Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ ഭാഗമായി ഇന്ത്യയും; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളിൽ റെംഡെസിവിർ മരുന്നിന്റെ ആയിരം ഡോസ് പരീക്ഷിക്കും; അമേരിക്കയിലെ കോവിഡ് രോഗികളിൽ പ്രയോഗിച്ചു തുടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിൽ ഐസിഎംആർ, സിഎസ്ഐആർ ശാസ്ത്രജ്ഞരും ആലോചനയിൽ; 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നൽകാൻ റെംഡെസിവിറിന് സാധിച്ചു

ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ ഭാഗമായി ഇന്ത്യയും; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളിൽ റെംഡെസിവിർ മരുന്നിന്റെ ആയിരം ഡോസ് പരീക്ഷിക്കും; അമേരിക്കയിലെ കോവിഡ് രോഗികളിൽ പ്രയോഗിച്ചു തുടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതിൽ ഐസിഎംആർ, സിഎസ്ഐആർ ശാസ്ത്രജ്ഞരും ആലോചനയിൽ; 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നൽകാൻ റെംഡെസിവിറിന് സാധിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള മരുന്നു പരീക്ഷണത്തിലേക്ക് കടന്ന് ഇന്ത്യയും. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയിൽ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. 'സോളിഡാരിറ്റി' എന്ന പേരിലുള്ള കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിർ (Remdesivir) എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളിൽ പരിശോധിക്കുമെന്നും ഹർഷവർദ്ധൻ അറിയിച്ചു. മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിറിന്റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കോവിഡ് 19 രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആർ, സിഎസ്ഐആർ എന്നിവയിലെ ശാസ്ത്രജ്ഞരും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 രോഗികളിൽ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് അമേരിക്കയിൽ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പരീക്ഷണത്തിൽ റെംഡെസിവിർ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നൽകാൻ റെംഡെസിവിറിന് സാധിച്ചതായാണ് ഗവേഷകർ പറയുന്നത്.

കോവിഡ് 19-ന് ചികിത്സയ്ക്കുപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണ പദ്ധതിയാണ് 'സോളിഡാരിറ്റി'. നൂറിലധികം രാജ്യങ്ങൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. റെംഡെസിവിർ അടക്കം നാലു മരുന്നുകളാണ് പരീക്ഷിക്കുന്നത്. കോവിഡിനെതിരായ മരുന്ന് ഗവേഷണത്തിൽ നേരിടുന്ന കാലതാമസം കുറയ്ക്കാനും എത്രയും വേഗത്തിൽ ഫലപ്രദമായ ചികിത്സ കണ്ടെത്താനുമുള്ള പരീക്ഷണമാണിത്. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ ചില രോഗികൾക്കു രോഗം ഭേദമാകാനുള്ള ദൈർഘ്യം 15 ദിവസത്തിൽനിന്ന് 11 ആയി റെംഡെസിവിർ കുറച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയിൽ മരുന്നു പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു.

ആയിരം പേരെ ഉൾപ്പെടുത്തി നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന കോവിഡ് രോഗികൾക്കു മരുന്നു പെട്ടെന്ന് ആശ്വാസം നൽകുന്നതായി തെളിഞ്ഞുവെന്ന് യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യൽ ഡീസീസസ് അറിയിച്ചിരുന്നു. 31% വേഗത്തിലാണ് ചില രോഗികൾ രോഗമുക്തി നേടിയതെന്നും ഗവേഷകർ വ്യക്തമാക്കി. പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത് രോഗം ഭേദമാകുന്ന കാലയളവു കുറയ്ക്കുന്നതിൽ റെംഡെസിവിറിന് വ്യക്തമായ പങ്കുണ്ടെന്നാണെന്ന് യുഎസിലെ സാംക്രമിക രോഗ വിദഗ്ധൻ ആന്തണി ഫൗചി അഭിപ്രായപ്പെട്ടിരുന്നു. ആഫ്രിക്കയിൽ പടർന്നുപിടിച്ച എബോളയ്ക്കുള്ള മരുന്നായിട്ടാണ് റെംഡെസിവിർ ആദ്യം വികസിപ്പിച്ചെടുത്തത്.

ഒരു പതിറ്റാണ്ടു മുൻപ് ആഫ്രിക്കയിൽ പടർന്ന എബോള വൈറസിനെതിരെയാണ് റെംഡെസിവിർ മരുന്നു വികസിപ്പിച്ചെടുത്തത്. ബ്രോഡ് സ്‌പെക്ട്രം ആന്റി വൈറൽ ഡ്രഗ് (ബിഎസ്എ) ആണിത്. വിശാല ശ്രേണിയിലുള്ള വൈറൽ പതോജനെ ലക്ഷ്യമിട്ടുള്ള മരുന്നുകളാണ് ബിഎസ്എ എന്ന ശ്രേണിയിൽ ഉൾപ്പെടുന്നത്. കോവിഡ് രോഗം പരത്തുന്ന സാർസ് കോവ്2നെ (നോവൽ കൊറോണ വൈറസ്) ഫലപ്രദമായി നേരിടാൻ റെംഡെസിവിർ മരുന്നിനു കഴിയുമെന്ന് ചൈനീസ് പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കോവിഡ്19 പോസിറ്റീവ് ആയ വ്യക്തിക്ക് യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശമനുസരിച്ച് റെംഡെസിവിർ മരുന്നു നൽകിയെന്നും 24 മണിക്കൂറിനുള്ളിൽ നില മെച്ചപ്പെട്ടു തുടങ്ങിയെന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണത്തിലും പറയുന്നു.
''ഒരു ശരീരത്തിൽ കയറിയാൽ വൈറസ് പല തവണ സ്വയം പതിപ്പുകൾ ഉണ്ടാക്കും. ഇങ്ങനെയാണ് ഒരാളുടെ ശരീരത്തെ വൈറസ് കീഴ്‌പ്പെടുത്തുന്നത്. പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങും. ഇതാണ് ഗവേഷകർക്കു വെല്ലുവിളി പകരുന്നത്. ആദ്യമേ കണ്ടെത്തി പരിചരിച്ചില്ലെങ്കിൽ നില കൈവിട്ടുപോകും. ഇത്തരത്തിൽ വൈറസ് സ്വയം പകർപ്പെടുക്കുന്നതാണ് റെംഡെസിവിർ തടയുന്നത്.'' ഹൂസ്റ്റൺ മെതേഡിസ്റ്റ് ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

യുഎസിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ച അഞ്ചാമത്തെ ആശുപത്രിയാണ് ഹൂസ്റ്റൺ മെതേഡിസ്റ്റ്. മാർച്ച് പകുതി മുതൽ ഇത്തരത്തിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ അഞ്ചു രോഗികളിലാണ് മരുന്നു പരീക്ഷണം നടത്തിയത്. പിന്നീട് 35 രോഗികളിലായി പരീക്ഷണം. സാധാരണ രോഗാവസ്ഥയുള്ളവരിൽ അഞ്ച് ദിവസത്തെയോ 10 ദിവസത്തെയോ റെംഡെസിവിർ ചികിത്സയാണ് നടത്തുന്നത്. ഗുരുതര രോഗമുള്ളവരിൽ 10 ദിവസത്തെ ചികിത്സയും. വെന്റിലേറ്റർ ഉപയോഗിക്കുന്നവരിലും 10 ദിവസത്തെ ചികിത്സ നടപ്പാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP