Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെസ്‌നയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കെജി സൈമൺ; ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും പത്തനംതിട്ട എസ് പി; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന സൂചനയുമായി കൂടത്തായിയിലെ സൂപ്പർ ഹീറോ വീണ്ടും; കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ജെസ്‌നയെ നാട്ടിൽ കൊണ്ടു വരാമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്; ഒന്നിനോടും പ്രതികരിക്കാതെ കുടുംബവും

ജെസ്‌നയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കെജി സൈമൺ; ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും പത്തനംതിട്ട എസ് പി; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന സൂചനയുമായി കൂടത്തായിയിലെ സൂപ്പർ ഹീറോ വീണ്ടും; കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ജെസ്‌നയെ നാട്ടിൽ കൊണ്ടു വരാമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്; ഒന്നിനോടും പ്രതികരിക്കാതെ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് വർഷംമുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന(20) കേരളത്തിന് പുറത്തുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ കേരളത്തിലെത്തിക്കും. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുതിയ സംഘം രൂപീകരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ജസ്നയെക്കുറിച്ച് വിവരം ലഭിച്ചത്. അതിനിടെ ജെസ്‌നയെ കണ്ടെത്തിയിട്ടില്ലെന്നാണ് പത്തനംതിട്ട എസ് പി പരസ്യമായി പറയുന്നത്. എന്നാൽ പോസ്റ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും പറയുന്നു. ചില നിർണ്ണായക തെളിവുകൾ കിട്ടിയെന്നും സമ്മതിക്കുന്നു. എന്നാൽ അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ഇത് പുറത്തു പറയാൻ കഴിയില്ലെന്നാണ് എസ് പിയുടെ നിലപാട്.

വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് പോയതായിരുന്നു. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട്, ജെസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട്, തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിനു സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമായി. ബംഗളൂരു, പൂണെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജെസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.

ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനാൽ ജെസ്‌നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേട് പൊലീസിനും ഉണ്ടായി. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായി ടോമിൻ തച്ചങ്കരി എത്തുന്നത്. തച്ചങ്കരി പ്രധാനത്തോടെ എടുത്ത കേസുകളിൽ ഒന്നായിരുന്നു ഇത്.

ഇതിനിടെയാണ് നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടിയത്. ഇതോടെ അന്വേഷണ ചുമതല എസ് പി കെഡി സൈമണിനെ ഏൽപ്പിച്ചു. കൂടത്തായിയിലെ ജോളിയുടെ സീരിയൽ കില്ലറുകൾ കണ്ടെത്തിയ സൈമൺ അന്വേഷണത്തിന് കിട്ടിയതോടെ കൂടുതൽ വേഗത കേസിന് കൈവന്നു. അങ്ങനെയാണ് ജെസ്‌നയുടെ അന്വേഷണം പുതിയ തലത്തിൽ എത്തുന്നത്. ജെസ്‌നയെ അതിവേഗം കണ്ടെത്താനാകുമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റേയും പ്രതീക്ഷ. കാണാതായ മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനി ജെസ്‌നയിലേക്ക് ഇനി അധികദൂരമില്ലെന്നാണ് കിട്ടുന്ന സൂചനകൾ.

ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണസംഘം ഉറപ്പിച്ചു കഴിഞ്ഞു. ഇനി ആ സ്ഥലം കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം മാത്രമാണ് ബാക്കിയുള്ളത്.
പൊലീസിന്റെ അന്വേഷണം ഓരോ പുതിയ വഴികളിലേക്ക് ചൂടു പിടിച്ചു വരുമ്പോൾ അത് വഴി തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്നായിരുന്നു വാർത്ത. അന്വേഷണം ചൂടുപിടിക്കുന്ന സമയത്ത് ഒന്നുകിൽ ജെസ്‌നയെ ആരെങ്കിലും കാണും അല്ലെങ്കിൽ ഏതെങ്കിലും പുതിയ കഥ വരും. ജെസ്‌നയെ കാണാതായ ദിവസം മുതലിങ്ങോട്ട് അതാണ് സംഭവിച്ചു കൊണ്ടിരുന്നത്. തിരുവല്ലയിലെ കല്യാണ സ്ഥലത്ത് ഒരു യുവാവിനൊപ്പം ജെസ്‌ന ഭക്ഷണം കഴിക്കുന്നുവെന്ന വാർത്തയാണ് ഏറ്റവും ആദ്യം പ്രചരിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞപ്പോൾ തിരുവനന്തപുരം ടെക്‌നോ പാർക്കിന് സമീപം കണ്ടുവെന്നായിരുന്നു അടുത്ത കഥ.

ഇതിനിടെ ജെസ്‌നയെ കർണാടക മടിവാളയിലുള്ള ആശ്രയ ഭവനിൽ കണ്ടുവെന്ന് സ്ഥിരീകരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിൽസ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് പോയെന്നുമാണ് വാർത്ത പരന്നത്. ആശ്രയ ഭവനിലെ അന്തേവാസിയായ 85 വയസുള്ള പാതിരി മുണ്ടക്കയം പുഞ്ചവയലിലുള്ള തന്റെ ബന്ധുവിനെ വിളിച്ചാണ് ജെസ്‌നയും കാമുകനും ഇവിടെ എത്തി എന്ന വിവരം അറിയിച്ചത്. പൊലീസ് സംഘം നിംഹാൻസിലും ആശ്രയഭവനിലും എത്തിയെങ്കിലും ഒരു സിസിടിവി ഫൂട്ടേജിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ആരോ മെനഞ്ഞ കഥ അതേപടി തട്ടിവിടുകയാണ് ആശ്രയഭവനിലെ പാതിരി ചെയ്തതെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു.

ചെന്നൈയിലെ ടെലിഫോൺ ബൂത്തിൽ ജെസ്‌നയെ കണ്ട മലയാളി, മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ ജെസ്‌നയെ കണ്ടവർ എന്നിവരൊക്കെ അഭ്യൂഹത്തിന് പുതിയ തലത്തിലെത്തി. ജെസ്‌നയുടെ സുഹൃത്ത്, ജെസ്‌നയുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് അന്വേഷണം മൂന്നാമതൊരാളിലേക്ക് പോകരുതെന്ന് ആരോ നിർബന്ധം പിടിക്കുന്നതു പോലെയാണ് ഒരു ഘട്ടത്തിൽ കാര്യങ്ങൾ പോയത്. പിന്നീട് ഇതെല്ലാം പൊലീസ് തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിന്റെ പ്രയത്‌നമാണ് ജെസ്‌നയിലേക്കുള്ള ദൂരം കുറച്ചു കൊണ്ടു വന്നിരിക്കുന്നത്. ഏതാണ്ട് 80 ശതമാനം അന്വേഷണവും പൂർത്തിയായി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ജെസ്‌നയെ കണ്ടെത്താൻ കഴിയുമെന്ന് അന്വേഷണ സംഘം ഉറച്ചു വിശ്വസിക്കുകയാണ്. മുണ്ടക്കയത്തെ കടയിലെ സി.സി.ടി.വിയിൽ കണ്ടത് ജെസ്‌ന തന്നെയെന്ന് ഉറപ്പിച്ചാണ് പൊലീസ് നീങ്ങുന്നത്. വീട്ടിൽ നിന്നും പോകുമ്പോൾ ഉണ്ടായിരുന്ന വേഷം മാറ്റി പാന്റും ഷർട്ടും ധരിച്ച് തല ഷാൾ ഇട്ടു മറച്ചു നടന്നു പോകുന്ന പെൺകുട്ടി ജെസ്‌ന തന്നെ എന്ന് പൊലീസ് കരുതുമ്പോഴും വീട്ടുകാർക്ക് ഉറപ്പില്ല. ജെസ്‌നയെ കാണാതായ മാർച്ച് 22 ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.

ഇടിമിന്നലിൽ പ്രവർത്തനം നിലച്ച സിസിടിവിയിൽ നിന്നാണ് മാസങ്ങൾക്കു ശേഷം ജെസ്‌നയുടേതെന്നു കരുതുന്ന ദൃശ്യം പൊലീസ് വീണ്ടെടുത്തത്. മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേർന്ന് സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ളതടക്കം സൗകര്യം ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഥിരം ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ വീട്ടിൽ ഉപേക്ഷിച്ചു പോയതും ഒരു കാരണവശാലും താൻ പിടിക്കപ്പെടരുതെന്ന നിർബന്ധത്താൽ ആയിരിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തി. ഇതിന് അപ്പുറത്തേക്ക് ഒരു അന്വേഷണ പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതാണ് മാറി മറിയുന്നത്. തച്ചങ്കരി നേരിട്ടാണ് ഇപ്പോൾ അന്വേഷണത്തിന്റെ വിലയിരുത്തൽ നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP