Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളെ മാതൃസംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്ചപറ്റി; പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് ഗുരുതര പിഴവ് ചെന്നിത്തല; അതിഥി തൊഴിലാളികളുടെ മടക്കത്തിൽ ബിജെപിയുടെ സബ്‌സിഡി വാദവും തെറ്റെന്ന് പ്രതിപക്ഷ നേതാവ്

മലയാളികളെ മാതൃസംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്ചപറ്റി; പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് ഗുരുതര പിഴവ് ചെന്നിത്തല;  അതിഥി തൊഴിലാളികളുടെ മടക്കത്തിൽ ബിജെപിയുടെ സബ്‌സിഡി വാദവും തെറ്റെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് മലയാളികളെ എത്തിക്കുന്നതിൽ സർക്കാറിന് ഏകോപന പിഴവ് ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് സർക്കാറിന്റെ ഗുരുതര പിഴവാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ് സ്‌പെഷൽ ട്രെയിൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആളുകളെ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസ് അയക്കണം. ചെക്ക്‌പോസ്റ്റുകളിലും ബസുകൾ എത്തിക്കണം. പലർക്കും അതിർത്തികളിലേക്ക് എത്താൻ സാധിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങൾ ബസുകൾ അയച്ച് ആളുകളെ എത്തിക്കുന്നു. സോണുകൾക്കിടയിലെ യാത്രയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. അന്തർ ജില്ലാ യാത്രകൾക്ക് കലക്ടറുടെ അനുമതി വേണമെന്നത് പ്രായോഗികമല്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അവ്യക്തമാണ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കാൻ ആരംഭിച്ചിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾ കാലിയായാണ് തിരിച്ചെത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഈ ട്രെയിനുകളിൽ തിരികെ കൊണ്ടുവരാവുന്നതാണ്. ഇതിനായി നേരത്തേ റെയിൽവേ ബോർഡുമായി ബന്ധപ്പെടേണ്ടതായിരുന്നു. എന്നാൽ മലയാളികളെ തിരികെ എത്തിക്കുന്നതിനായി കേരളം സ്പെഷ്യൽ ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ കുറിപ്പിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അത് ശരിയാണെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ ഒരു വീഴ്ചയാണിതെന്നും സ്പെഷ്യൽ ട്രെയിനുകൾക്കു വേണ്ടി അടിയന്തിരമായി കേന്ദ്രത്തിനോട് അഭ്യർത്ഥിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സ്വകാര്യ വാഹനങ്ങളോ കാറുകൾ വാടകയ്ക്കെടുത്തോ വരാനുള്ള സാമ്പത്തികം ഉണ്ടാവില്ല. ഇത്തരക്കാർക്കു വേണ്ടി പ്രത്യേകം നോൺ സ്റ്റോപ്പ് ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ അടങ്ങിയ സർക്കുലറിൽ അപ്രായോഗികമായ നിർദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകുന്നതിന് കളക്ടറുടെ ഉത്തരവ് വാങ്ങുക എന്നൊക്കെ പറയുന്നത് അപ്രായോഗികമാണ്.

ചെക്ക് പോസ്റ്റിൽ എത്തിക്കഴിഞ്ഞാൽ അവിടെ വരെ വന്ന വാഹനം വിട്ട് മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് പോകണം എന്നും സർക്കുലറിൽ പറയുന്നുണ്ട്, എന്നാൽ എത്ര പേർക്ക് ഇതിനു കഴിയും. പ്രായോഗികമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ട് സർക്കാർ അടിയന്തരമായി സർക്കുവർ പരിഷ്‌കരിക്കുന്നതിൽ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തിനകത്ത് ജില്ലകൾ മാറി പെട്ടു പോയിട്ടുള്ളവരെയാണ് ആദ്യം അവരുടെ സ്ഥലങ്ങളിലേക്ക് തിരികെ എത്തിക്കേണ്ടത് എന്ന് ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. ബസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

രാജസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനായി പഞ്ചാബിൽ നിന്നും 250 ബസുകളാണ് വിട്ടത്. നമുക്കും ഇത്തരത്തിൽ നമ്മുടെ കെ.എസ്.ആർ.ടി.സി. ബസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ട്രെയിൻ കിട്ടാത്ത സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി. ബസ് ഉപയോഗപ്പെടുത്താവുന്നതാണ്. അഞ്ച് കേന്ദ്രങ്ങളാണ് നമ്മുടെ അതിർത്തിയിൽ ഉള്ളത്. കാസർകോട് അതിർത്തി, മുത്തങ്ങ, വാളയാർ, നാഗർകോവിൽ, ആര്യങ്കാവ്. ഈ അഞ്ച് സ്ഥലങ്ങളിലേക്കും പ്രത്യേകം കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിലുള്ള ഒരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല എന്നത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു.

അതുകൊണ്ട് മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ അടിയന്തരമായി പരിഷ്‌കരിക്കണം. അതുപോലെ തന്നെ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ എടുത്തിരിക്കുന്ന നയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന എല്ലാവരേയും തിരികെ കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. ഇതിൽ മുൻഗണന തീരുമാനിക്കുന്നതിൽ തെറ്റില്ല പക്ഷേ മറ്റുള്ളവരെ കൊണ്ടുവരില്ല എന്ന നിലപാട് ശരിയല്ല എന്നു ചെന്നിത്തല പറഞ്ഞു. 'ശ്രമിക്' ട്രെയിൻ നിരക്കിന്റെ 85% സബ്‌സിഡിയെന്ന ബിജെപി വാദം ശരിയല്ല. ആദ്യ നിർദേശത്തിൽ സബ്‌സിഡി പരാമർശമില്ല. ടിക്കറ്റ് നിരക്കിനൊപ്പം അധികചാർജ് ഈടാക്കാനുമാണ് നിർദേശമെന്നും തെളിവുകൾ സഹിതം ചെന്നിത്തല ചൂണ്ടിക്കാട്ടി.

ധൂർത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തലയുടെ മറുപടിയുണ്ടായി. മാസം ഒരു കോടി മുടക്കി എന്തിനാണ് ഹെലികോപ്റ്റർ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു. ഉപദേശകർക്കും ഭരണപരിഷ്‌കാര കമ്മിഷനും വൻതുകയാണ് നല്കുന്നത്. മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടി മോദിയുടെ മൻ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

അതിഥി തൊഴിലാളികളെ കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്ന ബിഹാറിലേക്കുള്ള അഞ്ച് ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ, ആലുവ സ്റ്റേഷനുകളിൽ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം .അതിഥി തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. ട്രെയിൻ യാത്രയ്ക്ക് പണം ഈടാക്കുന്നത് ബോധപൂർവമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം യാത്ര ഒരുക്കുകയാണ് ലക്ഷ്യം. യാത്രസൗജന്യമാക്കിയാൽ എല്ലാവരും യാത്ര ചെയ്യുമെന്നും റെയിൽവേ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP