Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടുന്ന ദിവസങ്ങളിൽ കോവിഡിന്റെ വ്യാപന നിരക്ക് കുറയുമോ? നോവൽ കൊറോണ വൈറസിന്റെ തനിസ്വഭാവം പിടികിട്ടാതിരിക്കുമ്പോഴും ചൂടും വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഏറുന്നു; നാഗ്പൂരിലെ നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന ഫലങ്ങൾ ഇങ്ങനെ

അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടുന്ന ദിവസങ്ങളിൽ കോവിഡിന്റെ വ്യാപന നിരക്ക് കുറയുമോ? നോവൽ കൊറോണ വൈറസിന്റെ തനിസ്വഭാവം പിടികിട്ടാതിരിക്കുമ്പോഴും ചൂടും വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഏറുന്നു; നാഗ്പൂരിലെ നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തണുപ്പുകാലം വൈറസുകൾക്ക് കോളുകാലമാണ്. വിവിധതരം പനികളുടെ തള്ളിവരവ് മഴക്കാലത്താണല്ലോ കൂടുതൽ. അന്തീക്ഷത്തിലെ ഈർപ്പം കൂടിയാൽ വൈറസ് വ്യാപനം വർദ്ധിക്കുമെന്ന പല ഗവേഷണങ്ങളിലും പറയുന്നു. ചൂടേറിയ കാലാവസ്ഥയും കോവിഡ് 19 വറ്‌സിന്റെ പ്രതിദിന വ്യാപന നിരക്കും തമ്മിൽ എന്തങ്കിലും ബന്ധമുണ്ടോ? കോവിഡിന്റെ വ്യാപനത്തിലെ കുറവും പ്രതിദിന ശരാശരി താപനില വർദ്ധനവും തമ്മിൽ 85 ശതമാനം ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണഫലം. നാഗ്പൂരിലെ നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് ഈ ശക്തമായ ബന്ധം കണ്ടെത്തിയത്. സയിന്റിഫിക് കൗൺസിൽ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അനുബന്ധ സ്ഥാപനമാണ് നീരി.

ലോകാരോഗ്യസംഘടനയുടെ കോവിഡ് 19 കേസ് ഡാറ്റയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ താപനില വിവരങ്ങളും ആധാരമാക്കിയാണ് നീരി തങ്ങളുടെ ഗണിതശാസ്ത്ര മോഡൽ തയ്യാറാക്കിയത്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും കോവിഡ്‌കേസുകളുടെ വർദ്ധനയും ശരാശരി താപനിലയും ആപേക്ഷികമായ ഈർപ്പവും തമ്മിലുള്ള ബന്ധമാണ് പഠനവിധേയമാക്കിയത്.

ശരാശരി അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ കോവിഡ് 19 കേസുകൾ കുറയുന്നതായി കണ്ടു. അതേസമയം, ഇന്ത്യയിലെ കൂടിയ ചൂട് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ സഹായകരമായേക്കാമെങ്കിലും സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിയന്ത്രണങ്ങളാണ് താപനില, ഈർപ്പം തുടങ്ങിയ പാരിസ്ഥിതക ഘടകങ്ങളേക്കാൾ നേട്ടം തരുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉയർന്ന താപനിലയുടേത് അടക്കമുള്ള ഘടകങ്ങൾ ദൃശ്യമാകില്ലെന്നും നീരിയുടെ പഠനത്തിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

21-23 ഡിഗ്രി സെൽഷ്യസിൽ പരുക്കൻ പ്രതലങ്ങളിൽ 72 മണിക്കൂറോളം നോവൽ കൊറോണവൈറസ് നശിക്കാതെ ഇരിക്കും. തണുപ്പുള്ള കാലാവസ്ഥയിലാണ് വൈറസ് കൂടുതൽ അതിജീവിക്കുകയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിൽ കടന്നാൽ പനി വൈറസുകൾ നശിക്കുമെന്ന ധാരണ പൂർണമായി ശരിയല്ല. കേരളത്തിൽ ഫെബ്രുവരി മുതൽ പകൽതാപനില 37 ഡിഗ്രിയിലും അധികമായിട്ടും രോഗബാധിതരായ വ്യക്തികളിലൂടെ കോവിഡ് 19 രോഗം പകർന്നതോടെ കൂടുതൽ വേണ്ടത് സാമൂഹിക അകലം പാലിക്കലാണെന്ന് വ്യക്തമായി.

ഇത്രയും ചൂടേറിയ കാലാവസ്ഥയിൽ വൈറസുകളൊന്നും പടർന്നു പിടിക്കില്ലെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ 33 ഡിഗ്രി ശരാശരി പകൽ താപനിലയുള്ള സിംഗപ്പൂരിനൊപ്പം കേരളത്തിലും പകർന്നതോടെ കോവിഡ് വൈറസ് ഗവേഷകർക്കു മുന്നിൽ ചോദ്യചിഹ്നമായി. പുതിയ ഇനം ഫ്‌ളൂ വൈറസ് ആയതിനാൽ ഇതിന്റെ പ്രഭവകേന്ദ്രമോ സ്വഭാവമോ ഗവേഷകർക്ക് അറിയില്ല. ഈ വൈറസിനെപ്പറ്റി ശാസ്ത്ര സമൂഹം പഠനം ആരംഭിച്ചതേയുള്ളൂ.

അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാൽ വൈറസ് വ്യാപനം വർധിക്കുമെങ്കിലും താപനില കൂടിയാൽ അവ നശിക്കുമോ എന്ന കാര്യത്തിൽ ഇനിയും ഗവേഷണം നടക്കേണ്ടിയിരിക്കുന്നു എന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സൻസസിലെ ഗവേഷകരുടെ വാദം്. രോഗത്തിനു തുടക്കമിടുന്ന സമയത്ത് ചൈനയിലും മറ്റു രാജ്യങ്ങളിലും അന്തരീക്ഷ താപനില പത്തു ഡിഗ്രിക്കും താഴെയായിരുന്നു. 8.72 ഡിഗ്രി സെൽഷ്യസാണ് വൈറസ് വ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനിലയെന്ന് ചൈനയിലെ സൺയാത് സെൻ സർവകലാശാലാ ഗവേഷകർ പറയുന്നു. ഏതായാലും സാമൂഹിക അകലം ശീലിക്കുകയാണ് കോവിഡിനെ നിയന്ത്രിക്കാൻ എളുപ്പമായ മാർഗ്ഗം എന്നതിന് സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP