Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഫ്ബിയുടെ പേരിൽ ജിഎസ് പ്രദീപിന് അശ്വമേധം കളിക്കാനും ധൂർത്ത്! സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിലെ കിഫ്ബിയെ കുറിച്ച് ബോധവത്കരണം നടത്താനുള്ള സക്‌സസ് കേരള പ്രശ്‌നോത്തരിക്കായി പൊടിക്കുന്നത് ലക്ഷങ്ങൾ; മത്സരങ്ങൾക്ക് പതിനഞ്ച് ലക്ഷത്തോളം പൊടിക്കുമ്പോൾ പരിപാടി നടന്നത് ആലപ്പുഴ, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ; ലോക്ക് ഡൗണിനു ശേഷം വിപുലമാക്കാനും നീക്കം; ശരിവയ്ക്കുന്നത് കിഫ്ബി ബോധവത്ക്കരണത്തിനെന്ന പേരിലുള്ള 12 കോടി ധൂർത്തെന്ന പ്രതിപക്ഷ ആരോപണം

കിഫ്ബിയുടെ പേരിൽ ജിഎസ് പ്രദീപിന് അശ്വമേധം കളിക്കാനും ധൂർത്ത്! സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിലെ കിഫ്ബിയെ കുറിച്ച് ബോധവത്കരണം നടത്താനുള്ള സക്‌സസ് കേരള പ്രശ്‌നോത്തരിക്കായി പൊടിക്കുന്നത് ലക്ഷങ്ങൾ; മത്സരങ്ങൾക്ക് പതിനഞ്ച് ലക്ഷത്തോളം പൊടിക്കുമ്പോൾ പരിപാടി നടന്നത് ആലപ്പുഴ, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ; ലോക്ക് ഡൗണിനു ശേഷം വിപുലമാക്കാനും നീക്കം; ശരിവയ്ക്കുന്നത് കിഫ്ബി ബോധവത്ക്കരണത്തിനെന്ന പേരിലുള്ള 12 കോടി ധൂർത്തെന്ന പ്രതിപക്ഷ ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: കിഫ്ബിയിലെ ധൂർത്തിന്റെ പ്രകടോദാഹരണമായി കിഫ്ബി ക്വിസ് പരിപാടിയും. സർക്കാരുമായി ബന്ധമുള്ളവർ കിഫ്ബി പണം ധൂർത്തടിക്കുന്നതിന്റെ ഉദാഹരണമായാണ് ഈ കിഫ്ബി ക്വിസ് പരിപാടി വിരൽ ചൂണ്ടപ്പെടുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്). കിഫ്ബിയും ക്വിസും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധം മാത്രമാണ് ഉള്ളത്. എന്നിരിക്കെ തന്നെയാണ് പൊതുപ്പണത്തിനുള്ള ധൂർത്തിനായി കിഫ്ബിയെയും ക്വിസിനെയും ചേർത്ത് വെച്ചിരിക്കുന്നത്. കൈരളിയിലെ അശ്വമേധം ബന്ധം ഉപയോഗിച്ച് ജി.എസ്.പ്രദീപ് കിഫ്ബിയിൽ സ്വാധീനം ചെലുത്തിയാണ് ഈ ക്വിസ് പരിപാടി നേടിയത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കിഫ്ബിയുടെ ബോധവത്കരണ പദ്ധതികളുടെ ഭാഗമായി ജി.എസ്.പ്രദീപാണ് കിഫ്ബിയുമായി കൈകോർത്ത് ഈ ക്വിസ് പ്രോഗ്രാം നടത്തുന്നത്. ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങൾ ഓരോ ജില്ലയിലെയും അവതരണത്തിനു നൽകണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്ന തുകകൾ വേറെയും. 14 ലക്ഷത്തോളം രൂപ ഒരു ജില്ലയിലെ ക്വിസ് പരിപാടിക്ക് മാത്രമായി കിഫ്ബി ചെലവിടുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബോധവത്ക്കരണത്തിന്റെ കിഫ്ബി തന്നെ മാറ്റിവെച്ച 12 കോടിയിൽ നിന്നാണ് ഈ തുകയും നൽകുന്നത്.

കേരളത്തിലെ പതിനാലു ജില്ലകളിലും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കു ചേർത്താണ് ക്വിസ് മത്സരം പങ്കെടുപ്പിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് ഒരു മത്സരത്തിനു 14 ലക്ഷത്തോളം രൂപയാണ് ഈ ആവശ്യത്തിനു കിഫ്ബി ചെലവിടുന്നുണ്ട്. കിഎഫ്ബി എന്തിനു ക്വിസ് മത്സരം നടത്തി പണം പൊടിക്കണം എന്ന ചോദ്യം ഉയരുമ്പോൾ തന്നെയാണ് ഈ ക്വിസ് മത്സരം സംശയാസ്പദമായി മാറുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കിഫ്ബിക്ക് വേണ്ടി നടത്തുന്ന ബോധവൽക്കരണം എന്നാണ് ഇതിനു ലഭിക്കുന്ന ഓമനപ്പേര്. ലക്ഷങ്ങൾ തന്നെയാണ് ഈ ക്വിസ് പരിപാടിക്ക് വേണ്ടിയും ധൂർത്തടിക്കപ്പെടുന്നത്. അറിവും വിജ്ഞാനവും സമന്വയിപ്പിച്ച് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന ക്വിസ് മത്സരം. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പ്രദർശനത്തിന്റെ ഭാഗമായാണ് മത്സരം എന്നൊക്കെയാണ് ക്വിസ് മത്സരത്തിനു വരുന്ന വിശേഷണങ്ങൾ.

കിഫ്ബി വഴങ്ങുന്നത് അനധികൃത സ്വാധീനത്തിന്

അനധികൃത നടപടികൾക്കും വഴിവിട്ട സ്വാധീനത്തിനും കിഫ്ബി വഴങ്ങുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ ക്വിസ് പരിപാടി. കിഫ്ബി ബോധവത്ക്കരണത്തിനു കിഫ്ബി മാറ്റി വെച്ച 12 കോടി ധൂർത്തായി ചെലവിടും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യമേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയിക്കുന്ന നടപടിയാണ് ക്വിസ് പരിപാടി എന്ന ധൂർത്തിലൂടെ കിഎഫ്ബി നടത്തുന്നത്. ലക്ഷങ്ങളാണ് ഒരു ആവശ്യവും ഇല്ലാതെ ഈ ക്വിസ് പരിപാടിക്ക് കിഫ്ബി മുടക്കിക്കൊണ്ടിരിക്കുന്നത്. . കിഫ്ബി ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് എന്നാണ് വെയ്‌പ്പ്. പതിനാലു ജില്ലകളിലെയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ക്വിസ് വഴിയുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നത്.

രണ്ടു ജില്ലകളിൽ തിരുവനന്തപുരത്തും ആലപ്പുഴയും കാസർകോടും പരിപാടികൾ നടന്നു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തൈക്കാട് പൊലീസ് ഗ്രൌണ്ടിലാണ് സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലാണ് ക്വിസ് പരിപാടി നടന്നത്. ക്വിസ് പരിപാടികൾ വലിയ രീതിയിൽ മുന്നോട്ടു കൊണ്ട് പോകാനുള്ള അണിയറ ശ്രമങ്ങൾ പുരോഗമിക്കവേയാണ് കൊറോണയുമായി വന്ന ലോക്ക് ഡൗൺ ഈ പരിപാടിയെയും ബാധിക്കുന്നത്. ലോക്ക് ഡൗൺ മാറിയ ശേഷം എല്ലാ ജില്ലകളിലും പൂർവാധികം ശക്തിയോടെ നടത്താനാണ് നീക്കം. ക്വിസ് പരിപാടിക്ക് മാത്രമായി ജി.എസ്.പ്രദീപ് ഒരു ഫ്‌ളാറ്റ് സ്റ്റാച്യുവിനു സമീപം വാടകയ്ക്ക് എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ ഫ്‌ളാറ്റിൽ ഇരുന്നാണ് ബാക്കി കാര്യങ്ങൾ ചെയ്യുന്നത്. കിഫ്ബിയുടെ അക്കൗണ്ട്‌സ് വിവരങ്ങൾ രഹസ്യമായതിനാൽ ഇതുമായി ബന്ധമുള്ള വിവരങ്ങളും രഹസ്യമായാണ് സൂക്ഷിക്കുന്നത്. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. സർക്കാരുമായി അടുപ്പവും ബന്ധവും ഉള്ളവർ ഈ പണം ധൂർത്തടിക്കുന്നു എന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രമുഖം. ഇതിനു ഉദാഹരണമാണ് കിഎഫ്ബി നടത്തുന്ന ക്വിസ് പ്രോഗ്രാം.

പൊതുപ്പണം ധൂർത്തടിക്കുന്നതിൽ മത്സരം

പൊതുപണം ധൂർത്തടിക്കുന്നതിൽ മത്സരിക്കുന്ന സർക്കാരിന്റെ ഏറ്റവും പ്രധാന ഏജൻസി എന്നാണ് പ്രതിപക്ഷം കിഫ്ബിയെക്കുറിച്ച് ഉന്നയിക്കുന്ന പ്രാധാന ആരോപണങ്ങളിൽ ഒന്ന്. ഈ ഘട്ടത്തിൽ തന്നെയാണ് കിഫ്ബിയും ക്വിസും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യം ഉയരുന്നത്. പ്രതിപക്ഷ നേതാവ് സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നായിരുന്ന കിഫ്ബി വഴിയുള്ള ധൂർത്ത് ഒഴിവാക്കണം എന്ന ആവശ്യം. അതിനായി ആദ്യം ബോധവത്ക്കരണത്തിനു നീക്കിവയ്ക്കുന്ന 12 കോടി രൂപ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കിഫ്ബി പദ്ധതികളെക്കുറിച്ച് അഴിമതി ആരോപണങ്ങളും നിരന്തര ആക്ഷേപങ്ങളുമാണ് ഉയർന്നു വരുന്നത്. പ്രതിപക്ഷ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർന്നു വന്നതും കിഫ്ബി പദ്ധതികളെക്കുറിച്ചാണ്. സിഎജി നിർദ്ദേശിക്കുന്ന ഓഡിറ്റിനു പോലും സർക്കാർ വിസമ്മതിക്കുന്നത് കിഫ്ബിയിലെ സുതാര്യതയില്ലായ്മ കാരണം എന്നാണ് പ്രതിപക്ഷ ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കുന്ന നടപടി തന്നെയാണ് ക്വിസ് ഇടപാടിന്റെ പിന്നിലും നടക്കുന്നത്.

ഉപദേശകർക്ക് മൂന്നു ലക്ഷം ശമ്പളം

ഈ കഴിഞ്ഞ ദിവസമാണ് കിഫ്ബിയിൽ ഉപദേശകരെ വിളിച്ചുള്ള കിഫ്ബി പരസ്യം വിവാദമായത്. മുണ്ട് മുറുക്കിയുടുത്ത് ചെലവ് നിയന്ത്രിക്കണം എന്ന് സർക്കാർ പറയുമ്പോൾ ഉപദേശകർക്ക് കിഫ്ബി ഓഫർ ചെയ്ത മാസശമ്പളം മൂന്നു ലക്ഷം രൂപയായിരുന്നു. മുതിർന്ന പ്രോജക്റ്റ് ഉപദേശകന് മൂന്നു ലക്ഷം ഓഫർ ചെയ്തപ്പോൾ പോജ്ക്റ്റ് ഉപദേശകനു ഒരു ലക്ഷത്തി എൺപതിനായിരം രൂപയും ടെക്‌നിക്കൽ ഉപദേശകന് 75000 രൂപയും ജൂനിയർ ഉപദേശകന് 75000 രൂപയായിരുന്നു. മൾട്ടി നാഷണൽ കമ്പനികൾ കൂടി കൊടുക്കുന്നതിലും കൂടുതൽ ശമ്പളമാണ് കിഫ്ബി ഓഫർ ചെയ്തത്. കിഫ്ബിയിലെ ധൂർത്തിന് ഉദാഹരണം എന്ന് പറഞ്ഞു പ്രതിപക്ഷം വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ തന്നെയാണ്. ഈ രീതിയിലുൽ തീരുമാനങ്ങൾ വഴിയാണ് കിഫ്ബി വിവാദമായി രാഷ്ട്രീയ അന്തരീക്ഷത്തിൽ നിലകൊള്ളുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കും എന്നാണ് കിഫ്ബിയെ കുറിച്ചുള്ള സർക്കാർ പ്രഖ്യാപനം. ഇത് തന്നെയാണ് അഴിമതിക്കും ധൂർത്തിനും വഴിയൊരുക്കുന്നത്.

ഫണ്ട് കിഫ്ബിയിലേക്ക് ഒഴുകുമ്പോൾ അതിനനുസരിച്ചുള്ള ധൂർത്തും അഴിമതിയും വർദ്ധിക്കുക തന്നെയാണ്. സിഇഒ എന്ന നിലയിൽ കെ.എം.എബ്രഹാം വാങ്ങിക്കുന്ന ശമ്പളത്തിലും വിവാദം വന്നിരുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ എം എബ്രഹാം കൈപ്പറ്റുന്നത്. ഇത് തന്നെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്ക എബ്രഹാം തന്നെയാണ് ഇത്തരം ഒരു ഓർഡർ ഇറക്കിയത്. ഇത് ലംഘിക്കുന്നതും അദ്ദേഹത്തിന്റെ കാര്യത്തിൽ തന്നെയായി എന്നത് വിചിത്രമായി തുടരുകയാണ്.

591 പദ്ധതികളിലായി 45,619 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. അതിൽ തന്നെയാണ് മസാല ബോണ്ട് വിവാദങ്ങളും കയറിവന്നത്. സർക്കാർ അഭിമാന നേട്ടമായി ഉയർത്തിക്കാട്ടുന്ന പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടം, തീരദേശ-മലയോര ഹൈവേ അടക്കമുള്ള പുതിയ റോഡുകളും പാലങ്ങളും, ദേശീയപാതാ വികസനം, ടെക്‌നോ സിറ്റിയും ഇൻഡസ്ട്രിയൽ പാർക്കുമടക്കം കിഫ്ബിയുടെ നേട്ടങ്ങൾ എന്ന രീതിയിലാണ് സർക്കാർ ഉയർത്തിക്കാണിക്കുന്നത്. ഇതിൽ കിഫ്ബിവഴിയുള്ള ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ വൻ അഴിമതി ആരോപിക്കപ്പെട്ടു. കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വൻ അഴിമതിയാണ് നടത്തിയത്. രണ്ട് പദ്ധതിയിലും വർക്ക് ടെൻഡർ ചെയ്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ല. സർക്കാരിന് ഇഷ്ടമുള്ള കമ്പനികൾക്ക് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉയർന്നു വന്നത്.

കിഫ്ബിക്ക് വേണ്ടി മറ്റ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ എഞ്ചിനീയറെ വെച്ചു. സാധാരണ നിരക്കിൽ നിന്നും 60 ശതമാനം ഉയർന്ന നിരക്കിലാണ് ടെൻഡർ നൽകിയത്. എൽ ആൻഡ് ടി, സ്‌കാർലെറ്റ് കമ്പനികൾക്ക് വേണ്ടി പ്രീക്വാളിഫിക്കേഷനിൽ മാറ്റം വരുത്തി. നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ചീഫ് എഞ്ചിനീയറെ നിയമിച്ചാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോർഡിന്റെ ട്രാൻസ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മണ്ണു മാറ്റി തറ നിർമ്മിക്കാന് 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. പൂർത്തിയായപ്പോൾ 11 കോടി രൂപ ചെലവായി. ഈ രീതിയിലാണ് കിഫ്ബിയിലെ പദ്ധതികൾ നടപ്പാക്കപ്പെടുന്നത്. അഴിമതി നടക്കുന്നതുകൊണ്ടാണ് എ.ജിയുടെ ഓഡിറ്റിങ് കിഫ്ബിയിൽ അനുവദിക്കാത്തത്. കിഫ്ബി അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) സിഎജി ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് ആരോപണം വന്നു. 1999 ൽ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സിഎജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16(6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010 ലും 2016ലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നൽകിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം സർക്കാർ അവഗണിക്കുകയായിരുന്നു.

സിഎജി റിപ്പോർട്ടിലും ആരോപണം:

കിഫ്ബിയുടെ ആദ്യ രണ്ട് വർഷക്കാലയളവിലെ പ്രവർത്തനം സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിലും ആരോപണം തന്നെയാണ് ഉയർന്നു വന്നത്. 15,575 കോടി ചെലവിൽ 26 പദ്ധതികളാണ് കിഫ്ബി വഴി രണ്ടുവർഷക്കാലയളവിൽ വിഭാവനം ചെയ്തത്. എന്നാൽ, രണ്ട് പദ്ധതികൾക്ക് 47 കോടി രൂപ മാത്രമാണ് തുക അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-17 കാലയളവിൽ എട്ട് പദ്ധതികൾക്ക് 615 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, പണം നൽകിയത് ഒരു പദ്ധതിക്ക് മാത്രമാണ്. 2017-18 ലാകട്ടെ, 18 പദ്ധതികൾ പ്രഖ്യാപിച്ചു. 14,960 കോടിയായിരുന്നു അനുവദിക്കുമെന്ന് പറഞ്ഞ തുക. എന്നാൽ, ഒരെണ്ണത്തിനു മാത്രമാണ് തുക നൽകിയത്-റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP