Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിൽ ആദ്യമായി പാക് എയർഫോഴ്സിൽ ഒരു ഹിന്ദു പൈലറ്റ്; സിന്ധ് പ്രവിശ്യിലെ രാഹുൽദേവ് ചുമതലയേറ്റത് ഇന്ന്; ഇമ്രാൻ ഖാൻ സർക്കാർ ന്യൂനപക്ഷങ്ങളെ പരി​ഗണിച്ചാൽ ദേവിനെ പോലെയുള്ള ഒരുപാട് പേർ രാജ്യത്തിന് സേവനം ചെയ്യാൻ തയാറാണെന്ന് ഓൾ പാക്കിസ്ഥാൻ ഹിന്ദു പഞ്ചായത്ത്

ചരിത്രത്തിൽ ആദ്യമായി പാക് എയർഫോഴ്സിൽ ഒരു ഹിന്ദു പൈലറ്റ്; സിന്ധ് പ്രവിശ്യിലെ രാഹുൽദേവ് ചുമതലയേറ്റത് ഇന്ന്; ഇമ്രാൻ ഖാൻ സർക്കാർ ന്യൂനപക്ഷങ്ങളെ പരി​ഗണിച്ചാൽ ദേവിനെ പോലെയുള്ള ഒരുപാട് പേർ രാജ്യത്തിന് സേവനം ചെയ്യാൻ തയാറാണെന്ന് ഓൾ പാക്കിസ്ഥാൻ ഹിന്ദു പഞ്ചായത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഹിന്ദു എയർഫോഴ്സിൽ പൈലറ്റായി നിയമിതനായി. സിന്ധ് പ്രവിശ്യയിലെ തർപ്പാക്കർ സ്വദേശിയായ രാഹുൽ ദേവ് എന്ന യുവാവാണ് പാക്കിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്. രാഹുൽദേവ് ഇന്ന് സർവീസിൽ പ്രവേശിച്ചതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പാക്കിസ്ഥാനിൽ അവഗണനയാണെന്നുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് പ്രതിരോധ സേനയിൽ പൈലറ്റായി ഒരു ഹിന്ദു യുവാവിനെ നിയമിക്കുന്നത്.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാൾ എയർ ഫോഴ്സിൽ നിയമിതനായതിൽ സന്തോഷമുണ്ടെന്ന് ഓൾ പാക്കിസ്ഥാൻ ഹിന്ദു പഞ്ചായത്ത് സെക്രട്ടറി രവി ധവാനി പറഞ്ഞു. നിരവധി പേർ ഇപ്പോൾ സിവിൽ സർവ്വീസിലും ആർമിയിലും സേവനം ചെയ്യുന്നുണ്ട്. ഇമ്രാൻ ഖാൻ സർക്കാർ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ദേവിനെ പോലെയുള്ള ഒരുപാട് പേർ രാജ്യത്തിന് സേവനം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

2018ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇമ്രാൻ ഖാൻ രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിൽ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങൾ തള്ളി പാക്കിസ്ഥാൻ വിദേശ കാര്യ ഓഫീസ് രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകൾ നിരത്തി നിഷേധിച്ചു. '2017ലെ അവസാന സെൻസസ് പ്രകാരം പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷമാണ്, 1998ലെ സെൻസസിൽ നിന്ന് 2017ലെത്തുമ്പോൾ 93 ശതമാനമാണ് ഹിന്ദു ജനസംഖ്യയിലെ വളർച്ച'യെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു.

അതേസമയം, പാക്കിസ്ഥാനിലെ ന്യൂനപക്ഷ വേട്ട അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ ഇന്ത്യ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടിയിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദു, സിഖ്, ക്രിസ്റ്റ്യൻ, പാഴ്‌സി, അഹമ്മദിയ വിഭാഗങ്ങൾക്കെല്ലാം സഹായധനവും സൗജന്യ റേഷനും നിഷേധിക്കുന്ന പാക് നടപടിക്കെതിരെയാണ് ഇന്ത്യ ശക്തമായി രംഗത്തെത്തിയത്. കൊറോണ ദുരിതാശ്വാസത്തിന്റെ പേരിൽ വാങ്ങിക്കൂട്ടന്ന ധനസഹായവും മറ്റ് ആരോഗ്യ രക്ഷാ സഹായങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നതിൽ പാക്കിസ്ഥാൻ കടുത്ത പക്ഷപാതമാണ് കാണിക്കുന്നതെന്നും ഇന്ത്യ ഐ.എം.എഫിനെ ബോധ്യപ്പെടുത്തി.

ഇന്ത്യക്കായി ഐ.എം.എഫിലെ പ്രതിനിധി സുർജീത് ഭല്ലയാണ് പാക്കിസ്ഥാന്റെ ന്യൂനപക്ഷ പീഡനം തുറന്നുപറഞ്ഞത്. പാക്കിസ്ഥാന് 750 കോടിയുടെ അടിയന്തിര സഹായം നൽകുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. സാമൂഹസമത്വം ഒരു കാര്യത്തിലും പാക്കിസ്ഥാനിൽ നടപ്പാകുന്നില്ലെന്നും അശരണരെ സഹായിക്കുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു. കൊറോണ ദുരിതത്തിനിടയിലും ശക്തമായ മതംമാറ്റം നടത്തുവാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ന്യൂനപക്ഷമായ ഹിന്ദു സമൂഹം കേവലം മൂന്നു ശതമാനമായി മാറിയതിന്റെ കാരണവും ഇമ്രാൻഖാൻ വ്യക്തമാക്കണമെന്നും പാക്കിസ്ഥാന്റെ ന്യായീകരണത്തിന്റെ മുനയൊടിച്ചുകൊണ്ട് ഭല്ല തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP