Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത് മൂന്നു തവണ; മരിക്കാൻ വിടാതെ 24 മണിക്കൂറും കാവലിരുന്നത് ഉറ്റ സുഹൃത്തുക്കളും; പ്രതിസന്ധി ഘട്ടത്തെ എങ്ങനെ അതിജീവിച്ചെന്ന് വെളിപ്പെടുത്തി മുഹമ്മദ് ഷമി

ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത് മൂന്നു തവണ; മരിക്കാൻ വിടാതെ 24 മണിക്കൂറും കാവലിരുന്നത് ഉറ്റ സുഹൃത്തുക്കളും; പ്രതിസന്ധി ഘട്ടത്തെ എങ്ങനെ അതിജീവിച്ചെന്ന് വെളിപ്പെടുത്തി മുഹമ്മദ് ഷമി

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ക്രിക്കറ്റിൽ വ്യക്തി ജീവിത്തിൽ മുഹമ്മദ് ഷമി നേരിട്ടത് പോലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന മറ്റൊരു താരം ഉണ്ടാകില്ല. ബിസിസിഐ കരാർ പോലും റദ്ദാക്കുമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ നയിച്ചത് കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളായിരുന്നു. എന്നാൽ, പിന്നീട് പ്രശ്നങ്ങളെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചെത്തിയ ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയർന്നു. 2019ലെ ഏകദിന ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായി ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. 2019ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ്. പക്ഷേ, തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എന്തായിരുന്നു മാനസികാവസ്ഥ എന്നും എങ്ങനെ അതിനെ അതിജീവിച്ചെന്നും വ്യക്തമാക്കുകയാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീമിൽ സഹതാരമായ രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഇരുപത്തൊൻപതുകാരനായ ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

അക്കാലത്ത് മൂന്നു തവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. താൻ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന ഭയത്താൽ അന്ന് സുഹൃത്തുക്കൾ 24 മണിക്കൂറും തനിക്ക് കാവലിരിക്കുകയായിരുന്നു. വീട്ടുകാരുടെ ഉറച്ച പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് ക്രിക്കറ്റ് എക്കാലത്തേക്കും നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞു.

‘ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാൻ ആകെ തകർന്നു. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഗൗരവത്തോടെ ചിന്തിച്ചത്. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല. ഞങ്ങൾ താമസിച്ചിരുന്ന 24 നിലക്കെട്ടിടത്തിന്റെ മുകളിൽനിന്ന് ഞാൻ ചാടുമോയെന്നായിരുന്നു അവരുടെ ഭയം’ – രോഹിത്തിനോട് ഷമി പറഞ്ഞു.

‘എന്റെ ജീവിതം വലിയൊരു ദുരന്തത്തിൽ അവസാനിക്കുമെന്ന് അന്ന് എന്റെ കുടുംബം ഭയന്നിരുന്നു. അന്ന് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാൻപോലും സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ.’ – ഷമി വെളിപ്പെടുത്തി. ഈ സമയത്ത് കുടുംബവും സുഹൃത്തുക്കളും നൽകിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ചതെന്നും ഷമി പറഞ്ഞു.

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് പറഞ്ഞ് എന്നെ പൊതിഞ്ഞു സംരക്ഷിച്ചത് കുടുംബമാണ്. എന്റെ സഹോദരനെല്ലാം എന്റെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടി. ഞാൻ എന്തെങ്കിലും കടുംകൈയ്ക്ക് മുതിർന്നാലോ എന്ന ഭയത്താൽ എന്റെ 2–3 സുഹൃത്തുക്കൾ 24 മണിക്കൂറും എനിക്കു കാവലിരുന്നു’ – ഷമി വിവരിച്ചു.

‘ക്രിക്കറ്റിലേക്ക് പൂർണശ്രദ്ധ കൊടുക്കാൻ എന്നെ ഉപദേശിച്ചത് മാതാപിതാക്കളാണ്. അന്നുമുതൽ ക്രിക്കറ്റല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. വീണ്ടും ഞാൻ കഠിനമായി പരിശീലിക്കാൻ ആരംഭിച്ചു. വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അത്. എന്നും ഒരേ തരത്തിലുള്ള പരിശീലനം. ഇതിനിടെ കുടുംബപ്രശ്നം വേറെ. ആയിടയ്ക്കാണ് ഒരു അപകടം സംഭവിച്ചത്. ഐപിഎൽ തുടങ്ങാൻ രണ്ടാഴ്ച മാത്രം ഉള്ളപ്പോഴായിരുന്നു അത്. എല്ലാം കൂടി ചേർന്ന് ഞാൻ കടുത്ത പ്രതിസന്ധിയിലായി. ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയിൽ വളരെയധികം വിയർപ്പുചിന്തിയാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്’ – ഷമി പറഞ്ഞു.

മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനുമായുള്ള കുടുംബപ്രശ്നങ്ങൾ ഒരുകാലത്ത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് 2018ൽ ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ പൊലിസ് ഷമിയെ അറസ്റ്റ് ചെയ്തു. തുടർന്ന് അദ്ദേഹം കുറേക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വർഷം ക്രിക്കറ്റ് താരങ്ങളുടെ കരാർ പുതുക്കിയപ്പോൾ ബിസിസിഐ ഷമിയുടെ കരാർ തടഞ്ഞുവച്ചത് വാർത്തയായിരുന്നു. പിന്നീട് ബിസിസിഐ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഷമിയുടെ ജീവിതത്തിൽ ഹസിൻ ജഹാൻ

അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിയർഗേളും മോഡലുമായി ഹസിൻ ജഹാനെ 2014 ൽ ക്രിക്കറ്റ് താരം ഷമി വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹിതയാകുമ്പോൾ വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു ഹസിൻ ജഹാൻ. എന്നാൽ ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നിൽ നിന്ന് ബോധപൂർവ്വം ഹസിൻ ജഹാൻ മറച്ചുവെച്ചതായും മുഹമ്മദ് ഷമി പിന്നീട്ആരോപിച്ചിരുന്നു. 2010 ൽ വിവാഹം ബന്ധം വേർപ്പെടുത്തിയ കാലം മുതൽ ഈ രണ്ട് പെൺകുട്ടികളും ഹസിൻ ജഹാന്റെ ആദ്യ ഭർത്താവിനൊപ്പമാണ് താമസം. വിവാഹത്തിനു ശേഷമാണ് തന്റെ ഭാര്യ മുൻപ് വിവാഹിതയാണെന്നും ആ ബന്ധത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും താൻ അറിഞ്ഞതെന്നും ഷമി പറഞ്ഞു. 2002 ലായിരുന്നു ഹസിൻ ജഹാന്റെ ആദ്യ വിവാഹം. 2003 ൽ മൂത്തമകളും 2006 ൽ രണ്ടാമത്തെ മകളും പിറന്നു.

ഗാർഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിൻ ജഹാൻ ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് കോഴ ആരോപണം ഉയർത്തിയത്. ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നൽകിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു സ്വീകരിച്ചതായി ഷമിയുടെയും ഭാര്യയുടെയും ഫോൺ സംഭാഷണത്തിൽനിന്നു സൂചന ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു കോഴ ആരോപണത്തിലെ അന്വേഷണം. ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP