Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രവി വള്ളത്തോൾ, വേലായുധൻ കീഴില്ലം.. അടുത്തത് ആര്? ഇർഫാൻഖാൻ.. ഋഷികപൂർ... അടുത്തത് ആര്? നസറുദ്ദീൻ ഷാ ഗുരുതരാവസ്ഥയിലാണെന്ന കാട്ടുതീപോലെ പടരുന്ന വാർത്ത നിഷേധിച്ച് മകൻ; കൽപ്പന, രാജേഷ്പിള്ള, കലാഭവൻ മണി എന്നിവർ അകാലത്തിൽ അടുപ്പിച്ചടുപ്പിച്ച് മരിച്ചത് ഓർമ്മിച്ച് സിനിമാക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ; ലാൽ ജോസിന്റെ പോസ്റ്റ് വളച്ചൊടിച്ചും കുപ്രചാരണം; മൂന്നൊക്കുന്ന മരണ പ്രചാരണങ്ങളിൽ ആശങ്കയോടെ സിനിമാലോകം; സെലിബ്രിറ്റി മരണ പരമ്പരകളുടെ യാഥാർഥ്യം എന്താണ്?

രവി വള്ളത്തോൾ, വേലായുധൻ കീഴില്ലം.. അടുത്തത് ആര്? ഇർഫാൻഖാൻ.. ഋഷികപൂർ... അടുത്തത് ആര്? നസറുദ്ദീൻ ഷാ ഗുരുതരാവസ്ഥയിലാണെന്ന കാട്ടുതീപോലെ പടരുന്ന വാർത്ത നിഷേധിച്ച് മകൻ; കൽപ്പന, രാജേഷ്പിള്ള, കലാഭവൻ മണി എന്നിവർ അകാലത്തിൽ അടുപ്പിച്ചടുപ്പിച്ച് മരിച്ചത് ഓർമ്മിച്ച് സിനിമാക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ; ലാൽ ജോസിന്റെ പോസ്റ്റ് വളച്ചൊടിച്ചും കുപ്രചാരണം; മൂന്നൊക്കുന്ന മരണ പ്രചാരണങ്ങളിൽ ആശങ്കയോടെ സിനിമാലോകം; സെലിബ്രിറ്റി മരണ പരമ്പരകളുടെ യാഥാർഥ്യം എന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കട്ട അന്ധവിശ്വാസികളും അശാസ്ത്രീയവാദികളുമാണ് ഇന്ത്യയിലെ സിനിമാക്കാർ എന്ന് പൊതുവെ പറയാറുണ്ട്. ഈ ലോക്ഡൗൺ കാലത്ത് ഷൂട്ടിങ്ങ അടക്കം എല്ലാം നിർത്തിവെച്ച് വീട്ടിൽ ഇരിക്കുമ്പോഴും അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം നിറയുന്നത് മരണഭയമാണ്! ഇർഫാൻ ഖാന്റെയും ഋഷികപൂറിന്റെയും മരണം ഉണ്ടാക്കിയ കടുന്ന വേദനയിലാണ് ഹിന്ദി സിനിമാലോകം. ഒപ്പം അടുത്ത് ആര് എന്ന് ഭീതിയും. രണ്ടൊത്താൽ മൂന്ന് ഒക്കുമെന്നാണ് ഇന്ത്യയിൽ പ്രചുര പ്രചാരം നേടിയ അന്ധവിശ്വാസം. ഇതിനിടെ പ്രമുഖ നടൻ നസറുദ്ദീഷൻ ഷാ ഗുരുതരാവസ്ഥയിലാണെന്ന വ്യാജ പ്രചാരണവും ഇതിനിടെ ഉയർന്നു. ഇതായിരിക്കും മൂന്നാമത്തെ വിധിയുടെ വിളയാട്ടം എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത് നിഷേധിച്ചുകൊണ്ട് ഷായുടെ മകൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

മലയാളത്തിലും ഏതാണ്ട് സമാനമായ അവസ്ഥയാണ്. സിനിമാ മേഖലയിലെ രണ്ടുപേരാണ് ഈ അടുത്തിടെ വിട പറഞ്ഞത്. മരണം ആദ്യം തട്ടിയെടുത്തത് മലയാളത്തിന്റെ പ്രിയതാരം രവി വള്ളത്തോളിനെ, പിന്നീട് വസ്ത്രാലങ്കാരകനായിരുന്ന വേലായുധൻ കീഴില്ലം. ഇനി അടുത്തത് ആര് എന്ന ഭീതി മലയാള ചലച്ചിത്രമേഖലയിയിലുമുണ്ട്. അതേസമയം നടൻ ശശി കലിംഗ അന്തരിച്ചതും ഇതേ ലോക്ഡൗൺ കാലത്താണ്. അതടക്കം മൂന്ന് ഒത്തുവെന്ന് ആശ്വസിക്കുന്നവർ ഉണ്ട്. കൽപ്പന, രാജേഷ്പിള്ള, കലാഭവന്മണി, എന്നിവർ അടുത്തടുത്താണ് അന്തരിച്ചത് ചൂണ്ടിക്കാട്ടിയാണ് വ്യാജ പ്രചാരണം നടക്കുന്നത്.

കൽപ്പന, രാജേഷ്പിള്ള, കലാഭവൻ മണി

എന്നാൽ ഇതൊക്കെ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അൽപ്പം സമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതാണ്. സൗകര്യപ്രദമായ നമ്മൾ കാര്യങ്ങളെ പെറുക്കിവെക്കുയാണ് ഇവിടെ ചെയ്യുന്നത്. കൽപ്പന മരിക്കുന്നത് 2016 ജനുവരി 25ന് ആണ. കലാഭവൻ മണി മരിക്കുന്നത് മാർച്ച് 6നും. അതായത് ലെറ്റ്ബോയ് തൊട്ട് താരങ്ങൾവരെ ആയിരക്കണക്കിന് ആളുകൾ ഉള്ള ഒരു വ്യവസായത്തിൽ മൂന്നുമാസത്തിനിടെ മൂന്ന് പ്രമുഖർ മരിക്കുന്നത് ഒന്നിന്റെ തുടർച്ചയാണെന്ന് പറയാൻ കഴിയമോ.' ചെറി പിക്കിങ്ങ് എന്ന് പറയുന്ന ടെക്ക്നിക്കാണിത്. ഉദാഹരണമായി 2016 ജനുവരിക്കും മാർച്ചിനും ഇടയിൽ ചെറുതും വലുതുമായ നിരവധി സിനിമാ പ്രവർത്തകർ മരിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് പേരുകേട്ട പ്രൊഡക്ഷൻ കമ്പനിയായ മഞ്ഞിലാസിന്റെ എം ഒ ജോസഫ് വിടപറയുന്നതും 2016 ജനുവരിയിലാണ്. പൊന്നി, വാഴ്‌വേമായം, അരനാഴികനേരം തുടങ്ങി ഒട്ടേറെ സിനിമകൾ ജോസഫ് മലയാളത്തിനു നൽകിയിരുന്നു.

പറക്കുംതളിക, വന്ദനം, ചെപ്പ് എന്നീ ചിത്രങ്ങളുടെ രചയിതാവും കാക്കത്തൊള്ളായിരം എന്ന സിനിമയുടെ സംവിധായകനുമായ വി ആർ ഗോപാലകൃഷ്ണൻ, നടൻ ജി കെ പിള്ള, കോഴിക്കോട് സുധാകരൻ എന്നിവരും അതേവർഷം ജനുവരിയിൽ മരിച്ചവരാണ്. ഫെബ്രുവരിയിൽ ഒഎൻവിയും, രാജേഷ്പിള്ളയും, ജോൺസന്റെ മകളും പാട്ടുകാരിയുമായ ഷാൻ ജോൺസൻ എന്നിവരും മരിച്ചു. അതിനുശേഷമാണ് കലാഭവൻ മണിയുടെ മരണം വരുന്നത്. എന്നാൽ ഇത് മനസ്സിലാക്കാതെ മൂന്ന് പ്രമുഖരെ ചേർത്ത ഒരു മാലയുണ്ടാക്കി, ഒന്നൊത്താൽ മൂന്നൊക്കുമെന്നുള്ള മൂഢ വിശ്വാസം ചിലർ പ്രചരിപ്പിക്കയാണ്. അടത്തകാലം വരെ കോര എന്നാളുടെ ചീട്ടായിരുന്നു മലയാള സിനിമയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇത്തരം അന്ധവിശ്വാസികളുടെ ലോകത്ത് ഇത്തരം പ്രചാരണങ്ങൾ സ്വാഭാവികം മാത്രം- ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ അഗസ്റ്റിൻ വർഗീസ് ഇങ്ങനെ പ്രതികരിക്കുന്നു.

അതായത് ഇല്ലാത്ത പാറ്റേൺ ഉണ്ടാക്കി പേടിക്കയാണ് മലയാള സിനിമ. മൂന്നുമാസത്തെ കണക്കിൽ നോക്കിയിൽ രാഷ്ട്രീയക്കാർ, ബിസിനസുകാർ, അദ്ധ്യാപകർ ഇങ്ങനെ ഏത് തൊഴിൽ മേഖല എടുത്താലും ഇതുപോലെ മൂന്ന് ആവർത്തിക്കുന്ന മരണക്കണക്കുകളും ഉണ്ടാക്കാം. അതിനിടിടെ സംവിധായകൻ ലാൽ ജോസിന്റെ ഒരു പോസ്റ്റും വൈറലാവുന്നുണ്ട്. ലാൽജോസിന്റെ പോസ്്റ്റിന്റെ ഒരുഭാഗം മാത്രം എടുത്ത് ആശങ്ക ഉയർത്തുന്ന രീതിയിലാണ് പ്രചാരണം.

ലാൽ ജോസിന്റെ കുറിപ്പ് ഇങ്ങനെയാണ്:

പോയ ആഴ്ച രവിയേട്ടനും (രവി വള്ളത്തോൾ) വേലായുധേട്ടനും (വേലായുധൻ കീഴില്ലം) നമ്മെ വിട്ടു പോയി. മുന്നനുഭവം വച്ച് രണ്ട് സിനിമാക്കാർ മരിച്ചാൽ മൂന്നാമതൊന്ന് പിന്നാലെയെന്നൊരു പേടി തട്ടിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഇടത്തു നിന്നാണ് ഇക്കുറി മൂന്നാമത്തേയും നാലമത്തേയും മരണവാർത്തകൾ- ഇർഫാൻ ഖാനും ഋഷി കപൂറും. ഋഷി കപൂർ സിനിമകൾ എനിക്ക് കൗമാരത്തോട് ഒട്ടിനിൽക്കുന്ന ഓർമ്മയാണ്.

അളന്ന് തൂക്കി മാത്രം കിട്ടുന്ന ജീവിത സൗകര്യങ്ങളുടെ കൗമാരകാലത്ത് സ്വപ്നങ്ങൾക്ക് പക്ഷെ ഒരു ക്ഷാമവുമില്ലായിരുന്നു. മലമടക്കുകൾ താണ്ടുന്ന ബൈക്കും, ഹൃദയം കൊരുത്തു വലിക്കുന്ന പ്രണയവും, കരുത്തന്മാരെ വെല്ലുന്ന ധൈര്യവും ഒക്കെ സ്വപ്നത്തിൽ മാത്രം സ്വന്തമായുണ്ടായിരുന്ന കാലം. എന്നാലും എത്രക്കങ്ങോട്ട് ശ്രമിച്ചാലും സ്വപ്നത്തിൽ പോലും ഒരു ഋഷികപൂറാകാൻ ഞങ്ങൾക്കാർക്കും സാധിക്കില്ലായിരുന്നു. വീഡിയോ കാസറ്റുകൾ വഴി സിനിമയും സിനിമാപാട്ടുകളും വീടുകളിലേക്ക് സന്ദർശകരായി എത്തികൊണ്ടിരുന്നു.

ഹിന്ദിഗാനങ്ങളടങ്ങിയ ചിത്രഹാർ കാസറ്റുകളിലൂടെ ഋഷികപൂർ നമ്മളെ വെല്ലുവിളിക്കും. അയാളുടെ ലോകം , അവിടുത്തെ തിളക്കങ്ങൾ, സൗന്ദര്യങ്ങൾ.. ആ സിനിമകൾ അപ്രാപ്യമായ സ്വപ്നലോകത്തെ നിറപ്പകിട്ടുള്ള ഒരു ഉത്സവമായിരുന്നു.സർവ്വസാധാരണമായ ജീവിതത്തിന്റെ ഇല്ലായ്മകൾക്കിടയിൽ അയതാർത്ഥതയുടെ മഹാസൗന്ദര്യം ഒരുക്കുന്ന കൺകെട്ട് വിദ്യകണ്ട് ഞങ്ങൾ ഋഷികപൂർ ആരാധകരായി. ഒരുക്കലും നമുക്ക് ആയിത്തീരാൻ സാധിക്കാത്ത ജീവിതം ജീവിക്കുന്ന അഭ്രപാളിയിലെ രാജകുമാരൻ.

ആഞ്ഞു ശ്രമിച്ചാൽ എത്തിപ്പിടിക്കാൻ പറ്റുന്ന പൂമരകൊമ്പായി ജീവിതം മാറിതുടങ്ങിയ കാലത്താണ് ഏതാണ്ട് എന്റെ സമപ്രായക്കാരനായ ഇർഫാൻ ഖാന്റെ സിനിമകൾ കാണുന്നത്. ദൈനംദിനം നമ്മൾ കടന്നുപോകുന്ന ജീവിതാവസ്ഥകളിലുള്ള കഥാപാത്രങ്ങൾ. അളന്ന് തൂക്കി മാത്രം ചിരിക്കുകയും പ്രണയിക്കുകയും ചെയ്ത നടൻ. അധികപറ്റായി ഒന്നുമില്ല, സൗന്ദര്യം പോലും. ഇങ്ങനെയൊരു നടനുള്ളപ്പോൾ യാതാർത്ഥ്യത്തിന്റെ പരുത്ത പ്രതലമുള്ള സിനിമകൾ ബോളിവുഡ്ഡിനും ശീലമായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ലോകസിനിമയിലേക്കാണ് അയാൾ അനായാസം കേറിപോയത്. ഈ ലോക്ഡൗൺ കാലത്ത് ഇൻഫേർണോയിൽ ടോം ഹാങ്ക്സിനൊപ്പം ഇർഫാനെകാണുമ്പോൾ 'ഇതാ നമ്മുടെ പുള്ളി' എന്ന് മനസ്സ് പറയുന്നത്ര അടുപ്പം ഇർഫാൻഖാൻ നമ്മളിൽ അവേശേഷിപ്പിച്ചു. ഉത്തരേന്ത്യൻ സുന്ദരന്മാർക്കുള്ള താര തിളക്കമല്ല, തനിനാടൻ കൂസലില്ലായ്മയുടെ പ്രതിഭയാണ് അയാളെ നമ്മുടെ അടുപ്പക്കാരനാക്കിയത്. അകലത്തിലെ നക്ഷത്രവും അടുത്തവീട്ടിലെ ചങ്ങാതിയും ഒന്നിനെ പുറകെ ഒന്നായി പിരിഞ്ഞുപോകുമ്പോൾ, ഹൃദയം തൊട്ട് ആദാരാഞ്ജലികൾ അർപ്പിക്കാനല്ലാതെ നമുക്കെന്താവും.- ലാൽ ജോസ് വ്യക്തമാക്കുന്നു.

നസറുദ്ദീൻ ഷാ ഗുരുതരാവസ്ഥയിലല്ല

മലയാളത്തിലെപോലുള്ള ഈ പാറ്റേൺ സീക്കിങ്ങ് ഹിന്ദി സിനിമയിലും പ്രകടമാണ്. ഇർഫാൻഖാന്റെയും, ഋഷികപൂറിന്റെയും അടുപ്പടുപ്പിച്ചുണ്ടായ മരണങ്ങൾക്ക് തൂക്കമൊപ്പിക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡയയിലടക്കം നടന്നത്. ഇരുവർക്കുമുള്ള ആരാധകരുടെ ആദരാഞ്ജലികളാവും ട്വിറ്ററിൽ കഴിഞ്ഞ 48 മണിക്കൂറിൽ ഏറ്റവും ട്രെന്റിങ് ആയ ടോപ്പിക്കുകൾ. എന്നാൽ രാത്രിയോടെ സിനിമാപ്രേമികളിൽ ആശങ്കയുണർത്തിയ മറ്റൊരു വിവരവും സോഷ്യൽ മീഡിയയിൽ പൊടുന്നനെ വ്യാപിച്ചു. വിഷയത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ പലരും അത് ഷെയർ ചെയ്യുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ മറ്റൊരു അതുല്യ നടനായ നസീറുദ്ദീൻ ഷായെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതായിരുന്നു പ്രചരിച്ച വിവരം. എന്നാൽ ഇതിൽ വസ്തുത ഉണ്ടായിരുന്നില്ല. നടന്നത് വ്യാജപ്രചരണമായിരുന്നു. ഇന്നലെ രാത്രി ആയിരക്കണക്കിന് ട്വീറ്റുകൾ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ നസീറുദ്ദീൻ ഷായുടെ മകനും നടനുമായ വിവാൻ ഷായ്ക്ക് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു.

അച്ഛൻ സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മറ്റു പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും വിവാൻ ട്വീറ്റ് ചെയ്തു. 'എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക് (നസീറുദ്ദീൻ ഷാ) ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു.' അന്തരിച്ച പ്രിയനടന്മാർക്ക് ഇതേ ട്വീറ്റിൽ ആദരാഞ്ജലികൾ നേർന്നിട്ടുമുണ്ട് വിവാൻ. 'ഇർഫാൻ ഭായിക്കും ചിന്തു ജീക്കും (ഋഷി കപൂർ) വേണ്ടി പ്രാർത്ഥിക്കുന്നു. അവരെ ഒരുപാടു മിസ് ചെയ്യുന്നു. അവരുടെ കുടുംബങ്ങളോട് അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ഞങ്ങൾ അവർക്കെല്ലാമൊപ്പമുണ്ട്. ഞങ്ങൾ എല്ലാവരെയും സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത്', എന്നാണ് വിവാൻ ഷായുടെ ട്വീറ്റ്.

വ്യാജപ്രചരണങ്ങൾക്കു പിന്നാലെയെത്തിയ വിവാന്റെ ട്വീറ്റിനുതാഴെ ആശ്വാസത്തോടെയാണ് നസീറുദ്ദീൻ ഷാ ആരാധകരുടെ പ്രതികരണം. പലരും നസീറുദ്ദീൻ തങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നുണ്ട്. 'ആ മനുഷ്യൻ ഒരു ദേശീയ നിധിയാണ്. ദയവായി അദ്ദേഹത്തെ ശ്രദ്ധിക്കൂ. സുരക്ഷിതരായിരിക്കൂ', എന്നാണ് വിവാന്റെ ട്വീറ്റിനു താഴെ ഒരു ആരാധകന്റെ പ്രതികരണം. ഒരുപാടു പേർ നസീറുദ്ദീൻ ഷായ്ക്ക് ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP