Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്ന് ഒരാഴ്ചയ്ക്കകം ഒരു ലക്ഷം കിറ്റുകൾ കിട്ടും; അമേരിക്കയിൽ നിന്ന് അത്രയും കിറ്റുകൾ വാങ്ങാനും നീക്കം; രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ; ഇനി റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകൾ വേഗത്തിലാക്കും; മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; കേരളത്തിൽ രണ്ടു മാസം കൂടി കൊറോണ പോസിറ്റീവ് ആയി തുടരുമെന്നും വിലയിരുത്തൽ

ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്ന് ഒരാഴ്ചയ്ക്കകം ഒരു ലക്ഷം കിറ്റുകൾ കിട്ടും; അമേരിക്കയിൽ നിന്ന് അത്രയും കിറ്റുകൾ വാങ്ങാനും നീക്കം; രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ; ഇനി റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകൾ വേഗത്തിലാക്കും; മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; കേരളത്തിൽ രണ്ടു മാസം കൂടി കൊറോണ പോസിറ്റീവ് ആയി തുടരുമെന്നും വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന് ആശങ്കയായി കൊല്ലത്തെ ആരോഗ്യപ്രവർത്തകയും ഇടുക്കി വണ്ടന്മേട്ടിലെ വിദ്യാർത്ഥിയും കോട്ടയത്തെ രണ്ടു നഴ്‌സുമാരും കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളിയും വൈക്കത്തെ വ്യാപാരിയും പനച്ചിക്കാട്ടെ വിദ്യാർത്ഥിനിയും പാലക്കാട് വിളയൂരിലെ വിദ്യാർത്ഥികളും മാറിയിരുന്നു കോവിഡിൽ സമൂഹ വ്യാപന സാധ്യതാ ഭീഷണിയായി ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. സമൂഹ വ്യാപനത്തിന്റെ സൂചനകളാണ് ഇതിലുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് 19-ന്റെ സമൂഹവ്യാപനം കണ്ടെത്താനുള്ള പരിശോധന സംസ്ഥാനത്ത് വ്യാപിപ്പിക്കുക്കാനാണ് തീരുമാനം. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ എച്ച്.എൽ.എൽ. വഴി വാങ്ങും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിളിച്ച ടെൻഡറിൽ എച്ച്.എൽ.എൽ. യോഗ്യത നേടി. കിറ്റിന്റെ ഗുണനിലവാരപരിശോധന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ തുടങ്ങി.

നടപടികൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകൾ എച്ച്.എൽ.എൽ. കൈമാറും. ഇതോടൊപ്പം ഒരു അമേരിക്കൻ കമ്പനിയിൽനിന്ന് ഒരുലക്ഷം കിറ്റുകൾ വാങ്ങാനും ശ്രമിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇതും ലഭിച്ചേക്കും. റാപ്പിഡ് ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർപരിശോധയിലൂടെ അവർ കോവിഡ് രോഗികളാണോ എന്നു സ്ഥിരീകരിക്കാും. അതിവേഗം ഇതിലൂടെ സമൂഹ വ്യാപന സാധ്യത തിരിച്ചറിയാം. റാപ്പിഡ് ടെസ്റ്റിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നടത്തിയ റാൻഡം പരിശോധനയിൽ 3056 സാമ്പിളുകൾ ശേഖരിച്ചു. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരടക്കം പത്തോളംപേർക്ക് രോഗം പടർന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരം രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നുമുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകർ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 മുതൽ 90 ശതമാനം രോഗികളിലും കോവിഡ് ഒരു ജലദോഷപ്പനി പോലെ വന്നുപോകാനാണ് സാധ്യതയുള്ളത്. അതുകൊണ്ടാണ് തീരുമാനം.

മുൻഗണനാ ക്രമം ഇങ്ങനെ

മുൻഗണനാവിഭാഗം ഒന്ന് -ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കായി 25,000 കിറ്റുകൾ. ഇതിൽ കോവിഡ് രോഗികളെ കൈകാര്യംചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് 10,000 കിറ്റുകൾ. മറ്റുള്ള ജീവനക്കാർക്കായി 15,000 കിറ്റുകളാണ് നീക്കിവെക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 10 കിറ്റും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾക്ക് 20 കിറ്റുകളും വീതം കൈമാറും.
മുൻഗണനാവിഭാഗം രണ്ട് -ഡ്യൂട്ടിയിലുള്ള പൊലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ. 20,000 കിറ്റുകൾ ഇവർക്കാണ്. ഓരോ ജില്ലയിലും പൊലീസുകാർക്ക് 500 കിറ്റുകൾ, ആരോഗ്യ പ്രവർത്തകർക്ക് 500 കിറ്റുകൾ, തദ്ദേശ സ്ഥാപനങ്ങളിനിന്നുള്ളവർക്ക് 500 കിറ്റുകൾ, അങ്കണവാടി പ്രവർത്തകർക്ക് 300 കിറ്റുകൾ എന്നിങ്ങനെ ഉപയോഗിക്കും. ഓരോ ജില്ലയ്ക്കും 1800 കിറ്റുകളെങ്കിലും നൽകാനാണ് ആലോചന. റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ, സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ എന്നിവർക്കായി 5000 കിറ്റുകൾ നീക്കിവെക്കും. 350 കിറ്റുകളാണ് ഓരോ ജില്ലയ്ക്കും.
മുൻഗണനാവിഭാഗം മൂന്ന് -വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് 25,000 കിറ്റുകൾ.
മുൻഗണനാവിഭാഗം നാല് -അറുപതിനുമുകളിൽ പ്രായമുള്ളവർ. 20,000 കിറ്റുകൾ ഈ വിഭാഗത്തിനാണ്. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഇതിനുള്ള പട്ടിക തയ്യാറാക്കും.

കൊറോണ വൈറസ് വരുന്നവർക്ക് അത് എങ്ങനെ കിട്ടിയെന്നത് പ്രധാനമാണ്. രോഗ ബാധിതരിൽ ബഹുഭൂരിഭാഗത്തിന്റേയും സമ്പർക്കം കണ്ടെത്താൻ കേരളത്തിന് നേരത്തെ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. വൈറസ് ബാധിച്ചത് എവിടെനിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേർക്ക് രോഗബാധിതരുമായി സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് എങ്ങനെ രോഗം കിട്ടിയെന്ന് അറിയാനാകാത്തതാണ് വലിയ പ്രതിസന്ധി. അരും അറിയാത്ത വൈറസ് ബാധിതർ കേരളത്തിൽ ഉണ്ടെന്നതാണ് ഇതിന് കാരണം. ഇതോടെയാണ് സമൂഹ വ്യാപനത്തിൽ പരിശോധനയ്ക്ക് തീരുമാനിച്ചത്.

കൊല്ലത്തെ ആരോഗ്യപ്രവർത്തക, ഇടുക്കി വണ്ടന്മേട്ടിലെ വിദ്യാർത്ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്‌സുമാർ, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാർത്ഥിനി, പാലക്കാട് വിളയൂരിലെ വിദ്യാർത്ഥികൾ എന്നിവരുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ആർ സി സിയിലെ നഴ്സും എസ് കെ ആശുപത്രിയിലെ നഴ്സും ഈ പട്ടികയിലുണ്ട്. ഇവർക്ക് ആരുടെ സമ്പർക്കത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. എല്ലാ വഴിയും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ അതിർത്തിയിൽ രോഗം പടർന്ന് പിടിക്കുകയാണ്. പലരും കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് രഹസ്യ വഴികളിലൂടെ എത്തുന്നു. അതുകൊണ്ട് തന്നെ വൈറസ് ബാധിതർ കൂടുതലായി കേരളത്തിൽ എത്തിയോ എന്ന സംശയം സജീവമാണ്.

രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സതേടിയ മാഹി സ്വദേശി എന്നിവരുടെ കാര്യത്തിലും ഉറവിടം അജ്ഞാതമാണ്. ചികിത്സയിലുള്ള രോഗികളിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. ഒരു സമ്പർക്കവുമില്ലാത്തവർക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പകർച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും അപകടകരമാണ് ഇങ്ങനെ രോഗം എത്തുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗ വ്യാപനത്തിന്റെ തോത് കൂടാൻ കാരണം ഈ അവസ്ഥയാണ്. സംസ്ഥാനത്ത് അങ്ങനെയൊരു അപകടസ്ഥിതി ഉണ്ടാകാനുള്ള സാധ്യതകളിലേക്കാണ് സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് സർക്കാരിന് വലിയ തലവേദനായണ്.

സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയണമെങ്കിൽ ഏതെങ്കിലും മേഖലകളിലോ കുറച്ച് ആളുകളിലോ ഒരുമിച്ച് പരിശോധന നടത്തണം. ലക്ഷണം പ്രകടിപ്പിക്കാത്തവരും ചിലപ്പോൾ വൈറസ് വാഹകരാകും. കൊല്ലത്തും കോട്ടയത്തും ഇങ്ങനെയുള്ളവരും രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹവ്യാപനം കണ്ടെത്താനായി നടത്തിയ പരിശോധനയിൽ ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ്അതായത് ആരും അറിയാത്ത രോഗികൾ ഇപ്പോഴുമുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. നിലവിൽ നടത്തുന്ന പി.സി.ആർ. പരിശോധന വ്യാപിപ്പിക്കുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. 4500 രൂപവരെയാണ് ഇതിന്റെ പരിശോധനച്ചെലവ്. നിലവിൽ സംസ്ഥാനത്ത് 14 സർക്കാർ ലാബുകളിൽ രോഗനിർണയം നടത്തുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യം വച്ച് ഒരു രണ്ടു മാസം കൂടി പോസിറ്റീവ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയം കൊണ്ട് നല്ലൊരു ശതമാനം ആളുകളിലും ഇതിനെതിരായ ആന്റിബോഡി അല്ലെങ്കിൽ പ്രതിരോധം ഉണ്ടാകണം. ഇതിനെ സാമൂഹിക പ്രതിരോധം എന്നു പറയും. ഇതിനുള്ളിൽ ഈ സാമൂഹിക പ്രതിരോധം ഉണ്ടാകുകയോ മരുന്ന് കണ്ടുപിടിക്കുകയോ വാക്‌സിൻ കണ്ടുപിടിക്കുകയോ ചെയ്യുക എന്നതാണ് ശാശ്വത പരിഹാരമായിട്ടുള്ളത്. അതുവരെ ഈ പറയുന്ന പ്രതിരോധ കാര്യങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മുമ്പോട്ട് പോക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP