Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ഋഷിരാജ് സിംഗിനെ കണ്ടാൽ കൊടി സുനി ഉച്ചത്തിൽ നമസ്‌കാരം സാർ എന്ന് അഭിവാദ്യം ചെയ്യണം; തടവുകാർക്ക് ഇനി സിങ്കം വക നമസ്‌കാര ശിക്ഷയും; സീനിയർ ഉദ്യോഗസ്ഥരടക്കം അന്തേവാസികൾക്കരികിലൂടെ കടന്നുപോകുമ്പോൾ പോലും അഭിവാദ്യം ചെയ്യുന്നില്ലെന്ന പരാതിയുമായി ജയിൽ ഡിജിപി; ഋഷിരാജ് സിംഗിന്റെ പുതിയ സർക്കുലർ ചർച്ചയാകുമ്പോൾ

ഇനി ഋഷിരാജ് സിംഗിനെ കണ്ടാൽ കൊടി സുനി ഉച്ചത്തിൽ നമസ്‌കാരം സാർ എന്ന് അഭിവാദ്യം ചെയ്യണം; തടവുകാർക്ക് ഇനി സിങ്കം വക നമസ്‌കാര ശിക്ഷയും; സീനിയർ ഉദ്യോഗസ്ഥരടക്കം അന്തേവാസികൾക്കരികിലൂടെ കടന്നുപോകുമ്പോൾ പോലും അഭിവാദ്യം ചെയ്യുന്നില്ലെന്ന പരാതിയുമായി ജയിൽ ഡിജിപി; ഋഷിരാജ് സിംഗിന്റെ പുതിയ സർക്കുലർ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാൻ മറന്ന ഋഷിരാജ് സിംഗിന്റെ പഴയ കഥ നാട്ടിലെ പാട്ടാണ്. മിടുമിടുക്കനായ ഉദ്യോഗസ്ഥൻ അന്ന് തനിക്ക് നേരെയുള്ള അവഗണനയോട് പ്രതികാരമായി ചെന്നിത്തലയെ ഒഴിവാക്കിയത് ഏറെ ചർച്ചയായി. എന്നാൽ ചെന്നിത്തല അതിനെ നിസ്സാരമായി കണ്ടു. നടപടി എടുത്തുമില്ല. പിന്നീട് എക്‌സൈസിൽ നിന്ന് കറങ്ങി തിരിഞ്ഞ് വീണ്ടും ജയിൽ വകുപ്പിൽ പിണറായി സർക്കാരിന്റെ കാലത്ത് ഋഷിരാജ് സിങ് എത്തി. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരന് ഇപ്പോൾ പൊലീസുകാരുടെ സല്യൂട്ട് മാത്രം തനിക്ക് പോരെന്ന അഭിപ്രായമാണുള്ളത്. ജയിൽ സന്ദർശനത്തിൽ തടവുകാരും അംഗീകരിക്കണം. അതിന് വേണ്ടി വിചിത്ര നിർദ്ദേശം മുമ്പോട്ട് വയ്ക്കുകയാണ് കേരളത്തെ വിറപ്പിച്ചിരുന്ന പഴയ സിങ്കം.

ജയിൽ ഉദ്യോഗസ്ഥർ അടുത്തെത്തുമ്പോൾ അന്തേവാസികൾ 'നമസ്‌കാരം സർ' എന്ന് ഉറക്കെ അഭിവാദ്യം ചെയ്യണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നാണ് ഡിജിപി ഋഷിരാജ് സിങ്ങിന്റെ സർക്കുലർ. ജയിൽ മേധാവികൾക്കും മേഖലാ ഡിഐജിമാർക്കും അയച്ച കത്തിലാണ് ഋഷിരാജ് സിങ്ങിന്റെ കുറ്റപ്പെടുത്തൽ. സീനിയർ ഉദ്യോഗസ്ഥരടക്കം അന്തേവാസികൾക്കരികിലൂടെ കടന്നുപോകുമ്പോൾ പോലും അഭിവാദ്യം ചെയ്യുന്നില്ലെന്നു കത്തിൽ പറയുന്നു. പലവട്ടം കർശന നിർദ്ദേശം നൽകിയിട്ടും പാലിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കത്ത് ജയിൽ ഡിജിപി അയക്കുന്നത്. അതായത് ഇനി എപ്പോഴും തടവുകാർ നമസ്‌കാരം സർ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ഇരിക്കേണ്ടി വരും. കാരണം എപ്പോഴും ജയിൽ വാർഡന്മാർ തടവുകാർക്ക് അടുത്തു കൂടി പോകാറുണ്ട്. ഇങ്ങനെ പുതിയ പ്രതിസന്ധിയാവുകയാണ് തടവുകാർക്ക് ഋഷിരാജ് സിംഗിന്റെ ഉത്തരവ്.

എല്ലാ ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും നിർബന്ധമായി മാസ്‌ക് ധരിക്കണമെന്നു നിർദ്ദേശം നൽകിയിട്ടും നടപ്പായില്ലെന്നും സർക്കുലർ പറയുന്നു. കൊറോണ സാഹചര്യം കണക്കിലെടുത്താണ് ഇത്. പല ജയിലുകളിലും ചെറുതും വലുതുമായി തെരുവു വിളക്കുകൾ പകൽ സമയത്തു പോലും തെളിഞ്ഞുകിടക്കുന്നു, ഓഫ് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. സർക്കാരിന്റെയോ വകുപ്പു മേധാവിയുടെയോ അനുവാദമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്നും കണ്ടെത്തുന്നു. ഇരുചക്ര വാഹനം ഓടിക്കുന്ന ഉദ്യോഗസ്ഥർ ഹെൽമറ്റും കാറോടിക്കുന്നവർ സീറ്റ് ബെൽറ്റും ധരിക്കണമെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.

പല ജയിലുകളിലെയും കൃഷിത്തോട്ടവും ഗ്രീൻ ഹൗസും ഒരു പണിയും ചെയ്യാതെ തരിശിട്ടിരിക്കുന്നു, അതീവ സുരക്ഷാ മേഖലയായിട്ടുപോലും ജയിലിനുള്ളിൽ ജോലിസമയത്ത് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന പരാതിയും ഋഷിരാജ് സിംഗിനുണ്ട്. ഇത്തരം കാര്യങ്ങളിൽ സൂപ്രണ്ടുമാരുടെ അശ്രദ്ധയും കൃത്യവിലോപവും ജയിൽ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു ഡിജിപി മുന്നറിയിപ്പു നൽകുന്നു. വീഴ്ച തുടർന്നാൽ സൂപ്രണ്ടുമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്. അതായത് കത്തിലെ മിക്കവാറും നിർദ്ദേശവും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ തടവുകാരെ കൊണ്ടുള്ള നമസ്‌കാരം പറയിക്കൽ ക്രൂരമാകുമെന്നാണ് ജയിൽ അധികാരികളുടെ നിലപാട്.

എന്തായാലും ഋഷിരാജ് സിങ് ജയിലിൽ എത്തുമ്പോഴെങ്കിലും തടവുകാരെ കൊണ്ട് നമസ്‌കാരം പറയിക്കാനാണ് നീക്കം. എന്നാൽ കൊടി സുനിയടക്കമുള്ള രാഷ്ട്രീയ തടവുകാർ ഇത് അംഗീകരിക്കുമോ എന്ന സംശയവും ജയിലർമാർക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP