Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്‌ളാറ്റിൽ കുട്ടിയെ കുളിപ്പിക്കാൻ എടുത്തുവച്ച വെള്ളത്തിൽ തെന്നി വീണ് പൊള്ളലേറ്റുവെന്ന് ആദ്യകഥ; പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിലൂടെ വീണെന്നായി; ആശുപത്രിയിൽ കൊണ്ടുപോകാത്തതിന് പഴിചാരിയത് കോവിഡിനെ; ദുബായിൽ തന്നെ ജോലി ചെയ്യുന്ന മകനെയോ നാട്ടിലെ മറ്റുബന്ധുക്കളെയോ അറിയിച്ചതുമില്ല; ദുബായിൽ കണ്ണൂർ സ്വദേശിയുടെ വീട്ടിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

ഫ്‌ളാറ്റിൽ കുട്ടിയെ കുളിപ്പിക്കാൻ എടുത്തുവച്ച വെള്ളത്തിൽ തെന്നി വീണ് പൊള്ളലേറ്റുവെന്ന് ആദ്യകഥ; പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിലൂടെ വീണെന്നായി; ആശുപത്രിയിൽ കൊണ്ടുപോകാത്തതിന് പഴിചാരിയത് കോവിഡിനെ; ദുബായിൽ തന്നെ ജോലി ചെയ്യുന്ന മകനെയോ നാട്ടിലെ മറ്റുബന്ധുക്കളെയോ അറിയിച്ചതുമില്ല; ദുബായിൽ കണ്ണൂർ സ്വദേശിയുടെ വീട്ടിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ വീട്ടുജോലി ചെയ്യവേ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തൃശൂർ, മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) ആണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിയുടെ ഫ്‌ളാറ്റിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച( ഏപ്രിൽ 23) യാണ് മരിച്ചത്.

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ശബ്‌നയുടെ പിതാവും ഭർത്താവും, മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്‌സിനും യുഎഇയിലെ ഇന്ത്യൻ അംബാസഡർ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലേക്കും പരാതി അയച്ചു. കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെയാണ് 44കാരിയായ ഷബ്‌ന കഴിഞ്ഞ സെപ്റ്റംബറിൽ സന്ദർശക വിസയിൽ ദുബായിലേക്ക് പോയത്.

ആദ്യം കൊടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇവർ പിന്നീട് ദുബായ് ഒയാസീസ് കെട്ടിടത്തിലെ കണ്ണൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് മാറി. നല്ല ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു. കണ്ണൂർ സ്വദേശിയുടെ ഫ്‌ളാറ്റിൽ വെച്ച് കുട്ടിയെ കുളിപ്പിക്കാനായി എടുത്തുവെച്ച വെള്ളത്തിൽ കാൽ തെറ്റി വീണ് ഷബ്‌നയ്ക്ക് പൊള്ളലേറ്റെന്നാണ് തങ്ങളെ ആദ്യം അറിയിച്ചത്. പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിലൂടെ വീണെന്നും അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം വൈദ്യ സഹായം ലഭ്യമാക്കാനായില്ലെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ആശുപത്രിയിൽ പോകാൻ ശബ്‌ന തയ്യാറായില്ലെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബാത്ത്‌റൂമിൽ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്‌തെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അധികൃതരെ വിവരമറിയിക്കുകയും പൊലീസെത്തി നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൃതദേഹം ദുബായ് പൊലീസിന്റെ വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശബ്നയെ കഴിഞ്ഞ 23ന് ദുബൈ ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ റിയാസും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊള്ളലേറ്റതാണ് മരണ കാരണമെന്നാണ് ലഭിച്ച വിവരം. ലോക്ഡൗൺ മൂലം ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് വീട്ടുടമസ്ഥനായ പയ്യന്നൂർ സ്വദേശി പറയുന്നു. ജീവന് അത്യാഹിതം സംഭവിക്കുന്ന ഘട്ടത്തിൽ കൃത്യസമയത്ത് ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് വിലയിരുത്തൽ. ഇതാണ് ദുരൂഹത കൂട്ടുന്നത്. ആശുപത്രിയിൽ പോകാൻ ശബ്ന സമ്മതിച്ചില്ലെന്നാണ് വീട്ടുടമയുടെ വാദം. ഈ വിവരങ്ങൾ ദുബായിൽ തന്നെ ജോലി ചെയ്യുന്ന മകനെയോ നാട്ടിലെ ബന്ധുക്കളെയോ വിളിച്ച് അറിയിച്ചില്ല എന്ന് പരാതിയുണ്ട്. പൊള്ളലേറ്റശേഷം ഇവരെ കുളിപ്പിച്ചിരുന്നത് വീട്ടുകാരിയാണ്. കുളിപ്പിക്കുന്നതിനിടെ ബാത്റൂമിൽ ഇവർ കുഴഞ്ഞുവീണതായും ഉടനെ മരണം സംഭവിച്ചതായും വീട്ടുടമ പറയുന്നു. ആമ്പുലൻസും ദുബായ് പൊലീസും എത്തി നടപടിക്രമങ്ങൾ എടുത്തതിന് ശേഷമാണ് ദുബൈയിലുള്ള മകനെ വിളിച്ച് ഇവർ മരണവിവരം അറിയിക്കുന്നത്.

പൊള്ളലേറ്റ ഷബ്നയ്ക്ക് കൊറോണ വൈറസ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലെന്ന വാദവും ഉയരുന്നുണ്ട്. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബായിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ വ്യക്തമാകുന്നു.

ദുബയിലെ ഒരു കഫറ്റെരിയയിൽ ജോലി ചെയ്യുകയാണ് ഷബ്നയുടെ മകൻ അർഫാൻ. ഷബ്നയുടെ രണ്ടു സഹോദരിമാരും ഭർത്താവ് ഇഖ്ബാലും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ് താമസം. കൊടുങ്ങല്ലൂർ, മാള ഏരിയകളിലെ കേരള പ്രവാസി സംഘം നേതാക്കളും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും ഇന്ന് ഈ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കൊച്ചി പോർട്ടിൽ ചുമട്ടു തൊഴിലാളിയാണ് ഭർത്താവ് കടവിൽ ഇഖ്ബാൽ. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴിക്കോട് മരപ്പാലം സ്വദേശി കടവിൽ ഇസ്ഹാഖ് സേട്ടിന്റെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ മകളാണ് ശബ്ന. മക്കൾ: ഇർഫാൻ, സാജിത. മരുമകൻ: മാഹിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP