Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് നിസ്സഹായനായി കണ്ണീർവാർത്ത് പിതാവ് ഉലഹന്നാൻ; വിതുമ്പി കരഞ്ഞ് സഹോദരങ്ങളും; അറയ്ക്കൽ പാലസിന് ഇനി നാഥനില്ല; ജോയി അറയ്ക്കലിനെ കണ്ണീരോടെ വിട നൽകി ജന്മനാട്; സംസ്‌കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു; ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് ഫാ. പോൾ മുണ്ടോലിക്കൽ; വയനാട്ടിലെ ഒന്നുമില്ലായ്മയിൽ നിന്നും പൊരുതിക്കയറി ഗൾഫിൽ വ്യവസായ ലോകം കെട്ടിപ്പടുത്ത അറയ്ക്കൽ ജോയിക്ക് പിറന്ന മണ്ണിൽ അന്ത്യവിശ്രമം

മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് നിസ്സഹായനായി കണ്ണീർവാർത്ത് പിതാവ് ഉലഹന്നാൻ; വിതുമ്പി കരഞ്ഞ് സഹോദരങ്ങളും; അറയ്ക്കൽ പാലസിന് ഇനി നാഥനില്ല; ജോയി അറയ്ക്കലിനെ കണ്ണീരോടെ വിട നൽകി ജന്മനാട്; സംസ്‌കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു; ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് ഫാ. പോൾ മുണ്ടോലിക്കൽ; വയനാട്ടിലെ ഒന്നുമില്ലായ്മയിൽ നിന്നും പൊരുതിക്കയറി ഗൾഫിൽ വ്യവസായ ലോകം കെട്ടിപ്പടുത്ത അറയ്ക്കൽ ജോയിക്ക് പിറന്ന മണ്ണിൽ അന്ത്യവിശ്രമം

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട്ടിലെ ഒന്നുമില്ലായ്മയിൽ നിന്നും ഗൾഫിലെത്തി അവിടെ പുതിയ വ്യവസായ സാമ്രാജ്യം തീർത്ത പ്രവാസി വ്യവസായ പ്രമുഖർ അറയ്ക്കൽ ജോയിക്ക് ജന്മനാട് വിട നൽകി. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയായ ജോയി അറയ്ക്കലിന്റെ മൃതദേഹം ജന്മനാടായാ മാനന്തവാടിയിലാണ് അടക്കം ചെയ്തത്. ജോയിയുടെ സംസ്‌കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ലോക്ക്ഡൗൺ കാലമായതിനാൽ കർശന നിയന്ത്രണങ്ങളോടെ ആയിരുന്നു ജോയിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടന്നത്.

പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. മകനെ അവസാനമായി ഒരു നോക്കു കാണാൻ വേണ്ടി പിതാവ് ഉലഹന്നാൻ കാത്തിരിക്കയായിരുന്നു. പ്രിയപുത്രന്റെ ചേതനയറ്റ മൃതദേഹം കണ്ടു കണ്ണീർവാർക്കുകായിരുന്നു അദ്ദേഹം. സഹോദരങ്ങളും വികാരനിർഭരമായ യാത്രയയപ്പാണ് ജോയിക്ക് നൽകിയത്. ഇന്ന് പുലർച്ചെ തന്നെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുകയായിരുന്നു.

ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ. രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്‌കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി.

എംഎൽഎമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാവിലെ അറയ്ക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. ഈസ്റ്ററിന് വരുമെന്ന് അറിയിച്ചു ദുബായിലേക്ക് പോയ ജോയിയുടെ മൃതദേഹം അറയ്ക്കൽ പാലസിലെ കൊണ്ടുവന്നപ്പോൾ നൊമ്പരങ്ങൾ വീർപ്പുമുട്ടുകയായിരുന്നു.

പ്രവാസി വ്യവസായി ജോയി അറയ്ക്കൽ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി. പെട്രോൾ വിലയിടവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു.

എംകോമും സിഎ ഇന്ററും പാസായി 1997ൽ ദുബായിൽ എത്തിയ ജോയി, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമ്മാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇതിനു പുറമെ മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്. പുതിയ എണ്ണശുദ്ധീകരണ കമ്പനി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികൾ ഉണ്ട്.

വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാർഡും നേടിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ 'കപ്പൽ ജോയി' എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാൽ 500 മെട്രിക് ടണ്ണിന്റെ കപ്പൽ രണ്ടു വർഷം മുൻപു കൈമാറി. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP