Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജ്മൽ കോഴിക്കോട് നഗരത്തിൽ 'ബ്ലാക്മാൻ' കളിച്ചത് 18 ഇടങ്ങളിൽ; നാടിനെ വിറപ്പിച്ചത് കോവിഡ് കാല ഇളവിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ബലാത്സംഗ കേസിലെ; വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും എത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് അജ്മലിന്റെ സ്ഥിരം പരിപാടി; ഞരമ്പുരോഗം മൂത്ത് 'ബ്ലാക്മാൻ' വേഷം കെട്ടിയ പ്രതിയുടെ താമസ സ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തിയത് 24 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും

അജ്മൽ കോഴിക്കോട് നഗരത്തിൽ 'ബ്ലാക്മാൻ' കളിച്ചത് 18 ഇടങ്ങളിൽ; നാടിനെ വിറപ്പിച്ചത് കോവിഡ് കാല ഇളവിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ബലാത്സംഗ കേസിലെ; വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും എത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് അജ്മലിന്റെ സ്ഥിരം പരിപാടി; ഞരമ്പുരോഗം മൂത്ത് 'ബ്ലാക്മാൻ' വേഷം കെട്ടിയ പ്രതിയുടെ താമസ സ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തിയത് 24 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തെ വിറപ്പിച്ചു 'ബ്ലാക്മാനായി' വിലസിയ തലശ്ശേരി സ്വദേശി മുഹമ്മദ് അജ്മലിനെ കസബ പൊലീസ് അറസ്റ്റു ചെയ്തതോടെ വലിയ ആശ്വാസത്തിലാണ് നാട്ടുകാർ. നഗരത്തിൽ 18 സ്ഥലങ്ങളിലാണ് ഇയാൾ ബ്ലാക്മാൻ കളിയുമായി രംഗത്തിറങ്ങിയത്. കൊവിഡ് ഇളവിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മോഷണക്കേസിലും വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും പ്രതിയാണ് അജ്മൽ. കോവിഡ് കാലത്തെ ജയിൽ പുള്ളികൾക്കുള്ള ഇളവിൽ പുറത്തിറങ്ങിയ ഇയാൾ കിട്ടിയ അവസരത്തിൽ നാട്ടുകാരെ ഭയപ്പെടുത്താനും മോഷ്ടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. നഗ്‌നത പ്രദർശിപ്പിക്കുകയും സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്ത പ്രതി താനാണ് 18 സ്ഥലങ്ങളിലും ബ്ലാക്മാൻ ഭീതി പടർത്തിയതെന്ന് സമ്മതിച്ചു.

കണ്ണൂർ തലശ്ശേരി പാറാട്ട്മുക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അജ്മലിന്റെ ആക്രമണങ്ങളും മോഷണങ്ങളും പ്രധാനമായിരുന്നത്. നഗരത്തിലെ വനിത ഹോസ്റ്റലുകൾ, വനിതാ ജീവനക്കാർ കൂടുതൽ ജോലി നോക്കുന്ന ആശുപത്രികൾ എന്നിവിടങ്ങളിൽ കയറി മോഷണം നടത്തുകയും സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. നഗരത്തിലെ പതിനെട്ടിടങ്ങളിൽ രാത്രികാലങ്ങളിൽ വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്ന നാട്ടുകാരെ കല്ലെറിഞ്ഞാണ് ഓടിക്കാറ്. പ്രതിക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടിയിൽ വീട്ടമ്മയെ ബലാത്സഗം ചെയ്യാൻ ശ്രമിച്ചതിന് റിമാന്റിലായിരുന്ന പ്രതി കൊവിഡ് ഇളവുകളുടെ ആനുകൂല്യത്തിൽ ജയിലിൽ നിന്നും ഇറങ്ങിയതാണ്.

മാർച്ച് 24നാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്ന് കോഴിക്കോടെത്തി ആനിഹാൾ റോട്ടിലുള്ള അടഞ്ഞുകിടന്നൊരു വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന് അവിടെ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തിലെ വിവിധ വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും ചീല വീടുകളിലും പൂർണ നഗ്‌നനായി എത്തി സ്ത്രീകളെ ഭയപ്പെടുത്തുകയും മോഷണം നടത്തുകയുമായിരുന്നു. ഇയാൾ താമസിച്ചിരുന്ന ആനിഹാൾ റോട്ടിലെ വീട്ടിൽ നിന്ന് 24 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി.

സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന് കണ്ണൂർ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. കല്ലായിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ട് മതിലുചാടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകളോളം പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ആശുപത്രി, മാവൂർ റോഡിലുള്ള നാഷണൽ ഹോസ്പിറ്റൽ, പിവി എസ് എന്നിവിടങ്ങളിലെ നഴ്സുമാർക്ക് നേരെയും ഇയാൾ അശ്ലീല പ്രയോഗങ്ങൾ നടത്തിയിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

അജ്മലിനെ കൂടാതെ മറ്റാരെങ്കിലും ബ്ലാക്മാൻ വേഷം കെട്ടി മോഷണത്തിന് ഇറങ്ങുന്നുണ്ടോ എന്ന സംശയവും ശക്തമാണ്. ലോക്ഡൗൺ സമയത്ത് കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ 'ബ്ലാക്മാൻ' സാമൂഹിക വിരുദ്ധശല്യത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നുണ്ട്. രാത്രി ഒമ്പതിനും ഒരു മണിക്കും ഇടയിലാണ് ശല്യം. നാട്ടുകാർ വിളക്കണച്ച് ഉറങ്ങുന്നതിനു മുമ്പുതന്നെ ഇവർ പ്രത്യക്ഷപ്പെടുന്നതിനു പിന്നിൽ മോഷണമല്ല, മറ്റ് ചില ഗൂഢലക്ഷ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

വാതിലിനു മുട്ടുക, വീടിന് കല്ലെറിയുക, ജനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പ് തുറന്നിടുക, രക്ത തുള്ളികളും പാടുകളും വീഴ്‌ത്തുക തുടങ്ങിയവയാണ് ഇവർ ചെയ്യുന്നത്. മുഖത്ത് കറുത്ത ചായം തേച്ചും കറുത്ത അടിവസ്ത്രം ധരിച്ചും ആളെ കണ്ടതായി പലരും പറയുന്നു. ജനങ്ങളെ ഭീതിയിലാഴ്‌ത്തി, അതുവഴി ചില ഉദ്ദേശ്യം നേടലാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോക്ഡൗണിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ തുടങ്ങിയ ശല്യം അനുദിനം വ്യാപിക്കുന്നത് ഇതിന്റെ സൂചനയായി കരുതുന്നു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയോ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടവരോ ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാൻ വഴി തേടുന്നവരോ ചില നിഗൂഢ ഗെയിമുകളിൽ മുഴുകിയവരോ ആകാം ഇതിനു പിന്നിലെന്ന് പൊലീസ് ബലമായി സംശയിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സന്ദേശം കൈമാറി ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഇവർ പ്രയോഗിക്കുന്നത്.

രാത്രി കർശന വാഹന പരിശോധനയും പട്രോളിങ്ങും നടക്കുന്നതിനാൽ സമീപപ്രദേശങ്ങളിലേക്കു പോലും ഒരാൾക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. അതിനാൽ, അതത് പ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. തിരയാൻ നാട്ടുകാർ കൂട്ടമായി രംഗത്തിറങ്ങുന്നതിനാൽ ഇവർ തിരയുന്നവർക്കിടയിൽ പതുങ്ങിയാൽ പൊലീസിനും നാട്ടുകാർക്കും തിരിച്ചറിയാനും പ്രയാസമാണ്. ശല്യം രൂക്ഷമായതോടെ സംശയമുള്ളവരെയും കഞ്ചാവ്, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരെയും രഹസ്യമായി നിരീക്ഷിക്കാൻ പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ശല്യക്കാരെ വലയിലാക്കാനാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. 18 സ്ഥലങ്ങളിൽ ബ്ലാക്മാൻ വേഷം കെട്ടിയ അജ്മലിനെ പൊക്കിയെങ്കിലും കൂടുതൽ പേരുണ്ടോ എന്നറിയാൻ വേണ്ടി പൊലീസ് ജാഗ്രത തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP