Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി എയർപോർട്ടിലേക്ക് വീട്ടിൽ നിന്നിറങ്ങിയ സമയവും സഞ്ചരിച്ച റൂട്ടും കാറിന്റെ ലൊക്കേഷനും ക്വട്ടേഷൻ സംഘത്തിന് ക്യത്യമായി കിട്ടി; ഓപ്പറേഷന്റെ ലക്ഷ്യം പ്രവാസിയായ ഷബീറിന്റെ ഗൾഫ് യാത്ര മുടക്കുക തന്നെ; കരിക്കം ക്വട്ടേഷൻ കേസിൽ ഒരുവർഷത്തിന് ശേഷം അക്രമി സംഘം വലയിലായത് എസ്‌പി ഹരിശങ്കറിന്റെ മിടുക്കിൽ; ഗൾഫിലുള്ള മുഖ്യപ്രതി മാഹിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്; കിങ് ഫിഷ് സിനിമാ നിർമ്മാതാവ് അംജിത്ത് പ്രതിപ്പട്ടികയിൽ ഇല്ലെന്നും പൊലീസ്

പ്രവാസി എയർപോർട്ടിലേക്ക് വീട്ടിൽ നിന്നിറങ്ങിയ സമയവും സഞ്ചരിച്ച റൂട്ടും കാറിന്റെ ലൊക്കേഷനും ക്വട്ടേഷൻ സംഘത്തിന് ക്യത്യമായി കിട്ടി; ഓപ്പറേഷന്റെ ലക്ഷ്യം പ്രവാസിയായ ഷബീറിന്റെ ഗൾഫ് യാത്ര മുടക്കുക തന്നെ; കരിക്കം ക്വട്ടേഷൻ കേസിൽ ഒരുവർഷത്തിന് ശേഷം അക്രമി സംഘം വലയിലായത് എസ്‌പി ഹരിശങ്കറിന്റെ മിടുക്കിൽ; ഗൾഫിലുള്ള മുഖ്യപ്രതി മാഹിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്; കിങ് ഫിഷ് സിനിമാ നിർമ്മാതാവ് അംജിത്ത് പ്രതിപ്പട്ടികയിൽ ഇല്ലെന്നും പൊലീസ്

എം മനോജ് കുമാർ

 കൊട്ടാരക്കര: എയർപോർട്ടിലേക്ക് പോകുന്നതിനിടെ പ്രവാസി എ.ഷബീർ (40) ആക്രമിക്കപ്പെട്ട കേസിൽ നിലനിൽക്കുന്നത് അടിമുടി ദുരൂഹത. കഴിഞ്ഞ വർഷം മെയ് 8ന് രാത്രി എംസി റോഡിൽ കരിക്കത്തിനു സമീപം നടന്ന സംഭവത്തിൽ നാല് പ്രതികളാണ് അറസ്റ്റിലുള്ളത്. അറസ്റ്റിലായവർ മുഴുവൻ ക്വട്ടേഷൻ സംഘങ്ങളുമാണ്. ഒട്ടേറെ ക്രിമിനൽ, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ കിളികൊല്ലൂർ സ്വദേശികളായ ഒരുമ നഗർ 22 ൽ കാട്ടുപുറത്ത് വീട്ടിൽ ടി. ദിനേശ് ലാൽ (വാവാച്ചി37), ചാമ്പക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്.ഷാഫി (30), ചാമ്പക്കുളം നക്ഷത്ര നഗർ 112 റഹിയാനത്ത് മൻസിലിൽ ബി. വിഷ്ണു (22), ചാമ്പക്കുളം നക്ഷത്ര നഗർ 79 വയലിൽ പുത്തൻ വീട്ടിൽ പി. പ്രജോഷ്(31) എന്നിവരാണു പിടിയിലായത്.

ഷബീറിന്റെ നേർക്കുള്ള വധശ്രമത്തിൽ അന്വേഷണം പാതി വഴിയിൽ നിലച്ചപ്പോൾ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് ഷബീറിന്റെ പിതാവ് കഴിഞ്ഞ നവംബറിൽ പരാതി നൽകിയതോടെയാണ് വീണ്ടും അന്വേഷണം തുടങ്ങുകയും പ്രതികൾ വലയിലാവുകയും ചെയ്തത്. ഒരു പ്രതി ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ പ്രതിയാണ് ഷബീറിനെ ആക്രമിക്കാനുള്ള ഇന്നോവ വാടകയ്ക്ക് എടുത്തത്. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ട ഇന്നോവയിലേക്ക് നീണ്ട അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ക്വട്ടേഷൻ ഏറ്റെടുത്ത കിളികൊല്ലൂർ സ്വദേശി മാഹിൻ ഗൾഫിലാണുള്ളത്. അതിനാൽ ആസൂത്രണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഷബീറിനെ വധിക്കാനുള്ള ശ്രമമല്ല. ഷബീറിന്റെ ഗൾഫ് യാത്ര വൈകിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതിനാൽ ക്വട്ടേഷൻ ഏറ്റെടുത്തവർ കാലിനും കൈക്കും ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതല്ലാതെ വധശ്രമം നടത്തിയില്ല. പക്ഷെ പ്രീ പ്ലാൻഡ് ആയ ആക്രമണമാണ് പ്രതികൾ നടത്തിയത്. ഷബീർ വീട്ടിൽ നിന്നിറങ്ങിയ സമയം, സഞ്ചരിക്കുന്ന റൂട്ട്, എയർപോർട്ടിലേക്കുള്ള യാത്രയിൽ കാർ എവിടെ എത്തി എന്നുള്ള എല്ലാ വിവരങ്ങളും അക്രമി സംഘത്തിനു ലഭിച്ചിരുന്നു. ഡ്രൈവറും ഷബീറും മാത്രമായ കാറിൽ ഡ്രൈവറെ ഇവർ തൊട്ടില്ല. ഷബീറിനെ മാത്രമാണ് ആക്രമിച്ചത്. അക്രമത്തിനു ശേഷം ഷബീർ നൽകിയ മൊഴിയിലാണ് സിനിമാ നിർമ്മാതാവ് അംജിത്തിന്റെ പേരുള്ളത്. അംജത്തിനു മാത്രമാണ് തനിക്ക് വിരോധമുള്ളത് എന്നാണ് ഷബീർ പൊലീസിന് മൊഴി നൽകിയത്. ഇതാണ് അന്വേഷണം അംജത്തിനു നേരെ തിരിയാൻ കാരണം. പക്ഷെ അംജിത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ല.

മാഹിന് വേണ്ടിയുള്ള അന്വേഷണം മാത്രമാണ് പുരോഗമിക്കുന്നത്. മാഹിനെ കിട്ടിയാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരൂ എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതിനാണ് മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മാഹിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത്. അനൂപ് മേനോൻ സംവിധായകനാകുന്ന കിങ് ഫിഷ് സിനിമയുടെ നിർമ്മാതാവായ അംജത്തിന്റെ പേര് ഷബീർ പറഞ്ഞത്‌കൊണ്ട് മാത്രമാണ് അംജിത്തിനെ കൂടി പൊലീസ് അന്വേഷണ പരിധിയിൽ നിർത്തിയത്. അംജത്തിലെക്കുള്ള അന്വേഷണം തത്ക്കാലം പൊലീസ് നടത്തുന്നില്ല.

ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇനി അറസ്റ്റിലാകാനുള്ള മാഹിന് മാത്രമാണ് കൂടുതൽ കാര്യങ്ങൾ അറിയാവുന്നത്. മാഹിനാണ് മൊബൈൽ ഫോണിൽ ഓപ്പറേഷൻസിന് വേണ്ടിയുള്ള എല്ലാ വിവരങ്ങളും ലഭിച്ചത്. ആരിൽ നിന്നാണ് താൻ ക്വട്ടേഷൻ ഏറ്റെടുത്തത് എന്ന കാര്യം മാഹിൻ മറ്റുള്ളവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ മാഹിന് മാത്രമെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ. ഇന്നോവ വാടകയ്ക്ക് എടുത്ത പ്രതി ട്രെയിൻ തട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ വഴിയും അടഞ്ഞിരിക്കുകയാണ്. പക്ഷെ പ്രൊഫഷണൽ രീതിയിലുള്ള ഓപ്പറേഷൻസ് തന്നെയാണ് മാഹിനും കൂട്ടാളികളും നടത്തിയത്.

മാഹിന് ക്വട്ടേഷൻ നൽകുകയും വിവരങ്ങൾ കൃത്യമായി നൽകുകയും ചെയ്തത് ആര് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കൂട്ടുപ്രതികൾക്ക് അറിയില്ല. അതിനാൽ തന്നെ മാഹിനെ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന രീതിയിൽ മാഹിന് വേണ്ടിയുള്ള അന്വേഷണമാണ് പൊലീസ് കാര്യക്ഷമമാക്കുന്നത്. ആക്രമിക്കപ്പെട്ട ഷബീർ തനിക്ക് ശത്രുവായി ഉള്ളത് അംജത് മാത്രമാണെന്ന് പറഞ്ഞതിനാൽ പൊലീസ് അംജത്തിനെയും സംശയിക്കുന്നവരുടെ പട്ടികയിൽപ്പെടുത്തി. അല്ലാതെ ഈ മൊഴിയുടെ ബലത്തിൽ അംജത്തിനെ ദുബായിൽ നിന്നും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നില്ല.

അതേസമയം അംജത്തുമായി ബന്ധമുള്ളവർ മറുനാടനെ ബന്ധപ്പെട്ടിരുന്നു. ഇതിൽ അംജത്തിനു ബന്ധമില്ലാ എന്നാണ് ഇവർ പറയുന്നത്. അംജത്തിന്റെ പേര് ഷബീർ പറഞ്ഞതിനാൽ അംജത്തിനു പങ്കുണ്ടോ എന്ന കാര്യത്തിലുള്ള പൊലീസ് അന്വേഷണം നടക്കട്ടെ എന്നാണ് അടുപ്പമുള്ളവർ പറഞ്ഞത്. അംജത്തുമായി തനിക്ക് ബിസിനസ് ബന്ധമുള്ളതായി ഷബീർ പറഞ്ഞതുകൊണ്ട് മാത്രമാണ് അംജത്ത് ഈ കേസിൽ കടന്നുവന്നതും കേസിൽ പ്രതിപ്പട്ടികയിൽ നിലവിൽ അംജത്ത് ഇല്ല എന്നുമാണ് പൊലീസ് വിശദമാക്കുന്നത്. പക്ഷെ ഷബീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത മാഹിൻ അത് സമർഥമായാണ് നിർവഹിച്ചത് എന്ന കാര്യത്തിൽ പൊലീസിന് സംശയമില്ല. അതുകൊണ്ട് തന്നെയാണ് ഒരു വർഷം മുൻപ് അന്വേഷണം പ്രാഥമിക അവസ്ഥയിൽ തന്നെ നിൽക്കാൻ കാരണമായത്. എസ്‌പി ഹരിശങ്കറിന് പരാതി വന്നതോടെ അന്വേഷണം ഊർജിതമാവുകയായിരുന്നു. ഒരു പ്രത്യേക ടീമിനെ രൂപീകരിച്ച് ആ ടീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പൊലീസിന്റെ അന്വേഷണം ഇങ്ങനെ:

ഹരിശങ്കറിന്റെ നിർദ്ദേശം ലഭിച്ചതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. ഇന്നോവ കണ്ടെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഇന്നോവ കാറിന്റെ നമ്പർ വെച്ച് അന്വേഷണം നടത്തി. അത് ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ആണെന്ന് മനസിലായി. ഇന്നോവയുടെ ടെയിൽ ലാമ്പിന്റെ അടുത്ത് ഒരു മാർക്കുണ്ടായിരുന്നു. 2009-10 കാലഘട്ടത്തിൽ ഇറങ്ങിയ ഇന്നോവ കാർ ആണെന്ന് മനസിലായി. ഈ മോഡലിന് മാത്രമെ ഈ പ്രത്യേക മാർക്കുള്ളൂ. ഇതോടെ ഇന്നോവയുടെ തിരഞ്ഞു അന്വേഷണമായി. കൊല്ലം-പത്തനംതിട്ട ഭാഗത്ത് ആകെ 127 ഇന്നോവകൾ മാത്രമാണ് ഈ മാർക്കുമായി ഇറങ്ങിയത്. ഈ മോഡലുകൾ ഓരോന്നും പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച ഇന്നോവയിലേക്ക് എത്തിപ്പെട്ടത്. ഇന്നോവ വാടകയ്ക്ക് എടുത്ത പ്രതിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഇനിയുള്ളത് ക്വട്ടേഷൻ ഏറ്റെടുത്ത മാഹിനാണ്. അയാൾക്ക് വേണ്ടിയാണ് ഇനിയുള്ള അന്വേഷണം നടത്തുന്നത്. മാഹിനാണ് മുഴുവൻ വിവരങ്ങളും അറിയുന്നത്. മാഹിനെ കിട്ടിയാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും ഷബീർ പറയുന്നതിന്റെ വാസ്തവം അറിയാനും സാധിക്കും. അതിനാലാണ് മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഷബീറിന്റെ ഗൾഫ് യാത്ര വൈകിപ്പിക്കാൻ വേണ്ടി ആക്രമണം നടത്തിയത് എന്തിന്? എന്ത് കാര്യം കൊണ്ടാണ് ഷബീറിന്റെ യാത്ര വൈകിപ്പിക്കാൻ ശ്രമം നടത്തിയത് എന്തിന്? ക്വട്ടേഷൻ നൽകിയത് ആര്? ആരാണ് മാഹിനുമായി നിരന്തരം ബന്ധപ്പെട്ടത് എന്നൊക്കെയാണ് പൊലീസ് അന്വേഷിക്കുന്നത്. പക്ഷെ ഇതിൽ മാഹിനെ കസ്റ്റഡിയിൽ ആവശ്യമുണ്ട്. അതിനാൽ മാഹിനെ ആദ്യം എത്തിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രതികളുപയോഗിച്ച വാഹനവും അക്രമത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

ക്വട്ടേഷന് വാഗ്ദാനം  രണ്ടു ലക്ഷം രൂപയും ഗൾഫ് ജോലിയും

ഗൾഫിൽ ജോലി നൽകാമെന്നും അതിനു പുറമേ രണ്ടു ലക്ഷം രൂപ നല്കാമേന്നുമാണ് ക്വട്ടേഷൻ നല്കുമ്പോൾ വാഗ്ദാനം ചെയ്യപ്പെട്ടത്. മാഹിന് ഗൾഫിൽ ജോലി ലഭിച്ചിട്ടുണ്ട്. മാഹിൻ ഗൾഫിലാണ്. കയ്യിലും കാലിലും പരുക്ക് വേണം. തലയ്ക്ക് പരുക്ക് പറ്റരുത് എന്ന നിർദ്ദേശം ലഭിച്ചിരുന്നു. ഷബീർ സ്വന്തം വാഹനത്തിൽ ഡ്രൈവറുമൊത്തു പോകുമ്പോൾ ആഡംബര കാറിലെത്തിയ അക്രമിസംഘം തടഞ്ഞു നിർത്തി. വടിവാളും കമ്പിവടികളും ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ചു. ഡ്രൈവറെ ഓടിച്ചു വിട്ടശേഷം മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി. സുഖം പ്രാപിച്ചതിനെ തുടർന്നു ഷബീർ ഗൾഫിലേക്കു പോയി. ഇപ്പോൾ അറസ്റ്റിലായ പ്രതികൾ മുഴുവൻ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ക്വട്ടേഷൻ സംഘാംഗങ്ങളും ആണ്. ദിനേശ് ലാൽ പുനലൂർ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ 5 കേസുകളിൽ പ്രതിയാണ്. ഷാഫി കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ 3 കേസുകളിൽ പ്രതിയാണ്. വിഷ്ണു കുണ്ടറ സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. പ്രജോഷ് കിളികൊല്ലൂർ സ്റ്റേഷനിലെ 3 കേസുകളിൽ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP