. വകുപ്പിൽ സീനിയോറിറ്റി തർക്കങ്ങൾ കാരണം വർഷങ്ങളായി അഡ്‌മിനിസ്‌ട്രേറ്ററ്റീവ് ട്രിബ്യൂണലിൽ കേസ് നടക്കുന്നു. ഏറ്റവും കൂടുതൽ ആൾക്ക് ജോലി ലഭിക്കുന്ന എൽഡിസി ലിസ്റ്റ് 2018ൽ നിലവിൽ വന്നതാണ്. മുൻ വർഷങ്ങളിൽ ക0000 ത്തിലധികം നിയമനം നടന്ന ലിസ്റ്റിൽ 500 ഓളം നിയമനം മാത്രം. അടുത്ത വർഷം വരെ ഈ ലിസ്റ്റ് നിലവിലുണ്ട്.

ഫിസിക്‌സ് ലക്ചർ റാങ്ക് ലിസ്റ്റിന്റെ കാര്യവും തഥൈവ. അടുത്ത ജൂണിൽ തന്നെ ഇതിന്റെയും കാലാവധി തീരും. 210 പേർ ഈ ലിസ്റ്റിലുണ്ട്. പോസ്റ്റ് ക്രിയേഷനും പ്രിൻസിപ്പാൾമാരുടെ പ്രമോഷനും വൈകിയതിനാൽ ഈ ലിസ്റ്റിൽ നിന്നും നിയമനങ്ങൾ കാര്യമായി നടന്നില്ല. മുൻസിപ്പൽ സെക്രട്ടറി റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നു വർഷമായപ്പോൾ അതിൽ നിന്നും വന്നത് മൂന്നു നിയമനങ്ങൾ മാത്രം. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ നിയമനങ്ങൾക്കുള്ള പത്തനംതിട്ട ജില്ലാ ലിസ്റ്റ് വന്നപ്പോൾ 84 പേർ ലിസ്റ്റിലുണ്ട്. 2017ൽ നിലവിൽ വന്ന ലിസ്റ്റിൽ നിന്നും ഈ മെയ്‌ 1 വരെ നടന്നത് 14 നിയമനങ്ങൾ മാത്രം. അസിസ്റ്റൻസ് ദന്തൽ സർജൻ റാങ്ക് ലിസ്റ്റ്, 2017 ൽ നിലവിൽ വന്നു. വരുന്ന ഓഗസ്റ്റ് മാസം അവസാനിക്കും.

ഇന്ന് വരെ ,467 പേരുള്ള ഈ ലിസ്റ്റിനു വേണ്ടി, കേവലം ഒരു പോസ്റ്റ് പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എച്ച്.എസ്.എ (മലയാളം) കണ്ണൂർ ജില്ല . ലിസ്റ്റ് 2017ൽ നിലവിൽ വന്നു. മെയിൽ ലിസ്റ്റിൽ 101 പേർ. സപ്ലിമെന്ററി ലിസ്റ്റടക്കം 196 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് കേവലം 39 നിയമനങ്ങൾ മാത്രമാണ് നടന്നത്. .നാലരവർഷം നിലനിന്ന മുൻ ലിസ്റ്റിൽ നിന്ന് ട്രിബ്യൂണൽ വഴി പുതിയ ലിസ്റ്റ് നിലവിൽ വന്നതിനു ശേഷം 9 പേർ നിയമന ഉത്തരവ് നേടി. പുതിയ ലിസ്റ്റിലുള്ളവരുടെ അവസരം നഷ്ടപ്പെട്ടു. നിലവിൽ പല സംവരണ വിഭാഗങ്ങൾക്കും ജില്ലയിൽ പെൻഡിങ് ടേൺ നിലനിൽക്കുന്നു. ഈ ടേണുകൾ എൻസിഎ വിജ്ഞാപനം വഴി നികത്താത്തതിനാൽ ഉയർന്ന മാർക്കു നേടിയ പൊതു വിഭാഗത്തിന്റെ അവസരം നഷ്ടപ്പെട്ടു. കാലാവധി 2020 ജൂലൈ 12 വരെ മാത്രം. പുതിയ നോട്ടിഫിക്കേഷൻ ഈ തസ്തികയിൽ വന്നിട്ടുമില്ല.

ബെവ്‌കൊ എൽഡിസി .പി എസ് സി യുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പേർ എഴുതിയ പരീക്ഷ. പക്ഷേ ധാരാളം ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകുന്നു ആദ്യത്തെ അഡൈ്വസ്. റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ പോലും 313 ഒഴിവുകൾ ഉണ്ടായിരുന്നു. പിന്നീട് 230 എൻജെഡി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തു. നിയമനം മാത്രം വൈകുന്നു. ഡെന്റൽ കോളേജുകളിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ. ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് 2016 ലാണ് പരീക്ഷ നടന്നത്. . 2017 ൽ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയിൽ നിന്നും ചുരുക്കം പേർക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ.

പ്രതിഷേധം സോഷ്യൽ മീഡിയകളിൽ

സോഷ്യൽ മീഡിയയിലും ഉദ്യോഗാർത്ഥികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. അതിൽ ഒന്ന് ഇങ്ങനെ: കേരളത്തിലെ ലക്ഷക്കണക്കിന് യുവതി, യുവാക്കളെ ആടിന് പ്ലാവില കാട്ടി നടത്തും പോലെ കേരള പി.എസ്. സി എന്ന ബൊമ്മയുടെ പിറകിൽ നെട്ടോട്ടമോടിക്കുകയാണ്. നിലവിലുള്ള ലിസ്റ്റിൽ നിന്നും പത്തു ശതമാനം പോലും നിയമനം നടത്താതെ അതേ തസ്തികയിലേക്ക് പരീക്ഷ നടത്താൻ പോവുകയാണ്...ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ആവശ്യം കേരള ഗവൺമെന്റിന് ആവശ്യമില്ലെങ്കിൽ കോടികൾ മുടക്കി നടത്താനുദ്ദേശിക്കുന്ന പരീക്ഷ വേണ്ടെന്ന് വയ്ക്കുക. അല്ലാത്തപക്ഷം നിലവിലുള്ള റാങ്ക് ലിസ്റ്റ് നീട്ടി നൽകാൻ തയ്യാറാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP