Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓക്സ്ഫോർഡിലെ ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകൾ; കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ

ഓക്സ്ഫോർഡിലെ ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകൾ; കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ്-19 ബാധിച്ച് എൻഎച്ച്എസിലെ നിരവധി നഴ്സുമാർ മരിച്ചിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ഓക്സ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിലെ മലയാളി നഴ്സ് ഫിലോമിന ചേച്ചി അഥവാ ഫിലോമിന ചെറിയാന്റെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തി. ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകളാണുയർന്ന് കൊണ്ടിരിക്കുന്നത്. കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ നിറഞ്ഞ് നിൽക്കുന്ന അവസ്ഥയാണുള്ളത്.

എൻഎച്ച്എസിൽ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്സിങ് സേവനത്തിന് ശേഷം റിട്ടയർ ചെയ്യൻ വെറും രണ്ട് വർഷം മാത്രം ശേഷിക്കവെയായിരുന്നു 63 കാരിയായ ഫിലോമിന ചേച്ചിയുടെ ജീവൻ മെയ്‌ ഒന്നിന് കാലത്ത് 2.30ന് കൊറോണ കവർന്നെടുത്തത്. താൻ ജോലി ചെയ്തിരുന്ന ഓക്സ്ഫോർഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം. നല്ലൊരു മനുഷ്യനും കുട്ടികളുടെ സ്നേഹമയിയായ അമ്മയുമാണ് അകാലത്തിൽ പൊലിഞ്ഞ് പോയിരിക്കുന്നതെന്നാണ് ഭർത്താവായ ജോസഫ് വർക്കി അനുസ്മരിച്ചിരിക്കുന്നത്. നഴ്സിങ് എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെറുമൊരു ജോലി മാത്രമായിരുന്നില്ലെന്നും മറിച്ച് പാഷനും കൂടിയായിരുന്നുവെന്നും ഭർത്താവ് അനുസ്മരിക്കുന്നു.

തങ്ങളുടെ നഴ്സിങ് കുടുംബത്തിലെ ഏറ്റവും മൂല്യമേറിയ അംഗമാണ് കൊറോണക്ക് ബലിയാടായിത്തീർന്നിരിക്കുന്നതെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് (ഒയുഎച്ച്) ഒരു പ്രസ്താവനയിലൂടെ അനുസ്മരിച്ചിരിക്കുന്നത്. സഹപ്രവർത്തകരോടും രോഗികളോടും സുഹൃത്തുക്കളോടും വളരെ ഹൃദ്യമായി പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും ഒയിഎച്ച് ഓർക്കുന്നു. അങ്ങേയറ്റം കെയർ ചെയ്യുന്ന സഹപ്രവർത്തകയും സുഹൃത്തുമായിരുന്നു ഫിലോമിന ചെറിയാനെന്നാണ് ഒയുഎച്ചിന്റെ ചീഫ് നഴ്സിങ് ഓഫീസറായ സാം ഫോസ്റ്റർ അനുസ്മരിച്ചിരിക്കുന്നത്.

ഫിലോമിനയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ താനും പങ്ക് ചേരുന്നുവെന്നും ഫോസ്റ്റർ പറയുന്നു.ബ്രിട്ടനിലെ ഡെയിലി മെയിൽ അടക്കമുള്ള പത്രമാധ്യമങ്ങൾ ഫോട്ടോകൾ സഹിതം വൻ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്തിരിക്കുന്നത്. തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത ദുഃഖത്തിലാണ് ജോസഫ്. ഇദ്ദേഹത്തിനും കോവിഡ് ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കുറവിലങ്ങാട് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയെന്നാണ്.ഫിലോമിന ചേച്ചിയുടെ സംസ്‌കാരം ഓക്സ്ഫോർഡിൽ തന്നെയാണ് നടത്തുന്നത്. ഇവരുടെ മൂന്ന് മക്കളിൽ ജെറിൽ ജോസഫ് ഓക്സ്ഫോർഡിൽ തന്നെയാണുള്ളത്. ജിം ജോസഫ് യുഎസിലും ജെസി കാനഡയിലുമാണ്.

കൊറോണ കവർന്നത് 171 എൻഎച്ച്എസ് ജീവനക്കാരുടെ ജീവൻ

യുകെയിൽ കൊറോണക്കെതിരെ രോഗികളെ പരിചരിച്ച് കൊണ്ട് മുൻനിരയിൽ നിന്ന് പോരാടുന്ന ഏതാണ്ട് 171 എൻഎച്ച്എസ് ജീവനക്കാരുടെ ജീവൻ ഇതുവരെ കൊറോണ കവർന്നെടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവരിൽ ഡോക്ടർമാരും നഴ്സുമാരും, ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും, ഫാർമസിസ്റ്റുകളും, മിഡ് വൈഫുമാരും പോർട്ടർമാരും അടക്കമുള്ള വിവിധ തസ്തിതകളിൽ ഉള്ളവർ ഉൾപ്പെടുന്നുണ്ട്. വിശദമായി പറഞ്ഞാൽ ഇവരിൽ 27 ഡോക്ടർമാരും ഏതാണ്ട് നൂറോളം നഴ്സുമാരും ഹെൽത്ത്കെയർ സപ്പോർട്ടർമാരുമുണ്ടെന്നാണ മെഡിക്കൽ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വെബ്സൈറ്റായ നഴ്സിങ് നോട്ട്സ് പുറത്ത് വിട്ട ഏറ്റവും പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഇരകളായവരിൽ ഉൾപ്പെടുന്ന ഒരാളാണ് മാഞ്ചസ്റ്റർ റോയൽ ഇൻഫേമറിയിലെ പ്ലാസ്റ്റിക് സർജനായ ഫർകാൻ അലി സിദ്ദിഖി(50). വെറും രണ്ട് മാസം മുമ്പായിരുന്നു അദ്ദേഹം എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിനായി പാക്കിസ്ഥാനിൽ നിന്നുമെത്തിയിരുന്നത്. തന്റെ ജോലി ആരംഭിച്ച് ആഴ്ചകൾക്കകം അദ്ദേഹം കൊറോണ ബാധിതനാവുകയും മരിക്കുകയുമായിരുന്നു. ഇതിന് പുറമെ ഇന്ത്യൻ വംശജനായ ഹെൽത്ത് കെയർ വർക്കർ അനുജ് കുമാറും (44) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിൻകോളിൻഷെയറിലെ ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

സന്ധ്യയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 12ഉം മൂന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്.കെന്റിലെ അഷ്ഫോർഡിലുള്ള വില്യം ഹാർവി ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ നഴ്സായ അഡെകുൻലെ എനിറ്റനും(55) ഇക്കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്.

മരണമടഞ്ഞ എൻഎച്ച്എസ് ജീവനക്കാരടക്കമുള്ള മലയാളികൾ

ഫിലോമിന ചേച്ചിയടക്കം ഇതുവരെ പത്ത് മലയാളികളാണ് യുകെയിൽ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും എൻഎച്ച്എസ് ജീവനക്കാരാണെന്നത് ദുഃഖസത്യമാണ്. ഫിലോമിന ചേച്ചിക്ക് മുമ്പ് എൻഎച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂർ സ്വദേശിയുമായ അനൂജ് കുമാർ ഏപ്രിൽ 28ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു ഇദ്ദേഹം.

തുടർന്ന് ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. കോവിഡിന് കീഴടങ്ങി മരിക്കുന്ന യുകെയിലെ എട്ടാമത്തെ മലയാളിയായിരുന്നു സതാംപ്ടണിലെ സെബി ദേവസിയായിരുന്നു. പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസ പാച്ചീരി എന്ന 80 കാരനാണ് യുകെയിൽ കൊറോണ മരണത്തിന് കീഴടങ്ങിയിരുന്ന ആദ്യ മലയാളി. ഏപ്രിൽ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിന് ശേഷമാണ് ഒരു ദിവസം മൂന്ന് കൊറോണ മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയിരുന്നത്. റെഡ്ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാനെത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്ത് വീട്ടിൽ ഇഖ്ബാലുമാണ് ഒരേ ദിവസം യുകെയിൽ കൊറോണ മരണത്തിന് കീഴടങ്ങിയ മലയാളികൾ.

ബെർമിങ്ഹാമിലെ മുതിർന്ന ജിപിയായ ഡോ. അമറുദ്ദീനും കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെസി ഫിലിപ്പും യുകെയിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളാണ്.ഇവർക്ക് പുറമെ കോവിഡ് പിടിപെട്ട് അനേകം മലയാളികൾ യുകെയിലെ അനേകം ഹോസ്പിറ്റലുകളിലും വീടുകളിലും ട്രീറ്റ്മെന്റിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മലയാളികൾ വൈറസ് ബാധയിൽ നിന്നും മുക്തി നേടിയിട്ടുമുണ്ട്.

എൻഎച്ച്എസിൽ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരിൽ ചിലർ

എൻഎച്ച്എസിൽ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ള ഇന്ത്യൻ ഹെൽത്ത് കെയർ വർക്കർമാരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് മെഡ് വേ കമ്മ്യൂണിറ്റി ഹെൽത്ത്‌കെയറിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റായിരുന്ന ഇന്ത്യൻ വംശജൻ വിവേകം ശർമ കൊവിഡ് ബാധിച്ച് മരിച്ചത്. നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനായ ഡോ . രാജേഷ് കൽറായിയ എന്ന 70 കാരൻ ഏപ്രിൽ 15നാണ് കോവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരിച്ചത്.

ഇന്ത്യൻവംശജനായ കൃഷ്ണൻ അറോറ എന്ന ജിപി ഏപ്രിൽ 15ന് തന്നെ കൊറോണ മൂർച്ഛിച്ച് മരിച്ചിരുന്നു.ഏപ്രിൽ ആറിന് കൊറോണ ബാധിച്ച് മരിച്ച 62 കാരനായ ഹാർട്ട് സർജനും ഇന്ത്യക്കാരനാണ്. കാർഡിഫ് ആൻഡ് വാലെ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇന്ത്യക്കാരിയായ ഹോസ്പിറ്റൽ ഫാർമസിസ്റ്റ് പൂജ ശർമ എന്ന 33 കാരി മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP