Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്മസ് രാവിൽ മോഹം പങ്കുവച്ചു; ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആൽബങ്ങളിലോ അഭിനയിക്കാത്ത നായകൻ; മകന്റെ ആഗ്രഹം അറിഞ്ഞപ്പോൾ നിർമ്മതാവിന്റെ വേഷത്തിൽ എത്തിയത് അച്ഛനും; സിനിമയുടെ പൂജയ്ക്കിടെ ഉണ്ടായ അപകടത്തിൽ കാലൊടിഞ്ഞത് വകവയ്ക്കാതെ അഭിനയം; മേക്കടമ്പിലെ അപകടത്തിൽ മരിച്ചത് മൂവാറ്റുപുഴക്കാരുടെ സ്വന്തം ഹീറോ; ദുരന്തമായത് സുഹൃത്തിന്റെ വിവാഹ നിശ്ചയ പാർട്ടി കഴിഞ്ഞുള്ള കാറോട്ടം; ബേസിൽ ജോർജും നിധിനും അശ്വിനും ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ

ക്രിസ്മസ് രാവിൽ മോഹം പങ്കുവച്ചു; ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആൽബങ്ങളിലോ അഭിനയിക്കാത്ത നായകൻ; മകന്റെ ആഗ്രഹം അറിഞ്ഞപ്പോൾ നിർമ്മതാവിന്റെ വേഷത്തിൽ എത്തിയത് അച്ഛനും; സിനിമയുടെ പൂജയ്ക്കിടെ ഉണ്ടായ അപകടത്തിൽ കാലൊടിഞ്ഞത് വകവയ്ക്കാതെ അഭിനയം; മേക്കടമ്പിലെ അപകടത്തിൽ മരിച്ചത് മൂവാറ്റുപുഴക്കാരുടെ സ്വന്തം ഹീറോ; ദുരന്തമായത് സുഹൃത്തിന്റെ വിവാഹ നിശ്ചയ പാർട്ടി കഴിഞ്ഞുള്ള കാറോട്ടം; ബേസിൽ ജോർജും നിധിനും അശ്വിനും ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മകനെ നടനാക്കാൻ സിനിമ നിർമ്മിച്ച അച്ഛൻ. അഭിനയമാണ് മകന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന തിരിച്ചറിവിലാണ് 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയുടെ പിറവി. നന്മയുള്ള ഗ്രാമത്തിന്റെ കഥ പറഞ്ഞ ഈ സിനിമ മൂവാറ്റുപുഴയിൽ ഏറെ പ്രാദേശിക ചർച്ചയ്ക്കും വഴിയൊരുങ്ങി. മൂവാറ്റുപുഴക്കാരുടെ ചിത്രമെന്ന ടാഗ് ലൈനും ഈ പ്രണയ ചിത്രത്തിന് കിട്ടി. അങ്ങനെ മൂവാറ്റുപ്പുഴക്കാരുടെ ആവേശവുമായി ബേസിൽ ജോർജിന്റെ സിനിമാ മോഹങ്ങളും വളർന്നു. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകൻ ആയിരുന്നു ബേസിൽ ജോർജും ആര്യ മണികണ്ഠനും ആയിരുന്നു പ്രധാനതാരങ്ങൾ.

മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും കോതമംഗലത്തും ചിത്രത്തിന് വലിയ പബ്ലിസിറ്റിയായിരുന്നു. ലോക്കൽ ചാനലുകളിലും വാർത്തകളെത്തി. അങ്ങനെ ഈ പ്രദേശത്ത് ബേസിൽ താരവുമായിരുന്നു. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ അഭിനേതാവാണ് മൂവാറ്റുപുഴ മേക്കടമ്പിലെ ദാരണു അപകടത്തിൽ മരിച്ചത്.21 വയസ്സേ ഈ യുവാവിന് ഉണ്ടായിരുന്നുള്ളൂ. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറിയാണ് ബേസിൽ അടക്കം മൂന്നു പേർ മരിച്ചത്. നിധിൻ (35) അശ്വിൻ (29) എന്നിവരാണു ബേസിലിന് പുറമേ മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു എല്ലാവരും. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആരാണ് വാഹനം ഓടിച്ചതെന്ന് പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതുകൊണ്ട് തന്നെ ഡ്രൈവിങ് സീറ്റിലെ വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്. ലിതീഷും സാഗറും ഗുരുതരാവസ്ഥയിലാണ്. ഇവർക്ക് ഓർമ്മ കിട്ടിയാൽ മാത്രമേ ആരാണ് വണ്ടി ഓടിച്ചതെന്ന കാര്യത്തിൽ വ്യക്തത വരൂ.

വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ് ബേസിൽ. പ്ലസ് ടു പഠനം കഴിഞ്ഞതോടെ മനസ്സിൽ സിനിമാ മോഹം ചേക്കേറി. ഇതോടെയാണ് പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയുടെ പിറവി. ബേസിലിന് ഒപ്പമുണ്ടാ.ിരുന്ന അശ്വിന്റെ വിവാഹം ഈ മാസം 30ന് നിശ്ചയിച്ചിരുന്നു. ഇതിന്റെ ആഘോഷത്തിന് വേണ്ടിയായിരുന്നു ലോക് ഡൗൺ കാലത്തെ യാത്ര. ഈ യാത്രയാണ് ദുരന്തമായത്. ഇവർക്ക് പുറമേ മരിച്ച നിധിൻ വിവാഹിതനാണ്. കുട്ടിയും ഉണ്ട്. ഇവരെല്ലാം മൂവാറ്റുപുഴക്കാർക്ക് പ്രിയപ്പെട്ടവരുമാണ്.

കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തിൽ ജോണിന്റെ വീടിനോടു ചേർന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുൻപേ മരിച്ചു. പരിക്കേറ്റ ചികിൽസയിലുള്ളവരുടെ മൊഴി എടുത്താലേ യാത്രയിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ.

ഡീലക്‌സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയർ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാർ പൂർണമായും തകർന്നു. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും സാമ്പത്തിക വിജയം ആയിരുന്നില്ല. ഈ ചിത്രത്തിന് വേണ്ടി ലക്ഷങ്ങളാണ് ബേസിലിന്റെ അച്ഛൻ മുടക്കിയത്. മൂവാറ്റുപുഴ മേഖലയ്ക്ക് അപ്പുറം വലിയ പരസ്യവും സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. മൂവാറ്റുപുഴക്കാർക്കും ബേസിലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. അഭിനയം എന്നതിന് അപ്പുറം ഒരു ചിന്തയും ഇല്ലാതിരുന്ന യുവാവ്. അതുകൊണ്ട് തന്നെ ഈ അപകടം മൂവാറ്റുപുഴയ്ക്ക് വേദനയായി മാറുന്നതും.

ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ. കോട്ടയം നസീർ, നീന കുറുപ്പ്, ഷമ്മി തിലകൻ, പ്രദീപ് കോട്ടയം, അംബിക മോഹൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. നാട്ടിൻപുറത്തെ നന്മയുള്ള കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ കൊണ്ടുവരാൻ ശ്രമിച്ചത്. ഒരു ഗ്രാമവും അവിടുത്തെ സൗഹൃദങ്ങളും പ്രണയവും നല്ല കുറെ ബന്ധങ്ങളുമാണ് ചിത്രം പറഞ്ഞത്. എന്നാൽ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ചിത്രം ഉണ്ടാക്കിയിരുന്നില്ല. രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ പാഞ്ഞു വരുന്നതു കണ്ട് ആളുകൾ ഓടി മാറിയതു കൊണ്ടാണ് മരണസംഖ്യ ഉയരായിരുന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകൾ കൂട്ടം കൂടി എത്തിയതും കോവിഡ് കാലത്ത് പൊലീസിന് തലവേദനയായി.

ആദ്യ സിനിമയിൽ അഭിനയിക്കാനെത്തിയ ബേസിലിനെ കുറിച്ച് സംവിധായകൻ ഫാറുഖ് അഹമ്മദാലിക്കും നല്ലതു മാത്രമേ പറയാനുള്ളൂ. ഹ്രസ്വചിത്രങ്ങളിലോ മ്യൂസിക് ആൽബങ്ങളിലോ പ്രത്യക്ഷപ്പെടാതിരുന്ന താരമാണ് ബേസിൽ. എന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബേസിലിന്റെ അച്ഛൻ എന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലേക്ക് നായകന് വേണ്ടിയുള്ള ഓഡിഷൻ നടക്കുന്നതറിഞ്ഞ് ബേസിൽ എത്തിയത്. പിന്നീട് ഈ ചിത്രം അച്ഛൻ നിർമ്മിക്കുകയും ചെയ്തു. ഞങ്ങൾ ക്രിസ്തുമസ് രാത്രിയിലാണ് പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹം ഓഡിഷനെത്തി. നമ്മുടെ നായകന് വേണ്ട ലുക്ക് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങി. സിനിമയുടെ പൂജയുടെ സമയത്തും ബേസിലിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലൊടിഞ്ഞു. സ്റ്റീൽ ഇടേണ്ടി വന്നു. അങ്ങനെ ആ ഒടിഞ്ഞ കാലുമായിട്ടായിരുന്നു ബേസിൽ ആദ്യ സിനിമയിൽ അഭിനയിച്ചത്.

സിനിമയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. തൃപ്പന്നൂരിലെ കള്ളന്മാർ എന്ന പേരിൽ ബേസിലിനെ വച്ച് അടുത്ത ചിത്രവും ഫാറുഖ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ മൂന്ന് നായകന്മാരെയാണ് തീരുമാനിച്ചിരുന്നത്. അതിൽ ഒരാളായിരുന്നു ബേസിൽ. ഈ വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രാരംഭഘട്ട പരിപാടികൾ നടന്ന് വരികയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ബേസിലിന്റെ വിടവാങ്ങൽ. മലയാള സിനിമയിൽ മികച്ച നടനായി ഉയരേണ്ട ആളായിരുന്നു ബേസിലെന്നും ഫാറുഖ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP