Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെസ്‌നയെ തേടിയുള്ള യാത്രാവഴി അറിയാവുന്നത് ക്രൈംബ്രാഞ്ചിലെ ഉന്നതർക്ക് മാത്രം; അന്വേഷണ വിവരങ്ങളൊന്നും ചോരരുതെന്ന് ഉദ്യോഗസ്ഥർക്ക് തച്ചങ്കരി നൽകിയിരിക്കുന്നത് കർശന നിർദ്ദേശം; മുക്കൂട്ടുതറക്കാരിക്ക് അടുത്തെത്താൻ വൈകുന്നതിന് കാരണം കോവിഡ് തീർത്ത പ്രതിസന്ധിയെന്നും സൂചന; ജെസ്‌നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് വാർത്ത മറുനാടനോട് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് ഉന്നതനും; കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്ന കേസിൽ ക്ലൈമാക്‌സ് ഉടനെന്ന് സൂചന

ജെസ്‌നയെ തേടിയുള്ള യാത്രാവഴി അറിയാവുന്നത് ക്രൈംബ്രാഞ്ചിലെ ഉന്നതർക്ക് മാത്രം; അന്വേഷണ വിവരങ്ങളൊന്നും ചോരരുതെന്ന് ഉദ്യോഗസ്ഥർക്ക് തച്ചങ്കരി നൽകിയിരിക്കുന്നത് കർശന നിർദ്ദേശം; മുക്കൂട്ടുതറക്കാരിക്ക് അടുത്തെത്താൻ വൈകുന്നതിന് കാരണം കോവിഡ് തീർത്ത പ്രതിസന്ധിയെന്നും സൂചന; ജെസ്‌നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് വാർത്ത മറുനാടനോട് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് ഉന്നതനും; കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്ന കേസിൽ ക്ലൈമാക്‌സ് ഉടനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന എന്ന കോളജ് വിദ്യാർത്ഥിനിയെ കാണാതായിട്ട് രണ്ട് വർഷം കഴിഞ്ഞു. ജെസ്ന ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയായ ജിഗിണിയിൽ താമസിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ജിഗിണിക്ക് സമീപമുള്ള റിങ് റോഡിൽ കട നടത്തുന്ന മലയാളിയാണ് ജെസ്നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്ന് ഇക്കാര്യത്തിൽ കൂടുതൽ കണ്ടെത്തലുകൾക്ക് പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്ന് കിട്ടിയ വിവരങ്ങളാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിനെ ജെസ്നയുടെ തൊട്ടടുത്ത് എത്തിച്ചതെന്നാണ് സൂചന.

അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തിന് പുറത്ത് ആർക്കും കൃത്യമായ ഒരു സൂചനയും ഇതു സംബന്ധിച്ചില്ല. അതിനിടെ കോവിഡ് പ്രതിസന്ധിയില്ലായിരുന്നുവെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഇതിന് മുമ്പ് തന്നെ വരുമായിരുന്നു എന്ന സൂചനയാണ് ക്രൈംബ്രാഞ്ചിൽ നിന്ന് മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്യുന്നു. വിവരങ്ങളൊന്നും ചോരരുതെന്ന നിർദ്ദേശം ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. തച്ചങ്കരി നേരിട്ടാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഒരു വർഷം മുമ്പ് കട നടത്തുന്ന മലയാളി ശ്രദ്ധിച്ചത്. രണ്ടു തവണ പെൺകുട്ടി ഈ കടയിൽ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെൺകുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെൺകുട്ടി വന്നപ്പോൾ അയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഒരു കൊല്ലം മുമ്പത്തെ ചർച്ചയ്ക്ക് കാരണം. ഇളംനീല ജീൻസും റോസ് പ്രിന്റഡ് കുർത്തയും ധരിച്ച് കഴുത്തിൽ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ അന്ന് കട ഉടമ പൊലീസിന് കൈമാറി. ഇതു ജെസ്നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. പക്ഷേ ഒന്നും കിട്ടിയില്ല.

ആ ദിവസങ്ങളിൽ പെൺകുട്ടി അതു വഴി എത്തിയില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും അവൾ ഈ വഴി എത്തി. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്ഥാപനത്തിൽ കള്ളപ്പേരിലാണ് ജെസ്ന ജോലി ചെയ്യുന്നതെന്ന സൂചനയും ചർച്ചകളിൽ എത്തി. ഈ വിവരം കർണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുൻപ് ജെസ്ന മുങ്ങുകയാണെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇരു ചെവി അറിയാതെ പൊലീസ് ജെസ്നയെ കണ്ടെത്തുകയായിരുന്നുവെന്നാണ് സൂചനകൾ. എന്നാൽ ഇപ്പോഴും ക്രൈംബ്രാഞ്ച് വിവരങ്ങളൊന്നും പുറത്തു വിടുന്നില്ല.

ജസ്ന ജീവിച്ചിരിപ്പുണ്ടെന്നു കർണാടക പൊലീസ് അറിയിച്ചെന്നും കേരളാ പൊലീസ് നേരത്തെ സൂചന നൽകിയിരുന്നു. രണ്ട് കൊല്ലം മുമ്പ് മാർച്ച് 22-നു രാവിലെ 10.40-നാണ് മേുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌നയെ കാണാതായത്. 'അയാം ഗോയിങ് ടു ഡൈ' എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നിൽ ചില സ്ഥാപനങ്ങൾക്കു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് എസ്‌പി: എ. റഷീദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കർണാടക പൊലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയിൽ ഉൾപ്പെടുത്തിയിരുന്നു.

അമ്മായിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്‌ന വീടുവിട്ടിറങ്ങിയത്. മൊെബെൽ ഫോണും ആഭരണങ്ങളും എടുത്തില്ല. ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തിയതിനു ദൃക്‌സാക്ഷികളുണ്ട്. പിന്നീടുള്ള നീക്കങ്ങൾക്കു വ്യക്തതയില്ല. സംഭവദിവസം രാത്രി ഏഴോടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. മരിക്കാൻ പോകുന്നു എന്ന അവസാന മൊെബെൽ ഫോൺ സന്ദേശം കോട്ടയം, മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണു ജെസ്‌ന അയച്ചത്. യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും തുമ്പ് ലഭിച്ചില്ല. ജെസ്‌നയുടേതെന്ന് പൊലീസിന് നേരത്തെ മനസ്സിലായ ഫോണിൽ നിന്നും പലർക്കും അർധരാത്രിയിൽവരെ സന്ദേശങ്ങൾ പോയിരുന്നു. ദുരൂഹത നീക്കാൻ ഇതിലൂടെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അന്വേഷണസംഘത്തിൽ സൈബർ സെല്ലിനെയും ഉൾപ്പെടുത്തി. ഇതോടെയാണ് ജെസ്ന രണ്ടാമതൊരു ഫോൺ രഹസ്യമായി ഉപയോഗിച്ചിരുന്നെന്ന് വ്യക്തമായത്. ഫോൺ ഉണ്ടെന്ന് ഉറപ്പാക്കാനായി ജെസ്നയെ കാണാതായ ആറുമാസം മുമ്പുമുതലുള്ള ടവർ ലൊക്കേഷനുകൾ പരിശോധിച്ചു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയൽ, കുട്ടിക്കാനം മേഖലകളിലെ ടവർ സിഗ്നലുകളാണു പരിശോധിച്ചത്.

എന്നാൽ, ഈ സമയത്ത് ശബരിമല തീർത്ഥാടനകാലമായിരുന്നതിനാൽ വിളികളുടെ ആധിക്യമുണ്ടായിരുന്നതു സൈബർ സെല്ലിനെ വലച്ചു. ജെസ്ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈൽ ടവർ സിഗ്നലുകളെല്ലാം ശേഖരിച്ചു. ലക്ഷക്കണക്കിനു നമ്പരുകൾ പരിശോധിച്ച്, 6000 എണ്ണത്തിന്റെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇവയിൽനിന്നുള്ള പരസ്പരവിളികളുടെ സൂക്ഷ്മപരിശോധന നടന്നു. ഇതിൽ നിന്നാണ് ചില സൂചനകൾ ലഭിച്ചത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. മുണ്ടക്കയത്ത് പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്ന പിന്നീട് തിരിച്ചുവന്നില്ല. പൊലീസ് സംസ്ഥാനത്തും പുറത്തും വ്യാപക തിരിച്ചിൽ നടത്തിയിട്ടും തുമ്പില്ലാതെ നിൽക്കുമ്പോഴാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ജസ്നയെന്ന് തോന്നിക്കുന്ന വ്യക്തിയും മറ്റുചിലരെയും ദൃശ്യത്തിൽ തെളിഞ്ഞിരുന്നു. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. എരുമേലി വരെ എത്തിയ വിവരം പൊലീസിന് ലഭിച്ചിരുന്നു.

നേരത്തെ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പൂർണ്ണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അൽപ്പം കൂടി സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അതിന് അപ്പുറം കേരളാ പൊലീസിന്റെ അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെയാണ് ജെസ്ന ജീവനോടെയുണ്ടെന്നും തിരിച്ചുവരുമെന്ന പ്രതീക്ഷ സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP