Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യം മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടന്നപ്പോൾ ആശ്വാസമാകുന്നത് രോഗമുക്തിയിലെ റെക്കോഡ് നിരക്ക്; 27.52 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; 44, 870പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 12,492 പേർ; സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പും; മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ആശങ്കയേറ്റി പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കൂടിയ കോവിഡ് മരണനിരക്ക് ബംഗാളിലെന്നും കണ്ടെത്തൽ

രാജ്യം മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടന്നപ്പോൾ ആശ്വാസമാകുന്നത് രോഗമുക്തിയിലെ റെക്കോഡ് നിരക്ക്; 27.52 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; 44, 870പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 12,492 പേർ; സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പും; മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ആശങ്കയേറ്റി പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കൂടിയ കോവിഡ് മരണനിരക്ക് ബംഗാളിലെന്നും കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മൂന്നാം ഘട്ട ലോക് ഡൗൺ തുടങ്ങിയ ദിവസവും രാജ്യത്ത് കോവിഡ് മരണ നിരക്കിൽ ശമനമില്ല. ആകെ മരണസംഖ്യ 1452 ആയി ഉയർന്നു. 44,870 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12,492 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,074 പേർക്കു അസുഖം ഭേദമായി. ഒരു ദിവസത്തിനുള്ളിലെ ഉയർന്ന രോഗമുക്തിയാണിതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27.52 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡ് രോഗമുക്തിയും മരണവും തമ്മിലുള്ള അനുപാതം 90:20 ആയി. ഏപ്രിൽ 17ന് ഇത് 80:20 ആയിരുന്നു. രോഗവ്യാപനത്തിന്റെ തോത് ഇപ്പോൾ കുറവാണ്. ഇതെപ്പോൾ കൂടുമെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല. നമ്മൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തുന്ന സാഹചര്യം ചിലപ്പോൾ ഒഴിവാക്കാൻ സാധിക്കും. രാജ്യത്ത് പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇല്ലെന്നും ലവ് പറഞ്ഞു. കോവിഡ് പോലുള്ള മഹാമാരികൾ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് ലവ് അഗർവാൾ പറഞ്ഞു.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശങ്കയേറ്റി കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. മഹാരാഷ്ട്രയിൽ 12,974 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,115 പേർ മാത്രമാണ് രോഗമുക്തി നേടിയത്. 548 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തിലും മരണസംഖ്യ ഉയരുകയാണ്. 5,428 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 290 പേരാണ് കോവിഡിനെ തുടർന്നു മരിച്ചത്. മധ്യപ്രദേശിൽ 2,942 പേരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇതിൽ 798 പേർ രോഗമുക്തി നേടിയിരുന്നു. എന്നാൽ 165 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.

തമിഴ്‌നാട്ടിലും കോവിഡ് ആശങ്കകൾ വർധിക്കുകയാണ്. 3,023 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി (4549), രാജസ്ഥാൻ (2886), ഉത്തർപ്രദേശ് (2742), ആന്ധ്രാപ്രദേശ് (1650), തെലുങ്കാന (1082), പഞ്ചാബ് (1102) എന്നി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്.

മുംബൈയിൽ 18 മരണം കൂടി

മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ് 19 ആശങ്കകൾ വർധിക്കുന്നു. തിങ്കളാഴ്ച 18 പേരാണ് കോവിഡ് ബാധിച്ച് മുംബൈയിൽ മാത്രം മരിച്ചത്. 510 പേർക്ക് ഇന്ന് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തുതന്നെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈ.

മുംബൈയിൽ മാത്രം 361 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 9,123 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നിരവധി ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി നഴ്‌സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 12,974 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 548 പേരാണ് ഇവിടെ മരിച്ചത്.

കൂടിയ കോവിഡ് മരണനിരക്ക് ബംഗാളിൽ

രാജ്യത്തെ ഏറ്റവും കൂടിയ കോവിഡ് മരണനിരക്ക് പശ്ചിമ ബംഗാളിൽ. രോഗം സ്ഥിരീകരിക്കുന്ന നൂറു പേരിൽ 12.8 പേർ ബംഗാളിൽ മരിക്കുകയാണെന്നാണു കണക്ക്. കേന്ദ്ര സർക്കാർ നിയോഗിച്ച അപൂർവ ചന്ദ്ര അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ അറിയിച്ചത്. തിങ്കളാഴ്ച മടങ്ങുന്നതിനു മുന്പായി ഈ കണ്ടെത്തൽ സമിതി ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹയെ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കുറഞ്ഞ പരിശോധനയുടെയും മോശം നിരീക്ഷണത്തിന്റെയും രോഗികളെ പിന്തുടരുന്നതിൽ കാണിക്കുന്ന അലംഭാവത്തിന്റെയും ഫലമാണ് ഈ കൂടിയ മരണനിരക്കെന്ന് സമിതി ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച സംസ്ഥാനത്ത് തങ്ങിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.ഔദ്യോഗിക കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 1259 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 133 പേർ ഇതുവരെ സംസ്ഥാനത്ത് മരിച്ചുകഴിഞ്ഞു.

തമിഴ്‌നാട്ടിൽ 527 കേസുകൾ കൂടി

തമിഴ്‌നാട്ടിൽ ഇന്ന് 527 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 377 പേർ പുരുഷന്മാരും 150 പേർ സ്ത്രീകളുമാണ്. 2107 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഒരാൾ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിലെ മൊത്തം മരണ സംഖ്യ 31 ആയി ഉയർന്നു.

കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പോസിറ്റീവായ കേസുകളിൽ ഭൂരിഭാഗവും. അടുത്ത ചില ദിവസങ്ങളിൽ തുടർച്ചയായി വർദ്ധിക്കാൻ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. മേട്ടുപ്പാളയത്ത് കോയമ്പേട് മാർക്കറ്റിലേക്ക് പച്ചക്കറിയുമായി ബന്ധപ്പെട്ടു പോയി വരുന്ന ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരെ സ്വകാര്യ ലോഡ്ജിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് 19 പരിശോധനക്കായി തമിഴ്‌നാട്ടിൽ 50 ലാബുകൾ ആണ് ഉള്ളത്. ഇതിൽ 34 എണ്ണം സർക്കാരിന്റെയും 16 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ഇതുവരെ 1,62,970 സാമ്പിളുകളാണ് പരിശോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP