Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകർച്ചവ്യാധികൾക്കെതിരെ പടപൊരുതാൻ എപ്പിഡെമിക് കൺട്രോൾ സെൽ; പഴുതടച്ച പ്രവർത്തികൾക്ക് മാസ് ഫോഗിംങ്ങും സ്‌പ്രേയിംഗും; യാചകരെയും അനാഥരെയും പുനരധിവസിപ്പിച്ച് അറുതിയുണ്ടാക്കിയത് യാചക ശല്യത്തിനും; പ്രശംസിക്കപ്പെട്ടത് മാലിന്യം അടിയുന്ന എരുമക്കുഴി പൂങ്കാവനമാക്കാനുള്ള പ്രവർത്തികൾ; കോർപറേഷന്റെ മുഖം മിനുക്കി തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ

പകർച്ചവ്യാധികൾക്കെതിരെ പടപൊരുതാൻ എപ്പിഡെമിക് കൺട്രോൾ സെൽ; പഴുതടച്ച പ്രവർത്തികൾക്ക്  മാസ് ഫോഗിംങ്ങും സ്‌പ്രേയിംഗും; യാചകരെയും അനാഥരെയും പുനരധിവസിപ്പിച്ച് അറുതിയുണ്ടാക്കിയത് യാചക ശല്യത്തിനും; പ്രശംസിക്കപ്പെട്ടത് മാലിന്യം അടിയുന്ന എരുമക്കുഴി പൂങ്കാവനമാക്കാനുള്ള പ്രവർത്തികൾ; കോർപറേഷന്റെ മുഖം മിനുക്കി തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയിൽ ആരും പ്രതീക്ഷിക്കാതെ വലിയ ഒരു മാറ്റമുണ്ടായത് തിരുവനന്തപുരത്തെ യാചകർക്കും അനാഥർക്കുമാണ്. കൊറോണ കാലത്ത് ഇവരുടെ ജീവിതം പരിപൂർണമായി മാറിമറിഞ്ഞിരിക്കുകയാണ്. താടിയും മുടിയും വെട്ടാതെ, കുളിക്കാതെ അലഞ്ഞു ഭിക്ഷ യാചിച്ച് നടന്ന ഇവരെ ഏറ്റെടുത്ത് യാചകരുടെ റോളിൽ നിന്നും മനുഷ്യരുടെ റോളിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം കോർപറേഷനാണ്. ഇവർ പോലുമറിയാതെ നടന്ന ഈ പരിവർത്തന പ്രക്രിയയിൽ കുടുങ്ങി അത്ഭുതപ്പെട്ടിരിക്കുകയാണ് പുനരധിവാസത്തിന് വിധേയരായ. ഇരുനൂറ്റമ്പതോളം പേരും. ഇതിനെല്ലാം നേതൃത്വം നൽകിയ തിരുവനന്തപുരം മേയർ ശ്രീകുമാർ ഒന്ന് ഉറപ്പിച്ച് പറയുകയാണ്. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ യാചകരുണ്ടാകില്ല. ഈ കൊറോണ കാലത്ത് എല്ലാവരെയും കോർപറേഷൻ പുനരധിവസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം കഴിഞ്ഞ മാർച്ച് 23നാണ് നഗരത്തിലെ മുക്കും മൂലയും തിരഞ്ഞു എല്ലാവരെയും കോർപറേഷൻ അട്ടക്കുളങ്ങര ക്യാമ്പിലേക്ക് മാറ്റിയത്.

മുഴുവൻ യാചകരെയും അനാഥരെയും അട്ടക്കുളങ്ങര സ്‌കൂളിലേക്ക് മാറ്റിയ തിരുവനന്തപുരം കോർപറേഷൻ ഇവരെ മുഴുവൻ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിൽ മുഴുകുകയാണ്. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഇവരെ പൂർണമായും പുന്നരധിവസിപ്പിക്കും. ലോക്ക് ഡൗൺ കാലം കഴിയും വരെയാണ് ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തതെങ്കിലും ലോക്ക് ഡൗൺ കഴിഞ്ഞാലും ഇവർക്ക് ജോലിയും താമസസൗകര്യവും നൽകി പരിപാലിക്കാൻ തന്നെയാണ് കോർപറേഷൻ ഒരുങ്ങുന്നത്. അട്ടക്കുളങ്ങര ക്യാമ്പിൽ എത്തിച്ചത് മുതൽ ഇവരുടെ മുഴുവൻ കാര്യങ്ങളും കോർപറേഷൻ ഏറ്റെടുത്തിരിക്കുകയാണ്.

മുടി വെട്ടി, കുളിച്ച് വൃത്തിയായ ശേഷം പുതിയ വസ്ത്രങ്ങൾ നൽകിയപ്പോൾ തന്നെ ആളെ മനസിലാക്കാൻ കഴിയാത്തവിധം ഇവർ മാറിയിരുന്നു. മെഡിക്കൽ ക്യാമ്പ് നടത്തി ഇവരിൽ പലരുടെയും അസുഖങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. മൂന്നു നേരത്തെ സുഭിക്ഷ ഭക്ഷണവും ടിവി അടക്കമുള്ള സൗകര്യങ്ങളും അടച്ചുറപ്പുള്ള താമസ സ്ഥലവും കൂടി ലഭിച്ചപ്പോൾ പറയാൻ കഴിയാത്ത ഏതോ ആഹ്ലാദത്തിന്റെ പിടിയിൽ ഇവർ മുഴുകുകയും ചെയ്തു. ഏതൊക്കെയോ രീതിയിൽ തങ്ങൾ വഴി തെറ്റി പോയതാണ് എന്നാണ് പുനരധിവാസം വന്നപ്പോൾ മേയർ അടക്കമുള്ളവരോട് ഇവർ പ്രതികരിച്ചത്. നല്ല മനുഷ്യരായി ജീവിക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. പക്ഷെ നിലവിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല. അതേ രീതിയിൽ തുടരുകയും ചെയ്തു. പുതിയ ജീവിതവും സ്വാതന്ത്ര്യവും ഞങ്ങൾ ആസ്വദിക്കുകയാണ്. ക്യാമ്പിൽ എത്തിയ മേയർ അടക്കമുള്ളവരോട് ഇവരുടെ പ്രതികരണം ഈ രീതിയിലായിരുന്നു.

അട്ടക്കുളങ്ങര സ്‌കൂളിലെ ഒട്ടുവളരെ പ്രവർത്തികൾ ഈ ലോക്ക് ഡൗൺ കാലത്ത് ഇവർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഗ്രൌണ്ട് മുഴുവൻ വൃത്തിയാക്കി. സ്‌കൂളിൽ പൂന്തോട്ടവും പച്ചക്കറി കൃഷികളും തുടങ്ങി. നിരന്തര ജോലികൾ വഴി സ്‌കൂളിന്റെ മുഖം തന്നെ ഇവർ മിനുക്കിയിട്ടുണ്ട്. 'കോർപറേഷൻ ഏറ്റെടുത്തതോടെ ഇവരിൽ മാറ്റം പ്രത്യക്ഷത്തിൽ തന്നെ പ്രകടമാണ്. ഏറ്റെടുത്ത മുഴുവൻ പേരുടെയും പുനരധിവാസത്തിനുള്ള രൂപരേഖയും തയ്യാറായിട്ടുണ്ട്. മാറ്റത്തിനു ഇവരും തയ്യാറാണ്. കൊറോണ മനുഷ്യരെ മാറ്റി മറിക്കുന്നതിന് ഒരുദാഹരണം കൂടിയാണിത്-മേയർ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മേയറായി കെ.ശ്രീകുമാർ ചുമതലയേറ്റെടുത്തത് മുതൽ ഒട്ടനവധി മാറ്റങ്ങൾ കോർപറേഷനിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലും വികസന ശുചീകരണ പ്രവർത്തനങ്ങളിലും അനവരതം മുഴുകുകയാണ് മേയർ എന്ന നിലയിൽ ശ്രീകുമാർ. മാലിന്യക്കൂമ്പാരത്തിൽ കിടന്ന എരുമക്കുഴി പൂങ്കാവനമാക്കി മാറ്റാനുള്ള മേയറുടെ ശ്രമം പ്രശംസിക്കപ്പെട്ടിരുന്നു. എരുമക്കുഴിയിൽ നിന്ന് പൂർണ്ണമായി മാലിന്യം നീക്കം ചെയ്ത ശേഷം ലാൻഡ്‌സ്‌കേപ്പ് ഉൾപ്പെടെയുള്ള പൂന്തോട്ടം ഒരുക്കാനുള്ള പദ്ധതിയാണ് മേയർ തയ്യാറാക്കിയത്. ഈ വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഗരസഭ ഈ പ്രവർത്തനം ഏറ്റെടുത്തത്. വർഷങ്ങളായി എരുമക്കുഴിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുന്ന വഴിയാണ് മേയർ നടപ്പിലാക്കിയത്. ചാല കേന്ദ്രീകരിച്ചുള്ള മാലിന്യങ്ങളാണ് എരുമക്കുഴിയിൽ കൂടിക്കിടന്നിരുന്നത്. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് എരുമക്കുഴി വൃത്തിയാക്കിയത്. പാളയത്തുള്ള മാലിന്യങ്ങൾ ബയോ മൈനിങ് നടത്താനുള്ള ഒരുക്കങ്ങളും മേയറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

പകർച്ചവ്യാധികൾക്ക് തടയിടാനായി ആരംഭിച്ച പ്രത്യേക എപ്പിഡെമിക് കൺട്രോൾ സെൽ പ്രവർത്തനവും അഭിനന്ദിക്കപ്പെട്ടു. പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ പ്രത്യേകമായി സെല്ലിന്റെ നേതൃത്വത്തിൽ മാസ് ഫോഗിംങ് , മാസ് സ്‌പ്രേയിങ് എന്നിവ നടത്തും . ഇതിന്റെ ഭാഗമായി നഗരസഭയുടെ സർക്കിൾ തലത്തിലുള്ള ആന്റി മൊസ്‌കിറ്റോ വിങ്ങുകളെ ഏകോപിച്ച് മൊസ്‌കിറ്റോ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.

സർക്കിൾ , സോണൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമേയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകറിനാണ് എപ്പിഡെമിക് കൺട്രോൾ സെല്ലിന്റെ പ്രവർത്തന ചുമതല . നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ അടങ്ങിയതാണ് സെൽ . മൊസ്‌ക്വിറ്റോ കൺട്രോൾ യൂണിറ്റിനും പ്രത്യേകമായി ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട് . ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ച് നഗരസഭ തുടങ്ങിവച്ച മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം തന്നെ എപ്പിഡെമിക് കൺട്രോൾ സെല്ലിന്റെ പ്രവർത്തനവും നടത്തുന്നത്.

നഗരസഭയുടെ നേതൃത്വത്തിൽ നഗരം മുഴുവൻ മാസ് ഫോഗിങ് നടത്തിയിരുന്നു. . പാളയം കണ്ണിമേറ മാർക്കറ്റിന് സമീപത്ത് നിന്ന് ആരംഭിച്ച മാസ് ഫോഗിങ് തമ്പാനൂർ ഉൾപ്പെടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയിരുന്നു. വീട്ടിലെ കൃഷി ഭക്ഷ്യസുരക്ഷക്ക് എന്ന മുദ്രാവാക്യമുമായി വീടുകളിൽ കഴിയുന്നവർക്ക് പച്ചക്കറി കൃഷിയൊരുക്കാൻ നഗരസഭ വിത്തും വളവും നല്കിയതും ശ്രദ്ധിക്കപ്പെട്ടു. .ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ സ്വച്ഛ് അംബാസിഡർ കൂടിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട്,സിനിമാ താരങ്ങളായ സുധീർ കരമന,രാജ് കലേഷ്,നന്ദു എന്നിവരുടെ വീടുകളിൽ മേയർ നേരിട്ട് വിത്തും വളവും എത്തിച്ചിരുന്നു. 100 വാർഡുകളിലായി 20000 കിറ്റുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയാണിത്. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. വിത്തുകളും, തൈകളും ജൈവവളക്കൂട്ടുമടങ്ങിയ കിറ്റിനോടൊപ്പം,ഞാറ്റുവേല കലണ്ടർ, കാർഷിക നിർദ്ദേശങ്ങൾ,കീട നിയന്ത്രണം എന്നിങ്ങനെ കൃഷിക്കാരെ സഹായിക്കുന്ന ബുക്ക് ലെറ്റുകൾ, ബ്രോഷറുകൾ എന്നിവയും നൽകുന്നുണ്ട് .

നഗരസഭയുടെ എയറോബിക് ബിന്നുകൾ,കിച്ചൺ ബിന്നുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റും,വെച്ചൂർ പശുവിന്റെ ചാണകവും സംയോജിപ്പിച്ചാണ് വിതരണത്തിനായുള്ള വളക്കൂട്ട് തയ്യാറാക്കുന്നത്. ഇതെല്ലാം തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രവർത്തികളായി മാറി. നിരന്തര പരിവർത്തനങ്ങളിലൂടെയും വിവിധ സഹായ പദ്ധതികളിലൂടെയും നഗരവാസികളുടെ മനസുകളിലേക്കാണ് കോർപറേഷൻ നടന്നു കയറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP