Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം ക്ലാസ്സിൽ പത്രമിടാൻ പോയത് പഠന ചെലവ് കണ്ടെത്താൻ; മുംബൈയിലെത്തി കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ട്രെയിൻ യാത്രക്കിടെ നഷ്ടമായി; പത്താം ക്ലാസ് പഠനത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ കള്ളനായത് സുഹൃത്ത് നടത്തിയ മോഷണത്തിന്റെ പേരിൽ; നെടുമ്പാശ്ശേരിയിൽ ലോട്ടറി വിറ്റ് പ്ല്സ്ടുവിന് പഠിക്കുമ്പോൾ അഭിനയ മോഹം ഉദിച്ചു; പൊലീസുകാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കിയത് മൂന്ന് വയസ്സിൽ മാതാപിതാക്കൾ നഷ്ട്പ്പെട്ട കൊച്ചു വിനയിന്റെ സിനിമയെ വെല്ലും ജീവിത കഥ

മൂന്നാം ക്ലാസ്സിൽ പത്രമിടാൻ പോയത് പഠന ചെലവ് കണ്ടെത്താൻ; മുംബൈയിലെത്തി കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ട്രെയിൻ യാത്രക്കിടെ നഷ്ടമായി; പത്താം ക്ലാസ് പഠനത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ കള്ളനായത് സുഹൃത്ത് നടത്തിയ മോഷണത്തിന്റെ പേരിൽ; നെടുമ്പാശ്ശേരിയിൽ ലോട്ടറി വിറ്റ് പ്ല്സ്ടുവിന് പഠിക്കുമ്പോൾ അഭിനയ മോഹം ഉദിച്ചു; പൊലീസുകാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കിയത് മൂന്ന് വയസ്സിൽ മാതാപിതാക്കൾ നഷ്ട്പ്പെട്ട കൊച്ചു വിനയിന്റെ സിനിമയെ വെല്ലും ജീവിത കഥ

ആർ പീയൂഷ്

കൊച്ചി: മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടമായി. പത്തനാപുരം ഗാന്ധിഭവനിൽ ബന്ധുവായ സ്ത്രീ എത്തിച്ചു. അവിടെ നിന്നും നേരെ മുംബൈയിലേക്ക്. ബൺ വിറ്റ് മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി ജീവിച്ചു. പഠിക്കണം എന്ന ചിന്തയോടെ കുറച്ചു സമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ചപ്പോൾ പണവും മൊബൈൽ ഫോണും കള്ളൻ കവർന്നു. പതിനാലാം വയസ്സിൽ തിരുവനന്തപുരത്തെത്തി ഹോട്ടൽ ജോലി ചെയ്ത് പത്താംക്ലാസ് പരീക്ഷയും എഴുതി. സിനിമാ മോഹവുമായി കൊച്ചിയിലെത്തി ഹോട്ടൽ ജോലിയും ലോട്ടറിയും വിറ്റ് പ്ലസ്ടു പഠനവും നടത്തുന്നു. ഇരുപത് വയസുകാരനായ വിനയ് ജീവിതത്തിലും സിനിമയിലും ഒരുപോലെ ഉറച്ചുനിൽക്കാൻ നടത്തുന്ന ഒറ്റയാൾപ്പോരാട്ടം ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ്.

തൃശൂർ തലൂർ സ്വദേശികളായിരുന്ന ദിനേശ് - ഷീല ദമ്പതികളുടെ മകനായിരുന്നു വിനയ് (ബന്ധുവായ സ്ത്രീ പറഞ്ഞുള്ള അറിവാണിത്). മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരണപ്പെട്ടു എന്നാണ് വിനയിനെ നോക്കി വളർത്തിയ ബന്ധു പറഞ്ഞത്. മൂന്ന് വയസ്സിൽ തന്നെ തൃശൂരിലെ ഒരു സ്‌ക്കൂളിൽ ഒന്നാം ക്ലാസിൽ അവർ ചേർത്തു. പിന്നീട് അവരുടെ വീട്ടിലെ ദാരിദ്ര്യം മൂലം അശരണരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധി ഭവനിൽ എത്തിച്ചു. ഒരു വർഷത്തോളം അവിടെ നിന്നെങ്കിലും വീണ്ടും ബന്ധു വന്ന് തൃശൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലിറ്റിൽ ഫ്ളവർ എൽ.പി.സ്‌ക്കൂളിൽ മൂന്നാം ക്ലാസ്സിൽ ചേർത്തു. ബന്ധുവിന്റെ വീട്ടിലെ കഷ്ടപാട് മൂലം വിനയ് വീടിനടുത്തുള്ള ബോണി എന്നയാളുടെ സഹായത്തോടെ പത്രമിടാൻ പോകുമായിരുന്നു. അങ്ങനെ കിട്ടുന്ന പണം വീട്ടിലേക്ക് നൽകുകയും പഠനാവിശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. അഞ്ചാം ക്ലാസ്സിൽ പഠിക്കാനായി സെന്റ് തൈരാസ് ജി.എച്ച്.എസിൽ ചേർന്നു. ഒൻപതാം ക്ലാസ് വരെയായപ്പോൾ ബന്ധുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായതോടെ പത്ര വിതരണം ഏൽപ്പിച്ചിരുന്ന ബോണി എന്നയാൾ നൽകിയ 600 രൂപയുമായി അവിടെ നിന്നും മുംബൈയിലേക്ക് നാടു വിടുകയായിരുന്നു.

മുംബൈ സി.എസ്.ടിയിലാണ് ട്രെയിനിറങ്ങിയത്. എന്തു ചെയ്യണമെന്നറിയാതെ ആ പന്ത്രണ്ട് വയസുകാരൻ അവിടെ പകച്ചു നിന്നു. അടുത്തുള്ള ചെറിയ കടയിൽ നിന്നും ബൺ വാങ്ങി കഴിച്ച് വിശപ്പടക്കി. രാത്രിയിൽ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ അന്തിയുറങ്ങി. ദിവസങ്ങൾ കഴിയും തോറും കയ്യിലെ പണം തീർന്നു കൊണ്ടേയിരുന്നു. ജോലി അന്വേഷിച്ച് നടന്നെങ്കിലും ഭാഷയറിയാത്തതിനാൽ എല്ലാവരും ആട്ടിപ്പായിച്ചു. അവസാനമായി ഉണ്ടായിരുന്ന നാണയത്തുട്ടും തീർന്ന് വിഷമിച്ച് കിടക്കുമ്പോഴാണ് ലഹരി ഉപയോഗിച്ച ചിലർ വിനയിനെ ശാരീരികമായി ഉപദ്രവിച്ചത്. ഉപദ്രവത്തിൽ അവശനായ വിനയിനെ രക്ഷിച്ചത് ഊരും പേരും അറിയാത്ത തെരുവിൽ വളരുന്ന രണ്ട് സമ പ്രായക്കാരായിരുന്നു. അറിയാവുന്ന രീതിയിലൊക്കെ അവരോട് തന്റെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. വഴിനീളെ ബൺ വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു അവർ. വിനയിനെയും അവർ ഒപ്പം കൂട്ടി. രണ്ട് വർഷം ജൂഹീ ബീച്ചിലും സി.എസ്.ടിയിലുമായി അലഞ്ഞു നടന്നു. അപ്പോഴാണ് പഠിക്കണം എന്ന ചിന്തയുണ്ടായത്. രണ്ട് വർഷം കൊണ്ട് ബൺ വിറ്റ് കിട്ടിയ പണവുമായി ഒരു നാളിൽ അവിടെ നിന്നും തിരികെ കേരളത്തിലേക്ക് യാത്ര തിരിച്ചു.

നിർഭാഗ്യം ആ ബാലനെ വീണ്ടും വേട്ടയാടുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും ആരോ മോഷ്ടിച്ച് കടന്നു കളഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച വിനയ് നേരെ തിരുവനന്തപുരത്താണ് ട്രെയിനിറങ്ങിയത്. ഒരു ഹോട്ടലിൽ ചെറിയ ജോലി തരപ്പെടുത്തി. അൽപ്പം സമ്പാദ്യമായപ്പോഴേക്കും പത്താംക്ലാസ് എഴുതി എടുക്കാൻ തീരുമാനിച്ചു. തൂലി എന്ന സ്ഥാപനത്തിൽ ചേർന്ന് പത്താം ക്ലാസ് എഴുതിയെടുത്തു. ഇതിനിടയിൽ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്ത് അയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്നും ഇരുപത് ഡോളർ കൊണ്ടു വന്ന് വിനയിന്റെ ബാഗിൽ വച്ചു. പിന്നീട് ഹോട്ടൽ ജീവനക്കാരെത്തി മുറിയിൽ പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും ഡോളർ കണ്ടെടുക്കുകയും കള്ളനായി ചിത്രീകരിക്കുകയും ചെയ്തു. സുഹൃത്തിന്റെ ജോലി നഷ്ടപ്പെടാതിരിക്കാൻ കുറ്റം സ്വയം ഏറ്റെടുത്തു. ഇതോടെ അവിടുത്തെ ജോലി നഷ്ടമായി.

പിന്നീട് തേക്കടിയിൽ ഒരു ഹോട്ടലിൽ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി. അവിടെ എത്തിയപ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം ഉദിക്കുന്നത്. അതിന് കാരണം വിനയ് പറഞ്ഞിതിങ്ങനെയാണ്. 'എന്റെ മാതാപിതാക്കൽ മരിച്ചു പോയി എന്ന് ആന്റി പറഞ്ഞുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. മരിച്ചു പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വാസമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ സിനിമയിലൂടെ പ്രശസ്തനാകുമ്പോൾ അവർ മടങ്ങി വന്നാലോ.' സിനിമാ അഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്പാശേരിയിലെത്തി. ഇതിനിടെ ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാറിൽ ചെറിയ റോൾ കിട്ടി.

സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ ലോട്ടറി വിൽപന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ 'വരയൻ' എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു.

അത്താണിയിലെ ഈരാളി വർഗീസ് കുട്ടിയുടെ വീട്ടിലാണ് സുഹൃത്തിനൊപ്പം വാടകയ്ക്ക് കഴിയുന്നത്. ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്. ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി അടഞ്ഞു. തുടർന്നു സമൂഹ അടുക്കളയിൽനിന്നു ലഭിക്കുന്ന ഭക്ഷണം കഴിച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും കഴിഞ്ഞുപോകുന്നു.

പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും സിനിമയിൽ തന്റെ ദിനം വരുമെന്നും വിനയ് ആത്മവിശ്വാസത്തോടെ പറയുന്നു. ഒരിക്കൽ താൻ പ്രശസ്തിയിലെത്തുമ്പോൾ തന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ തേടി വരുമെന്നാണ് വിനയ് വിശ്വസിക്കുന്നത്. നിസ്സാര പ്രതിസന്ധികളിൽ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവർ, എല്ലാ സുഖസൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴി പിഴച്ചു പോവുന്ന കൗമാരങ്ങൾ ഇവർ ഈ വിനയനെ കണ്ട് പഠിക്കണം. ഉപദേശകരോ ബന്ധുക്കളോ സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടക്കുവാൻ ഈ നിശ്ചയദാർഢ്യം മതി.

സമൂഹ അടുക്കളയിലേക്കു ഭക്ഷണത്തിനായി പോകുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിനു വിധേയനായ വിനയിന്റെ കഥ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫേസ്‌ബുക്കിൽ കുറിച്ചതോടെയാണു നാടകീയമായ ആ ജീവിതം സമൂഹം അറിയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. വിനയിന്റെ നമ്പർ തേടിപ്പിടിച്ച് വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി പേരാണ് വിളിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP