Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പു കാലത്ത് ഒരു പെൺകുട്ടിയുടെ ചുറ്റും കൂടി വോട്ടുചോദിക്കുന്ന സ്ഥാനാർത്ഥികൾ; പെൺകുട്ടിയുടെ മുഖത്തെ നാണം; വിക്ടർ ജോർജിന്റെ രസകരവും ഏറ്റവും പ്രശസ്തവുമായ ഈ ക്യാമ്പസ് ചിത്രത്തിന്റെ പിന്നാമ്പുറക്കഥ എന്ത്? കെ.ടോണി ജോസ് എഴുതിയ കുറിപ്പ് പങ്ക് വച്ച് വിക്ടർ ജോർജ് സ്മരണ പുതുക്കി എഴുത്തുകാരൻ ബെന്യാമിൻ

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പു കാലത്ത് ഒരു പെൺകുട്ടിയുടെ ചുറ്റും കൂടി വോട്ടുചോദിക്കുന്ന സ്ഥാനാർത്ഥികൾ; പെൺകുട്ടിയുടെ മുഖത്തെ നാണം; വിക്ടർ ജോർജിന്റെ രസകരവും ഏറ്റവും പ്രശസ്തവുമായ ഈ ക്യാമ്പസ് ചിത്രത്തിന്റെ പിന്നാമ്പുറക്കഥ എന്ത്? കെ.ടോണി ജോസ് എഴുതിയ കുറിപ്പ് പങ്ക് വച്ച് വിക്ടർ ജോർജ് സ്മരണ പുതുക്കി എഴുത്തുകാരൻ ബെന്യാമിൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിൽ ഒരപൂർവ ചിത്രമെടുക്കാനുള്ള തത്രപ്പാടിനിടയിൽ ഉരുൾപൊട്ടലിൽ അമർന്ന് അപൂർണമാക്കി കടന്നുപോവുകയായിരുന്നു ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്. മലയാള മനോരമയിൽ വന്ന വിക്ടറിന്റെ മനോഹരമായ ഒരുചിത്രത്തെ കുറിച്ചും, കെ.ടോണി ജോസ് എഴുതിയ ഓർമക്കുറിപ്പും പങ്കുവയ്ക്കുകയാണ് എഴുത്തുകാരനായ ബെന്യാമിൻ.

ബെന്യാമിന്റെ കുറിപ്പ് ഇങ്ങനെ:

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ വിക്ടർ ജോർജ് എടുത്ത ഈ ചിത്രം എനിക്കെന്നും ഒരു കൗതുകമായിരുന്നു. ഇത്തരം വോട്ട് ചോദിക്കൽ ദൃശ്യങ്ങൾ ഇന്നും കലാലയങ്ങളിൽ ഉണ്ടോ എന്നറിഞ്ഞു കൂടാ. ഞങ്ങളുടെ കാലത്തിന്റെ ഗൃഹാതുരത നിറഞ്ഞ ഓര്മയാണിത്.
ഈ ചിത്രത്തെക്കുറിച്ച് ഇന്നലെ മലയാള മനോരമ യിലെ രവിവർമ്മ തമ്പുരാനോട് വെറുതെ ഒരന്വേഷണം നടത്തി. അപ്പോഴാണ് കെ. ടോണി ജോസ് അതിനെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട് എന്ന് മനസിലാവുന്നത്.

അദ്ദേഹം ഇങ്ങനെ എഴുതുന്നു :

വിക്ടർ ജോർജിന്റെ ചരമദിനമായിരുന്നു ഇന്ന്. വിക്ടറിന്റെ ജീവിതത്തിന്റെ അവസാനവർഷമാണ് കോട്ടയത്തു മലയാള മനോരമയിൽ ഞാൻ ജോലിക്കു ചേരുന്നത്. 2000 ഓഗസ്റ്റിൽ. 2001 ജൂലെ ഒൻപതിന് വിക്ടർ ഓർമയായി.

ഒരു വർഷത്തോളമുള്ള ആ കാലത്ത്, വിക്ടറിനൊപ്പം ഒട്ടേറെ യാത്രകൾ പോയി. റിപ്പോർട്ടിങ് യാത്രകൾ.കോട്ടയത്തിനു സമീപം ഒരിടത്ത് ഭീമാകാരമായ ഒരു മീനിനെ തോട്ടിൽനിന്നു പിടിച്ചതിന്റെ പടമെടുക്കാൻ ഞങ്ങൾ പോയത് ഓർക്കുന്നു. മീൻപിടിച്ച ചേട്ടൻ അതിനെ കയ്യിൽ തൂക്കിയെടുത്തപ്പോൾ അയാളുടെ അത്രയും തന്നെ ഉയരുമുണ്ടായിരുന്നു മീനിനും. അത്തരം ആളുകളോടു പ്രത്യേക സ്‌നേഹമായിരുന്നു വിക്ടറിന്, വളരെ സാധാരണക്കാരായ ആളുകളോട്.
എന്റെ ഏറ്റവും ഉജ്വലമായ വിക്ടർ ഓർമ അദ്ദേഹത്തിന്റെ മരണശേഷമാണ്.

വിക്ടർ എടുത്ത വളരെ പ്രശസ്തമായ ഒരു ചിത്രമായിരുന്നു 1984 ൽ മനോരമയിൽ പ്രസിദ്ധീകരിച്ച ഒരു ക്യാംപസ് ചിത്രം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പു കാലം. കോളജിലേക്കു നടന്നു വരുന്ന ഒരു പെൺകുട്ടിയുടെ ചുറ്റും കൂടി വോട്ടുചോദിക്കുന്ന സ്ഥാനാർത്ഥികൾ. പെൺകുട്ടിയുടെ മുഖത്തെ നാണം. രസകരമായ ഒരു ചിത്രം. അന്നു മനോരമയുടെ എല്ലാ എഡിഷനുകളുടെയും ഒന്നാം പേജിലാണ് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അച്ചടിച്ചു വന്നത്.

ക്യാംപസ് ചിത്രങ്ങൾ ഒന്നാം പേജിലേക്കു പരിഗണിക്കപ്പെടാൻ കാരണമായതു പോലും ഈ ഫോട്ടോയുടെ മികവായിരുന്നു.വിക്ടർ മരിച്ച ശേഷം, ആ ചിത്രത്തിലെ കഥാപാത്രങ്ങളെ കണ്ടുപിടിക്കാൻ കഴിയുമോ എന്ന് അന്നത്തെ ന്യൂസ് എഡിറ്റർ ക്രിസ് തോമസ് സാർ, കുട്ടി റിപ്പോർട്ടറായ എന്നോട് ആവശ്യപ്പെടുന്നു. 17 വർഷങ്ങൾക്കു ശേഷമാണ്! ഒരുപാട് അന്വേഷണങ്ങൾക്കും ഫോൺ വിളികൾക്കുമൊടുവിൽ കോട്ടയത്തെ സിഎംഎസ് കോളജിൽനിന്നെടുത്ത ആ ചിത്രത്തിലെ അഞ്ചുപേരെയും ഒന്നൊന്നായി ഞാൻ കണ്ടെത്തുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലായിരുന്നു അവരൊക്കെയും. അന്ന് മനോരമയുടെ ക്യാംപസ് കോളമായ ക്യാംപസ് ലൈനിൽ ആ കണ്ടെത്തലിന്റെ ഫീച്ചർ പ്രസിദ്ധീകരിച്ചു. ഏറ്റവും ആസ്വദിച്ച് എഴുതിയ വാർത്താകഥകളിലൊന്നായിരുന്നു അത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്യാംപസ് ചിത്രമായിരുന്നു ഇതെങ്കിൽ, വിക്ടറിന്റെ അവസാന ക്യാംപസ് ചിത്രവും സിഎംഎസ് കോളജിൽനിന്നു തന്നെയായിരുന്നു.
2001 ൽ അവസാന ബാച്ച് പ്രീഡിഗ്രിക്കാർ പടിയിറങ്ങുന്ന പടം. സിഎംഎസിന്റെ ചരിത്രാതീത ഭാവമുള്ള ഇടനാഴിയിലൂടെ കുട്ടികൾ നടന്നു പോകുന്നത് ഒരു ജനാല ഫ്രെയിമിനുള്ളിലൂടെ വിക്ടർ പകർത്തുമ്പോൾ തൊട്ടടുത്ത് ഞാനുമുണ്ടായിരുന്നു.അതൊരു ഭാഗ്യമായിരുന്നു.

#VictorGeorge #Memories

ഈ ചിത്രത്തിന്റെ പിന്നാലെ സഞ്ചരിച്ച കെ. ടോണി ജോസിനും അത് തപ്പിയെടുത്തു തന്ന രവിവർമ്മ തമ്പുരാനും നന്ദി.വിക്ടർ ജോർജിനെ സ്‌നേഹപൂർവ്വം സ്മരിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP