Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസഹായത്തിനായി സംസ്ഥാന സർക്കാറുകൾ അലമുറയിടുന്നതിനിടെ ചില ഉത്തേജന പാക്കേജുകൾ ഇന്ന് കേന്ദ്രം പ്രഖ്യാപിച്ചേക്കും; ഒറ്റയടിക്ക് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രത്തിന്റെ പക്കൽ പണമില്ല; ചെറുകിട വ്യവസായികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളെന്ന് സൂചന; നോട്ടടിച്ച് ഹെലികോപ്ടർ മണി ഇറക്കുന്നത് അടക്കമുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെന്ന് തലപുകച്ച് നിർമ്മല സീതാരാമൻ

കേന്ദ്രസഹായത്തിനായി സംസ്ഥാന സർക്കാറുകൾ അലമുറയിടുന്നതിനിടെ ചില ഉത്തേജന പാക്കേജുകൾ ഇന്ന് കേന്ദ്രം പ്രഖ്യാപിച്ചേക്കും; ഒറ്റയടിക്ക് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രത്തിന്റെ പക്കൽ പണമില്ല; ചെറുകിട വ്യവസായികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളെന്ന് സൂചന; നോട്ടടിച്ച് ഹെലികോപ്ടർ മണി ഇറക്കുന്നത് അടക്കമുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെന്ന് തലപുകച്ച് നിർമ്മല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് കേന്ദ്രസർക്കാർ. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളിൽ ചിലത് കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളികൾക്കും ചെറുകിട ഇടത്തരം വ്യവസായികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. ഒറ്റയടിക്ക് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാതെ വിവിധ മേഖലകളിലെ പ്രതിസന്ധികൾ പ്രത്യേകം പരിഗണിച്ച് ഘട്ടംഘട്ടമായി ആശ്വാസ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചന.

ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ 11.2 ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിക്കണമെന്നാണ് വിലയിരുത്തൽ. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി നാൽപതിനായിരം കോടി രൂപയുടെ ഫണ്ട് നൽകുന്നത് പരിഗണനയിലുണ്ട്. പാവപ്പെട്ടവർക്കു സൗജന്യ ഭക്ഷണം, അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകൽ, പാചകവാതക സിലിൻഡർ, പ്രോവിഡന്റ് ഫണ്ട് വിഹിതം പിൻവലിക്കൽ, കുറഞ്ഞ വേതനക്കാരുടെ രണ്ടുമാസത്തെ വിഹിതമടക്കൽ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1.76 ലക്ഷം കോടിയുടെ സഹായം മാർച്ച് 26-ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള സഹായം പ്രഖ്യാപിക്കൽ മാത്രമായിരുന്നു അവ. വിവിധ മേഖലകൾക്കുള്ള പ്രത്യേക പാക്കേജ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു. പിന്നീട്് വനിതാ സഹായ സംഘങ്ങൾക്കുള്ള വായ്പ പത്തു ലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപ ആക്കുകയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 182 രൂപയിൽനിന്ന് 202 രൂപ ആക്കുകയും ചെയ്തു. കോവിഡ് അടിയന്തര, അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതി പ്രകാരം 15,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു.

അടച്ചിടലിനെതുടർന്ന് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. ചെറുകിട ഇടത്തരം വ്യവസായങ്ങൾ, ടൂറിസം, വിനോദം, വ്യോമയാനം തുടങ്ങിയ മേഖലകൾ ഉടനെയൊന്നും കരകയറുന്ന ലക്ഷണവുമില്ല. സാമ്പത്തികമാന്ദ്യം മറികടക്കാൻ സർക്കാർ പാക്കേജും നികുതിയിളവുകളും പ്രഖ്യാപിക്കണമെന്ന് എം.എസ്.എം.ഇ. മേഖല ഉൾപ്പെടെ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. പാക്കേജ് വൈകുന്നത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കറൻസി അച്ചടിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വ്യാപാര വാണിജ്യ മേഖലകളിൽ പ്രതിസന്ധിയിലായവയ്ക്ക് വായ്പകൾക്കുള്ള പലിശയിളവുകളിലൂടെ കൈത്താങ്ങു നൽകാമെന്നാണ് ആലോചന. രണ്ടാമത്തെ സാമ്പത്തിക പാക്കേജിന് ഇനിയും അന്തിമ രൂപമായിട്ടില്ല. ലോക്ഡൗണിൽ ഈ മാസം 4 മുതൽ വലിയ തോതിൽ ഇളവു നൽകിക്കഴിഞ്ഞാൽ ഓരോ മേഖലയുടെയും സ്ഥിതിയെക്കുറിച്ചു കൂടുതൽ വ്യക്തതയാവുമെന്നും അതിനുശേഷം മതി പ്രഖ്യാപനമെന്നുമാണ് ആലോചന. ഉടൻ പ്രഖ്യാപനം നടത്തുന്നത് വിപണിക്ക് ഉത്തേജനമാകുമെന്ന വിലയിരുത്തലുമുണ്ട്.

കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. വിപണി ഏകദേശം പൂർണമായും സർക്കാരിന്റെ വരുമാന മേഖലകളിൽ ഭൂരിഭാഗവും സ്തംഭിച്ചു. ലോക്ഡൗൺ പിൻവലിച്ചുകഴിഞ്ഞാൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം മെച്ചപ്പെടാം. എന്നാൽ, ആദായ നികുതി വരുമാനത്തിൽ ഇടിവിന് സാധ്യതയുണ്ട്. നോട്ട് അച്ചടിക്കൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നും പണപ്പെരുപ്പത്തിനു വഴിവയ്ക്കാമെന്നും വിമർശനമുണ്ട്. എന്നാൽ, വാങ്ങൽശേഷി ഉടൻ വർധിക്കില്ലെന്നും അതിനാൽ പണപ്പെരുപ്പ ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്.

സംസ്ഥാനങ്ങൾക്കു നേരിട്ട് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷ തൽക്കാലം വേണ്ടെന്നു സൂചന. ജിഎസ്ടി നഷ്ടപരിഹാര കുടിശികയിനത്തിൽ കഴിഞ്ഞ ഡിസംബർ മാർച്ച് കാലയളവിലേതായി ഏകദേശം 60,000 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കു ലഭിക്കാനുള്ളത്. ഈ തുകയും ഉടനെങ്ങും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. വായ്പ തിരിച്ചടവിൽ വീഴ്ചവരുത്താത്തവർക്ക് പലിശ കുറയ്ക്കുക എന്നതാണ് ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങളെ ഉൾപ്പെടെ സഹായിക്കാനുള്ള മാർഗമായി പരിഗണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP