Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് കാൾ മാർക്സിന്റെ 202ാം ജന്മദിനം; പറഞ്ഞതും എഴുതിയുമെല്ലാം പാവങ്ങളുടെ മോചനത്തെ കുറിച്ച്; കൊടും ദാരിദ്യത്തിൽ കഴിയുമ്പോഴും സ്വപ്നം കണ്ടത് സോഷ്യലിസ്റ്റ് സമൂഹവും; മാറിയ ലോകക്രമത്തിൽ മാർക്സ് വീണ്ടും ചർച്ചകളിൽ നിറയുന്നത് ഇങ്ങനെ

ഇന്ന് കാൾ മാർക്സിന്റെ 202ാം ജന്മദിനം; പറഞ്ഞതും എഴുതിയുമെല്ലാം പാവങ്ങളുടെ മോചനത്തെ കുറിച്ച്; കൊടും ദാരിദ്യത്തിൽ കഴിയുമ്പോഴും സ്വപ്നം കണ്ടത് സോഷ്യലിസ്റ്റ് സമൂഹവും; മാറിയ ലോകക്രമത്തിൽ മാർക്സ് വീണ്ടും ചർച്ചകളിൽ നിറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഒരുകാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പാർട്ടി ക്ലാസുകളിൽ ഏറ്റവുമാദ്യവും ഏറ്റവും അധികവും ഉയർന്ന് വന്നിട്ടുള്ള രണ്ട് വർഷങ്ങളാണ് 1818, 1870 എന്നിവ. പാർട്ടി ഭാഷയിൽ പറഞ്ഞാൽ പതിനെട്ട് പതിനെട്ടും പതിനെട്ട് എഴുപതും. കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായ കാൾ മാർക്സിന്റെയും വ്ലാഡ്മിർ ലെനിന്റെയും ജന്മവർഷങ്ങളാണ് അവ. മാർക്സ് കമ്മ്യൂണിസം എന്ന സിദ്ധാന്തം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു എങ്കിൽ ലെനിൻ അതിനെ പ്രായോ​ഗികതയിൽ കാണിച്ചുകൊടുത്തു. 1818 മെയ് അഞ്ചിനാണ് കാൾ മാർക്സ് ജനിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 202ാം ജന്മദിനം. സാമ്പത്തിക ശാസ്ത്രവും പരിസ്ഥിതിയും ഉൾപ്പെടെ സകല വിഷയങ്ങളെയും രാഷ്ട്രീയത്തിന്റെ സീമകൾക്കകത്ത് നിർത്തി നിർവചിച്ച സൈദ്ധാന്തികനെ കുറിച്ചാണ് ഈ ജന്മദിനത്തിൽ, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടത് ചിന്തകരും അനുഭാവികളും ചർച്ച ചെയ്യുന്നത്.

1818 മെയ് അഞ്ചിന് ജർമനിയിലെ മോസേൽ നദിയുടെ തീരത്തുള്ള ട്രിയർ നഗരത്തിലാണ് കാൾമാർക്‌സ് ജനിച്ചത്. എട്ട് സഹോദരങ്ങൾ അടങ്ങുന്ന കുടുംബത്തിലെ മൂന്നാമനായിരുന്നു മാർക്സ്. അച്ഛൻ അഭിഭാഷകപ്രമുഖനായിരുന്ന ഹെന്റിച് മാർക്‌സ്. അമ്മ ഹെന്റീത്ത. പ്രാഥമികവിദ്യാഭ്യാസം ജന്മനഗരമായ ട്രയറിൽ. ബോൺ, ബെർലിൻ സർവകലാശാലകളിലെ വിദ്യാഭ്യാസത്തിനുശേഷം 1841 ഏപ്രിൽ 15ന് ജേന സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

പേരിനൊപ്പം എന്നും ഏം​ഗൽസും

യൗവ്വനത്തിൽ ജർമനിയിൽ നിന്ന് പാരീസിലെത്തിയ മാർക്‌സിന് കൂട്ടായി ഏംഗൽസിനെ കൂടെ കിട്ടിയതോടെ ലോകത്തിന്റെ ആശയഗതി നിശ്ചയിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്നു. 1848 ൽ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മതാധിഷ്ടിതവും സ്വത്താധിഷ്ടവുമായ ലോകത്തിന് പുതിയൊരു വർഗത്തെ പരിചയപ്പെടുത്തി തൊഴിലാളി വർഗം 1867 ൽ പുറത്തിറങ്ങിയ മൂലധനം തൊഴിലാളികളാണ് ലോകത്തിന്റെ ശക്തിയെന്ന് പ്രഖ്യാപിച്ചു. ലോകത്തെ ചുവപ്പിച്ച ആ പ്രഖ്യാനം മുതലാളിത്തത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞു. റഷ്യയിലും ചൈനയിലും കിഴക്കൻ യൂറോപ്പിലും നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ അലയൊലികൾ വിപ്ലവം സൃഷ്ടിച്ചു. പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം മെച്ചപ്പെട്ട കൂലി, സ്വന്തമായി ഭൂമി സാമൂഹ്യ സുരക്ഷ എന്നിങ്ങനെ തൊഴിലാളി വർഗത്തിനുമേൽ അവകാശ ബോധവും കരുത്തും വളർത്തിയെടുത്തു ഈ ആശയം.

1847ൽ ബ്രസൽസിലെത്തിയ മാർക്‌സും എംഗൽസും കമ്യൂണിസ്റ്റ് ലീഗിൽ അംഗങ്ങളായി. അവർ ലീഗിന്റെ രണ്ടാം കോൺഗ്രസിൽ പ്രധാന പങ്കുവഹിക്കുകയും 1848 ഫെബ്രുവരി 24ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് മാർക്‌സിന് വയസ്സ് 30. വർഗസമരത്തെക്കുറിച്ചും പുതിയ കമ്യൂണിസ്റ്റ് സമൂഹത്തിന്റെ പ്രപഞ്ചവീക്ഷണത്തെക്കുറിച്ചും പ്രതിഭാസമ്പന്നമായ തെളിച്ചത്തോടുകൂടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരച്ചുകാട്ടി.

അന്നുവരെ ജനങ്ങൾ സംസാരിക്കാത്ത, എന്നാൽ മനസ്സിലെന്നും സ്വപ്നം കാണുന്ന എല്ലാവരും ഒന്നെന്ന സിദ്ധാന്തമാണ് ലളിതമായി പറഞ്ഞാൽ മാർക്സ് മുന്നോട്ട് വെച്ചത്. അടിച്ചമർത്തപ്പെട്ടവനും തടവറയിലടയ്ക്കപ്പെട്ട ആത്മാഭിമാനം ഉണ്ടെന്നും അവന് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രമാണെന്നും മാർക്സ് ആഹ്വാനം ചെയ്തു. സാമൂഹിക ശാസ്ത്രത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം മുഖ്യ വിഷയമായി മാർക്സ് ചൂണ്ടിക്കാട്ടിയിരുന്നു. ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടും. സംസ്‌ക്കാരത്തിന്റെ ശുദ്ധമായ വായു പഴയ ഗുഹകളിലെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടാക്കും എന്ന് മാർക്‌സ് എംഗൽസിനുള്ള കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുതലാളിത്ത കാർഷിക ഉൽപ്പാദനത്തിന്റെ പുരോഗതി തൊഴിലാളികളുടെ അദ്ധ്വാനം കവർന്നെടുക്കുക മാത്രമല്ല, മണ്ണിനെയും മനുഷ്യനെയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത കാലത്തേക്ക് മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുവാനുള്ള മുതലാളിത്ത സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഭൂമിയുടെ അനശ്വരമായ ഫലപുഷ്ടിയെ തീർത്തും നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന ദർശനവും മാർക്‌സ് എംഗൽസുമായി പങ്കുവെച്ചു.

മാർക്‌സ് തന്റെ ചിന്താധാരകൾ മനുഷ്യരാശിക്ക് വിശദീകരിച്ചുകൊടുത്ത ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. ‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മാർക്‌സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു. ഇന്ന് സമകാലിക ലോകം മാർക്സിനെയും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തിയെയും കൂടുതൽ തിരിച്ചറിയുകയാണ്. മുതലാളിത്തത്തിന് ബദൽ സോഷ്യലിസം മാത്രമാണെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞു. മുതലാളിത്തം ലോകമാകെ വ്യാപിച്ച ഒരു മഹാമാരിക്കുമുന്നിൽ പതറിനിൽക്കുമ്പോൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പിൻപറ്റുന്ന ശരിയുടെ ഇടങ്ങൾ അതിജീവനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെ കരുതലിന്റെയും മാതൃകകൾ ലോകത്തിന് മുന്നിലേക്ക് വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ജീവിതത്തിൽ കൂട്ടിനുണ്ടായിരുന്നത് ജെന്നിയും ആദർശവും

കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളർന്ന പ്രിയപ്പെട്ട കൂട്ടുകാരി ജെന്നി വോൺ വെസ്റ്റഫാലനെയാണ് മാർക്‌സ് വിവാഹം കഴിച്ചത്. അതിസമ്പന്നമായ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു ജെന്നി. പ്രഷ്യയിൽ അക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു ജെന്നിയുടെ ജ്യേഷ്ഠസഹോദരൻ. ജെന്നിയുടെ കുടുംബം ഈ വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. ജന്മനാ തനിക്ക് ലഭിച്ച എല്ലാ സുഖവും സമ്പത്തും ത്യജിച്ച് ഭർത്താവിനെ അനുഗമിച്ച ജെന്നി ദരിദ്രരുടെയും കൂലിവേലക്കാരുടെയും ഉന്നമനത്തിനായി മാർക്‌സിനൊപ്പം തോളോടുതോൾചേർന്ന് പ്രവർത്തിച്ച് വിപ്ലവകാരിയായി മാറി.

മാർക്‌സിനും കുടുംബത്തിനും കൊടും ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നതും ഓർക്കാതിരിക്കാനാകില്ല. ലണ്ടനിൽ കഴിയവെ ഉള്ള ഭക്ഷണം മക്കൾക്ക് നൽകുകയും വിശപ്പിലും കൊടും തണുപ്പിലും തളർന്നുവീഴുകയും ചെയ്ത മാർക്‌സിനെപ്പറ്റിയും മരിച്ച മക്കളുടെ മൃതദേഹം മറവ് ചെയ്യാനുള്ള പണത്തിന് കിടക്കയും ഓട്ടുപാത്രങ്ങളും വിറ്റകഥകളുമെല്ലാം ജെന്നി രേഖപ്പെടുത്തിയിട്ടുണ്ട്. ജെന്നിയുടെ ജീവൻ കവർന്ന രോഗം മാർക്‌സിന്റെ ആയുസ്സ് കുറച്ചു.

1881 ഡിസംബർ രണ്ടിന് അവർ അന്തരിച്ചു. ഭാര്യയുടെ മരണശേഷം മാർക്‌സിന്റെ ജീവിതം ക്ലേശങ്ങളുടെ പരമ്പരയുടേതായിരുന്നു. അദ്ദേഹം അവയെല്ലാം സധൈര്യം സഹിച്ചു. മൂത്തമകളുടെ മരണം അദ്ദേഹത്തെ കൂടുതൽ ദുഃഖത്തിലാക്കി. 1883 മാർച്ച് 14ന് അറുപത്തഞ്ചാം വയസ്സിൽ അദ്ദേഹവും അന്തരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP