Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിൽ മന്ത്രി പങ്കെടുത്ത ചടങ്ങിൽ അണിനിരത്തിയത് 10 വയസിൽ താഴെയുള്ള കുട്ടികളെ; പങ്കെടുപ്പിച്ചത് പോത്തൻകോട് യുപി സ്‌കൂളിലെ കുട്ടികൾ എന്ന വ്യാജേന; പ്രോട്ടോക്കോൾ ലംഘിച്ച് വന്ന 50 ഓളം പേർ സാമൂഹിക അകലവും പാലിച്ചില്ല; കോവിഡ് മരണം നടന്ന പോത്തൻകോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് ലോക് ഡൗൺ ലംഘനം തന്നെയെന്ന് പ്രധാനാധ്യാപകൻ സലാഹുദ്ദീൻ മറുനാടനോട്; മന്ത്രിക്ക് കെപിഎസ്ടിഎയോട് പ്രതികാരമെന്ന് ഡിസിസി; വിവാദം കത്തിയതോടെ സർക്കാർ കുരുക്കിൽ

ലോക് ഡൗണിൽ മന്ത്രി പങ്കെടുത്ത ചടങ്ങിൽ അണിനിരത്തിയത് 10 വയസിൽ താഴെയുള്ള കുട്ടികളെ; പങ്കെടുപ്പിച്ചത് പോത്തൻകോട് യുപി സ്‌കൂളിലെ കുട്ടികൾ എന്ന വ്യാജേന; പ്രോട്ടോക്കോൾ ലംഘിച്ച് വന്ന 50 ഓളം പേർ സാമൂഹിക അകലവും പാലിച്ചില്ല; കോവിഡ് മരണം നടന്ന പോത്തൻകോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് ലോക് ഡൗൺ ലംഘനം തന്നെയെന്ന് പ്രധാനാധ്യാപകൻ സലാഹുദ്ദീൻ മറുനാടനോട്; മന്ത്രിക്ക്  കെപിഎസ്ടിഎയോട് പ്രതികാരമെന്ന് ഡിസിസി; വിവാദം കത്തിയതോടെ സർക്കാർ കുരുക്കിൽ

എം മനോജ് കുമാർ

 തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ ലോക്ക് ഡൗൺ ലംഘനത്തിനു കേസ് എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ സർക്കാർ വിഷമവൃത്തത്തിൽ. കൊറോണ കാലത്ത് വിവാഹത്തിനും ആരാധനലയങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനുള്ള പരിപാടി സംഘടിപ്പിച്ച കടകംപള്ളി സുരേന്ദ്രന്റെ നടപടി വിവാദമായി തുടരുന്നത്. ഇന്നലെ പോത്തൻകോട് യുപി സ്‌കൂളിൽ നടന്ന ചടങ്ങാണ് വിവാദമായി മാറിയത്. കൊറോണ കാലത്ത് സ്‌കൂളിൽ നടന്ന ചടങ്ങിൽ 50 ഓളം പേരുണ്ടെന്നാണ് ചടങ്ങ് നടന്ന പോത്തൻകോട് യുപി സ്‌കൂളിലെ പ്രധാനാധ്യാപകൻ സലാഹുദ്ദീൻ മറുനാടനോട് പറഞ്ഞത്. സാലറി ചാലഞ്ചിനെ സംഘടന എതിർത്തതുകൊണ്ടാണ് ഇതേ സ്‌കൂളിൽ വെച്ച് മന്ത്രി പരിപാടി നടത്തിയത്. സാലറി ചാലഞ്ച് കഴിഞ്ഞ തവണ നടത്തിയപ്പോൾ വെറും പതിനേഴ് ശതമാനം അദ്ധ്യാപകർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. ഇതിനു സർക്കാരിനു കടുത്ത അമർഷം അദ്ധ്യാപക വിഭാഗത്തോടുണ്ട്.

പത്തു വയസിനു താഴെയുള്ള കുട്ടികളെയാണ് മന്ത്രി സ്‌കൂളിൽ അണിനിരത്തിയത്. മന്ത്രിക്ക് സംഭാവന നൽകിയ കുട്ടികൾ പലതും ഈ സ്‌കൂളിലെ കുട്ടികൾ അല്ല. പുറത്ത് നിന്നുള്ള കുട്ടികളാണ്. ഈ സ്‌കൂളിലെ കുട്ടികൾ എന്ന വ്യാജേനെയാണ് കുട്ടികളെ അണിനിരത്തിയതും പ്ലാക്കാർഡുകൾ പിടിപ്പിച്ചതും. സാമൂഹികമായ അകലം പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാൽ ഒരു സാമൂഹിക അകലവും മന്ത്രി പാലിച്ചില്ല. കുട്ടികൾക്കൊപ്പം മന്ത്രി എടുത്ത ഫോട്ടോയിൽ തന്നെ ഇത് പ്രകടമാണ്. ഒരു കൊറോണ മരണം നടന്ന പഞ്ചായത്ത് കൂടിയാണ് പോത്തൻകോട്. ഇതും മന്ത്രി കണക്കിലെടുത്തില്ല. പത്ത് വയസിനു താഴെയും അറുപതു വയസിനു മുകളിലുമുള്ളവർ ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ തന്നെ കഴിയണം. മന്ത്രി ലോക്ക് ഡൗൺ ലംഘനം തന്നെയാണ് നടത്തിയത്. നിയമം ആര് ലംഘിച്ചാലും അവർക്കെതിരെ നടപടി വേണം. എഴുപതിനായിരത്തോളം അദ്ധ്യാപകർ അംഗങ്ങളായുള്ള സംഘടനയാണ് ഞങ്ങളുടേത്. അതുകൊണ്ട് ഞങ്ങൾ ഒരു തീരുമാനം എടുത്താൽ അത് വലിയ ഫലങ്ങൾ സൃഷ്ടിക്കും. മന്ത്രിയുടെ സംസ്‌ക്കാരവും എന്റെ സംസ്‌ക്കാരവും രണ്ടും രണ്ടാണ്. അതുകൊണ്ടാണ് ആ രീതിയിൽ മറുപടി പറയാത്തത്- സലാഹുദ്ദീൻ മറുനാടനോട് പറഞ്ഞു.

സലാഹുദ്ദീൻ ജനറൽ സെക്രട്ടറിയായുള്ള കെപിഎസ്ടിഎയാണ് സാലറി ചാലഞ്ചിനുള്ള സർക്കാർ ഓർഡർ കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. അതിനാലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് മന്ത്രി ഇതേ സ്‌കൂളിൽ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികളിൽ നിന്നുള്ള തുക സംഭാവനയായി സ്വീകരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സലാഹുദ്ദീനെ സാക്ഷിയാക്കിയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണവും വന്നത്. ''പൊന്നാപുരം കോട്ട പോലുള്ള വീടിനു മുന്നിൽ സെറ്റു മുണ്ടും നേര്യതും ഹൗസ് കോട്ടുമൊക്കെയിട്ടു നിന്നു കടലാസ് കത്തിച്ചവർ കുട്ടികളെ പഠിപ്പിക്കാനല്ല, സ്വന്തം സമാന്തര സ്ഥാപനത്തിലേക്കു പിള്ളേരുപിടുത്തത്തിനാണു സ്‌കൂളിൽ വരുന്നത്. തെറ്റു പറ്റിയെന്നു ബോധ്യമായെങ്കിൽ സംഘടനാ നേതാവ് മാപ്പു പറയണം''മന്ത്രി പറഞ്ഞു. ഇത് സലാഹുദ്ദീനും ഇദ്ദേഹം ജനറൽ സെക്രട്ടറിയായുള്ള കെപിഎസ്ടിഎയ്ക്കുമുള്ള മന്ത്രിയുടെ ഒരു കൊട്ടായിരുന്നു. സലാഹുദ്ദീന്റെ മറുപ്രതികരണം കൂടി വന്നതോടെ സംഭവം വിവാദമായി മാറി.

വ്യക്തിഹത്യ മന്ത്രിയുടെ സ്വഭാവമാണെന്നും ശമ്പളം മടക്കി നൽകുമെന്ന ഉറപ്പ് ഉത്തരവിൽ ഉൾപ്പെടുത്താതെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും മന്ത്രിമാരുമാണു മാപ്പു പറയേണ്ടതെന്നും സലാഹുദ്ദീൻ മന്ത്രിക്ക് മറുപടി നൽകിയതോടെ സാലറി ചാലഞ്ച് ഓർഡർ കത്തിച്ച വിവാദം കത്തിപ്പടരുകയും ചെയ്തു. അദ്ധ്യാപകരെ ആർത്തിപ്പണ്ടാരങ്ങൾ എന്നും 150 ദിവസം മാത്രമാണ് ഇവർ സ്‌കൂളിൽ വരുന്നതും എന്നൊക്കെ പറഞ്ഞപ്പോൾ പരാമർശങ്ങൾ അതിര് കടക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസും രംഗത്ത് വന്നത്. മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി വേണം എന്ന് തന്നെയാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

സംഭവത്തിൽ ഡിസിസി നേതൃത്വം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ അനുമതി പോലുമില്ലാതെയാണ് മന്ത്രി സ്‌കൂളിൽ പരിപാടി നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് മുനീർ മറുനാടനോട് പറഞ്ഞു. കെപിഎസ്ടിഎയോട് പ്രതികാരം ചെയ്യാനാണ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ പ്രധാനാധ്യാപകനായ സ്‌കൂളിൽ മന്ത്രി ചടങ്ങ് നടത്തിയത്. നഗ്‌നമായ ലോക്ക് ഡൗൺ ലംഘനമാണ് മന്ത്രി നടത്തിയത്. കൊറോണ മരണം നടന്ന പഞ്ചായത്തിൽ ഇത്രയധികം ആളുകളെ വെച്ച് മന്ത്രി പരിപാടി നടത്തിയത് തെറ്റാണ്. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുത് എന്ന് കൊറോണ പ്രോട്ടോക്കോളിൽ തന്നെയുണ്ട്. ഇതുകൊറോണ പ്രോട്ടോക്കോൾ ലംഘനമാണ്. ഇത് ഗൗരവമായി കണ്ടു സർക്കാർ മന്ത്രിക്ക് എതിരെ നടപടി സ്വീകരിക്കണം-മുനീർ പറയുന്നു. പ്രശ്‌നത്തിൽ കോൺഗ്രസ് ഇന്ന് പോത്തൻകോട് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതിയും നൽകിയിട്ടുണ്ട്. പക്ഷെ കേസ് എടുക്കാൻ കഴിയില്ല എന്നാണ് പോത്തൻകോട് പൊലീസ് പറഞ്ഞത്. സദുദ്ദേശ്യത്തോടു നടത്തിയ പരിപാടിക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് മറുപടി നൽകിയത്. ഇതോടെ മന്ത്രിയുടെ നിയമലംഘനത്തിന്നെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ടു ഡിസിസി നേതൃത്വം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

സംഭവത്തിൽ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി പത്രം ദേശാഭിമാനി രംഗത്ത് വന്നിട്ടുണ്ട്, കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ദിവസത്തെ ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് കത്തിച്ചവരിൽ തിരുവനന്തപുരം പോത്തൻകോട്ട് ഗവ. യു പി സ്‌കൂളിലെ പ്രധാനാധ്യാപകനും ഉണ്ടായിരുന്നു. പ്രതിപക്ഷ അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ അദ്ധ്യാപകന് കണ്ടുപഠിക്കാൻ മാതൃകാപരമായ പ്രവർത്തി ചെയ്തിരിക്കുകയാണ് അതേ സ്‌കൂളിലെ വിദ്യാർത്ഥികൾ. കുട്ടികളുടെ സംഭാവന രീതിയെ വാഴ്‌ത്തിക്കൊണ്ട് പത്രം എഴുതി. പോക്കറ്റ് മണി സ്വരൂപിച്ചതും വിഷുക്കൈനീട്ടവും എല്ലാം ചേർത്ത് 17162 രൂപയാണ് കുഞ്ഞു വിദ്യാർത്ഥികൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികളിൽ നിന്ന് തുക ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയ.ൻ ഈ വിദ്യാർത്ഥികളെ വാർത്താസമ്മേളനത്തിൽ പ്രത്യേകമായി അഭിനന്ദിച്ചിരുന്നു.

സ്വന്തം വിദ്യാർത്ഥികൾ അദ്ധ്യാപകന് മാനവികതയുടെ പാഠം പറഞ്ഞു കൊടുക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂലിവേലക്കാരനും സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരും നാളെയെക്കുറിച്ചു ആശങ്ക പുലർത്തുമ്പോൾ ജോലിസുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുള്ളവരാണ് അദ്ധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ. ഇവിടുത്തെ സമൂഹം അവർക്ക് നൽകിയ ഈ സുരക്ഷിതത്വതിനോട് കടപ്പാട് ഉണ്ടാകേണ്ടുന്നതിനു പകരം സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്ന നിലപാട് എടുക്കുന്ന ആർത്തിപ്പണ്ടാരങ്ങൾ ആയി ചെറിയ വിഭാഗം അദ്ധ്യാപകർ മാറുന്നത് നിരാശാജനകം ആണ്. ഈ നിലപാട് ഇവർ തിരുത്തി സമൂഹത്തോട് മാപ്പ് പറയണം എന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകർക്ക് നേരെയുള്ള മന്ത്രിയുടെ ആർത്തിപ്പണ്ടാരം പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ട് പാർട്ടി പത്രം എഴുതിയത്. ലോക്ക് ഡൗൺ വിവാദം കത്തിപ്പടരാനുള്ള സാധ്യതകളാണ് കോൺഗ്രസ് കൂടി ശക്തമായി രംഗത്ത് വന്നതോടെ നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP