Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ അനേകം കേസുകൾ; തട്ടിപ്പു മറച്ചതിന്റെ പേരിൽ ബ്രിട്ടനിൽ ഓഡിറ്റിങ് സ്ഥാപനത്തിന് എതിരെയും അന്വേഷണം; യുഎഇയിൽ 50,000 കോടിയുടെ കടബാധ്യതയുള്ള ബി ആർ ഷെട്ടിക്ക് ശിഷ്ടകാലം ലോകം ചുറ്റിക്കറങ്ങി കേസു കളിച്ചു നടക്കാം; എൻഎംസിയുടെ സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് പുതിയ തട്ടിപ്പിന്റെ വിവരങ്ങൾ; രഹസ്യമായി പൂഴ്‌ത്തവെച്ച ഫിനാബ്ലറിന്റെ ഒരു ബില്യൺ കോടി ഡോളറിന്റെ കടബാധ്യതയുടെ വിശദാംശങ്ങളും പുറത്ത്

കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ അനേകം കേസുകൾ; തട്ടിപ്പു മറച്ചതിന്റെ പേരിൽ ബ്രിട്ടനിൽ ഓഡിറ്റിങ് സ്ഥാപനത്തിന് എതിരെയും അന്വേഷണം; യുഎഇയിൽ 50,000 കോടിയുടെ കടബാധ്യതയുള്ള ബി ആർ ഷെട്ടിക്ക് ശിഷ്ടകാലം ലോകം ചുറ്റിക്കറങ്ങി കേസു കളിച്ചു നടക്കാം; എൻഎംസിയുടെ സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് പുതിയ തട്ടിപ്പിന്റെ വിവരങ്ങൾ; രഹസ്യമായി പൂഴ്‌ത്തവെച്ച ഫിനാബ്ലറിന്റെ ഒരു ബില്യൺ കോടി ഡോളറിന്റെ കടബാധ്യതയുടെ വിശദാംശങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യൻ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയുടെ എൻഎംസി പ്രതിസന്ധിയുടെ കയത്തിലേക്ക് നീങ്ങുന്നു. യുഎഇയിലെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവരുമ്പോൾ വലിയ പ്രതിസന്ധിയിലേക്കാണ് ഷെട്ടിയും സ്ഥാപനങ്ങളും നീങ്ങുന്നത്. അമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള ഷെട്ടിക്ക് കുരുക്കായി യുകെയിലും അമേരിക്കയിലെയും കേസുകൾ ഉയർന്നിരിക്കയാാണ്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി തട്ടിപ്പു നടത്തിയ എൻഎംസിയുടെ ഓഡിറ്റിങ് സ്ഥാപനത്തിന് എതിരെയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ബ്രിട്ടീഷ് അക്കൗണ്ടിങ് റെഗുലേറ്ററാണ് എൻഎംസി ഹെൽത്തിന്റെ ഓഡിറ്ററായ ഇ വൈ(ഏർണസ്റ്റ് ആൻഡ് യംഗ്) ഗ്ലോബലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എൻഎംസിയുടെ തട്ടിപ്പു വിവരങ്ങൾ മറച്ചു വെക്കാൻ ശ്രമം നടത്തിയെന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം. ഈ വിവരങ്ങളിലാണ് കൂടുതൽ അന്വേഷണം നടക്കുക. എൻഎംസിക്ക് നാല് ബില്യൺ ഡോളറിന്റെ വായ്‌പ്പ ഉണ്ടെന്ന വിവരം മറച്ചുവെക്കാൻ ഓഡിറ്റിങ് സ്ഥാപനം കൂട്ടുനിന്നു എന്നാണ് ഇ വൈക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. സംഭവത്തിൽ എൻഎംസിയിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ലണ്ടനിൽ ഓഡിറ്റിങ് സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

അതേസമയം ബി ആർ ഷെട്ടിക്കും എൻഎംസിക്കും തിരിക്കടിയായി അമേരിക്കൻ നിയമ സ്ഥാപനം സാമ്പത്തിക തട്ടിപ്പു ആരോപണങ്ങളിൽ കേസ് ഫയൽ ചെയ്തു. നിരവധി കേസുകളാണ് എൻഎംസിക്കെതിരെ അമേരിക്കയിൽ ഉയർന്നിരിക്കുന്നത്. എൻഎംസിയുടെ ഇപ്പോഴത്തെ വമ്പൻ തകർച്ച മൂലമുണ്ടായ നിക്ഷേപകർക്കുണ്ടായ നഷ്ടം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് കേസുകൾ ഉയർന്നിരിക്കുന്നത്. ഓഹരി തട്ടിപ്പു കേസിലാണ് അമേരിക്കയിലെ നിക്ഷേപർ വിവിധ നിയമസ്ഥാപനങ്ങൾ വഴി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലെ ആഭ്യനന്തര നിയന്ത്രണം നഷ്ടപ്പെട്ടതും വൻ ലോൺ ബാധ്യത വെളിപ്പെടുത്തത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളും ഓഹരി തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതോടെ ഇപ്പോൾ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ് എൻഎംസി. റിച്ചാർഡ് ഫ്‌ളീമിങ്. മാരക്ക് ഫിർമിൻ, ബെൻ കെയിൻ്‌സ് എന്നിവരാണ് ഇപ്പോൾ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം അമേരിക്കയിലെ നിക്ഷേപകർ നൽകിയെ കേസുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താൻ ഇവർ തയ്യാറായിട്ടില്ല.

അതേസമയം യുഎഇ എക്‌സ്‌ചേഞ്ചുമായി ചേർന്നു പ്രവർത്തിക്കുന്ന ഫിനാബ്ലർ ഇതുവരെ വെളിപ്പെടുത്താതിരുന്ന ഒരു ബില്യൺ യുഎസ് ഡോളറിന്റെ ലോൺ ബാധ്യതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുമ്പാകെയാണ് ഇതേക്കഉറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഇത് ഫിനാബ്ലറിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഹൗലിഹാൻ ലോക്കിയാണ് ഇക്കാര്യം അറിയിച്ചത്. ഷെട്ടിയുടെ ഓഡിറ്റിങ് കമ്പനിയാകും ഇത്തരം കടബാധ്യതകൾ മറച്ചുവെക്കാൻ കൂട്ടുനിന്നതെന്ന ആരോപണമാണ് ഉയരുന്നത്. ബോർഡിനെ അറിയിക്കാതെ വെച്ചിരിക്കയായിരുന്നു ഈ കടബാധ്യതകളും. 1.3 ബില്യൺ ഡോളറിന്റെ കടബാധ്യതയാണ് ഇപ്പോൾ കമ്പനിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്്.

ഫിനാബ്ലർ സ്ഥാപകനും കോ ചെയർമാനുമായിരുന്നു ബി ആർ ഷെട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 150 ദശലക്ഷം ഇടപാടുകളിലൂടെ ഏകദേശം 115 ബില്യൺ ഡോളറാണ് ഫിനാബ്ലർ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ വിനിമയം നടത്തിയത്. 170 രാജ്യങ്ങളിലായി ആഗോള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, റീടെയ്ലർമാർ, മൊബൈൽ വാലെറ്റ് ദാതാക്കൾ, സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങി നൂറിലേറെ അധികൃത സ്ഥാപനങ്ങളുമായി ഫിനാബ്ലർ സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1.6 ബില്യൺ ഡോളറിന്റെ വിപണി മൂലധനം തിട്ടപ്പെടുത്തിയ ഫിനാബ്ലറിന്റെ കടബാധ്യതകൾ പുറത്തുവരുന്നത് നിക്ഷേപകരെ ഞെട്ടിക്കുന്നുണ്ട്.

അതേസമയം യുഎഇയിൽ 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഷെട്ടിക്കും സ്ഥാപനത്തിലും ഉള്ളത്. യുഎഇയിൽ നിന്നും അറസ്റ്റു ഭയന്നു നാട്ടിലേക്ക് മടങ്ങിയ ഷെട്ടിക്ക് ഇന്ത്യയിലും കൂരുക്കു വീണേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടി 2 പ്രമുഖ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നു സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എത്രപണം ലോൺ എടുത്തിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടെങ്കിലും യുഎഇയിലെ പ്രതിസന്ധി ഈ ലോൺ ഇടപാടിനെയും ബാധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഷെട്ടിയുടെ യുഎഇയിലെ കമ്പനിയായ എൻഎംസി (ന്യൂ മെഡിക്കൽ സെന്റർ) യുടെ ഓഹരി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ഷെട്ടിക്ക് ഇന്ത്യൻ ബാങ്കുകളിലും ലോണുണ്ടെന്ന വിവരം പുറത്തുവന്നത്. ഈ ഇടപാടുകൾ മൂലം കമ്പനിക്ക് 50,000 കോടിയുടെ കടബാധ്യതയാണുണ്ടായത്. എൻഎംസിയുടെ ഓഹരി ഉടമസ്ഥാവകാശവും ആസ്തികളും കൈമാറ്റം ചെയ്യുന്നതു തടയണമെന്നു നിർദേശിച്ച യുഎഇ അധികൃതർ, അന്വേഷണം ഊർജിതമാക്കി. ഷെട്ടിയെയും 5 പങ്കാളികളെയും പ്രതിചേർത്ത് അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) നൽകിയ കേസിലും നടപടികൾ തുടരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.

2012ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട എൻഎംസി ചുരുങ്ങിയ കാലംകൊണ്ട് നേടിയത് 76,000 കോടി രൂപയാണ്. പിന്നാലെ യുഎഇ എക്സ്ചേഞ്ച് ഉൾപ്പടെ 7 കമ്പനികൾ ചേർന്നുള്ള ഫിനാബ്ലറും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. എൻഎംസി ഓഹരിവില 10 ൽ നിന്ന് 2500 പൗണ്ട് വരെയെത്തി. ഇതിനിടെ, ട്രാവലെക്സ് എന്ന കൂറ്റൻ പണമിടപാട് കമ്പനി ഏറ്റെടുക്കാനായി എൻഎംസി ഓഹരികൾ യുഎഇയിലെ 10 ബാങ്കുകൾ ഉൾപ്പടെ ലോകത്തെ വിവിധ ബാങ്കുകളിൽ പണയം വച്ചു. ബാങ്കുകൾ മൽസരിച്ചു വായ്പ നൽകിയത് 75,000 കോടിയോളം രൂപ. അബുദാബിയിലെ ഏറ്റവും വലിയ ബാങ്കായ എഡിസിബി മാത്രം നൽകിയത് 30,000 കോടി രൂപ.

യുഎസ് ഊഹക്കച്ചവട കമ്പനി ' മഡി വാട്ടേഴ്സ്' എൻഎംസിയിൽ നിക്ഷേപത്തിന് ആഗ്രഹിച്ചതു മുതലാണു പ്രശ്നങ്ങൾ പുറത്തുവന്നത്. ശരിയായ ആസ്തിയല്ല എൻഎംസി കാണിച്ചിട്ടുള്ളതെന്നും ഓഹരി ഇടപാടിൽ ക്രമക്കേടുണ്ടെന്നും അവർ ആരോപിച്ചു. ക്രമക്കേട് ഉന്നയിച്ച് വില താഴ്‌ത്തിയ ശേഷം ഓഹരി വാങ്ങിക്കൂട്ടി പിന്നീടു വിറ്റു ലാഭം നേടാനായിരുന്നു മഡിവാട്ടേഴ്സ് നീക്കം. ഇതിനിടെ, ഓഹരി വാങ്ങാൻ മറ്റു 2 യുഎസ് കമ്പനികളും എത്തി. എന്നാൽ, വില കയറുന്നതിനുപകരം 70 ശതമാനത്തോളം കൂപ്പുകുത്തി. അതോടെ വായ്പ നൽകിയ ബാങ്കുകൾ ആശങ്കയിലായി.

അതേസമയം തന്നെ ചതിച്ചതാണ് എന്ന ആരോപണവുമായും ഷെട്ടി രംഗത്തുവന്നിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും ചെക്കുകൾ നൽകുകയും ചെയ്തത് പഴയതും പുതിയതുമായ ഒരു ചെറിയ ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകളാണെന്നാണ് ഷെട്ടിയുടെ വാദം. തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്‌മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.- ഷെട്ടി പറയുന്നു.

കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ നിൽക്കുന്നതെന്നും ഷെട്ടി പറഞ്ഞു. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാൻ കഠിനമായി ശ്രമിക്കുകയാണ്. സത്യം കണ്ടെത്താനും ക്രമക്കേടിലൂടെ നഷ്ടമായ ഫണ്ടുകൾ ഉത്തരവാദികളിൽ നിന്ന് വീണ്ടെടുത്ത് യഥാർഥ അവകാശികൾക്ക് നൽകാൻ അധികാരികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ വെള്ളത്തിലാക്കിയതിനെ പിന്നാലെ പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ.സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. ഷെട്ടിയുടെ ധനകാര്യ ്സഥാപനമായ ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടതിന് പിന്നാലെ അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് എല്ലാവിധ ഇടപാടുകളും റദ്ദ് ചെയ്ത് യുഎഇ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിലാണ്. ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറൽ അറ്റോർണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിർദ്ദേശമുള്ളത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.

അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു അദ്ദേഹം യുഎഇ മാധ്യമംമായ 'ദ നാഷണലി' നോട് പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ അവസാനിച്ച്, വിമാനസർവീസ് പുനഃരാരംഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എൻഎംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP