Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗി അനാവശ്യ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് എത്ര പക്വതയോടെയാണ് പ്രതികരിച്ചത്; തന്റെ നാവിൽ തുമ്പിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകരുത് എന്ന കരുതൽ; അതാണ് ഓരോ മനുഷ്യനും ഇപ്പോൾ മിനിമം വേണ്ടത്: ഔചിത്യബോധവും വിവേകവും: സുധാ മേനോൻ എഴുതുന്നു

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗി അനാവശ്യ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് എത്ര പക്വതയോടെയാണ് പ്രതികരിച്ചത്; തന്റെ നാവിൽ തുമ്പിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകരുത് എന്ന കരുതൽ; അതാണ് ഓരോ മനുഷ്യനും ഇപ്പോൾ മിനിമം വേണ്ടത്: ഔചിത്യബോധവും വിവേകവും: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

മ്മളെല്ലാവരും 916 നന്മമരങ്ങൾ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴിൽ പരവുമായ ഒരുപാട് താല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ നമ്മൾ അറിയാതെ തന്നെ ഈ താല്പര്യങ്ങൾ സ്വാധീനിച്ചേക്കാം. എന്നാൽ, ചില അപൂർവ്വ സന്ദർഭങ്ങളിൽ ഇത്തരം താല്പര്യങ്ങൾ, രാഷ്ട്രീയബോധ്യങ്ങൾ, പരിഗണനകൾ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും. നമ്മുടെയും, സഹജീവികളുടെയും ജീവൻ അപകടത്തിൽ ആണെന്ന ഘട്ടത്തിൽ മറ്റെല്ലാം മറന്നു കൂട്ടായ അതിജീവനത്തിനു ശ്രമിക്കുന്നത് ജൈവികമായ ഒരു ചോദനയാണ്. അത് പലപ്പോഴും മനുഷ്യൻ മറക്കുന്നത് തങ്ങൾ സുരക്ഷിതരാണ് എന്ന മിഥ്യയിൽ നിന്നാകാം. ദുരന്തത്തിന്റെ മുന്നിൽ പ്രസക്തമാകുന്നത് പാരസ്പര്യവും, സഹവർത്തിത്വവും മാത്രമാണ് . മറ്റെല്ലാം വേറൊരു അവസരത്തിലേക്കു മാറ്റിവെയ്ക്കാവുന്ന പരിഗണനകൾ മാത്രം. ഈയൊരു തിരിച്ചറിവും ഔചിത്യബോധവും ആണ് അദ്ധ്യാപകർക്കും, സംഘടനാ പ്രവർത്തകർക്കും, മാധ്യമപ്രവർത്തകർക്കും, അതുപോലെ നമുക്ക് എല്ലാവർക്കും വേണ്ടത്.

ഓർക്കുക, നല്ല വാർത്തകൾ നമ്മൾ കേട്ടിട്ട് എത്ര നാളായി?. എല്ലാവർക്കും പറയാനുള്ളത് ഒരേ ദുരിതകഥകൾ! സമ്പത്തിന്റെ നെറുകയിൽ ജീവിച്ചിട്ടും, കോവിഡ് പോസിറ്റീവ് ആയപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് യൂറോപ്പിൽ ഉള്ളതെങ്കിൽ, റേഷനരിയും, കുടിവെള്ളവും ഇല്ലാതെ മുഴുപ്പട്ടിണിയിൽ കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ബിഹാറിലും യുപിയിലും.. ആരും വിലക്കെടുക്കാൻ ആളില്ലാതെ ചീഞ്ഞളിയുന്ന വിളകളെക്കുറിച്ചു ആകുലപ്പെട്ടു, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഗുജറാത്തിലെയും, മഹാരാഷ്ട്രയിലെയും കർഷകർ! ഒരു സീസണിലെ കഠിനാദ്ധ്വാനം മുഴുവൻ വെറുതെ പാഴായിപ്പോയ ദുഃഖം വരികളിൽ ഒതുക്കാൻ പറ്റില്ല. ബംഗ്ലാദേശിലെ റെഡിമേഡ് വസ്ത്രനിർമ്മാണ മേഖലയിലെ 4 ദശലക്ഷം തൊഴിലാളികൾക്കു ജോലി നഷ്‌പ്പെടും എന്ന് ഏകദേശം ഉറപ്പായി. കൊടും പട്ടിണിയിലേക്കാണ് ആ രാജ്യം നീങ്ങുന്നത്.....

ലോകമാകെ മനുഷ്യർ അനിശ്ചിതമായ ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിന്റെ, പ്രിവിലേജിന്റെ ബലത്തിൽ , ഇരുനില വീട്ടിന്റെയും, പോർച്ചിലെ കാറിന്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വെറും 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാനുള്ള ഓർഡർ കത്തിക്കുന്ന അദ്ധ്യാപകരും, കോടതിയെ ഇടപെടുത്തി അനുകൂല വിധി നേടിയെടുത്തവരും എന്ത് ന്യായവാദം പറഞ്ഞാലും അതിനെ തികഞ്ഞ ഔചിത്യബോധമില്ലായ്മ ആയി മാത്രമേ ഈ സാഹചര്യത്തിൽ കാണാൻ പറ്റൂ. എങ്ങനെ ആലോചിച്ചാലും അതിലൊരുമനുഷ്യ വിരുദ്ധത ഉണ്ട്.

സംഘടനയും ജനാധിപത്യ ബോധവും, വിമർശനവും എല്ലാം വേണം. പക്ഷെ, അതിലുപരി ഈ ദുരന്തകാലത്ത് നമ്മെ നയിക്കേണ്ടത് പക്വമായ സമീപനവും, സാമൂഹ്യബോധവും ആണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം നിൽക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്. പ്രതിഷേധങ്ങൾക്കു ഇത് കഴിഞ്ഞും ധാരാളം സമയമുണ്ട്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗി, അനാവശ്യ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് എത്ര പക്വതയോടെയാണ് പ്രതികരിച്ചത് എന്നോർക്കണം....ഒരു സാധാരണ മനുഷ്യന്റെ വിവേകം ആണത്. തന്റെ നാവിൽ തുമ്പിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകരുത് എന്ന കരുതൽ. അതാണ് ഓരോ മനുഷ്യനും ഇപ്പോൾ മിനിമം വേണ്ടത്: ഔചിത്യബോധവും, വിവേകവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP