Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയപരവശനായി കൊല്ലത്ത് നിന്നും കൂട്ടിക്കൊണ്ടു പോയതുകൊല്ലാൻ തന്നെ;കേബിൾ കഴുത്തിൽ മുറുക്കുന്നതിന് മുമ്പ് നൽകിയത് വിഷം; സുചിത്രയെ കൊണ്ട് മഹാരാഷ്ട്രയിലെ പരിചയക്കാരെ വിളിപ്പിച്ചത് അന്വേഷണം വഴിതിരിക്കാൻ; ഫോൺ ഏതോ വാഹനത്തിൽ ഉപേക്ഷിച്ചത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനും; സുചിത്ര പിള്ളയെ പ്രശാന്തുകൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി

പ്രണയപരവശനായി കൊല്ലത്ത് നിന്നും കൂട്ടിക്കൊണ്ടു പോയതുകൊല്ലാൻ തന്നെ;കേബിൾ കഴുത്തിൽ മുറുക്കുന്നതിന് മുമ്പ് നൽകിയത് വിഷം; സുചിത്രയെ കൊണ്ട് മഹാരാഷ്ട്രയിലെ പരിചയക്കാരെ വിളിപ്പിച്ചത് അന്വേഷണം വഴിതിരിക്കാൻ; ഫോൺ ഏതോ വാഹനത്തിൽ ഉപേക്ഷിച്ചത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനും; സുചിത്ര പിള്ളയെ പ്രശാന്തുകൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകനായ പ്രശാന്തുകൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ മാതൃകയാക്കിയാണ് എന്ന് പൊലീസ്. ഒരിക്കലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാൽ തന്നെ പിടിക്കപ്പെടാതിരിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ പാലക്കാട്ടേക്ക് എത്തിച്ചതും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും. സൗഹൃദം നടിച്ച് സുചിത്രയെ കൊല്ലത്തുനിന്നു പാലക്കാടെത്തിച്ച പ്രതി വിഷം കൊടുത്തശേഷം കേബിൾ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. ആദ്യ ദിവസം സുചിത്രയോട് സ്‌നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാൻ ആവശ്യപ്പെട്ടു.

സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോൺ ചെയ്തശേഷമാണ് വിഷം നൽകി കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫോൺ രേഖകളിൽ മഹാരാഷ്ട്ര നമ്പർ വന്നാൽ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു. ഫോൺ ലഭിച്ചാൽ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ശേഖരിക്കാൻ കഴിയൂ. രണ്ടേ മുക്കാൽ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പിൽനിന്ന് പെട്രോൾ വാങ്ങി കത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകൾ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

വീട്ടിനുള്ളിൽ ചുവരുകൾ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാൻ പെയിന്റ് അടിച്ചു. സുചിത്ര മാർച്ച് 17നു നാട്ടിൽ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നൽകിയ പരാതിയിൽ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രശാന്തിനെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച പാലക്കാട്ട് തെളിവെടുപ്പിന് എത്തിക്കും. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേർപ്പെടുത്തിയിട്ടുണ്ട്.

പ്രതി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകളെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ബന്ധം ശക്തമായപ്പോൾ പ്രശാന്തുമായി സാമ്പത്തിക ഇടപാടുകൾ തുടങ്ങി. ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തർക്കം പതിവായി. വിവാഹം കഴിക്കണമെന്ന സുചിത്രയുടെ ആവശ്യവും ബന്ധം വഷളാക്കി. ഇതോടെ സുചിത്രയെ ഒഴിവാക്കാൻ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പിഴവുകൾ പ്രതിയെ കുടുക്കി.

മാർച്ചിൽ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടിൽ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.  സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാൾക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതു കള്ളമാണെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴിയിൽ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയത്.

ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കിൽ കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയും പണം മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുചിത്രയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലിസിനോട് വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയപദ്ധതിയനുസരിച്ചാണ് പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക് മടക്കി അയച്ചത്. തുടർന്ന് ഭാര്യയെ കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം ഇയാൾ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പംകൂട്ടി പാലക്കാടേയ്ക്ക് മടങ്ങുകയായിരുന്നു.

സുചിത്രയുടെ തിരോധാനത്തിൽ സംശയം തോന്നിയ പൊലിസ് പ്രശാന്തിനെപലതവണ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ളമൊഴികളാണ് ഇയാൾ നൽകിയിരുന്നത്. കൊല്ലത്തുനിന്നും പാലക്കാടേയ്ക്ക് വരുന്നവഴിയിൽ തൃശൂർ ബൈപാസിൽ വച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ട സുചിത്ര തുടർന്ന് മറ്റൊരു ഓട്ടോയിൽ കയറി പോയതായി ഇയാൾ പൊലിസിനെതെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ സൈബർ സെൽ സഹായത്തോടെ നടത്തിയശാസ്ത്രീയമായ അന്വേഷണത്തിൽ മാർച്ച് 20 ന് അവസാനമായി സുചിത്ര മാതായ വിജയലക്ഷ്മിയെ വിളിച്ചത് പാലക്കാട് മണലി എന്ന സ്ഥലത്തുനിന്നാണെന്ന്‌പൊലിസ് കണ്ടെത്തി. ഇതോടെയാണ് ഇയാൾ നുണ പറയുന്നതാണെന്ന് പൊലിസ് ഉറപ്പിച്ചത്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചതോടെപ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലത്തെത്തിച്ച പ്രതിയെ കോടതി റിമാന്റ്‌ചെയ്തു. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. മുഖത്തലയിൽനിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത് മാതാവ് വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്‌മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളാണ് സുചിത്ര. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP