Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയത് മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾ; അപേക്ഷിച്ച രണ്ടു പേർ ക്യാൻസർ രോഗികൾ; പിന്നൊന്ന് അറയ്ക്കൽ ജോയിയുടെ മൃതദേഹവുമായി വരാനുള്ള ഭാര്യയുടേയും മക്കളുടേയും അപേക്ഷ; മൂന്ന് വിമാനങ്ങൾക്കും അനുമതി നൽകി; സാധാരണ പ്രവാസികളോടും സമ്പന്നരോടും കേന്ദ്രം എടുത്തത് രണ്ട് നിലപാടെന്ന വാദം തെറ്റെന്ന് കുടുംബ സുഹൃത്ത്; ജോയി അറയ്ക്കലിന്റെ മൃതദേഹം മാനന്തവാടിയിൽ എത്തിയതിന് പിന്നിൽ ഇരട്ടത്താപ്പില്ല; സംഭവിച്ചത് മറുനാടനോട് പറഞ്ഞ് എൻഡിഎ നേതാവ് രമാ ജോർജ്

ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയത് മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾ; അപേക്ഷിച്ച രണ്ടു പേർ ക്യാൻസർ രോഗികൾ; പിന്നൊന്ന് അറയ്ക്കൽ ജോയിയുടെ മൃതദേഹവുമായി വരാനുള്ള ഭാര്യയുടേയും മക്കളുടേയും അപേക്ഷ; മൂന്ന് വിമാനങ്ങൾക്കും അനുമതി നൽകി; സാധാരണ പ്രവാസികളോടും സമ്പന്നരോടും കേന്ദ്രം എടുത്തത് രണ്ട് നിലപാടെന്ന വാദം തെറ്റെന്ന് കുടുംബ സുഹൃത്ത്; ജോയി അറയ്ക്കലിന്റെ മൃതദേഹം മാനന്തവാടിയിൽ എത്തിയതിന് പിന്നിൽ ഇരട്ടത്താപ്പില്ല; സംഭവിച്ചത് മറുനാടനോട് പറഞ്ഞ് എൻഡിഎ നേതാവ് രമാ ജോർജ്

ആർ പീയൂഷ്

കോട്ടയം: പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹത്തൊടൊപ്പം കുടുംബത്തെ യാത്ര ചെയ്യാൻ അനുവദിച്ചതിൽ കേന്ദ്ര സർക്കാർ ഇരട്ടത്താപ്പു കാട്ടിയെന്ന ആരോപണം തള്ളി കുടുംബ സുഹൃത്ത്. ജോയി അറയ്ക്കലിന്റെ മൃതദേഹം ദുബായിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ മുൻകൈ എടുത്തത് എൻ.ഡി.എ പ്രതിനിധിയും എൽ.ജെ.പി പാർലമെന്ററി അംഗവുമായ രമാ ജോർജ്ജായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രമാ ജോർജ് പറയുന്നത്.

കേന്ദ്രസർക്കാർ സാധാരണ പ്രവാസികളുടെ കാര്യത്തിലും സമ്പന്നരായ പ്രവാസികളുടെ കാര്യത്തിലും രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനമാണ് ഉയർന്ന് വന്നത്. എന്നാൽ ഇത് തെറ്റാണ്. മൂന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് വരുവാനായി അനുമതി ചോദിച്ചത്. രണ്ട് പേർ ക്യാൻസർ രോഗികളും ഒന്ന് അറയ്ക്കൽ ജോയിയുടെ മൃതദേഹവുമായി ബന്ധുക്കളുമായിരുന്നു. മൂന്ന് പേർക്കും അനുമതി നൽകുകയാണുണ്ടായത്. പണക്കാരനോട് ഒരു നിലപാടും പാവപ്പെട്ടവനോട് മറ്റൊരു നിലപാട് എന്ന ഒരു രീതി സർക്കാരിനില്ല. എന്ന് രമാ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ജോയി മരണപെട്ട ദിവസം വൈകുന്നേരത്തോടെ മകൻ അരുൺ രമാ ജോർജ്ജിനെ നേരിട്ട് ബന്ധപ്പെട്ട് സഹായം ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനെ ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ദുബായിൽ നിന്നും എല്ലാ രേഖകളും മന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൽ അനാവശ്യ വിവാദങ്ങലാണ് പിന്നിടൂണ്ടായതെന്ന് രമാ ജോർജ് പറയുന്നു.

എന്റെ ഒരു ബന്ധു രാജേഷ് ഇവരുടെ ഓഫീസിലെ ഫിനാൻഷ്യൽ മാനേജരാണ്. രാജേഷാണ് എന്നെ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് അരുൺ എങ്ങനെയെങ്കിലും ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണെമെന്ന് ആവശ്യപ്പെട്ടു. വി.മുരളീധരൻ ചേട്ടനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയപ്പോൾ വേണ്ടത് ചെയ്യാം എന്ന് പറയുകയായിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു എന്ന് രമാ ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ജോയിയുടെ മൃതദേഹത്തിനോടൊപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ ചിലർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ രണ്ട് നിലപാട് ്‌സ്വീകരിച്ചില്ലെന്ന് രമാ ജോർജ് വ്യക്തമാക്കുന്നത്.

ഓൺ ലൈൻ മാധ്യമങ്ങൾ ജോയിയെ പറ്റി വളരെ മോശമായ രീതിയിലാണ് വാർത്തകൾ എഴുതിയിരിക്കുന്നത് എന്ന് രമാ ജോർജ് വിമർശിച്ചു. ജോയിയുടെ മകൻ എന്നെ ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ വളരെയധികം മാനസിക വിഷമമുണ്ടാക്കുന്നു എന്ന് പറഞ്ഞിരുന്നു. ഏതോ ഒരു വാർത്തയിൽ ദുബായി പൊലീസ് ജോയിയുടെ കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് എഴുതിയിരുന്നു. ആത്മഹത്യയുടെ പിന്നിൽ ഇല്ലാക്കഥകൾ എഴുതിപിടിപ്പിക്കുകയും ചെയ്തു. ഇതൊക്കെ അവരെ ഏറെ മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ക്രൂഡ് ഓയിൽ ബിസിനസ്സിൽ ഉണ്ടായിരുന്ന ഷെയർ മൈനസിലേക്ക് പോയപ്പോഴുണ്ടായ വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കുടുംബം പറയുന്നത്. അതിനാൽ ഈ മരണത്തിൽ ദുരൂഹതയുള്ളതായി ആരും കരുതണ്ട. എന്നാൽ ആത്മഹത്യക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ എന്നും അവർ പറയുന്നു.

ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാ അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.

രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്‌കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വയനാടിന്റെ മനസ്സ് കീഴടക്കിയ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിക്ക് ജന്മനാട് കണ്ണീരോടെ വിട നൽകി. അദ്ദേഹം അറയ്ക്കൽ പാലസിൽ എത്തുമ്പോഴെല്ലാം ഒട്ടേറെ സന്ദർശകർ പതിവായിരുന്നെങ്കിലും അവസാന യാത്രയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദർശകരൊഴിഞ്ഞു നിന്നു. സാമൂഹിക സമ്പർക്കം ഒഴിവാക്കുന്നതിനായി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മൃതദേഹം അറയ്ക്കൽ പാലസിലെത്തുന്നതിനു മുൻപു തന്നെ വൻ പൊലീസ് സംഘം പ്രദേശത്തു നിലയുറപ്പിച്ചു. മാനന്തവാടിയിലും പരിസരങ്ങളിലും പൊലീസ് ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സംസ്‌കാര ശുശ്രൂഷകൾക്ക് വികാരി ഫാ.പോൾ മുണ്ടോലിക്കൽ കാർമികത്വം വഹിച്ചു. ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ച ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്ലിൻ ജോയി എന്നിവർ ക്വാറന്റീനിലായതിനാൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ല. എംഎൽഎമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷൻ വി.ആർ.പ്രവീജ്, എഡിഎം തങ്കച്ചൻ ആന്റണി, തഹസിൽദാർ എൻ.ഐ.ഷാജു തുടങ്ങിയവർ പുഷ്പചക്രം സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP