Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടഫാസുൽ റിസ്‌വി അയച്ച വക്കീൽ നോട്ടീസിൽ നിറയെ പടച്ചുവിട്ട നുണകൾ; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും അവരുടെ നിയമോപദേഷ്ടാവ് ടഫാസുൽ റിസ്‌വിക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നു എന്നും ഷോയ്ബ് അത്കർ

ടഫാസുൽ റിസ്‌വി അയച്ച വക്കീൽ നോട്ടീസിൽ നിറയെ പടച്ചുവിട്ട നുണകൾ; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും അവരുടെ നിയമോപദേഷ്ടാവ് ടഫാസുൽ റിസ്‌വിക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നു എന്നും ഷോയ്ബ് അത്കർ

മറുനാടൻ ഡെസ്‌ക്‌

ഇസ്‍ലാമാബാദ്: വക്കീൽ നോട്ടീസ് അയച്ചതുകൊണ്ട് തന്റെ നിലപാടിൽ മാറ്റമൊന്നും ഇല്ലെന്ന് തുറന്നടിച്ച് ഷോയ്ബ് അത്കർ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും അവരുടെ നിയമോപദേഷ്ടാവ് ടഫാസുൽ റിസ്‌വിക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നു എന്ന് താരം വ്യക്തമാക്കി. കേസ് നടത്തുന്നതിന് തന്റെ വക്കീൽ ഉചിതമായ മാർ​ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും റിസ്‌വിക്കെതിരായ പരാമർശം പിൻവലിക്കാൻ ഉദ്ദേശമില്ലെന്നും താരം വ്യക്തമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു ഷോയ്ബ് അത്കറിന്റെ പ്രതികരണം.

അക്തറിനെതിരെ മാനനഷ്ടത്തിനു പുറമെ ക്രിമിനൽ കുറ്റത്തിനും നടപടിക്കായി നീക്കം ആരംഭിച്ച വിവരം റിസ്‌വി തന്നെയാണ് പരസ്യമാക്കിയത്. പാക്കിസ്ഥാനിലെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമപ്രകാരം ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും പരാതി നൽകിയിട്ടുണ്ടെന്ന് റിസ്‌വി അറിയിച്ചു. അക്തർ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും നേരിട്ട അച്ചടക്ക നടപടികളുമെല്ലാം വക്കീൽ നോട്ടിസിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

‘ടഫാസുൽ റിസ്‌വി അയച്ച വക്കീൽ നോട്ടീസ് എനിക്ക് ലഭിച്ചു. അതിൽ നിറയെ പച്ചക്കള്ളങ്ങളും പടച്ചുവിട്ട നുണകളുമാണ്. അഭിഭാഷകനായ സൽമാൻ ഖാൻ നിയാസിയുമായി ബന്ധപ്പെട്ട് എനിക്കായി മേൽപ്പറഞ്ഞ നോട്ടീസിന് ഉചിതമായ മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമോപദേഷ്ടാവ് എന്ന നിലയിൽ ടഫാസുൽ റിസ്‌വിയുടെ ഒട്ടും തൃപ്തികരമല്ലാത്ത പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ എല്ലാ പരാമർശങ്ങളിലും ഉറച്ചുനിൽക്കുന്നു’ – അക്തർ ട്വിറ്ററിൽ കുറിച്ചു. അക്തറിന്റെ പരാമർശങ്ങളിൽ ബാർ കൗൺസിലും പ്രതിഷേധം ഉന്നയിച്ചിരുന്നെങ്കിലും ഇത് പ്രസ്തുത അഭിഭാഷകനെ മാത്രം ഉദ്ദേശിച്ചുള്ള പരാമർശങ്ങളാണെന്ന് അക്തർ വ്യക്തമാക്കി. എക്കാലവും താൻ അഭിഭാഷക സമൂഹത്തെ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്. എങ്കിലും റിസ്‌വിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അക്തർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമോപദേഷ്ടാവ് ടഫാസുൽ റിസ്‌വി അക്തറിന് വക്കീൽ നോട്ടിസ് അയച്ചത്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാക്ക് താരം ഉമർ അക്മലിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്നു വർഷത്തേക്ക് വിലക്കിയ സംഭവത്തിൽ അക്തർ നടത്തിയ പ്രതികരണമാണ് വക്കീൽ നോട്ടീസിന് ആധാരം. പ്രസ്താവന പിൻവലിച്ച് മാപ്പു പറയുന്നതിനൊപ്പം 100 മില്യൻ പാക്കിസ്ഥാൻ രൂപ (ഏതാണ്ട് 4.64 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരവും റിസ്‌വി ആവശ്യപ്പെട്ടിരുന്നു.

ഉമർ അക്മൽ വിഷയത്തിൽ പ്രതികരിക്കുമ്പോൾ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കഴിവുകേടുകൊണ്ടാണ് രാജ്യത്ത് ഒത്തുകളി സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് അക്തർ ആരോപിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമ വിഭാഗത്തെയും അക്തർ നിർത്തിപ്പൊരിച്ചു. പാക്ക് ബോർഡിന്റെ നിയമോപദേഷ്ടാവായ റിസ്‌വി വ്യക്തിപരമായ അജണ്ടകൾവച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു അക്തറിന്റെ ആരോപണം. പാക്കിസ്ഥാൻ മുൻ നായകൻ കൂടിയായ ഷാഹിദ് അഫ്രീദിയെ കോടതി കയറ്റിയ സംഭവത്തിലും റിസ്‌വിക്കെതിരെ അക്തർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ കിട്ടുന്ന പ്രശസ്തിയാണ് റിസ്‌വിയുടെ ലക്ഷ്യമെന്നും അക്തർ ചൂണ്ടിക്കാട്ടി.

ഉമർ അക്മൽ വിഷയത്തിൽ അക്തർ നടത്തിയ പ്രതികരണത്തിലുണ്ടായിരുന്ന ചില പരാമർശങ്ങൾ പാക്കിസ്ഥാനിലെ ബാർ കൗൺസിലിനെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും ചൊടിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കാനായി അക്തർ തിരഞ്ഞെടുത്ത വാക്കുകൾ അനഭിലഷണീയവും അപമാനകരവുമാണെന്ന് ബോർഡ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും പിസിബി മുന്നറിയിപ്പു നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP