Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയോര കർഷകരുടെ നായകനായ വൈദികൻ; ഗാഡ്ഗിൽ റിപ്പോർട്ടിനെ ചൊല്ലി പി ടി തോമസിന്റെ സീറ്റു തെറിപ്പിച്ചു; വോട്ടുചോദിക്കാനെത്തിയ ഡീൻകുര്യാക്കോസിനെ കോൺഗ്രസുകാരെ വിശ്വാസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു കണ്ടംവഴി ഓടിച്ച വ്യക്തിത്വം; മലയോര ജനതയ്ക്കായി ളോഹയിട്ടു പരസ്യമായി രാഷ്ട്രീയം കളിച്ച ബിഷപ്പ്; ക്രൈസ്തവ പെൺകുട്ടികളെ വിവാഹം കഴിക്കാൻ എസ്എൻഡിപിക്കാർക്ക് നിഗൂഢ അജണ്ടയെന്ന് വിമർശിച്ചു വിവാദത്തിലായി; വിടപറഞ്ഞ ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ വിവാദങ്ങളെ കൂസാത്ത വ്യക്തിത്വം

മലയോര കർഷകരുടെ നായകനായ വൈദികൻ; ഗാഡ്ഗിൽ റിപ്പോർട്ടിനെ ചൊല്ലി പി ടി തോമസിന്റെ സീറ്റു തെറിപ്പിച്ചു; വോട്ടുചോദിക്കാനെത്തിയ ഡീൻകുര്യാക്കോസിനെ കോൺഗ്രസുകാരെ വിശ്വാസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു കണ്ടംവഴി ഓടിച്ച വ്യക്തിത്വം; മലയോര ജനതയ്ക്കായി ളോഹയിട്ടു പരസ്യമായി രാഷ്ട്രീയം കളിച്ച ബിഷപ്പ്; ക്രൈസ്തവ പെൺകുട്ടികളെ വിവാഹം കഴിക്കാൻ എസ്എൻഡിപിക്കാർക്ക് നിഗൂഢ അജണ്ടയെന്ന് വിമർശിച്ചു വിവാദത്തിലായി; വിടപറഞ്ഞ ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ വിവാദങ്ങളെ കൂസാത്ത വ്യക്തിത്വം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ ഇടയനായാണ് വിടപറഞ്ഞ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മലയോര ജനതയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വം. എന്നും വിവാദങ്ങളിൽ നിറഞ്ഞ ആനിക്കുഴിക്കാട്ടിൽ പരസ്യമായി രാഷ്ട്രീയപ്രവർത്തനം നടത്തിയ വൈദികൻ കൂടിയായിരുന്നു എന്നു പറയാം. കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഇടുക്കി രൂപയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ ചരിത്രത്തിൽ ഇടംനേടിയതാണ്.

കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്ക-എലിസബത്ത് ദന്പതികളുടെ15 മക്കളിൽ മൂന്നാമനായും ആൺമക്കളിൽ ഒന്നാമനായും 1942 സെപ്റ്റംബർ 23-നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം നടത്തി. തുടർന്ന് കോതമംഗലം മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാർച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയർപ്പിച്ചു.

കോതമംഗലം ടൗൺ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയൽ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടർന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററൽ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാർ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985-ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടൻകാട് പള്ളിയിലും രണ്ടാർ പള്ളിയിലും സേവനംചെയ്തു. 1990-ൽ കോതമംഗലം രൂപതാ ചാൻസലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000-ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂർ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയൽ കൗൺസിൽ, കാത്തകറ്റിക്കൽ കമ്മിറ്റി, രൂപതാ നിർമ്മാണപ്രവർത്തന കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചു.

2003-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാർ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു. 2003 മാർച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കർമവേദിയിൽ തീഷ്ണമതിയായ മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷൻ, സീറോ മലബാർ സിനഡൽ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവർത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു

എൺപത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വർഷംകൊണ്ട് 111 പുതിയ വൈദികർകൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളർന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്റ്റേഷൻ പള്ളികളുമായി പ്രവർത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഏറെ ബാലാരിഷ്ടതകൾ തരണംചെയ്ത് 15 വർഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷൻ സ്റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളർത്തി.

രൂപത സ്ഥാപിച്ചപ്പോൾ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളർന്നു. 14 സന്യാസഭവനങ്ങൾ വളർന്ന് 22 ആയി. സന്യാസിനീസഭകൾ 2003-ൽ 13 ആയിരുന്നെങ്കിൽ 15 വർഷംകൊണ്ട് 30 ആയി വർധിച്ചു. സന്യാസിനീഭവനങ്ങൾ 102-ൽനിന്നും 150ലേക്കു വളർന്നു. ഈ കാലയളവിൽ 25 ദേവാലയങ്ങൾ പുതുക്കി നിർമ്മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിർമ്മിച്ചു. നിലവിൽ രണ്ടു കോളജുകളും എട്ട് ഹയർസെക്കൻഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എൽപി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനു മുൻതൂക്കം നൽകി പ്രവർത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനർ സെമിനാരി, അടിമാലി പാസ്റ്ററൽ സെന്റർ, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളർന്നുവന്നിട്ടുള്ളതാണ്.

ഹൈറേഞ്ചുകാരുടെ സ്വന്തം ബിഷപ്പ്

ഹൈറേഞ്ചുകാരുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച ബിഷപ്പായിരുന്നു മാർ ആനിക്കുഴിക്കാട്ടിൽ. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.

ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തിൽനിന്നും ചാരിതാർഥ്യത്തോടെയായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ പടിയിറക്കം. വിശ്രമരഹിതമായ ജീവിതത്തിൽ പ്രായം തളർത്താത്ത മനസുമായി സഹജീവികൾക്കായി കർമനിരതമായ പ്രവർത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കർമയോഗിയാണ് മാർ ആനിക്കുഴിക്കാട്ടിൽ. 2018 ഏപ്രിൽ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലിൽ മാർ ജോൺ നെല്ലിക്കുന്നേൽ അടുത്ത ഇടയശ്രേഷ്ഠനായി മെത്രാഭിഷേകം ചെയ്തു.

കടുത്ത ഗാഡ്ഗിൽ വിരോധി, പി ടി തോമസിനെ ഇടുക്കിയിൽ നിന്നും ഓടിച്ചു

രാഷ്ട്രീയ വിവാദങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിൽ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് സീറ്റ് നിഷേധിക്കാൻ ഇടയായിലെ മുഖ്യവ്യക്തിത്വം ബിഷപ്പിന്റതായിരുന്നു. യുഡിഎഫുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നിൽക്കുകയായിരുന്നു.ഹൈറേഞ്ച് സംരക്ഷണത്ത സമിതി ഉണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു അദ്ദേഹം. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡീൻ കുര്യാക്കോസിനെ പരസ്യമായി വിമർശിച്ചും ബിഷപ്പ് വിവാദത്തിൽ ചാടി. കോൺഗ്രസുകാർക്ക് ധാർഷ്ട്യമാണെന്നായിരുന്നു ബിഷപ്പിന്റെ വിമർശനം.

ഇപ്പോൾ തങ്ങളെ തേടി വരുന്നത് വോട്ട് കിട്ടാൻ വേണ്ടി മാത്രമാണെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ധാർഷ്ട്യമാണെന്നും യൂത്ത് കോൺഗ്രസ് പക്വത കാണിക്കാതെ പലപ്പോഴും വിമർശിച്ചെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിനെ കാണാൻ ഡീൻ കുര്യാക്കോസ് രൂപതാ ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു വിമർശനം. പട്ടയ വിഷയത്തിൽ ധാർഷ്ട്യം കാണിച്ച റവന്യൂമന്ത്രിയെ പറിച്ച് എറിയണമെന്നും തങ്ങളെ എതിർത്ത ഇടുക്കിയെ സിറ്റിങ് എംപി പി.ടി തോമസിന്റെ അവസ്ഥ കണ്ടില്ലേയെന്നും കെ.ടി തോമസിനെ പുറത്താക്കിയത് തങ്ങളല്ല ജനങ്ങളാണെന്നും ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ പറഞ്ഞു.

ബിഷപ്പിന്റെ വിമർശനങ്ങൾ അംഗീകരിച്ചെന്നും ബിഷപ്പിന് വിമർശിക്കാൻ അവകാശമുണ്ടെന്നായിരുന്നു ഡീൻ ഇതേക്കുറിച്ചു പറഞ്ഞത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെ ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിലാണ് ഇടുക്കി രൂപത. രൂപതയുടെ കൂടി പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥി ജോയ്സ് ജോർജാണ് ഇടുക്കി മണ്ലത്തിൽ ഡീൻ കുര്യാക്കോസിന്റെ എതിരാളി.

മിശ്രവിവാഹത്തെ വിമർശിച്ചും വിവാദത്തിൽ ചാടി

മിശ്ര വിവാഹത്തെ വിമർശിച്ചും വിവാദത്തിൽ ചാടിയ വ്യക്തിത്വമായിരുന്നു ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റേത്. ക്രൈസ്തവ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോകാൻ എസ്.എൻ.ഡി.പി യോഗത്തിന് നിഗൂഢ അജൻഡയുണ്ടെന്ന വിവാദ പ്രസ്താവനയുടെ പേരിലും അദ്ദേഹം ഏറെ വിമർശനം നേരിട്ടു. വെള്ളാപ്പള്ളി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയപ്പോൾ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. മതവിദ്വേഷം പടർത്തുന്ന പ്രസ്താവന നടത്തിയതിന് ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു.

ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു. ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ലൗ ജിഹാദ് വിവാദങ്ങളെ കുറിച്ചു തുടക്കം മുതൽ പറഞ്ഞ വ്യക്തി കൂടിയാരിുന്നു ആനിക്കുഴിക്കാട്ടിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP