Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തതുമായ പത്തേക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി; വിപണനം സമൂഹമാധ്യമങ്ങൾ വഴി പ്രചാരണത്തിലൂടെ; റംസാൻ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്; മലപ്പുറത്തിന്റെ ബ്രാന്റഡ് തണ്ണിമത്തൻ 'കരിഞ്ചാപ്പാടി വത്തക്ക'യുടെ വിശേഷങ്ങൾ

സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തതുമായ പത്തേക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി; വിപണനം സമൂഹമാധ്യമങ്ങൾ വഴി പ്രചാരണത്തിലൂടെ; റംസാൻ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്; മലപ്പുറത്തിന്റെ ബ്രാന്റഡ് തണ്ണിമത്തൻ 'കരിഞ്ചാപ്പാടി വത്തക്ക'യുടെ വിശേഷങ്ങൾ

ജാസിം മൊയ്ദീൻ

മലപ്പുറം: റംസാൻ വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തണ്ണിമത്തൻ. മലബാറിൽ പൊതുവെ ഇതിനെ വത്തയ്ക്ക എന്നാണ് വിളിക്കുന്നത്. നേരത്തെ റംസാൻ മാത്രമായിരുന്നു തണ്ണിമത്തന്റെ സീസണെങ്കിൽ ഇപ്പോൾ വേനൽകാലത്തും ഇത് വിപണിയിൽ സമൃദ്ധമായി ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കേരളത്തിലേക്ക് തണ്ണിമത്തനെത്തിയിരുന്നത്. എന്നാൽ ഇത്തവണ മലപ്പുറത്തുകാർക്ക് അവരുടെ സ്വന്തം ബ്രാന്റ് വത്തക്ക തന്നെയുണ്ട് ഈ റംസാൻ കാലത്ത്. കരിഞ്ചാപ്പാടി വത്തക്കെയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മലപ്പുറത്തെ കുറുവ വില്ലേജിൽ കൃഷി ചെയ്ത് വിളവെടുത്ത മലപ്പുറത്തിന്റെ സ്വന്തം തണ്ണിമത്തൻ.

കുറുവ വില്ലേജിലെ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിൽ കർഷകനായ അമീർബാബുവിന്റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ ഈ വത്തക്ക കൃഷി. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി പത്തേക്കറോളമുള്ള പാടത്താണ് കൃഷി. നാല് തരം വത്തക്കയും ഷമാമുമാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. അതിൽ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോൾ ഇനത്തിൽപ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം.

സാധാരണ വത്തക്കയേക്കാൾ നാലിരട്ടി വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാർ സ്വന്തമാക്കാൻ മത്സരിക്കുകയായിരുന്നു. ലോക്ഡൗണിലും വിൽപന 'ഡൗണാകാതിരിക്കാൻ' സംസ്ഥാന സർക്കാരിന്റെ ഫാർമേഴ്സ് റീട്ടെയിൽ ഔട്ട്ലെറ്റ് സംവിധാനം ഉപയോഗപ്പെടുത്താനായത് ഇവർക്ക് ഏറെ ആശ്വാസമായി. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ആവശ്യപ്പെടുന്നവർക്ക് വീടുകളിലെത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. ലാക്ഡൗൺ കാലത്തും ഫേസ്‌ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നേരിട്ടും വിൽപന പൊടിപൊടിക്കുകയാണ്.

സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യമില്ലാതിരിക്കുന്നതിനുമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ മൾച്ചിങ് സംവിധാനമാണ് ഈ കൃഷി രീതിക്കായി ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി വേരുകളിലേക്ക് വെള്ളമെത്തിക്കുന്നതും ശാസ്ത്രീയ കൃഷിരീതികളുമാണ് കരിഞ്ചാപ്പാടിയിലെ വത്തക്കയുടെ പ്രത്യേകതയെന്ന് കൃഷി ഓഫീസർ ഷുഹൈബ് തൊട്ടിയാൻ പറഞ്ഞു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവിടുത്തെ വത്തക്ക കൃഷി. വിളവെടുപ്പ് പൂർത്തിയാകുന്നതോടെ നെൽകൃഷിക്കായി ഇവിടെ കളമൊരുങ്ങും. വിഷുവിന് ഏക്കറുകളോളം വെള്ളരിയും ഇവർ കൃഷി ചെയ്തിരുന്നു. മറ്റ് സ്ഥലങ്ങളിലായി പച്ചമുളക്, കാരറ്റ്, തക്കാളി തുടങ്ങിയ കൃഷികൾ തുടങ്ങാനിരിക്കുകയാണ് അമീർ ബാബുവും സംഘവും. തുടർന്നും കൃഷിവകുപ്പിന്റെ സഹായം അമീർബാബുവിന് ലഭ്യമാക്കുമെന്ന് കൃഷി ഓഫീസർ ഷുഹൈബ് തൊട്ടിയാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP