Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

അർദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന വീഡിയോ ഇപ്പോൾ യു ട്യൂബിൽ സൂപ്പർ ഹിറ്റാണ്. സ്ത്രീ ഉടലിന്റെ നഗ്‌നതയെ എത്ര തെറി വിളിച്ചാലും പലരും കാണാൻ കൊതിക്കുന്നതാണല്ലോ അത്. പക്ഷെ ഈ നഗ്‌നതയിലൂടെയുള്ള പ്രതിഷേധം ഇന്ത്യയെ പോലുള്ള ഒരു യാഥാസ്ഥിതിക രാജ്യത്ത് പോസിറ്റീവ് ആയി എത്ര പേർക്ക് ഉൾക്കൊള്ളാൻ സാധിക്കും എന്നത് യാഥാർഥ്യബോധത്തോടെ വിലയിരുത്തപ്പെടേണ്ടതാണ്.

'കേവലം പ്രശസ്തിക്കായി മാത്രം റോഡിൽ ചുംബനസമരം....വത്തക്ക മാഷിനെതിരെ മാറു തുറക്കൽ സമരം...ശബരിമലയിലെ സുപ്രീം കോടതി വിധിയെ മുൻനിർത്തി വിശ്വാസികളെ വെല്ലുവിളിച്ചു അയ്യപ്പവേഷം കെട്ടി തുട കാണിക്കൽ....മാധ്യമ ശ്രദ്ധ ആകർഷിക്കാൻ ക്ഷണിച്ചു വരുത്തിയ സന്ദർഭങ്ങൾ' - ഇങ്ങനെ രഹ്ന ഫാത്തിമക്കെതിരെ അനേകം വിമർശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഇനി അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചതുകൊണ്ട് യു ട്യൂബ് പോസ്റ്റ് മൂലം കേരളത്തിലെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് രഹ്ന ഫാത്തിമക്കെതിരെ വിമർശനങ്ങൾ കൂടാനേ പോകുന്നുള്ളൂ.

രഹ്നാ ഫാത്തിമക്കെതിരെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഒരു ജനാധിപത്യ സമൂഹത്തിൽ ആർക്കും സമൂഹത്തെ അക്രമ രഹിത മാർഗത്തിലൂടെ പ്രകോപിപ്പിക്കാനുള്ള അവകാശവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഡാനിഷ് കാർട്ടൂൺ വിഷയത്തിൽ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ഉയർത്തിയ ചോദ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ പ്രകോപിപ്പിക്കുവാനുള്ള അവകാശമായിരുന്നു. അതു തന്നെയാണ് രഹ്ന ഫാത്തിമയും തന്റ്റെ നഗ്‌നതാ പ്രദർശനത്തിലൂടെ ചെയ്തത്. ഇത് അരാജകത്വമാണെന്ന് ചിലരൊക്കെ പറയുമ്പോൾ ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്ത് അരാജകവാദിയായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ താല്പര്യവും മാനിക്കപ്പെടേണ്ടതാണെന്നുള്ള കാര്യവും ആരും മറക്കരുത്.

രഹ്‌ന പറയുന്നത് ശരീരത്തിന്റെ രാഷ്ട്രീയം

ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ സമൂഹത്തിന്റെ സാന്മാർഗിക ബോധത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. തത്വത്തിൽ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇത് അംഗീകരിക്കുമെങ്കിലും പ്രാക്റ്റിക്കലായി അവർക്ക് ഇത് അംഗീകരിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് കേരളത്തിലെ സിപിഎം സർക്കാർ തന്നെ രഹന ഫാത്തിമയെ പിടിച്ചു ജയിലിൽ ഇട്ടത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് ഫോട്ടോകൾ കണ്ട എൽഡിഫ് സർക്കാരിനു കീഴിലുള്ള പൊലീസുകാർ തന്നെ അവർക്കെതിരെ കേസെടുത്തത് രഹ്ന ഫാത്തിമയുടെ മൂല്യബോധം സർക്കാർ അംഗീകരിക്കുന്നില്ല എന്ന സന്ദേശം നൽകാനായിരുന്നു. അതിന്റെ കൂടെ സർക്കാർ ജാമ്യം നിഷേധിക്കുവാനുള്ള എല്ലാ അടവുകളും പയറ്റുകയും ചെയ്തു. പൊലീസിലുള്ളവരുടെയോ, ഭരിക്കുന്നവരുടെയോ മൂല്യബോധം മാറ്റാനറിയിത്തവർക്കു എങ്ങനെ 'സമ്പൂർണ വിപ്ലവം' പറയാൻ സാധിക്കും? പ്രായോഗിക രാഷ്ട്രിയം മാത്രം നോക്കിയാണ് രഹന ഫാത്തിമയെ സംസ്ഥാന സർക്കാർ ജയിലിൽ ഇട്ടത് എന്നുള്ളത് കേരളത്തിലെ സുബോധമുള്ളവർക്കൊക്ക അറിയാം. അതിനർത്ഥം വലിയ സാമൂഹിക മാറ്റം ഉൾക്കൊള്ളാനുള്ള വിവേകമൊന്നും ഇപ്പോഴും കേരളീയ ജനതയ്ക്കില്ല എന്നതാണ്.

കുറച്ചു നാളുകൾക്ക് മുമ്പ് പൂർണ നഗ്‌നരായ ജൈന സന്യാസിമാർക്ക് സ്ത്രീകൾ പാദപൂജ ചെയ്യുന്ന വീഡിയോ കേരളത്തിൽ പോലും വാട്ട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. ജൈനരുടെ ആചാരങ്ങൾ ഇങ്ങനെയൊക്കെ ആണ്. പുരോഗമനകാരികളും, യുക്തിവാദികളും അതിൽ പരിഭവിച്ചിട്ട് കാര്യമില്ല. സത്യം നഗ്‌നമാണ്; ഭക്തിയും നഗ്‌നമാണ്. വസ്ത്രം ഒരു 'ഫാൾസ് കോൺഷ്യസ്സ്‌നെസ്സ്' കൊടുക്കുന്നു എന്നാണ് ഇന്ത്യൻ യോഗിമാരൊക്കെ അഭിപ്രായപ്പെടുന്നത്. വസ്ത്രം ധരിക്കാത്ത ദിഗംബരരുടെ നാടാണ് ഇന്ത്യ. കൗപീന ധാരികളായവരും ഇഷ്ടം പോലെ. നമ്മുടെ ക്ഷേത്രങ്ങളിൽ എണ്ണിയാൽ ഒടുങ്ങാത്ത ജീവൻ തുളുമ്പുന്ന രതി ശിൽപ്പങ്ങൾ ഉണ്ട്. ആധുനികത എന്നാൽ വസ്ത്രത്തിലൂടെ മാത്രം മനസിലാക്കേണ്ട ഒന്നല്ല എന്ന് കാണിച്ചു കൊടുക്കുവാൻ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ഒറ്റമുണ്ടുടുത്തുകൊണ്ട് ബ്രിട്ടീഷ് ചക്രവർത്തിയെ സന്ദർശിച്ചത്. അതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ 'ദ കിങ് വാസ് വിയറിങ്ങ് ഇനഫ് ക്ലോത്ത്‌സ് ഫോർ ബോത്ത് ഓഫ്് അസ്' എന്ന് തമാശ പറയുക കൂടി ചെയ്തു ഗാന്ധി. വസ്ത്രത്തിലല്ല ഒരാളുടെ മഹത്ത്വം കുടികൊള്ളുന്നത്. രമണമഹർഷി വെറും കൗപീനധാരിയായിരുന്നു. പക്ഷെ രമണ മഹർഷിയുടെയും, മഹാത്മാ ഗാന്ധിയുടേയും ആ മഹത്തായ സന്ദേശം ആധുനിക സമൂഹം ഉൾക്കൊള്ളണമെന്നില്ല.

ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞു സമൂഹത്തിന്റ്റെ ചിന്താഗതി മാറ്റാൻ ശ്രമിക്കുന്നത് അത്ര നിസാരമായ കാര്യമല്ല. അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. ശരീരമെന്ന ടൂൾ ഉപയോഗിച്ച് സമൂഹത്തോട് സംവദിക്കുമ്പോൾ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥിതികമായ സമൂഹം പലപ്പോഴും അത് ഉൾക്കൊള്ളണമെന്നില്ലാ. ഇവിടെയാണ് രഹന ഫാത്തിമയെ പോലുള്ളവർക്ക് പിഴക്കുന്നതും. ഇവിടെയാണ് സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ ഗാന്ധി പറഞ്ഞ വൺ സ്‌റ്റെപ്പ് എഹെഡ് ഈസ് ഇനഫ് എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞാൽ അടിവീഴുന്ന നാട്

പാശ്ചാത്യ രാജ്യങ്ങളിൽ 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിൾ റാലിയും' ഒക്കെ ഉണ്ട്. പക്ഷെ കേരളത്തിലോ, ഇന്ത്യയിലോ ഇങ്ങനെയുള്ള ഒരു നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞാൽ പറയേണ്ട താമസം അടി വീഴും. അതെ സമയം തന്നെ ജനം നഗ്‌നത ആസ്വദിക്കുന്നുമുണ്ട്; പ്രത്യേകിച്ച് സ്ത്രീകളുടെ നഗ്‌നത. ഉളിഞ്ഞു നോട്ടം കാലാകാലങ്ങളായി കേരളത്തിലും, ഇന്ത്യയുടെ പല ഭാഗങ്ങളിലും ജനം വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു കല ആണല്ലോ. ഉളിഞ്ഞു നോട്ടത്തിനപ്പുറം നഗ്‌നതാ പ്രതിഷേധം പോലുള്ള ഒരു സമര പരിപാടി സ്ത്രീ ശരീരം ഉപയോഗിച്ച് കൊണ്ട് നടത്തിയാൽ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥികമായ സമൂഹം വളരെ വൈകാരിതയോടെ പ്രതികരിക്കും. അതുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രഹന ഫാത്തിമക്കു നേരത്തേ 18 ദിവസം ജയിലിൽ കഴിയേണ്ടി വന്നത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് പോസ്റ്റുകൾ കണ്ട പലരും അവർ ശബരിമല തകർക്കാൻ പോവുകയായിരുന്നു എന്ന് വിശ്വസിച്ചു പോയാൽ അവരെ ഇന്നത്തെ മൂല്യ ബോധത്തിൽ നിന്നുകൊണ്ട് കുറ്റം പറയാൻ ആവില്ല.

സത്യത്തിൽ നമ്മൾ നഗ്‌നതയെ എങ്ങനെ നോക്കികാണുന്നു എന്നനുസരിച്ചായിരിക്കും നമ്മുടെ വൈകാരികമായ റെസ്‌പോൺസ്. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും ന്യൂഡ് ബീച്ചസും, ന്യൂഡ് സൈക്കിൾ റാലികളും ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയാവുന്നതാണ്. ന്യൂഡ് മാർച്ചുകളും അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇന്ത്യാക്കാരെ പോലെ ഞരമ്പ് രോഗികളല്ല അവിടങ്ങളിൽ ഉള്ളതെന്ന് സാരം. നമ്മുടെ നാട്ടിൽ ഞരമ്പ് രോഗികൾ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. മാനസിക വൈകല്യങ്ങൾ കൂടുതൽ കൂടുതൽ ഒളിച്ചുവെക്കുന്നതിലൂടെ കൂടാൻ മാത്രമേ പോകുന്നുള്ളൂ.

ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങൾക്കിടയിലും മലയാളി പുരുഷൻ അവന്റ്റെ ഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകൾ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകൾ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം. മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകൾക്കെതിരെ 'ഞെക്കിനോക്കൽ' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമർത്തപ്പെട്ട പുരുഷകാമം മുതൽ പെരുമാറ്റ സംസ്‌ക്കാരത്തിന്റ്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തിൽ നിഴലിച്ചു കാണാം. യാഥാർഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാൾക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്. ലൈംഗിക കടന്നുകയറ്റങ്ങൾ ഇല്ല എന്ന് പറയുന്നത് യാഥാർഥ്യത്തിന് നിരക്കാത്ത കാര്യമാണ്. ആൾക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലിൽ പലരും ഈ ലൈംഗികാക്രമണം ഒതുക്കുകയാണ് പതിവ്. ഇത്തരം ലൈംഗിക ബോധ്യങ്ങൾ മാറണമെങ്കിൽ ഇതിനെ കുറിച്ചൊക്കെയുള്ള ഒരു 'തുറന്നു പറച്ചിൽ' അത്യന്താപേക്ഷിതമാണ്.

'നമ്മുടെ സ്ത്രീകളെ ശീലാവതികളാക്കി മാറ്റണം'

ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ വേഷവിധാനങ്ങൾ ബ്‌ളാക് ആൻഡ് വയിറ്റ് ചിത്രങ്ങളിലൂടെ ഇന്നും ലഭ്യമാണ്. നഗ്‌നതയെ സംബന്ധിച്ച് മൂല്യബോധം അന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അന്നത്തെ മാറ് മറക്കാതിരുന്നവർക്കും അരയിൽ ഒറ്റ മുണ്ട് മാത്രം ധരിച്ചവർക്കും എന്തെങ്കിലും ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. രാജസ്ഥാനിൽ ഇന്നും മാൻകുഞ്ഞുങ്ങൾക്ക് പരസ്യമായി മുലയൂട്ടുന്ന നാടോടി സ്ത്രീകൾ ഉണ്ട്. വലിയ പുരോഗമനം നടിക്കുകയും അതേസമയം മനസ്സിൽ കടുത്ത യാഥാസ്ഥികത കൊണ്ടു നടക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം പുരുഷ കേസരികളും. അത്തരക്കാർ ഇന്നും നഗ്‌നതയുടെ രാഷ്ട്രീയം ഉൾക്കൊള്ളണമെന്നില്ല. മലയാളികളുടെ ഫ്യൂഡൽ മനസ്സിൽ ഇന്നും കണ്ടമാനം കപട സദാചാരം മാത്രമാണുള്ളത്.

വെനിസ്വല, കൊളംബിയ - തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങളുടെ ഭാഗമായി ധാരാളം കുറ്റ കൃത്യങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ലിബറൽ മൂല്യങ്ങളാണ് അവിടെയൊക്കെ പുലരുന്നത്. കേരളത്തിലെ പോലെ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുമ്പോൾ ഉളിഞ്ഞു നോക്കുകയും, സദാചാരം വിളമ്പുകയും ചെയ്യുന്നവരല്ല വെനിസ്വലയിലും കൊളംബിയയിലും ഉള്ളവർ. അതുകൊണ്ട് അവിടെയൊക്കെ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് പരസ്യമായി മുലയൂട്ടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആണുങ്ങളെല്ലാം കേരളത്തിലുള്ളത് പോലെ കടുത്ത യാഥാസ്ഥികരല്ലാ. പുരോഗമനകാരികൾ എന്ന് സ്വയം നടിക്കുന്ന മലയാളികൾ ഇതൊക്കെ മനസിലാക്കുകയാണെങ്കിൽ അത് നല്ലതാണ്. പക്ഷെ ഇതൊക്കെ പറയാമെന്നേയുള്ളൂ. പരസ്യമായ സ്ഥലങ്ങളിൽ ഒരു രീതിയിലുള്ള സ്ത്രീകളുടെ നഗ്‌നതയും 'ടോളറേറ്റ്' ചെയ്യുന്ന സാമൂഹ്യ ബോധമല്ല നമുക്കുള്ളത്.

കേരളത്തിലെ മിക്ക ഹിന്ദു കുടുംബങ്ങളിലുള്ള സ്ത്രീകളും ഒരു നൂറ്റാണ്ട് മുമ്പ് മാറു മറച്ചിരുന്നില്ല. തകഴി ശിവശങ്കരപിള്ളയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' എന്ന നോവലിൽ കരക്ക് നാഥന്മാർ വരുമ്പോൾ സ്ത്രീകൾ മേൽമുണ്ട് മാറ്റുന്ന കാര്യം പറയുന്നുണ്ടല്ലോ. അതുപോലെ തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും' എന്ന രചനയും വളരെ പ്രസിദ്ധമാണല്ലോ. ആ പുസ്തകത്തിൽ ബഷീർ മാറ് മറക്കാത്ത സ്ത്രീകളെ വിവരിക്കുന്ന രംഗമുണ്ട്. പക്ഷെ ഇപ്പോൾ സദാചാരത്തിന് വേണ്ടിയും, സംസ്‌കാരത്തിന് വേണ്ടിയും കേരളത്തിൽ വാദിക്കുന്നവരോട് ഇതൊന്നും പറയാൻ പാടില്ലല്ലോ. ഇന്ത്യയിൽ തന്നെ ഇപ്പോൾ കണ്ടമാനം സദാചാര ബോധം കാണിക്കുന്നവരുണ്ട്. അതേസമയം നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തിയ ഇതെഴുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞത് ഉത്തരേന്ത്യയിൽ പോലും ഇപ്പോൾ കാണുന്ന വേഷ വിധാനങ്ങൾക്കും, മൊറാലിറ്റിക്കും ഏതാനും നൂറ്റാണ്ടിന്റെ പഴക്കം മാത്രമേ അവകാശപ്പെടാനുള്ളൂ എന്നാണ്.

നായർ സ്ത്രീകൾ മാറ് മറക്കാൻ തുടങ്ങിയിറ്റ് അധിക കാലമൊന്നും ആയിട്ടില്ല എന്നത് അവരുടെ പഴയ ബ്‌ളാക് ആൻഡ് വയിറ്റ് ഫോട്ടോകൾ കാണുമ്പോൾ ആർക്കും മനസിലാകും. പക്ഷെ മന്നത്ത് പത്മനാഭൻ തന്നെ പണ്ടൊരു പ്രസംഗത്തിൽ പറഞ്ഞത് നമ്മുടെ സ്ത്രീകളെ ശീലാവതികളാക്കി മാറ്റണം എന്നാണ്. അങ്ങനെ ശീലാവതികളാക്കി മാറ്റാനുള്ള യജ്ഞമായിരുന്നു ഈയടുത്ത കാലം വരെ. അപ്പോൾ 'ബോഡി പൊളിറ്റിക്‌സ്' പറഞ്ഞുകൊണ്ട് അത്തരക്കാരുടെ അടുത്തേക്ക് ചെന്നാൽ എത്ര മാത്രം സ്വീകാര്യത കിട്ടും എന്ന് രഹനാ ഫാത്തിമയെ പോലുള്ളവർ അത്തരത്തിൽ ഒരു ഉദ്യമത്തിന് പുറപ്പെടും മുമ്പ് ചിന്തിക്കേണ്ടതുണ്ട്.

പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. അത് രഹന ഫാത്തിമയുടെ കുറ്റമല്ല; സമൂഹത്തിലുള്ള യാഥാസ്ഥിതിക മൂല്യ ബോധത്തിന്റ്റെ കുഴപ്പമാണത്. നിയമത്തിന്റ്റെ ഭാഷയിൽ നോക്കുകയാണെങ്കിൽ രഹന ഫാത്തിമയ്ക്ക് സ്വന്തം ശരീരം കൊണ്ട് സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം ശരീരത്തെ പ്രതിഷേധത്തിന് ഉപകരണമാക്കുമ്പോൾ അത് വിശാലമായ അർദ്ധത്തിൽ സാമൂഹ്യ മാറ്റത്തിനാണെന്നുള്ള ബോധം ജനത്തിനു വരണമെന്നില്ല. ജനത്തെ മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുകയാണ് എന്ന ബോധം തന്നെ വരണമെങ്കിൽ സമൂഹത്തിന്റ്റെ കണ്ണിൽ പ്രതിഷേധിക്കുന്നവർ ഗുണവാന്മാരായിരിക്കണം. ഇവിടെയാണ് ഗാന്ധിയെ പോലുള്ളവരുടെ 'ഇമേജിന്റ്റെ' പ്രസക്തി. ജനത്തെ പ്രകോപിപ്പിച്ചുകൊണ്ടല്ല ആരും സാമൂഹ്യ മാറ്റത്തിനിന് വേണ്ടി ശ്രമിക്കേണ്ടത്. ഇവിടെയാണ് ഗാന്ധി പറഞ്ഞ 'വൺ സറ്റെപ്പ് എഹെഡ് ഈസ് ഇനഫ്്' എന്ന എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP