Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇടിമിന്നൽ മൂലമുള്ള മരണ നിരക്ക് കുറയുന്നു; കേരളത്തിലെ മിക്ക ജില്ലകളും മിന്നൽ സാധ്യതയുള്ള പ്രദേശമായിട്ടും പ്രതിവർഷം മരണം പത്തിൽ താഴെ; ഇടിമിന്നൽ സംബന്ധിച്ച് നടത്തുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഫലം കാണുന്നെന്ന് ദുരന്ത നിവാരണ അഥോറിറ്റി

സംസ്ഥാനത്ത് ഇടിമിന്നൽ മൂലമുള്ള മരണ നിരക്ക് കുറയുന്നു; കേരളത്തിലെ മിക്ക ജില്ലകളും മിന്നൽ സാധ്യതയുള്ള പ്രദേശമായിട്ടും പ്രതിവർഷം മരണം പത്തിൽ താഴെ; ഇടിമിന്നൽ സംബന്ധിച്ച് നടത്തുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഫലം കാണുന്നെന്ന് ദുരന്ത നിവാരണ അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ കുറയുന്നതായി റിപ്പോർട്ട്. കേരളത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ ​ഗണ്യമായി കുറഞ്ഞെന്ന് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അകോറിറ്റി ചൂണ്ടിക്കാട്ടുന്നു. 2012–13 ൽ വർഷം ശരാശരി 72 പേർ മരണമടഞ്ഞ സ്ഥാനത്ത് ഇപ്പോൾ പത്തു മരണങ്ങൾ പോലുമില്ലെന്ന് അഥോറിറ്റി വ്യക്തമാക്കി.

2013 മുതൽ 2019 വരെ ആറു വർഷം കേരളത്തിൽ ആകെ 69 മിന്നൽ മരണങ്ങളാണ് ഉണ്ടായതെന്ന് അഥോറിറ്റി ഹസാർഡ് അനലിസ്റ്റ് ഫഹദ് മർസൂക് പറയുന്നു. വില്ലേജ് ഓഫിസ് തലങ്ങളിൽ നിന്ന് എത്തിയ മിന്നൽ മരണ റിപ്പോർട്ടുകളും പത്ര–മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ച് ദുരന്ത നിവാരണ അഥോറിറ്റി തയ്യാറാക്കിയതാണ് ഈ കണക്ക്. 2019 ൽ നാലു മരണം മാത്രമാണ് ഉണ്ടായത്. കേരളത്തിൽ തൃശൂരും പാലക്കാടും ഒഴികെ മിക്ക ജില്ലകളും മിന്നൽ സാധ്യതയുള്ള പ്രദേശമാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമാണു മിന്നൽ സാധ്യത ഏറെയുള്ള പ്രദേശം. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ടു മിന്നൽ മരണങ്ങളുണ്ടായെന്നും അഥോറിറ്റി അറിയിച്ചു.

ദുരന്ത നിവാരണ അഥോറിറ്റി നേരിട്ടും മാധ്യമങ്ങളിലൂടെയും നൽകിയ പ്രചാരണമാണ് ഇതു കുറയാൻ കാരണം. മാധ്യമങ്ങൾ ഇതിനു നൽകിയ പ്രചാരണം കാരണം ജനത്തിന് ഇക്കാര്യത്തിൽ പുതിയ അവബോധമുണ്ടായി. ഇതാകാം മരണ നിരക്കിലെ കുറവിന് കാരണം. തിരുവനന്തപുരം ഭൗമശാസ്ത്ര കേന്ദ്രം 2012–13 ൽ നടത്തിയ പഠനത്തിലാണ് 72 മരണമെന്ന കണക്ക് രേഖപ്പെടുത്തിയത്. 2015 മുതൽ മിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി കേരളം അംഗീകരിച്ചിട്ടുണ്ട്. മിന്നലേറ്റ് മരിക്കുന്നവർക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയും ലഭിക്കും.

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (gusty winds – മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗത്തിൽ) ഇടിമിന്നലും മെയ്‌ എട്ടു വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ - ജാഗ്രതാ നിർദ്ദേശങ്ങൾ

 കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകരുതൽ ഇങ്ങനെ...

  •  കുട്ടികൾ ഇടിമിന്നലുള്ള സമയത്തു തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  •  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.
  •  മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്.
  •  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
  •  ജനലും വാതിലും അടച്ചിടുക
  •  ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  •  ഫോൺ ഉപയോഗിക്കരുത്‌.
  •  ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
  •  ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
  •  ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  •  വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
  •  ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
  •  കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കണം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ്‌ പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  •  വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്തു കെട്ടരുത്. മഴമേഘം കാണുമ്പോൾ അവയെ അഴിക്കാൻ തുറസായ സ്ഥലത്തേക്കു പോകരുത്.

പ്രഥമ ശുശ്രൂഷ ഉടൻ

  •  മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമുണ്ടാകില്ല. 30 സെക്കൻഡിനകം പ്രഥമ ശുശ്രൂഷ നൽകണം.
  • മിന്നലേറ്റ് നിലത്തു വീഴുന്ന വ്യക്തിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കിടത്തി തട്ടിവിളിക്കണം.
  •  അബോധാവസ്ഥയിൽ ആണെങ്കിൽ അപ്പോൾ തന്നെ ആംബുലൻസ് വിളിക്കണം.(പ്രഥമ ശുശ്രൂഷ ചെയ്യുമ്പോഴേക്കും കാലതാമസം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അപ്പോൾ തന്നെ വിളിക്കേണ്ടത്).
  • അബോധാവസ്ഥയിൽ ആണെങ്കിൽ നേരെ കിടത്തി ഇടനെഞ്ചിൽ കൈകൊണ്ടു 30 തവണ വീതം അമർത്തണം (ചെസ്റ്റ് കംപ്രഷൻ). 30 തവണയ്ക്കു ശേഷം 2 തവണ വായിലൂടെ ശ്വാസം നൽകണം. (ഇടിമിന്നലിന്റെ ആഘാതത്തിൽ ഹൃദയത്തിന്റെ താളം തെറ്റി വിറയ്ക്കുന്നതും തലച്ചോറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കുന്നതുമാണ് അബോധാവസ്ഥയ്ക്കു കാരണം.)
  •  നാഡിമിടിപ്പ് ഇല്ലാതിരിക്കുകയും അബോധാവസ്ഥയിലും ആണെങ്കിൽ കൃത്രിമ ശ്വാസം നൽകിവേണം ആശുപത്രിയിൽ എത്തിക്കേണ്ടത്.
  •  തട്ടിവിളിക്കുമ്പോൾ കണ്ണു തുറക്കുകയും ബോധം വീഴുകയും ചെയ്യുകയാണെങ്കിൽ കാര്യമായ കുഴപ്പമില്ല. എങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കണം.
  •  മിന്നലേറ്റ് തെറിച്ചു വീഴുന്നവരുടെ കഴുത്തോ അസ്ഥികളോ ഒടിയാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു വേണം എടുക്കേണ്ടത്.
  •  മുറിവുണ്ടെങ്കിൽ ബാൻഡേജ് കെട്ടണം.
  •  പൊള്ളലേറ്റാൽ ടാപ്പിൽ നിന്നു 10 മിനിറ്റ് വെള്ളം (തണുത്ത ജലം അല്ല) ഒഴിച്ചു കൊണ്ടിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP