Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് കാലത്ത് കുടിയിറക്ക് ഭീഷണിയുടെ നടുവിൽ ഓട്ടോ ഡ്രൈവറും കുടുംബവും; രണ്ടുമാസത്തെ വാടക നൽകിയില്ലെങ്കിൽ വീടൊഴിയണമെന്ന് പി.കെ. ഷമീറിനോട് ഉടമസ്ഥ; വണ്ടിയിൽ മറന്നുവെച്ച പത്തുപവൻ സ്വർണവും അമ്പതിനായിരം രൂപയും യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകിയ സത്യസന്ധനായ ഓട്ടോ ഡ്രൈവർ ലോക് ഡൗൺ കാലത്ത് നേരിടുന്നത് വലിയ പ്രതിസന്ധി

കൊവിഡ് കാലത്ത് കുടിയിറക്ക് ഭീഷണിയുടെ നടുവിൽ ഓട്ടോ ഡ്രൈവറും കുടുംബവും; രണ്ടുമാസത്തെ വാടക നൽകിയില്ലെങ്കിൽ വീടൊഴിയണമെന്ന് പി.കെ. ഷമീറിനോട് ഉടമസ്ഥ; വണ്ടിയിൽ മറന്നുവെച്ച പത്തുപവൻ സ്വർണവും അമ്പതിനായിരം രൂപയും യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകിയ സത്യസന്ധനായ ഓട്ടോ ഡ്രൈവർ ലോക് ഡൗൺ കാലത്ത് നേരിടുന്നത് വലിയ പ്രതിസന്ധി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഓട്ടോയിൽ യാത്രക്കാരി മറന്നുവെച്ച പത്തുപവൻ സ്വർണവും അമ്പതിനായിരം രൂപയും യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകിയ ഓട്ടോ ഡ്രൈവർ ലോക് ഡൗൺ കാലത്ത് കുടിയിറക്ക് ഭീഷണിയിൽ. അന്നശ്ശേരി ചെറുവലത്ത് ഹൗസിൽ പി.കെ. ഷമീർ (40) ആണ് ലോക് ഡൗണിനെ തുടർന്ന് രണ്ടുമാസമായി വീട്ടു വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് വീട്ടുടമയുടെ ഭീഷണി നേരിടുന്നത്. 

മറന്നു വെച്ച പണവും സ്വർണവും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ പി കെ ഷമീർ ഇന്ന് കണ്ണീരോടെ ഇത്തിരി ദയയ്ക്ക് യാചിക്കുകയാണ്.

കോവിഡ് കാലത്ത് രണ്ടും മൂന്നും മാസത്തെ വാടക ഒഴിവാക്കി കൊടുത്ത നിരവധി കെട്ടിട ഉടമകളുണ്ട്. വാടക നൽകാൻ കഴിയാത്ത ആരെയും കോവിഡ് കാലത്ത് ഇറക്കി വിടരുതെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. എന്നാൽ ഒരു മാസത്തെ വാടക മുടങ്ങിയപ്പോഴേക്കും ഷമീറിനോടും കുടുംബത്തോടും വീട്ടിൽ നിന്നിറങ്ങാൻ ആവശ്യപെടുകയാണ് വീട്ടുടമസ്ഥ . കോഴിക്കോട് നടക്കാവ് സ്വദേശിയാണ് ഷമീർ. സ്ഥലം ഭാഗം വെയ് പെല്ലാം കഴിഞ്ഞ പോൾ കിട്ടിയ ഇത്തിരി സ്ഥലം നേരത്തെ വിറ്റുപോയി. അസുഖ ബാധിതനായ ഷമീർ ഓട്ടോ ഓടിച്ചാണ് ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം പുലർത്തുന്നത്. പലയിടങ്ങളിലായി വാടകയ്ക്ക് കഴിഞ്ഞു വന്ന കുടുംബം ഇപ്പോൾ എലത്തൂർ ചെട്ടികുളത്താണ് വാടകയ്ക്ക് താമസിക്കുന്നത്.

അഞ്ചു മാസമായി ഇവിടെ താമസിക്കുന്നു. ഇത്രയും കാലം കൃത്യമായി വാടകയും നൽകിയിരുന്നു. എന്നാൽ കൊറോണ പിടിമുറുക്കിയതോടെ രണ്ടു മാസമായി വണ്ടിക്ക് ഓട്ടമില്ല. അതോടെ ഒരു മാസത്തെ വാടക മുടങ്ങി. മെയ് ഒൻപതായാൽ രണ്ടു മാസത്തെ വാടക മുടങ്ങും. അത് അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് വീട്ടുടമയായ ലത ഷമീറിനോട് ഇറങ്ങി പോകാൻ ആവശ്യപെടുന്നത്. ഇത്രയും കാലം കൃത്യമായി ഞാൻ വാടക തന്നിട്ടില്ലേ. കൊറോണ കാരണം വണ്ടിക്ക് ഓട്ടമില്ല. ഉടൻ തന്നെ ഞാൻ പണം തരും. 20,000 രൂപ അഡ്വാൻസ് നൽകിയത് കൈവശമുണ്ടല്ലോ. അപ്പോൾ പേടിക്കണോ എന്നെല്ലാം ഷമീർ പറഞ്ഞെങ്കിലും ഒട്ടും ദയയില്ലാതെയാണ് വീട്ടുടമയുടെ ഇടപെടൽ.

എല്ലാവർക്കും കോവിഡുണ്ട്. നിനക്ക് മാത്രമായി പ്രത്യേക കോവിഡ് ഒന്നുമില്ലല്ലോ. എല്ലാവരും വാടക നൽകുന്നുണ്ട്. നിനക്ക് മാത്രം തരാനെന്താ മടി. വാടക തരാതെ നീ വീട്ടിൽ കിടക്കില്ല എന്നൊക്കെയാണ് അവരുടെ മറുപടി. വീട്ടുടമസ്ഥയും കുടുംബവും കാഞ്ഞങ്ങാട്ടാണ് താമസം. മാസത്തിൽ കെട്ടിടങ്ങളുടെ വാടക പിരിക്കാനാവുമ്പോൾ അവർ എലത്തൂരിലെ വീട്ടിലെത്താറാണ് പതിവ്. ഇവരുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഓട്ടോ ഡ്രൈവറായതു കൊണ്ട് പണിയില്ലാതായി വാടക കിട്ടാതെ വരുമോ എന്ന പേടി കൊണ്ടാവാം ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് ഷമീർ പറഞ്ഞു.

സത്യസന്ധതയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇത്തിരി ദയയ്ക്കായി യാചിക്കുന്നത്. കഴിഞ്ഞ തവണ വാടകയ്ക്ക് താമസിച്ച വീട്ടിലെ കിണർ വെള്ളം മോശമായിരുന്നു. അവിടെ വെച്ച് മക്കൾക്ക് മഞ്ഞപ്പിത്തവും വന്നു. അതുകൊണ്ടാണ് 9000 മാസ വാടകയുള്ള കുറച്ച് നല്ല വീട്ടിൽ താമസമാക്കിയത്. രാവും പകലും ഓട്ടോ ഓടിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കൊറോണ എല്ലാം തകർത്തു. കരുണ കാട്ടും എന്ന് കരുതിയ വീട്ടുടമ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതോടെ നിസ്സഹായനായി നിൽക്കുകയാണ് ഷമീർ.

2018 ജനുവരിയിലാണ് പി കെ ഷമീർ വാർത്തകളിൽ നിറഞ്ഞത്. ഈസ്റ്റ്ഹിൽ ഷെർലിൻ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി കമറിയക്കാണ് നഷ്ടപ്പെട്ടെന്നുകരുതിയ സ്വർണവും പണവും അന്ന് തിരികെ ലഭിച്ചത്. രാത്രി ഒമ്പതരയോടെ ഈസ്റ്റ്ഹില്ലിൽനിന്ന് ഷമീറിന്റെ 'ഫാസിൽമോൻ' എന്ന ഓട്ടോയിൽ കയറിയ കമറിയയുടെ കുടുംബാംഗങ്ങൾ പാളയത്തെ സ്വകാര്യ ട്രാവൽസിന്റെ ഓഫീസിനുമുന്നിൽ ഇറങ്ങുകയായിരുന്നു. യാത്രക്കിടെ കമറിയയുടെ ബാഗുകൂടി കുടുംബാംഗങ്ങളുെട ലഗേജുകൾക്കൊപ്പം അവരറിയാതെ ഉൾപ്പെടുകയും പാളയത്ത് ഇറങ്ങവേ അവരത് ഓട്ടോയിൽത്തന്നെ മറന്നുവയ്ക്കുകയുമായിരുന്നു.

കുടുംബാംഗങ്ങൾ മടങ്ങിയശേഷമാണ് സ്വർണവും പണവുമടങ്ങിയ ബാഗ് നഷ്ടമായ കാര്യം കമറിയ അറിയുന്നത്. അതേസമയം, പാളയത്തുനിന്ന് ഓട്ടോസ്റ്റാൻഡിലേക്ക് തിരികെപോകവേ ഓട്ടോയിൽകണ്ട ബാഗ് പരിശോധിച്ചപ്പോൾ സ്വർണവും പണവും ഷമീറിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻതന്നെ ബാഗ് അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തിക്കുകയായിരുന്നു. നിരവധി സംഘടനകൾ പിന്നീട് ഷമീറിനെ ആദരിച്ചു. ഷമീറിന്റെ ദുരവസ്ഥ മനസിലാക്കിയ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ അദ്ദേഹത്തിന് വേണ്ടി രംഗത്തെത്തി.

വീടൊഴിയണമെന്ന ഭീഷണി ക്ക് മുമ്പിൽ പകച്ചിരിക്കുകയാണ് പി കെ ഷമീർ. നിത്യരോഗിയായ അദ്ദേഹത്തിന് ഈ കൊറോണക്കാലത്ത് എന്ത് ചെയ്യണമെന്നു പോലും അറിയില്ല. നിസ്സഹായനായ അദ്ദേഹത്തെ സഹായിക്കാൻ അധികൃതർ ഇടപെടണമെന്നും ഓട്ടോ ഡ്രൈവർമാർ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP