Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് ​ഗവർണറുടെ അം​ഗീകാരം; 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുള്ള ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസ് നിലവിൽ വന്നു; എന്ന് തിരികെ കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്നും വ്യവസ്ഥ; പ്രതിപക്ഷ പ്രതിഷേധത്തിനിടെ അടുത്തമാസം നാലു മുതൽ സർക്കാർ ജീവനക്കാർ‌ക്ക് വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്നും ആറുദിവസത്തെ ശമ്പളം പിടിക്കും

സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് ​ഗവർണറുടെ അം​ഗീകാരം; 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുള്ള ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസ് നിലവിൽ വന്നു; എന്ന് തിരികെ കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്നും വ്യവസ്ഥ; പ്രതിപക്ഷ പ്രതിഷേധത്തിനിടെ അടുത്തമാസം നാലു മുതൽ സർക്കാർ ജീവനക്കാർ‌ക്ക് വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്നും ആറുദിവസത്തെ ശമ്പളം പിടിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. സർക്കാർ ജീവനക്കാർക്ക് ശമ്പളം അടുത്തമാസം നാലു മുതൽ ലഭിക്കും. ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചാകും വിതരണം. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നൽകി.

ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളതുകൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോയെന്നത് ഏറെ നിർണായകമായിരുന്നു. 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതി താൽക്കാലികമായി സ്റ്റേ അനുവദിച്ചിരുന്നു. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ അ‌വകാശമാണെന്നും അ‌ത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ​ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അ‌ഭിനന്ദനാർഹമാണ്. എന്നാൽ അ‌തിന്റെ പേരിൽ വ്യക്തികളുടെ അ‌വകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

സർക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ​​ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ഇവിടെ തിരഞ്ഞെടുപ്പിനുള്ള അ‌വസരവുമില്ല. അ‌തിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നും ഹർജികളിൽ പറയുന്നു.

അ‌തേസമയം, സാലറി കട്ടല്ല താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അ‌ഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അ‌ടുക്കളയും ​ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, എപിഡെമിക് ഡിസീസ് ഓർഡിനൻസ് എന്നിവ അ‌നുസരിച്ച് സർക്കാരിന് ശമ്പളം പിടിക്കാമെന്നും അ‌ഡ്വക്കറ്റ് ജനറൽ വാദിച്ചു.

ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണ​മല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സർക്കാർ ഉത്തരവിൽ അ‌വ്യക്തതയുണ്ടെന്നും പണം എന്തിനുവേണ്ടിയാണ് ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അ‌തേസമയം, ഉത്തരവിനെതിരേ സർക്കാരിന് അ‌പ്പീലിന് പോകാൻ തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, കോടതിയുടെ സ്റ്റേ ഓർഡിനൻസിലൂടെ മറികടന്നിരിക്കുകയാണ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP